വിമർശനങ്ങൾ നേരിടേണ്ടിവരുമ്പോൾ ദുഃഖവും ദേഷ്യവും നിരാശയും തോന്നുക സ്വാഭാവികമാണ്. അത്തരത്തിലുള്ള പ്രതികരണം നമ്മുടെ ശക്തി ചോർത്തിക്കളയുകയാണ്‌ ചെയ്യുന്നത്. എന്നാൽ, വികാരങ്ങൾക്ക് അടിമപ്പെടാതെ വിവേകബുദ്ധിയെ ഉണർത്തിയാൽ വിമർശനങ്ങളെ സമചിത്തതയോടെ നേരിടാനും അവയിൽനിന്ന് ജീവിതവിജയത്തിനുള്ള പാഠങ്ങൾ ഉൾക്കൊണ്ട് മുന്നേറാനും കഴിയും.

നമ്മുടെ തെറ്റുകളും ദൗർബല്യങ്ങളും സ്വയം കണ്ടറിയുക അത്ര എളുപ്പമല്ല. നമ്മളെ വിമർശിക്കുന്നവരെ ഏറ്റവും വലിയ ഗുരുക്കന്മാരായി കാണണം. കാരണം, അവരാണ് നമ്മുടെ കുറവുകളെക്കുറിച്ച് നമ്മെ ബോധവാന്മാരാക്കുന്നത്. പ്രശംസിക്കാൻമാത്രം ആളുള്ളപ്പോൾ നമുക്കതിന്‌ കഴിയില്ല. മറ്റുള്ളവർ നമ്മളെ വിമർശിക്കുകയോ വെറുക്കുകയോ ചെയ്യുമ്പോൾ, ‘അവർ എന്തുകൊണ്ട്‌ എന്നെ വിമർശിച്ചു, അതിനുതക്ക എന്തുകുറ്റമാണ് എന്നിലുള്ളത്’ എന്നിങ്ങനെ നമ്മൾ ആത്മപരിശോധന നടത്തണം. അപ്പോൾ ആ ആരോപണങ്ങളും വിമർശനങ്ങളും നമ്മുടെ വളർച്ചയ്ക്കുള്ള ചവിട്ടുപടികളായിത്തീരും. 
 ഒരു കൊച്ചുകുട്ടിയുടെ ഉടുപ്പിൽ അഴുക്കുള്ള കാര്യം കൂട്ടുകാർ ചൂണ്ടിക്കാണിച്ചാൽ കുട്ടിക്ക്‌ നാണക്കേടും വിഷമവും തോന്നും.

അത്‌ ചൂണ്ടിക്കാണിച്ച കൂട്ടുകാരോട് അവന് അനിഷ്ടം തോന്നുകയും ചെയ്യും. എന്നാൽ, മുതിർന്ന ഒരാളുടെ ഉടുപ്പിൽ അഴുക്കുപറ്റിയ കാര്യം ആരെങ്കിലും ചൂണ്ടിക്കാണിച്ചാൽ അയാൾക്ക് അവരോട് അല്പംപോലും അനിഷ്ടം തോന്നുകയില്ല. മറിച്ച് അയാൾ അവരോട് നന്ദി പറയും. അതിൽ ഒരു നാണക്കേടും അയാൾക്ക് അനുഭവപ്പെടില്ല. കാരണം, അയാൾ ഉടുപ്പിന്റെ ന്യൂനത തന്റെ കുറവായി കാണുന്നില്ല. എന്നാൽ, ഈ വിവേകബുദ്ധി കൊച്ചുകുട്ടിക്ക്‌ ഇല്ലാത്തതുകൊണ്ടാണ് കുട്ടി ഇത്തരം സാഹചര്യത്തിൽ ദുഃഖിക്കുകയും ദേഷ്യപ്പെടുകയും ചെയ്യുന്നത്.

മുതിർന്ന ഒരാളുടെ പെരുമാറ്റത്തെയോ പ്രവൃത്തിയെയോ ആരെങ്കിലും വിമർശിച്ചാൽ സ്വാഭാവികമായും അയാൾ വിഷമിക്കുകയും ദേഷ്യപ്പെടുകയും ചെയ്യും. ഉടുപ്പിന്റെ കാര്യത്തിൽ പുലർത്തിയ നിസ്സംഗത, ഇക്കാര്യത്തിൽ കാണിക്കാൻ അയാൾക്ക്‌ സാധിക്കുന്നില്ല. കാരണം, തന്റെ പ്രവൃത്തികളും സ്വഭാവവുമായി അയാൾ താദാത്മ്യം അനുഭവിക്കുന്നു. അവയെ സാക്ഷിഭാവത്തിൽ കാണാൻ അയാൾക്ക്‌ സാധിക്കുന്നില്ല. അതിനുകഴിഞ്ഞാൽ പിന്നെ ഏതു വിമർശനത്തെയും ആരോപണത്തെയും ശാന്തമായി സ്വീകരിക്കാനും അതിൽ സത്യമുണ്ടെന്നുകണ്ടാൽ സ്വയം തിരുത്താനും അയാൾ തയ്യാറാകും.

ഒരു പടികൂടി ഉയർന്നാൽ, തന്റെ വിമർശകരോട് അയാൾ നന്ദി പറയുകയും ചെയ്യും; വിമർശനങ്ങളും ആരോപണങ്ങളും അടിസ്ഥാനരഹിതമാണെങ്കിൽ അയാൾ അതു ചിരിച്ചുതള്ളും. 
താമരവല്ലി ചെളിയിൽനിന്ന് വളം വലിച്ചെടുത്ത് സുന്ദരവും സുരഭിലവുമായ താമരപ്പൂക്കൾക്ക്‌ ജന്മംനൽകുന്നതുപോലെ വിമർശനങ്ങളാകുന്ന ചെളിക്കുണ്ടിൽനിന്ന് നമുക്ക്‌ വളർച്ചയ്ക്കുള്ള ശ്രദ്ധയും ഊർജവും സംഭരിക്കാൻ കഴിഞ്ഞാൽ നമ്മുടെ ജീവിതവല്ലിയിൽ ശാന്തിയുടെയും സന്തോഷത്തിന്റെയും പുഷ്പങ്ങൾ വിരിയുകതന്നെ ചെയ്യും.