ജീവിതത്തിലെ ഏതുപ്രതിസന്ധിയിലും നമ്മളെ മുന്നോട്ടുനയിക്കാന്‍ ആത്മവിശ്വാസത്തിന് കഴിയും. ഉപഗ്രഹത്തെ ഭൂമിയില്‍നിന്ന് ഉയര്‍ത്താനും ഭൂമിയുടെ ആകര്‍ഷണശക്തിയെ ഭേദിക്കാനും ബൂസ്റ്റര്‍ റോക്കറ്റ്  സഹായിക്കുന്നതുപോലെ ആത്മവിശ്വാസം നമ്മുടെ ഉള്ളിലെ കഴിവുകളെ ഉണര്‍ത്താനും ഉയരങ്ങളിലെത്തിക്കാനും സഹായിക്കുന്നു.  

നമ്മുടെയുള്ളിലുള്ള കഴിവുകളെ വളര്‍ത്താന്‍ തടസ്സമായി നില്‍ക്കുന്നത് മനസ്സുതന്നെയാണ്. ഭയവും സംശയവും സങ്കോചവും കാരണം നമുക്ക് ആത്മവിശ്വാസം നഷ്ടപ്പെടുന്നു. അതോടെ നമ്മുടെ കഴിവുകളെ ഉണര്‍ത്താനോ വളര്‍ത്താനോ പ്രകടിപ്പിക്കാനോ നമുക്ക് കഴിയാതെ പോകുന്നു. അങ്ങനെ ജീവിതത്തിലെ വെല്ലുവിളികളെ നേരിടാനാകാതെ നമ്മുടെ വളര്‍ച്ച മുരടിക്കുന്നു.

ഒരിക്കല്‍ ഒരു വേടന്‍ ഒരു രാജാവിന് രണ്ട് പരുന്തിന്‍കുഞ്ഞുങ്ങളെ കാഴ്ചവെച്ചു. അവയുടെ സൗന്ദര്യവും ഗാംഭീര്യവും രാജാവിനെ വളരെയധികം ആകര്‍ഷിച്ചു. രാജാവ് ഉടന്‍തന്നെ കൊട്ടാരത്തിലെ പക്ഷിപരിശീലകനെ വിളിപ്പിച്ചു. എത്രയും വേഗം ആ പക്ഷികളെ പരിശീലിപ്പിച്ച് തിരിച്ചുകൊണ്ടുവരാന്‍ ആജ്ഞാപിച്ചു. കുറച്ചുമാസങ്ങള്‍ കഴിഞ്ഞ് പരിശീലകന്‍ രണ്ടുപക്ഷികളെയും കൊണ്ടുവന്നു. രാജാവിനോടുപറഞ്ഞു, ''ഇവയില്‍ ഒന്ന് വളരെ ഉയരത്തില്‍ പറക്കാനും ആകാശത്തില്‍ പലതരത്തിലുള്ള അഭ്യാസങ്ങള്‍ കാണിക്കാനും പഠിച്ചുകഴിഞ്ഞു. അത് കണ്ടിരിക്കുക വളരെ രസകരമാണ്. 

പക്ഷേ, രണ്ടാമത്തെ പരുന്ത് ഇതുവരെ ഉയരത്തില്‍ പറന്നുതുടങ്ങിയില്ല. അത് ഉയരം കുറഞ്ഞ ഏതെങ്കിലും മരക്കൊമ്പില്‍ അള്ളിപ്പിടിച്ചിരിക്കും. ഞാന്‍ എത്ര ശ്രമിച്ചിട്ടും അവിടെനിന്ന്  അനങ്ങാന്‍പോലും അതു കൂട്ടാക്കുന്നില്ല. പക്ഷികളെ പരിശീലിപ്പിക്കുന്നതില്‍ വിദഗ്ധരായ മറ്റുപലരെയും കാണിച്ചു. അവര്‍ ശ്രമിച്ചിട്ടും രണ്ടാമത്തെ പരുന്തിന്റെ സ്വഭാവത്തില്‍ ഒരു മാറ്റവും വന്നില്ല. രാജാവ് ആ പരുന്തിന്‍കുഞ്ഞിനെ ഉപേക്ഷിക്കാമെന്ന തീരുമാനത്തിലെത്തി. ആ വാര്‍ത്ത രാജധാനിയില്‍ പരന്നു. അതറിഞ്ഞ് ഒരു കര്‍ഷകന്‍ രാജാവിനെ സമീപിച്ചു പറഞ്ഞു, ''എനിക്ക് ഒരവസരം തരാന്‍ തിരുമനസ്സുണ്ടാകണം. ഞാനൊന്ന് ശ്രമിച്ചുനോക്കാം.''  രാജാവ് അതിന് സമ്മതംമൂളി. കുറച്ചുനേരത്തിനകം ജനക്കൂട്ടം കൈയടിക്കുന്ന ശബ്ദംകേട്ട് രാജാവ് തന്റെ മുറിയിലെ ജനാലയിലൂടെ പുറത്തേക്കുനോക്കി. രണ്ടാമത്തെ പരുന്ത് പറന്നുതുടങ്ങിയെന്നുമാത്രമല്ല, ആദ്യത്തെ പരുന്തിനെ വെല്ലുന്നതരത്തില്‍ അഭ്യാസങ്ങളും കാണിക്കുന്നുണ്ടായിരുന്നു. 

രാജാവ് പക്ഷിയുടെ സ്വഭാവമാറ്റത്തിനു പിന്നിലുള്ള കാരണമാരാഞ്ഞു. കര്‍ഷകന്‍ പറഞ്ഞു: '' ഞാന്‍ അധികമൊന്നും ചെയ്തില്ല. പക്ഷി അള്ളിപ്പിടിച്ചിരുന്ന മരക്കൊമ്പ് ഒടിച്ചുകളഞ്ഞു. താഴെ വീഴുമെന്നായപ്പോള്‍ അത് ആകാശത്തേക്ക് പറന്നുയര്‍ന്നു. അതുവരെ അതിനെ ബാധിച്ചിരുന്ന  ഭീതിയില്‍നിന്ന് മുക്തിനേടിയതോടെ അത് ഉത്സാഹത്തോടെ അഭ്യാസങ്ങള്‍ കാണിച്ചുതുടങ്ങി.''

നമ്മളില്‍ പലരും ഈ കഥയിലെ രണ്ടാമത്തെ പരുന്തിനെപ്പോലെയാണ്. ഭയവും സംശയവും നമ്മുടെ ആത്മവിശ്വാസത്തെ ചോര്‍ത്തിക്കളയുന്നതുമൂലം നമ്മള്‍ പുതിയ സാഹചര്യങ്ങളെ നേരിടാനാകാതെ പഴയതിനെ കെട്ടിപ്പിടിച്ച് കഴിയുന്നു. അതില്‍ സുരക്ഷിതത്വം തേടുന്നു. അതോടെ നമ്മുടെ കഴിവുകള്‍ മുരടിക്കുന്നു. എങ്ങനെയെങ്കിലും ആത്മവിശ്വാസത്തെ ഉണര്‍ത്താന്‍ കഴിഞ്ഞാല്‍ നമ്മുടെ കഴിവുകളെ ഉണര്‍ത്താനും ജീവിതവിജയമാകുന്ന തുറന്ന ആകാശത്തേക്ക് പറന്നുയരാനും നമുക്ക് സാധിക്കും.

Content highlights: Confidance is the sky of Victory