ജീവിതത്തില്‍ ശാന്തിയും സമാധാനവും നഷ്ടമാകാന്‍ സാധ്യതയുള്ള സാഹചര്യങ്ങള്‍ ധാരാളമുണ്ടാകാം. അത്തരം സാഹചര്യങ്ങളില്‍ സമചിത്തത നഷ്ടമാകാതിരിക്കാന്‍ നമ്മള്‍ പ്രത്യേകം ശ്രദ്ധിക്കണം. നമ്മുടെ ക്ഷമയെ വളര്‍ത്താനുള്ള സാഹചര്യമാണെന്നു കണ്ട് അവയെ സ്വാഗതംചെയ്യാം. നമ്മുടെ തലയില്‍ ഒരു കാക്ക കാഷ്ഠിച്ചാല്‍ നമ്മള്‍ കാക്കയോടു ദേഷ്യപ്പെടാറില്ലല്ലോ. നമ്മള്‍ ശ്രമിച്ചാല്‍ അതേ മനോഭാവം ഏതു സാഹചര്യത്തിലും നമുക്ക് നിലനിര്‍ത്താന്‍ സാധിക്കും.

ശാന്തമായ മനസ്സിന് ഉടമയായ ഒരാള്‍ക്ക് സാഹചര്യങ്ങളെ ശരിയായി കണ്ടറിഞ്ഞ് പ്രതികരിക്കാന്‍ കഴിയും. മനസ്സ് അസ്വസ്ഥവും കലുഷിതവുമായാല്‍ കാര്യങ്ങളെ വസ്തുനിഷ്ഠമായി വിലയിരുത്താനാവില്ല. അതു തെറ്റിദ്ധാരണയ്ക്കും തെറ്റായ പ്രതികരണത്തിനും ഒടുവില്‍ നമ്മുടെ പരാജയത്തിനും കാരണമാകും.

ഒരു രാജാവിന്റെ കൊട്ടാരത്തില്‍ രാജസദസ്സ് നടക്കുകയായിരുന്നു. അപ്പോള്‍ ഒരാള്‍ അവിടെവന്ന് രാജാവിനെ വണങ്ങിക്കൊണ്ടു പറഞ്ഞു: ''ഞാന്‍ ഒരു വ്യാപാരിയാണ്. അനേകം രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്. അവിടെയുള്ള പണ്ഡിതന്മാരോടെല്ലാം ഞാന്‍ ഒരു ചോദ്യം ചോദിച്ചു. എന്റെ ചോദ്യത്തിന് ശരിയായ ഉത്തരം നല്‍കാന്‍ അവര്‍ക്കാര്‍ക്കും സാധിച്ചില്ല. അങ്ങയുടെ സദസ്സിലുള്ള വിദ്വാന്മാരെയും രാജ്യത്തെ സകല പൗരന്മാരെയും വെല്ലുവിളിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.'' രാജാവ് അയാള്‍ക്ക് ചോദ്യംചോദിക്കാന്‍ അനുമതി നല്‍കി. 

വ്യാപാരി തന്റെ സഞ്ചിയില്‍നിന്ന് ഒരേ വലുപ്പവും ആകൃതിയും നിറവുമുള്ള രണ്ടു വസ്തുക്കള്‍ പുറത്തെടുത്തു. അവ രാജാവിന്റെ മുമ്പിലുള്ള മേശപ്പുറത്തു വെച്ചുകൊണ്ട് അയാള്‍ രാജാവിനോടു പറഞ്ഞു: ''ഇവയിലൊന്ന് അമൂല്യമായ രത്‌നവും മറ്റേത് കുപ്പിച്ചില്ലുമാണ്. ഇവയില്‍ രത്‌നമേതാണ് എന്നു കണ്ടുപിടിക്കണം. അതു കണ്ടെത്തുന്നയാള്‍ക്ക് ഈ രത്‌നം ഞാന്‍ സമ്മാനമായി നല്‍കാം. ആര്‍ക്കും അതിനു കഴിഞ്ഞില്ലെങ്കില്‍ ഈ രത്‌നത്തിന്റെ മൂല്യത്തിന് തുല്യമായ തുക അങ്ങ് എനിക്ക് നല്‍കണം.''

രത്‌നം ഏതെന്നു തിരിച്ചറിയാന്‍ രാജസദസ്സിലുണ്ടായിരുന്ന ആര്‍ക്കും കഴിഞ്ഞില്ല. ആ സമയം അന്ധനായ ഒരാള്‍ ആ വെല്ലുവിളി ഏറ്റെടുക്കാന്‍ തയ്യാറായി മുന്നോട്ടുവന്നു. അന്ധന്‍ രണ്ടു വസ്തുക്കളെയും കൈകൊണ്ട് തൊട്ടുനോക്കി. എന്നിട്ട് അതിലൊന്നു കൈയിലെടുത്തുകൊണ്ടു പറഞ്ഞു: ''ഇത് ശരിയായ രത്‌നവും മറ്റേത് കുപ്പിച്ചില്ലുമാണ്.'' അതു ശരിയാണെന്ന് വ്യാപാരി സമ്മതിച്ചു. 

രാജാവ് അന്ധനോടു ചോദിച്ചു: ''യഥാര്‍ഥ രത്‌നം നിങ്ങള്‍ തിരിച്ചറിഞ്ഞത് എങ്ങനെയാണ്?'' അന്ധന്‍ പറഞ്ഞു: ''അതിലൊന്ന് വെയിലേറ്റ് ചൂടായിട്ടുണ്ടായിരുന്നു. എന്നാല്‍, വെയിലേറ്റിട്ടും രണ്ടാമത്തേതിന് അല്പംപോലും ചൂടുണ്ടായിരുന്നില്ല. അതിനാല്‍ അതു യഥാര്‍ഥ രത്‌നമാണെന്ന് എനിക്കു മനസ്സിലായി.''

പ്രതികൂല സാഹചര്യങ്ങളാകുന്ന വെയിലേറ്റ് ചൂടാകാതിരിക്കുന്ന വ്യക്തി യഥാര്‍ഥ രത്‌നം തന്നെയാണ്, അയാള്‍ ജീവിതത്തില്‍ വിജയം നേടുന്നു. ജീവിതത്തിന്റെ പരീക്ഷണങ്ങളില്‍ മനഃസാന്നിധ്യം നഷ്ടപ്പെടുന്ന ആള്‍ വെയിലേറ്റു ചൂടാകുന്ന കുപ്പിച്ചില്ലുപോലെയാണ്.

സാഹചര്യങ്ങളെ തെളിഞ്ഞ ബുദ്ധിയോടെ വിലയിരുത്താന്‍ സമചിത്തത നമ്മളെ സഹായിക്കുന്നു. എല്ലാ സാഹചര്യങ്ങളെയും ശരിയായ രീതിയില്‍ നേരിടാനുള്ള പക്വത നമ്മള്‍ അതിലൂടെ ആര്‍ജിക്കുന്നു.

Content Highlights: Composure, Mind, Amrithavachanam, Matha Amrithanandamayi