മക്കളേ, ഭക്തിയെന്നാൽ ഇടതടവില്ലാത്ത ഈശ്വരസ്മരണയാണ്. ഗോപികകളുടെ കാര്യംതന്നെയെടുക്കുക. ഒരു നിമിഷംപോലും കണ്ണനെക്കുറിച്ച് ഓർക്കാതിരിക്കുക അവർക്ക് പ്രയാസമായിരുന്നു. അടുക്കളയിലെ മുളകുപാത്രത്തിലും മല്ലിപ്പാത്രത്തിലും അവർ ഭഗവാന്റെ നാമങ്ങളായിരുന്നു എഴുതിയിരുന്നത്. മുളക് വേണമെങ്കിൽ മുകുന്ദനെ വേണമെന്നാണ് അവർ പറയുക. മല്ലി എടുക്കുമ്പോൾ ഗോവിന്ദനെയാണ് എടുക്കുന്നത്. അങ്ങനെ ഏതുകാര്യം ചെയ്യുമ്പോഴും അവരുടെയുള്ളിൽ ഈശ്വരസ്മരണയാണ് നിറഞ്ഞുനിന്നിരുന്നത്. അങ്ങനെയങ്ങനെ ഒടുവിൽ അവർക്ക് എല്ലാം കൃഷ്ണമയമായി അനുഭവപ്പെട്ടു.

ഈശ്വരപ്രേമം ഹൃദയത്തിൽ നിറയുമ്പോൾ അതുവരെ അവിടെ കുടികൊണ്ടിരുന്ന സകല വിഷയവാസനകളും കാമനകളും ദുർബലമായിത്തീരുന്നു. മനോമാലിന്യങ്ങൾ അകലുന്നു. ഭക്തിയുടെ ഈ അവസ്ഥയിൽ ഭക്തൻ ഈശ്വരനെയല്ലാതെ മറ്റൊന്നിനെയും ആഗ്രഹിക്കുന്നില്ല. മറ്റൊന്നും അവന് പ്രധാനമല്ല. സുഖമായാലും ദുഃഖമായാലും ഈശ്വരപ്രസാദമായി അതിനെ സ്വീകരിക്കുന്നു. ഏതുദാരിദ്ര്യത്തിലും അവൻ സംതൃപ്തിയോടെതന്നെ കഴിയുന്നു. 

ഒരു രാജാവ് വനത്തിൽ വേട്ടയാടാൻ പോയി. മൃഗങ്ങളുടെ പിന്നാലെപോയി വഴിതെറ്റി. പരിവാരങ്ങളിൽനിന്ന്‌ അകന്നു. ഇതിനിടെ ശക്തിയായ മഴ പെയ്യാൻ തുടങ്ങി. രാജാവ് മഴയിൽ നനഞ്ഞുകുതിർന്നു. ഒടുവിൽ വളരെ ദൂരം നടന്ന് ക്ലേശിച്ച് സന്ധ്യയായപ്പോൾ പഴയ ഒരു കൃഷ്ണക്ഷേത്രവും കുടിലും കണ്ടു. രാജാവ് അവിടേക്ക് ചെന്നു. വൃദ്ധനായ പൂജാരിയും ഭാര്യയുമായിരുന്നു അവിടെ താമസിച്ചിരുന്നത്. നനഞ്ഞൊലിച്ചുവരുന്ന അപരിചിതനെക്കണ്ട് അവർ വൃത്തിയുള്ള ഒരു തോർത്തെടുത്ത് അദ്ദേഹത്തിന്‌ നൽകി. പിന്നെ ഭക്ഷണവും നൽകി. അന്നുരാത്രി രാജാവ് അവിടെ കഴിഞ്ഞു. 

പ്രഭാതമായപ്പോഴേക്കും രാജാവിനെ അന്വേഷിച്ച് പരിവാരങ്ങൾ അവിടെയെത്തി. വീട്ടുകാരോട്‌ യാത്രചോദിച്ച് രാജാവ് നൂ‌റ്‌ സ്വർണനാണയങ്ങൾ പൂജാരിക്ക്‌ നൽകാൻ നിർദേശിച്ചു. എന്നാൽ, ആദരപൂർവം പൂജാരി അത്‌ നിരസിച്ചുകൊണ്ടുപറഞ്ഞു, ‘‘ഒന്നും വേണ്ട, ഭഗവാൻ ഞങ്ങളെ നോക്കുന്നുണ്ട്. അത്യാവശ്യം വേണ്ടതെല്ലാം അവിടുന്ന് തരുന്നുണ്ട്.’’ 

രാജാവിന് ആശ്ചര്യംതോന്നി. അദ്ദേഹം പറഞ്ഞു, ‘‘നിങ്ങൾക്ക്‌ രണ്ടുപേർക്കും പ്രായമായി. എന്തെങ്കിലും അസുഖം വന്നാലോ? നിങ്ങൾക്കായി ഒരു പുതിയ വീടു പണിഞ്ഞുതരാം. സഹായിക്കാൻ ഒരാളെയും വയ്ക്കാം.’’ 
എന്നാൽ, ആ വൃദ്ധദമ്പതിമാർ അതും നിരസിച്ചു. ‘‘ഞങ്ങൾക്ക് രോഗത്തെക്കുറിച്ച് ചിന്തയില്ല. ധന്വന്തരീമൂർത്തിയായ ഭഗവാൻ ഞങ്ങളുടെ രക്ഷയ്ക്കായി എപ്പോഴും കൂടെയുണ്ട്.’’ ദരിദ്രരാണെങ്കിലും ആ വൃദ്ധദമ്പതിമാരുടെ മുഖത്ത് സംതൃപ്തിയും വിശ്വാസവും തെളിഞ്ഞുനിന്നിരുന്നു. 

യഥാർഥ ഭക്തന് ത്യാഗവും ലാളിത്യവും സ്വാഭാവികമായിത്തന്നെയുണ്ടാകും. സ്വന്തം താത്‌പര്യത്തെക്കുറിച്ചോ രക്ഷയെക്കുറിച്ചോ ഭക്തൻ ചിന്തിക്കുന്നേയില്ല. ജീവിതം െവച്ചുനീട്ടുന്ന ദുഃഖങ്ങളും പ്രയാസങ്ങളും സന്തോഷങ്ങളും നേട്ടങ്ങളും എല്ലാം ഭഗവദ്‌പ്രസാദമായി ഭക്തൻ സ്വീകരിക്കുന്നു. അവിടെ പരിഭവമില്ല, പരാതിയില്ല, പ്രതിഷേധമില്ല. അചഞ്ചലമായ വിശ്വാസവും പ്രേമവും മാത്രമേയുള്ളൂ. അമ്മ