മക്കളേ, പുത്തൻ പ്രതീക്ഷകളുമായി പുതുവർഷം വന്നെത്തി. ജീവിതമാകുന്ന   പുസ്തകത്തിലെ പുതിയ താളുകളാണ് പുതുവർഷത്തിലെ ഒാരോ ദിനവും. സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും ശാന്തിയുടെയും  വിജ്ഞാനത്തിന്റെയും കുറിപ്പുകൾ അതിൽ നമുക്ക് എഴുതിച്ചേർക്കാം. അല്ലെങ്കിൽ വിദ്വേഷത്തിന്റെയും ക്രോധത്തിന്റെയും അലസതയുടെയും കുറിപ്പുകൾകൊണ്ടത്‌ നിറയ്ക്കാം. വിവേകമാകുന്ന പേനയിൽ  പ്രയത്നമാകുന്ന മഷി നിറച്ചാവട്ടെ നമ്മൾ അതെഴുതുന്നത്.

അനന്തമായ ശക്തിയും സ്നേഹവും നമ്മുടെ ഉള്ളിലുണ്ട്. എന്നാൽ, അത്‌  പാഴായിപ്പോകാതിരിക്കണമെങ്കിൽ നല്ലകർമങ്ങളിലൂടെ അത്‌ ലോകത്തിന്‌ നൽകണം. കരുണാർദ്രമായ ഹൃദയമുള്ളവർ മറ്റുള്ളവർക്ക് സുഖവും സന്തോഷവും പകരുന്നു. ഒപ്പം സ്വയം  സന്തോഷം അനുഭവിക്കുകയും മറ്റുള്ളവർക്ക്‌  പ്രചോദനമായിത്തീരുകയും ചെയ്യുന്നു.

ഒരു പെൺകുട്ടി ഒരു മത്സരത്തിൽ വിജയിച്ചു. സമ്മാനമായി സംഘാടകർ നിശ്ചയിച്ചിരുന്നത് അമേരിക്ക സന്ദർശിക്കാനുമുള്ള രണ്ടു  ടിക്കറ്റുകളായിരുന്നു. സമ്മാനദാനച്ചടങ്ങിൽ അവതാരക പെൺകുട്ടിയോട് ചോദിച്ചു: ‘ഒന്നാംസമ്മാനം  കിട്ടിയതിൽ ആഹ്ലാദവതിയാണല്ലോ, അല്ലേ’. ‘അതെ’ -പെൺകുട്ടി പറഞ്ഞു, ‘ടിക്കറ്റുകൾക്കുപകരം അതിനുതുല്യമായ തുക പണമായി എനിക്കുനൽകുമെങ്കിൽ അതെനിക്ക്‌ കൂടുതൽ സന്തോഷമാകും’.  ‘എന്തുകൊണ്ടാണ് സമ്മാനമായി പണം ആവശ്യപ്പെടുന്നത്? അമേരിക്ക സന്ദർശിക്കാൻ ഇഷ്ടമില്ലെന്നുണ്ടോ?’ അതല്ല, എന്റെ അമ്മ ഒരു നഴ്‌സാണ്. കഴിഞ്ഞയാഴ്ച അമ്മയോടൊപ്പം ഞാൻ ആശുപത്രിയിൽപോയിരുന്നു. അവിടെ എന്റെ പ്രായത്തിലുള്ള ഒരു കുട്ടിയെ കാണാനിടയായി. കുറച്ചുനേരം സംസാരിച്ചപ്പോൾത്തന്നെ ഞങ്ങൾ അടുത്ത കൂട്ടുകാരായി. തന്റെ ഭാവിസ്വപ്നങ്ങളെപ്പറ്റി അവൾ എന്നോട് കുറെനേരം സംസാരിച്ചു.

അക്കാര്യം എന്റെ അമ്മയോട് പറഞ്ഞപ്പോൾ അമ്മ വിഷമത്തോടെ പറഞ്ഞു. ‘ആ കുട്ടിക്ക്‌ മാരകമായ കാൻസറാണ്. അതിന്‌ ശരിയായ ചികിത്സ നൽകാൻ അച്ഛനും അമ്മയ്ക്കും കഴിവില്ല. ഏതെങ്കിലും വലിയ ആശുപത്രിയിൽ  കൊണ്ടുപോയി വിദഗ്‌ധചികിത്സ നൽകിയില്ലെങ്കിൽ അവൾ അധികകാലം ജീവിച്ചിരിക്കില്ല’. ‘അവളുടെ നിഷ്കളങ്കമായ മുഖം, ഭാവിയെക്കുറിച്ചുള്ള അവളുടെ കൊച്ചുകൊച്ചു പ്രതീക്ഷകൾ, തന്റെ രോഗം അധികം താമസിയാതെ മാറുമെന്ന വിശ്വാസം, ഇതൊന്നുംതന്നെ എനിക്ക്‌ മറക്കാൻ കഴിയുന്നില്ല. ഈ സമ്മാനത്തുകകൊണ്ട് അവൾക്ക്‌ മികച്ച ചികിത്സ നൽകാൻ എനിക്കുകഴിയും. മരണത്തിൽനിന്ന് ആ കുട്ടിയെ വീണ്ടെടുക്കാൻ കഴിഞ്ഞാൽ അതായിരിക്കും എന്റെ യഥാർഥവിജയം’. ഇതുകേട്ട മത്സരത്തിന്റെ സംഘാടകർ അപ്പോൾത്തന്നെ സമ്മാനത്തുക കൈമാറാൻ തയ്യാറാണെന്നറിയിച്ചു.

പുതിയ വർഷത്തിൽ നമുക്കൊരു പ്രതിജ്ഞയെടുക്കാം. മറ്റുള്ളവർക്ക് സന്തോഷമോ ആശ്വാസമോ നൽകുന്ന ഒരു പ്രവൃത്തിയെങ്കിലും ചെയ്യാതെ ഉറങ്ങാൻപോവില്ല എന്ന്. വലിയകാര്യങ്ങൾ ചെയ്യാൻ കഴിഞ്ഞില്ലെങ്കിലും സാരമില്ല. കാരുണ്യത്തോടെയുള്ള ഒരു വാക്ക്, സ്നേഹത്തോടെയുള്ള ഒരു പുഞ്ചിരി, മറ്റുള്ളവരുടെ ദുഃഖം ക്ഷമയോടെ കേൾക്കാനുള്ള ഒരു മനസ്സ്... അത്രയെങ്കിലും ഉണ്ടെങ്കിൽ അതുതന്നെ ധാരാളം. ശാന്തിയും സന്തോഷവും നിറഞ്ഞ ഒരു ലോകമാകട്ടെ പുതുവത്സരത്തിൽ നമ്മുടെ ലക്ഷ്യം. 

Content Highlights: Amrithavachanam Start new life with good work