നുഷ്യജീവിതം പ്രശ്നങ്ങൾ നിറഞ്ഞതാണ്. പ്രശ്നങ്ങളുടെ കാരണങ്ങൾ ബഹുവിധമായിരിക്കാം. എങ്കിലും അവയിൽ ഭൂരിപക്ഷം പ്രശ്നങ്ങളെയും നമുക്ക് മൂന്നായി തിരിക്കാം. ഒന്ന്, പ്രകൃതിശക്തികളാൽ സംഭവിക്കുന്നവ. ഉദാഹരണത്തിന് ഭൂകമ്പം, ചുഴലിക്കാറ്റ്, പെട്ടെന്നുണ്ടാകുന്ന പേമാരി തുടങ്ങിയവ. രണ്ട്, നമുക്കുചുറ്റുമുള്ള ലോകത്തിൽനിന്നും ജീവിസമൂഹത്തിൽ നിന്നും വന്നുചേരുന്നവ. പകർച്ചവ്യാധികൾ, അയൽക്കാരിൽനിന്നുണ്ടാവുന്ന പ്രശ്നങ്ങൾ, കൊതുകുകടി, വാഹനങ്ങളുടെ ശബ്ദവും പുകയും മൂലമുണ്ടാകുന്ന അസ്വസ്ഥത എന്നിവ. മൂന്ന്, നമ്മുടെ ഉള്ളിൽനിന്നുതന്നെ ഉടലെടുക്കുന്ന പ്രശ്നങ്ങൾ, അസൂയ, അഹങ്കാരം, വിദ്വേഷം, മുൻവിധി തുടങ്ങി നമ്മുടെ മനോഭാവത്തിലും പെരുമാറ്റത്തിലുമുള്ള വൈകല്യങ്ങൾ മൂലമുണ്ടാകുന്ന പ്രശ്നങ്ങൾ.

ഇവയിൽ ആദ്യത്തെ രണ്ടുതരത്തിലുള്ള പ്രശ്നങ്ങൾ പൂർണമായും നമ്മുടെ നിയന്ത്രണത്തിലല്ല. പ്രകൃതിയിൽനിന്നുണ്ടാകുന്ന പ്രശ്നങ്ങളെ ഒരു പരിധിവരെ നിയന്ത്രിക്കാൻ നമുക്ക്‌ സാധിക്കും. എന്നാൽ, പ്രകൃതിക്ഷോഭം രൂക്ഷമായാൽ അതിന്‌ കടിഞ്ഞാണിടുക മനുഷ്യസാധ്യമല്ല. അതിൽനിന്ന് എങ്ങനെയെങ്കിലും രക്ഷപ്പെടാൻ ശ്രമിക്കുകമാത്രമേ അപ്പോൾ നമുക്ക്‌ നിവൃത്തിയുള്ളൂ. രണ്ടാമത്തെ തരത്തിൽപ്പെട്ട പ്രശ്നങ്ങളെയും കുറേയൊക്കെ പരിഹരിക്കാൻ നമുക്ക്‌ കഴിയും. അയൽക്കാർ ബഹളംവെച്ചാൽ അവരോട് ചർച്ചചെയ്ത് പ്രശ്നം പരിഹരിക്കാം. അല്ലെങ്കിൽ പോലീസിൽ പരാതിപ്പെടാം. കൊതുകുശല്യം ഒഴിവാക്കാൻ കൊതുകുതിരി ഉപയോഗിക്കാം, വാഹനശല്യം അസഹ്യമാണെങ്കിൽ താമസം മാറാം.

എന്നാൽ, മൂന്നാമത്തെ തരത്തിലുള്ള പ്രശ്നങ്ങൾ നമുക്ക് പൂർണമായി നിയന്ത്രിക്കാനും പരിഹരിക്കാനും കഴിയുന്നവയാണ്. ഉദാഹരണത്തിന് നമ്മുടെ സ്വഭാവത്തിലും പെരുമാറ്റത്തിലുമുള്ള വൈകല്യങ്ങളാവട്ടെ നമ്മൾ ശ്രമിച്ചാൽ പൂർണമായും നിയന്ത്രിക്കാൻ കഴിയും.

നമ്മുടെ ചുറ്റുപാടുകൾ എത്രമാത്രം ശാന്തിയും സമാധാനവും നിറഞ്ഞതായിരുന്നാലും മനസ്സ് നമ്മുടെ നിയന്ത്രണത്തിലല്ലെങ്കിൽ നമുക്ക് ശാന്തിയും സമാധാനവും അനുഭവിക്കാൻ സാധിക്കില്ല. എന്നാൽ, മനസ്സ് നമ്മുടെ നിയന്ത്രണത്തിലായാൽ ബാഹ്യമായ എന്തുപ്രശ്നങ്ങളുണ്ടായാലും അവയെ ശാന്തമായി നേരിടാൻ നമുക്ക്‌ കഴിയും.

പ്രശ്നങ്ങൾ എന്തായാലും നമ്മൾ ആദ്യം ചെയ്യേണ്ടത് അവയുടെ യഥാർഥ കാരണം കണ്ടുപിടിക്കുക എന്നതാണ്. ജീവിതത്തിൽ ദുഃഖങ്ങൾ വരുമ്പോൾ അതിന്റെ യഥാർഥകാരണം പലപ്പോഴും നമ്മുടെ കണ്ണിൽപ്പെടാറില്ല. നമ്മൾ മറ്റുള്ളവരെയോ സാഹചര്യങ്ങളെയോ ദൈവത്തെത്തന്നെേയാ കുറ്റപ്പെടുത്താൻ തുടങ്ങും. പ്രശ്നങ്ങളുടെ യഥാർഥകാരണം നമ്മുടെ ഉള്ളിലാണെന്ന വാസ്തവം നമ്മൾ മറക്കുന്നു.

പ്രശ്നങ്ങളുടെ യഥാർഥകാരണം കണ്ടെത്തിയാൽ പ്രശ്നപരിഹാരം അത്രകണ്ട് എളുപ്പമാകും. ഉദാഹരണത്തിന്, പ്രമോഷൻ കിട്ടാത്തതിൽ ഒരാൾ വളരെയേറെ ദുഃഖിക്കുന്നു എന്നിരിക്കട്ടെ, ജയപരാജയങ്ങളെ സമമായി സ്വീകരിക്കുകയും വർധിച്ച ഉത്സാഹത്തോടെ പ്രവർത്തിക്കുകയും ചെയ്താൽ ഈ പ്രശ്നം പൂർണമായും പരിഹരിക്കാം. നമ്മുടെ ജീവിതത്തിലെ തൊണ്ണൂറുശതമാനം പ്രശ്നങ്ങളും ഇതുപോലെ നമ്മുടെ പെരുമാറ്റത്തിലോ മനോഭാവത്തിലോ ഉള്ള അപാകങ്ങൾകൊണ്ടുതന്നെയാണ് സംഭവിക്കുന്നത്. അതിനാൽ ആ അപാകങ്ങൾ പരിഹരിച്ചാൽ നമ്മുടെ ജീവിതം ഇന്നത്തേക്കാളും സന്തോഷപൂർണവും ശാന്തിപൂർണവുമാകും.