മക്കളേ, ധർമബോധമുള്ള ജനതയാണ് ഒരു രാഷ്ട്രത്തെ അഭിവൃദ്ധിയിലേക്കു നയിക്കുന്നത്. ഇന്നു നമ്മുടെ രാജ്യത്തെ അലട്ടുന്ന അഴിമതി, ദാരിദ്ര്യം, തൊഴിലില്ലായ്മ, സംഘർഷങ്ങൾ, വർധിച്ചുവരുന്ന ആത്മഹത്യകൾ തുടങ്ങിയ പ്രശ്നങ്ങളുടെയെല്ലാം അടിസ്ഥാനകാരണമെന്തെന്നു ചിന്തിച്ചാൽ അതു ജനങ്ങളുടെ ധർമബോധത്തിലുള്ള കുറവാണ് എന്നു മനസ്സിലാക്കാൻ കഴിയും. 

സ്വധർമാചരണം ഓരോരുത്തരുടെയും ഉത്തരവാദിത്വമാണ്. ഉത്തരവാദിത്വങ്ങളും അവകാശങ്ങളും ഒരു പക്ഷിയുടെ രണ്ടു ചിറകുകൾപോലെയാണ്. രണ്ടും ചേർന്നാലേ ശരിയായ പുരോഗതി സാധ്യമാവുകയുള്ളൂ. സമൂഹത്തിൽ എല്ലാവരും അവരവരുടെ ഉത്തരവാദിത്വങ്ങൾ വേണ്ടപോലെ നിർവഹിച്ചാൽ ഓരോരുത്തരുടെയും അവകാശങ്ങൾ സ്വാഭാവികമായി സംരക്ഷിക്കപ്പെട്ടുകൊള്ളും. മറിച്ച് ഓരോരുത്തരും അവരവരുടെ അവകാശങ്ങളിൽമാത്രം ശ്രദ്ധിച്ചാൽ സമൂഹത്തിന്റെ താളലയം നഷ്ടമാകും, അരാജകത്വം നടമാടും.

അതിനാൽ ഓരോരുത്തരും സ്വന്തം ക്ഷേമത്തിനുവേണ്ടി പ്രയത്നിക്കുന്നതോടൊപ്പം സമൂഹത്തിന്റെ ക്ഷേമത്തിനുവേണ്ടിയും പ്രവർത്തിക്കാൻ തയ്യാറാകണം. വിളവെടുത്തുകഴിഞ്ഞാൽ അതിലൊരുഭാഗം അടുത്തതവണ നടാനായി കൃഷിക്കാർ മാറ്റിവയ്ക്കാറുണ്ട്. അതൊരു നഷ്ടമല്ല എന്നവർക്കറിയാം. പിന്നീട് നൂറുമേനിയായി അതവർക്കു തിരിച്ചുകിട്ടുകയും ചെയ്യും. മറിച്ച് അതുകൂടി തിന്നുതീർത്താൽ പിന്നീട് ദുരിതമനുഭവിക്കേണ്ടിവരും. അതുപോലൊരു ത്യാഗമെങ്കിലും നമ്മുടെ ഭാഗത്തുനിന്നുണ്ടാകണം. 

നമ്മുടെ സമയവും ഊർജവും മുഴുവനായി നമുക്കുവേണ്ടിമാത്രം ചെലവഴിക്കാതെ, കുറച്ചുസമയമെങ്കിലും സമൂഹത്തിന്റെയും രാഷ്ട്രത്തിന്റെയും പൊതുനന്മയ്ക്കായി ഉപയോഗിക്കാൻ നമ്മൾ തയ്യാറാകണം.
ചൈനയിലെ വൻമതിൽ ലോകത്തിലെ അദ്ഭുതങ്ങളിലൊന്നാണല്ലോ. ആ മതിൽ പൂർത്തിയായപ്പോൾ അന്നാട്ടുകർ വിചാരിച്ചു, ‘ഇനിയൊരു ശത്രുവിനും ഞങ്ങളെ തോൽപ്പിക്കാൻ കഴിയില്ല’ എന്ന്. എന്നാൽ, അധികം താമസിയാതെ ഒരു ശത്രുരാജ്യം ചൈനയെ ആക്രമിച്ചു. ശത്രുസൈന്യം അന്നാട്ടുകാരെ അമ്പരിപ്പിച്ചുകൊണ്ട് വൻമതിൽ കടന്ന് രാജ്യത്തിനകത്തു പ്രവേശിക്കുകയും പെട്ടെന്ന് അവരെ കീഴ്‌പ്പെടുത്തുകയും ചെയ്തു. എന്താണു സംഭവിച്ചതെന്നോ? മതിൽ സംരക്ഷിച്ചിരുന്ന ഭടന്മാർ കൈക്കൂലിവാങ്ങി ശത്രുക്കളെ അകത്തേക്കു കടത്തിവിടുകയായിരുന്നു.

സ്വാർഥതയിലൂടെയും അധർമത്തിലൂടെയും നേടുന്ന സുഖം താത്‌കാലികമാണ്. തീർച്ചയായും അതു പിന്നീട്‌ ദുഃഖകാരണമായിത്തീരും. നേരേമറിച്ച്, നിസ്വാർഥമായ പ്രവൃത്തികൾ തുടക്കത്തിൽ അല്പം ക്ലേശകരമായി തോന്നിയാലും പിന്നീട് സ്ഥായിയായ നന്മയെ പ്രദാനം ചെയ്യും. അധർമത്തിൽനിന്നു ലഭിക്കുന്ന സുഖം ദുഃഖത്തിന്റെ ബീജമാണെന്നു നമ്മൾ മറക്കരുത്. 

പണ്ടുകാലത്ത്‌ വിദ്യാഭ്യാസം തുടങ്ങുമ്പോൾ കുട്ടികൾക്ക്‌ ധർമത്തെക്കുറിച്ചായിരുന്നു ആദ്യം പഠിപ്പിച്ചുകൊടുത്തിരുന്നത്. ധർമമെന്നാൽ മനുഷ്യനും മനുഷ്യനും തമ്മിലും മനുഷ്യനും പ്രകൃതിയും തമ്മിലുമുള്ള പരസ്പരപോഷണത്തിന്റെ തത്ത്വമാണ്. ജീവിതത്തെക്കുറിച്ചും ലോകത്തെക്കുറിച്ചുമുള്ള ആരോഗ്യകരമായ വീക്ഷണമാണത്. ഒരു വ്യക്തിക്ക് ഒറ്റയ്ക്കു പുരോഗതി പ്രാപിക്കാൻ കഴിയില്ല. മറ്റുള്ളവരുടെ വളർച്ചയിലൂടെ മാത്രമേ നമുക്കു വളരാൻ കഴിയൂ. സമൂഹത്തിന്റെ നന്മയിലൂടെ മാത്രമേ വ്യക്തിക്കു സ്ഥായിയായ നന്മ കൈവരൂ. അമ്മ