മക്കളേ,     
നമുക്ക് ഏറ്റവും ആദ്യമുണ്ടാകേണ്ട ഗുണം വിനയമാണ്. വിനയം വന്നാലേ ഈശ്വരകൃപ സ്വീകരിക്കാൻ കഴിയൂ. നോക്കിലും വാക്കിലും പ്രവൃത്തിയിലുമെല്ലാം വിനയമുണ്ടാകണം. ഒരു ആശാരി പണിയാൻവേണ്ടി ഉളിയെടുക്കുമ്പോൾ അതിൽ തൊട്ടുവന്ദിക്കുന്നതുകാണാം. സംഗീതോപകരണങ്ങൾ വായിക്കുന്നവരും തൊട്ടുവന്ദിച്ചശേഷം മാത്രമേ അത് ഉപയോഗിക്കാറുള്ളൂ. അങ്ങനെ സകലതിനെയും ആദരിക്കുക എന്നത് ഋഷിമാർ നമുക്കുനൽകിയ സംസ്കാരമാണ്. ഇതിലൂടെ നമ്മിലെ അഹങ്കാരനാശത്തെയാണ് ഋഷിമാർ ലക്ഷ്യമാക്കിയിരുന്നത്‌.

ഏതുപ്രവൃത്തി ചെയ്യുമ്പോഴും ‘ഞാൻ ചെയ്യുന്നു’ എന്ന ഭാവം നമ്മളിൽ ഉദിക്കരുത്. ഈശ്വരന്റെ ശക്തികൊണ്ടാണ് എനിക്ക്‌ പ്രവർത്തിക്കാൻ സാധിക്കുന്നത് എന്ന ബോധമുണ്ടാകണം. കർമത്തെ ഈശ്വരപൂജയായിക്കാണണം. വിനയവും എളിമയുമാണ് ഈശ്വരകൃപയെ നമ്മളിലേക്കെത്തിക്കുന്നത്. ഒരിടത്ത് അത്യന്തം വിനയശീലനായ ഒരു മഹാത്മാവ് ജീവിച്ചിരുന്നു. ഏതുസാഹചര്യത്തിലും അദ്ദേഹം എളിമ കൈവിട്ടിരുന്നില്ല. മറ്റുള്ളവർ തന്നെ സ്തുതിക്കുമ്പോഴും നിന്ദിക്കുമ്പോഴുമെല്ലാം അദ്ദേഹമത്‌ വിനയത്തോടെ സ്വീകരിച്ചു. ഒരുദിവസം ഒരു ദേവത പ്രത്യക്ഷപ്പെട്ട് അദ്ദേഹത്തോടുപറഞ്ഞു: ‘‘നിന്റെ വിനയശീലത്താൽ ഞാൻ സന്തുഷ്ടനായിരിക്കുന്നു. ഞാൻ നിനക്കൊരു വരം നൽകാം. നിനക്കെന്താണ്‌ വേണ്ടത്?’’   വരമായി ഒന്നുംതന്നെ വേണ്ടെന്ന് അദ്ദേഹം പറഞ്ഞെങ്കിലും ദേവത നിർബന്ധിച്ചപ്പോൾ മഹാത്മാവ് പറഞ്ഞു, ‘‘എന്റെ ഓരോ പ്രവൃത്തിയും ലോകത്തിന് അനുഗ്രഹമായിത്തീരണം. എന്നാൽ, ഞാനത് അറിയുകയുമരുത്.’’ 

‘അങ്ങനെയാവട്ടെ’ എന്നുപറഞ്ഞ് ദേവത മറഞ്ഞുപോയി. അന്നുമുതൽ മഹാത്മാവ് എവിടെപ്പോയാലും അദ്ദേഹത്തിന്റെ നിഴൽ പതിക്കുന്ന പ്രദേശത്തെ സകലചരാചരങ്ങളും അനുഗൃഹീതരായിത്തീർന്നു. മഹാത്മാവിന്റെ നിഴൽവീണ വരണ്ട പാതകൾ പച്ചപ്പണിഞ്ഞു. വാടിയ ചെടികളും മരങ്ങളും തളിർത്തു. പൂക്കളും കായ്കളുംകൊണ്ട്‌ നിറഞ്ഞു. വഴിയരികിലെ അരുവികൾ ശുദ്ധജലംകൊണ്ട്‌ നിറഞ്ഞു. ആ സാന്നിധ്യം അധ്വാനിച്ചു തളർന്നവരുടെ ക്ഷീണമകറ്റി, ദുഃഖിതരായ അമ്മമാർക്ക് സാന്ത്വനമേകി, കൊച്ചുകുട്ടികൾക്ക് ആഹ്ലാദം നൽകി. എന്നാൽ, അദ്ദേഹം അതൊന്നുമറിയാതെ സാധാരണക്കാരനായി ജീവിതം തുടർന്നു.

വിനയം നമ്മളിലുണ്ട്. അത് നമ്മുടെ യഥാർഥ സ്വരൂപമാണ്. എന്നാൽ, ഉള്ളിലുള്ള വിനയത്തെ ഉണർത്തിയെടുക്കാൻ നമ്മൾ ഇതുവരെ ബോധപൂർവം ശ്രമിച്ചിട്ടില്ല. ഇനിയും നമ്മൾ വിനയം ശീലിക്കാൻ അലംഭാവം കാണിച്ചാൽ പ്രകൃതി നമ്മളെ അതിന്‌ നിർബന്ധിതരാക്കും. ജീവിതത്തിലെ കയ്‌പേറിയ അനുഭവങ്ങളിലൂടെ കടന്നുപോകുമ്പോൾ സ്വാഭാവികമായിട്ട് വിനയം ശീലിക്കേണ്ടിവരും.  ഒരാൾക്ക് എന്തെല്ലാം ഗുണങ്ങളുണ്ടായാലും വിനയമില്ലെങ്കിൽ അതൊന്നും ശോഭിക്കില്ല. മറിച്ച്, എന്തെല്ലാം കുറവുകളുണ്ടായാലും ഒരാൾക്ക് വിനയമുണ്ടെങ്കിൽ അയാൾ എല്ലാവരുടെയും സന്മനസ്സിന് പാത്രമാകും. താണനിലത്ത് വെള്ളമൊഴുകിയെത്തുന്നതുപോലെ ഈശ്വരകൃപ അയാളിലേക്ക് ഒഴുകിയെത്തും.
അമ്മ