മക്കളേ, 
ഭാര്യാഭർതൃബന്ധം സന്തോഷകരമായി മുന്നോട്ടുകൊണ്ടുപോകണമെങ്കിൽ പരസ്പരധാരണയും സൗമനസ്യവും വിട്ടുവീഴ്ചയും ആവശ്യമാണ്. എന്നാൽമാത്രമേ ദാമ്പത്യജീവിതത്തിലെ വെല്ലുവിളികളെ തരണംചെയ്യാനാവൂ. 

നമ്മുടെ നാട്ടിൽ കുടുംബബന്ധങ്ങൾ ശിഥിലമായിവരികയാണ്. വിവാഹമോചനക്കേസുകൾ ദിനംപ്രതി പെരുകുന്നു. സ്ത്രീയുടെയും പുരുഷന്റെയും വൈകാരികതലങ്ങൾ തമ്മിൽ വലിയ വ്യത്യാസമുണ്ടെന്നത് ഇരുവരും മനസ്സിലാക്കിയിരിക്കണം. പുരുഷൻ ബുദ്ധിയിലും സ്ത്രീ മനസ്സിലുമാണ് ജീവിക്കുന്നത്. മറ്റെന്തിലുമുപരി ഭർത്താവിൽനിന്ന് വൈകാരികമായ ഒരു പിന്തുണ സ്ത്രീ ആഗ്രഹിക്കുന്നുണ്ട്. അല്പം സ്നേഹം, അല്പം ശ്രദ്ധ, തന്റെ വാക്കുകൾക്കും പ്രയാസങ്ങൾക്കും കരുതലോടെ ചെവികൊടുക്കാനുള്ള സന്നദ്ധത ഒക്കെ സ്ത്രീ ആഗ്രഹിക്കുന്നുണ്ട്. ശ്രദ്ധയും അംഗീകാരവും സ്നേഹവും വിധേയത്വവും പുരുഷനും ആഗ്രഹിക്കുന്നുണ്ട്. സ്നേഹമുണ്ടെങ്കിൽ പരസ്പരം സേവകരാകും. അതിൽ സന്തോഷം കണ്ടെത്തുകയും ചെയ്യും. 

പരസ്പരം അറിഞ്ഞും വിശ്വസിച്ചും ഭാര്യാഭർതൃ ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ നല്ല ക്ഷമയും സഹനശക്തിയും വേണം. പലപ്പോഴും വേണ്ടത്ര പക്വതയില്ലാത്തവരും ജീവിതപങ്കാളിയുടെ വികാരവിചാരങ്ങൾ വേണ്ടവിധത്തിൽ മനസ്സിലാക്കാൻ കഴിയാത്തവരും തമ്മിലാണ് 

വിവാഹംകഴിക്കുന്നത്. ഒരാവേശത്തിന്റെ പുറത്ത് ശരീരങ്ങൾതമ്മിൽമാത്രം തോന്നുന്ന ആകർഷണമല്ല സ്നേഹം. ആത്മബന്ധമാണ് യഥാർഥസ്നേഹം. 

ഇന്ന്‌ പല യുവതീയുവാക്കളും ടി.വി.യും സിനിമയും മറ്റും കണ്ടിട്ട് അത്തരം വിവാഹജീവിതമാണ് സ്വപ്നംകാണുന്നത്. അതിന്‌ സാധിക്കാതെവരുമ്പോൾ നിരാശയായി. ഒരു സംഭവം ഓർക്കുന്നു: വിവാഹത്തിനുമുമ്പ് കണ്ട ഒരു സിനിമ ഒരു പെൺകുട്ടിയെ വളരെയധികം സ്വാധീനിച്ചിരുന്നു. ആ ചിത്രത്തിൽ ഭാര്യാഭർത്താക്കന്മാർ വലിയ പണക്കാരാണ്. വലിയ വീട്, കാർ, വിലകൂടിയ വസ്ത്രങ്ങൾ എന്നുവേണ്ട എല്ലാ സൗകര്യങ്ങളും അവർക്കുണ്ട്. സന്തോഷമൊഴിഞ്ഞ സമയമില്ല. ഈ സിനിമ കണ്ടതിനുശേഷം എന്നും ഈ പെൺകുട്ടി അതും ഭാവനചെയ്തുകൊണ്ടിരുന്നു. 

താമസിയാതെ വിവാഹവും നടന്നു. പക്ഷേ, ഭർത്താവിന്‌ ചെറിയ ഒരു ജോലിയേ ഉണ്ടായിരുന്നുള്ളൂ. ഭാര്യക്ക്‌ കാറുവേണം, പുതിയ പുതിയ സാരിവേണം. ദിവസവും സിനിമയ്ക്കുപോകണം. പാവം ഭർത്താവ് എന്തുചെയ്യും? ഭാര്യക്ക്‌ നിരാശമാത്രം. അവസാനം അവർ വിവാഹബന്ധം വേർപെടുത്തി. 

യുവതീയുവാക്കൾ പഠിത്തവും ജോലിയുംമാത്രം ലക്ഷ്യമാക്കിയാൽ പോരാ. വിവാഹത്തിനുമുമ്പുതന്നെ നല്ല ദാമ്പത്യജീവിതത്തിനുവേണ്ട മാനസികമായ തയ്യാറെടുപ്പ് ഇരുകൂട്ടർക്കും ആവശ്യമാണ്. ദാമ്പത്യത്തിൽ ആർക്കും അവകാശങ്ങൾ ചോദിച്ചുവാങ്ങാനാവില്ല. സ്നേഹവും സഹകരണവും നല്കാൻ തയ്യാറാകുന്നതോടൊപ്പം അവ തിരിച്ചുകിട്ടാൻ ക്ഷമയോടെ കാത്തിരിക്കുകയും വേണം. 

ഇരുവരുടെയും വ്യക്തിജീവിതങ്ങളിൽ പല പ്രശ്നങ്ങളുമുണ്ടാകും. അപ്പോഴൊക്കെ ഒരാളുടെ പ്രയാസത്തിൽ മറ്റേയാൾ തുണയാകണം. 
അങ്ങനെയായാൽ സ്നേഹം താനേ വളരും.

ത്യാഗവും സ്നേഹവുമാണ് കുടുംബജീവിതത്തിന്റെ ചിറകുകൾ. അതാണ്‌ സന്തോഷത്തിന്റെയും സംതൃപ്തിയുടെയും വിഹായസ്സിലേക്ക്‌ പറന്നുയരാൻ ദമ്പതിമാരെ സഹായിക്കുന്നത്.