മക്കളേ, ജീവിതത്തിൽ പരാജയം നേരിടുമ്പോൾ സാഹചര്യങ്ങളെ പഴിപറയുക മനുഷ്യസഹജമാണ്. നമ്മുടെ പരാജയത്തിനും ദുഃഖത്തിനും കഷ്ടപ്പാടുകൾക്കും കാരണം സാഹചര്യമാണ്, അല്ലെങ്കിൽ മറ്റുള്ളവരാണ് എന്ന്‌ നമ്മളൊക്കെ പറയാറുണ്ട്. ആലോചിച്ചുനോക്കിയാൽ എല്ലാ പ്രശ്നങ്ങളുടെയും മൂലകാരണം നമ്മുടെ ഉള്ളിൽത്തന്നെയാണെന്ന്‌ മനസ്സിലാക്കാം. ഉള്ളിലേക്ക്‌ നോക്കാനും നമ്മുടെ ദുർബലതകളെ തിരിച്ചറിയാനും തയ്യാറായാൽ ഏതുസാഹചര്യത്തെയും അതിജീവിക്കാൻ നമുക്ക്‌ സാധിക്കും. 

വഴിയിലൂടെ നടന്നുപോകുമ്പോൾ വഴിയരികിലുള്ള ഒരു വീടിന്റെ ടെറസിൽ നിൽക്കുന്ന ഒരാൾ വലിച്ചെറിഞ്ഞ മാലിന്യം നമ്മുടെമേൽ വീണു എന്നുകരുതുക. അശ്രദ്ധമായി മാലിന്യം വലിച്ചെറിഞ്ഞ വ്യക്തിയോട് നമുക്ക്‌ ദേഷ്യംതോന്നാം. അയാൾ മനഃപൂർവം ചെയ്തതല്ലല്ലോ എന്നോർത്ത് ക്ഷമിക്കുകയുമാവാം. എന്നാൽ, മറ്റുചില സാഹചര്യങ്ങൾ പ്രതികൂലമാണെങ്കിലും അവയെ ശാന്തമായി സ്വീകരിക്കാൻമാത്രമേ നമുക്കുകഴിയൂ. ഉദാഹരണത്തിന്, നമ്മൾ മാന്തോപ്പിൽ ഉലാത്തുന്നതിനിടയിൽ പെട്ടെന്ന് ഒരു ചീഞ്ഞ മാങ്ങ തലയിൽ വന്നുവീണ്, മാങ്ങയുടെ അഴുകിയ ചാറ് നെറ്റിയിലും കവിളുകളിലും പരന്നൊഴുകി എന്നുകരുതുക. ദേഷ്യം സഹിക്കാനാകാതെ നമ്മൾ മാങ്ങയെയും മാവിനെയും ശപിച്ചു. എന്നിട്ടും മതിയാകാതെ ഭൂമിയുടെ ആകർഷണശക്തിയെയും പഴിപറയുകയാണെങ്കിൽ നമ്മൾ സ്വയം ഒരു പമ്പരവിഡ്ഢിയായി മാറും. കാരണം, മാങ്ങ പഴുത്തുകഴിഞ്ഞാൽ അത്‌ താഴെവീഴുക സ്വാഭാവികമാണ്. ഇത്തരം സന്ദർഭങ്ങളിൽ ഒരു പ്രതികരണവുംകൂടാതെ സാഹചര്യങ്ങളെ സ്വീകരിക്കാൻ പഠിക്കുകയാണ് വേണ്ടത്. 

ജീവിതത്തിലെ മിക്കവാറും പ്രശ്നങ്ങൾക്കും സ്വന്തം പ്രയത്നത്തിലൂടെ പരിഹാരം കണ്ടെത്താൻ നമുക്ക്‌ സാധിക്കും. മറ്റുള്ളവർ അധർമം ചെയ്യുമ്പോൾ അവരോട് പ്രതികരിക്കുകയോ ക്ഷമിക്കുകയോ ചെയ്യാം. അതിനുള്ള സ്വാതന്ത്ര്യവും നമുക്കുണ്ട്. എങ്കിലും ചില സാഹചര്യങ്ങളെ ഈശ്വരേച്ഛയായി, ജീവിതത്തിന്റെ അനിവാര്യമായ ഭാഗമായിക്കരുതി നമുക്ക്‌ സ്വീകരിക്കേണ്ടതായി വരും. പരാജയങ്ങളും പ്രശ്നങ്ങളും നേരിടേണ്ടിവരുമ്പോൾ സാഹചര്യങ്ങളെയോ മറ്റാരെയെങ്കിലുമോ കുറ്റപ്പെടുത്തുകയല്ല വേണ്ടത്. സ്വന്തം ബലഹീനതകളെ അതിജീവിക്കാൻ ശ്രമിക്കണം. നമ്മുടെ പരാജയങ്ങൾക്കും പ്രശ്നങ്ങൾക്കുമുള്ള യഥാർഥ കാരണം കണ്ടെത്തണം. പരാജയത്തിൽ മനസ്സുതളരാതെ വീണ്ടും പരിശ്രമിക്കണം. നമ്മുടെ നിയന്ത്രണങ്ങൾക്കപ്പുറമുള്ള കാര്യങ്ങളാണെങ്കിൽ അവയെ സ്വീകരിക്കാനുള്ള മനസ്സ് വളർത്തിയെടുക്കണം. അസ്വസ്ഥരാകരുത്. ഏതുസാഹചര്യത്തിലും നമ്മുടെ മനഃസാന്നിധ്യം ഒരു അമൂല്യരത്നംപോലെ കാത്തുസൂക്ഷിക്കണം. 

ക്ഷേത്രത്തിൽനിന്ന്‌ പ്രസാദം സ്വീകരിക്കുമ്പോൾ ചിലപ്പോൾ അതിൽ കല്ലോ കരടോ കണ്ടെന്നിരിക്കാം. നമ്മൾ അത് എടുത്തുമാറ്റിയിട്ട്‌ ഭക്തിപൂർവം പ്രസാദം കഴിക്കാറുണ്ടല്ലോ. അതുപോലെ ഏതുസാഹചര്യത്തെയും പ്രസാദബുദ്ധിയോടെ സ്വീകരിക്കാൻ നമുക്ക്‌ കഴിയണം. അങ്ങനെയായാൽ അത് മനോനിയന്ത്രണവും മനഃശുദ്ധിയും വർധിപ്പിക്കാം. മനഃപ്രസാദം കാത്തുസൂക്ഷിക്കാം.