മക്കളേ, ഏതൊരു പ്രവൃത്തിയിലും വിജയം നേടണമെന്നുണ്ടെങ്കിൽ നമ്മൾ നല്ല കേൾവിക്കാരായിരിക്കേണ്ടത് ആവശ്യമാണ്. നമുക്കറിവുള്ള കാര്യങ്ങളെക്കുറിച്ചാണ് നമ്മൾ കൂടുതലും സംസാരിക്കാറുള്ളത്. പക്ഷേ, അറിവ് വർധിപ്പിക്കാൻ മറ്റുള്ളവർ പറയുന്നതു ശ്രദ്ധിച്ചു കേൾക്കാൻ നമ്മൾ തയ്യാറാകണം. അടച്ചുവെക്കാൻ പറ്റുന്ന ഒരു വായും എപ്പോഴും തുറന്നിരിക്കുന്ന രണ്ടു ചെവികളുമാണ് ഈശ്വരൻ നമുക്ക് തന്നിട്ടുള്ളത്. സംസാരത്തെക്കാൾ ശ്രവണത്തിന് ഇരട്ടി പ്രാധാന്യമുണ്ടെന്ന് ഇതു കാണിക്കുന്നു. 

മറ്റുള്ളവർ നമ്മളോടു സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ അവർക്കു മറുപടിനൽകാൻ തയ്യാറെടുപ്പു നടത്തുകയാണ് നമ്മളിൽ പലരും ചെയ്യാറുള്ളത്. എന്നാൽ, നല്ലൊരു കേൾവിക്കാരൻ മറ്റേയാൾ പറയുന്നതു പൂർണമായ ശ്രദ്ധയോടെ കേൾക്കും. അങ്ങനെ ചെയ്യുമ്പോൾ പറയുന്നയാളും കേൾക്കുന്നയാളും മാനസികമായി ഒന്നായിത്തീരുന്നു. അതിന്റെ ഫലമായി ആശയവിനിമയം നന്നായി നടക്കുന്നു. 

ശ്രദ്ധിച്ചു കേൾക്കുക എന്നത് ഉദാരമായ ഒരു മനസ്സിന്റെ ലക്ഷണമാണ്. ഒരുപക്ഷേ, നമ്മളോടു സംസാരിക്കുന്ന വ്യക്തിക്ക് ഒരു സഹായവും ചെയ്യാൻ നമുക്കു കെല്പുണ്ടാവണമെന്നില്ല. എങ്കിലും അയാൾ പറയുന്നതു നമ്മൾ അനുഭാവപൂർവം ഒന്നു കേട്ടാൽ മതി. അതുതന്നെ അയാൾക്ക് എന്തെന്നില്ലാത്ത ആശ്വാസം പകരും. കർണാഭരണങ്ങളല്ല, മറ്റുള്ളവരുടെ പ്രശ്നങ്ങൾ കാരുണ്യത്തോടെ കേൾക്കലാണ് ചെവികൾക്ക് സൗന്ദര്യമേകുന്നത്.

കുടുംബബന്ധങ്ങളിൽ താളലയം നിലനിർത്തുന്നതിലും ശ്രവണത്തിന് വലിയ പങ്കുണ്ട്. ഇന്ന് ആർക്കും മറ്റുള്ളവർ പറയുന്നതു ശ്രദ്ധിച്ചു കേട്ടിരിക്കാനുള്ള ക്ഷമയോ സമയമോ ഇല്ല. ഒരിക്കൽ ഒരു സ്ത്രീ തന്റെ കൂട്ടുകാരിയോടു പറഞ്ഞു: ‘‘എന്റെ ഭർത്താവിനോട് ഏതു രഹസ്യം പറഞ്ഞാലും അതു സുരക്ഷിതമായിരിക്കും എന്ന് എനിക്ക് നല്ല ഉറപ്പുണ്ട്.’’ ‘‘ഭർത്താവിനെ നിനക്കത്രയ്ക്കു വിശ്വാസമാണോ?’’, കൂട്ടുകാരി ചോദിച്ചു.
‘‘അതല്ല, ഞാൻ എന്തു പറയുമ്പോഴും ഭർത്താവ് അതു തീരെ ശ്രദ്ധിക്കാറില്ല!’’ 

നമ്മുടെ പ്രിയപ്പെട്ടവർ സംസാരിക്കുമ്പോൾ നമ്മൾ ചെവിയിലൂടെ മാത്രം കേട്ടാൽ പോരാ. ഹൃദയംകൊണ്ടും ശ്രവിക്കണം. ശ്രദ്ധിച്ചു കേൾക്കുക എന്നത് മറ്റുള്ളവരോട് നമുക്കുള്ള താത്‌പര്യവും ആദരവും വ്യക്തമാക്കാനുള്ള നല്ലൊരു ഉപാധിയാണ്. ശ്രദ്ധിച്ചു കേൾക്കുമ്പോൾ അവരുടെ വാക്കുകൾ മാത്രമല്ല, അവരുടെ സംസാരത്തിനു പിന്നിലുള്ള ഭാവം കൂടി ഉൾക്കൊള്ളാൻ നമുക്കു സാധിക്കും. വ്യക്തികൾ തമ്മിലുണ്ടാവുന്ന മിക്കവാറും പ്രശ്നങ്ങൾക്കുമുള്ള ഒരു കാരണം അവർക്കിടയിൽ ആശയവിനിമയം വേണ്ടതുപോലെ നടക്കുന്നില്ല എന്നതാണ്. മറ്റുള്ളവർ പറയുന്നത് ശരിക്കു കേൾക്കാൻ സാധിച്ചാൽ മിക്ക പ്രശ്നങ്ങൾക്കും പരിഹാരമാകും.

മനസ്സ് കൂടുതൽ കൂടുതൽ നിശ്ശബ്ദമാകുന്തോറും സ്വന്തം മനസ്സാക്ഷിയുടെ സ്വരവും നമുക്കു കേൾക്കാൻ  സാധിക്കും. ആ ശബ്ദം വളരെ പതിഞ്ഞതാണ്. പക്ഷേ, അതു നമ്മെ നന്മയിലേയ്ക്കു നയിക്കുന്നതാണ്. അതുകൊണ്ട് അതിനെ അവഗണിക്കാനാവില്ല. അതിനെ ശരിയായി ശ്രവിക്കുകയാണെങ്കിൽ ജീവിതത്തിൽ വഴിതെറ്റാതെ നേരായ മാർഗത്തിൽ സഞ്ചരിക്കുവാൻ നമുക്കു സാധിക്കും. അമ്മ