ധ്യാത്മികജീവിതത്തിൽ ഗുരുസാമീപ്യത്തിനും ഗുരുശിക്ഷണത്തിനും വളരെയധികം പ്രാധാന്യമുണ്ട്. ഗുരുവിന്റെ സാമീപ്യവും സത്‌സംഗവുംമൂലം ശിഷ്യനിൽ അവനറിയാതെത്തന്നെ ക്ഷമയും മറ്റുസദ്ഗുണങ്ങളും വളരും. അതിനുതക്ക സാഹചര്യങ്ങളിലൂടെ ഗുരു ശിഷ്യനെ നയിക്കും. ഒട്ടും ഇഷ്ടമില്ലാത്ത ജോലികൾ അവന്‌ നൽകും. ശിഷ്യൻ അനുസരണക്കേട്‌ കാട്ടും. അപ്പോൾ ഗുരുവേണ്ട സത്‌സംഗം കൊടുക്കും. അതവനെ മനനംചെയ്യാൻ പ്രേരിപ്പിക്കും. പ്രതികൂല  സാഹചര്യങ്ങളെ അതിജീവിക്കാനുള്ള ശക്തി അവൻ തന്നിൽത്തന്നെ കണ്ടെത്തും.

മനുഷ്യമനസ്സിനെ ശുദ്ധീകരിക്കുന്ന ഏറ്റവും വലിയ ശക്തി സ്നേഹമാണ്. ഒരുവനെ തികച്ചും നിസ്വാർഥമായി സ്നേഹിക്കുന്നത് അവന്റെ ഗുരുമാത്രമാണ്. ലോകത്തുള്ള സകലരും ഒരുവനെ വെറുത്താലും ഗുരുവിന്‌ ശിഷ്യനെ വെറുക്കാൻ കഴിയില്ല, ഉപേക്ഷിക്കാൻ സാധിക്കില്ല. ഒരിക്കൽ ഒരു ഗുരുവിന്‌ ഒരു അനാഥബാലനെ കിട്ടി. ഗുരു അവനെ സ്നേഹപൂർവം വളർത്തി. ഗുരുവിന്‌ അവനിലുള്ള സ്നേഹവും വാത്സല്യവും കുറേ കവിഞ്ഞുപോകുന്നതായി മറ്റുശിഷ്യന്മാർക്ക്‌ തോന്നി. അതവരിൽ അസൂയ ജനിപ്പിച്ചു. ഗുരുവിന്റെ വളർത്തുപുത്രനിലാകട്ടെ, വളർച്ചയ്ക്കൊപ്പം ദുഃസ്വഭാവങ്ങളും വളർന്നു. പല ദുശ്ശീലങ്ങൾക്കും അവൻ അടിമയായി. എന്നിട്ടും ഗുരുവിന്‌ അവനോടുള്ള സ്നേഹത്തിന്‌ കുറവുണ്ടായില്ല. ഇത്‌ ശിഷ്യർക്ക്‌ തീരേ സഹിക്കാൻ കഴിഞ്ഞില്ല.

ആ ദുർവൃത്തന്റെ നേർക്ക്‌ ഗുരു കാട്ടുന്ന അമിതവാത്സല്യം അവരുടെ യുക്തിക്ക്‌ നിരക്കുന്നതായിരുന്നില്ല. ഒരുദിവസം രാത്രി ഒരു ശിഷ്യൻ ഗുരുവിനോട്‌ പറഞ്ഞു, ‘അങ്ങയുടെ പുന്നാരമകൻ കുടിച്ച്‌ ബോധംകെട്ട്‌ വഴിയരികിൽ കിടപ്പുണ്ട്‌.’ ഗുരു മറുത്തൊരക്ഷരവും പറയാതെ ഇറങ്ങിനടന്നു. കുറച്ചുദൂരം ചെന്നപ്പോൾ, റോഡരികിൽ, മരംകോച്ചുന്ന മഞ്ഞത്ത്‌ വേണ്ടത്ര വസ്ത്രംപോലുമില്ലാതെ തന്റെ ശിഷ്യൻ ബോധംകെട്ട്‌ കിടക്കുന്ന കാഴ്ചയാണ്‌ ഗുരു കണ്ടത്‌. അദ്ദേഹം തന്റെ കമ്പിളിവസ്ത്രം ശിഷ്യന്റെമേൽ വിരിച്ചു; തിരികെപ്പോന്നു. അടുത്തദിവസം പ്രഭാതമായി. ശിഷ്യന്‌ ബോധം തെളിഞ്ഞു. തന്റെ ദേഹത്തുകിടക്കുന്ന കമ്പിളിവസ്ത്രംകണ്ട്‌ അയാൾ അമ്പരന്നു. ‘ഇത്‌ ഗുരുവിന്റേതാണ്‌’. പശ്ചാത്താപവിവശനായി പൊട്ടിക്കരഞ്ഞുകൊണ്ട് അയാൾ ഗുരുകുലത്തിലേക്കോടി. ഗുരുവിന്റെ പാദങ്ങളിൽ സാഷ്ടാംഗം പ്രണമിച്ചു. അശ്രുധാരയാൽ ആ പാദം കഴുകി.

ആ കണ്ണുനീരാൽ ശിഷ്യന്റെ ഹൃദയം ശുദ്ധമാക്കപ്പെട്ടു. അതോടെ സർവരാലും വെറുക്കപ്പെട്ടിരുന്ന ആ യുവാവിൽ പരിവർത്തനം സംഭവിച്ചു. മറ്റുശിഷ്യർക്കുകൂടി അവൻ മാതൃകയായിത്തീർന്നു.  ശിഷ്യന്റെ ജന്മാന്തരസംസ്കാരമറിയുന്ന ഗുരു തന്റെ ദിവ്യമായ ഉൾക്കാഴ്ചയ്ക്കനുസരിച്ചാണ് പ്രവർത്തിക്കുന്നത്. അതിനാൽ ഗുരുവിന്റെ പ്രവൃത്തികളെ വിലയിരുത്തുമ്പോൾ സ്വന്തം പരിമിതികളെക്കുറിച്ച്‌ നമുക്ക്‌ ബോധ്യമുണ്ടായിരിക്കണം. ശിഷ്യനന്മയ്ക്കുവേണ്ടത് എന്താണെന്ന് കണ്ടറിഞ്ഞാണ് ഗുരു പ്രവർത്തിക്കുന്നത്. ജീവിതത്തിന്റെ മഹത്ത്വം ഓരോ നിമിഷവും ശിഷ്യനെ ബോധ്യപ്പെടുത്തി അവനെ ലക്ഷ്യത്തിലേക്ക്‌ നയിക്കുകയാണ് ഗുരു ചെയ്യുന്നത്.