ഈ പ്രപഞ്ചത്തിന്റെ സൃഷ്ടിസ്ഥിതിസംഹാരങ്ങള്‍ക്കു കാരണം ഈശ്വരനാണ്. ഈശ്വരവിശ്വാസികള്‍ക്കിടയില്‍ ഇക്കാര്യത്തില്‍ അഭിപ്രായവ്യത്യാസം ഉണ്ടാകാനിടയില്ല. എന്നാല്‍, ഈശ്വരന്റെ സ്വരൂപം എന്താണ്, നാമവും രൂപവും എന്താണ്, ഗുണങ്ങള്‍ എന്തെല്ലാമാണ് തുടങ്ങിയ കാര്യങ്ങളില്‍ സംശയങ്ങളും ഭിന്നാഭിപ്രായങ്ങളും ഉണ്ടാകാം.
വാസ്തവത്തില്‍ ഈശ്വരനെ മനസ്സുകൊണ്ട് ഗ്രഹിക്കാനോ വാക്കുകള്‍കൊണ്ട് വര്‍ണിക്കാനോ ആവില്ല. 

എന്നാല്‍, ശരിയായ ആത്മീയസാധനയിലൂടെ അനുഭവതലത്തില്‍ അവിടുത്തെ സാക്ഷാത്കരിക്കാം. ആ അനുഭവവും വാക്കാല്‍ പറയാവതല്ല. ഒരു പിഞ്ചുകുഞ്ഞിന്  നൊന്താല്‍ ഇത്ര വേദനിച്ചു എന്നോ സന്തോഷംവന്നാല്‍ ഇത്രമാത്രം സന്തോഷം ഉണ്ടായി എന്നോ വിവരിക്കാനാവുമോ?

ഈശ്വരന്‍ നിര്‍ഗുണനും നിരാകാരനുമാണ്. അതേസമയംതന്നെ സഗുണനും സാകാരനുമാണ്. ഒരേവസ്തു വെള്ളമായും ഐസായും നീരാവിയായും പ്രകടമാകുന്നതുപോലെ ഈ നാനാത്വപ്രപഞ്ചമായി അവിടുന്നു പ്രകാശിക്കുന്നു. ഈശ്വരന് പ്രത്യേകിച്ച് ഒരു പേരോ, രൂപമോ ഇല്ല. 

പക്ഷേ, ഒരേ നടന്‍ പലപല വേഷങ്ങളില്‍ പ്രത്യക്ഷപ്പെടുന്നതുപോലെ ഭക്തന്റെ സങ്കല്പത്തിനനുസരിച്ച് ഈശ്വരന്‍ ശിവന്‍, വിഷ്ണു, ദേവി തുടങ്ങി പലപല രൂപങ്ങളില്‍, ഭാവങ്ങളില്‍ പ്രകടമാകുന്നു. ചോക്ലേറ്റുകൊണ്ട് നിര്‍മിച്ച ഒരു രൂപത്തിന് ചൂടുതട്ടിയാല്‍ ചോക്ലേറ്റ് അലിഞ്ഞ് രൂപമില്ലാതാകും. രൂപം ഏതായാലും ചോക്ലേറ്റിന്റെ സ്വരൂപത്തിന് ഒരു മാറ്റവുമില്ല.

ഈശ്വരന്റെ സഗുണഭാവമാണ് നമുക്ക് സങ്കല്പിക്കാനും ആരാധിക്കാനും എളുപ്പമായിട്ടുള്ളത്. ദാഹിക്കുന്ന ഒരാള്‍ക്ക് നദിയില്‍നിന്ന് വെള്ളമെടുക്കാന്‍ കൈക്കുമ്പിളോ പാത്രമോ വേണ്ടിവരും. കൈയില്‍ ഒരു തോട്ടിയുണ്ടെങ്കില്‍ മരത്തില്‍ കയറാനറിഞ്ഞുകൂടാത്ത ഒരാള്‍ക്ക് ഉയരമുള്ള മാവില്‍നിന്ന് മാമ്പഴം പറിച്ചെടുക്കാം. അതുപോലെ ഈശ്വരരൂപമാകുന്ന ഉപാധിയിലൂടെ അവിടുത്തെ നമുക്ക് ഉപാസിക്കാം, സാക്ഷാത്കരിക്കാം.

ഇരതേടിയിറങ്ങിയ ഒരു പക്ഷി എങ്ങനെയോ അപകടത്തില്‍പ്പെട്ട് ഒരു ചിറകൊടിഞ്ഞു. അതിനു പറക്കാന്‍ പറ്റാതായി. സൂര്യന്‍ അസ്തമിക്കാറായി. നദിയുടെ മറുകരയിലുള്ള തന്റെ കൂട്ടിലേക്ക് പോകാന്‍ വഴിയില്ലാതെ അതു വിഷമിച്ചു. തന്നെക്കാണാതെ തന്റെ പറക്കമുറ്റാത്ത കുഞ്ഞുങ്ങള്‍ വിഷമിക്കുമല്ലോ എന്നോര്‍ത്തപ്പോള്‍ തള്ളപ്പക്ഷിയുടെ ആകുലത വര്‍ധിച്ചു. അപ്പോഴാണ് നദിയിലൂടെ ഒരു മഞ്ഞുകട്ട ഒഴുകിവരുന്നതു കണ്ടത്. പക്ഷി ബദ്ധപ്പെട്ട് ആ മഞ്ഞുകട്ടയില്‍ കയറിയിരുന്നു.

ഒഴുക്ക് അനുകൂലമായതു കാരണം മഞ്ഞുകട്ട നദിയുടെ മറുകരയിലേക്ക് നീങ്ങി. പക്ഷി അക്കരെ എത്തി.
നദിയുടെ മറുകരയിലെത്താനാകാതെ വിഷമിച്ചിരിക്കുന്ന ചിറകൊടിഞ്ഞ പക്ഷിയെപ്പോലെയാണ് നമ്മളും. നിര്‍ഗുണനും നിരാകാരനുമായ പരമേശ്വരനെ അറിയാനാകാതെ വലയുന്ന ജീവന്മാര്‍ സഗുണനും സാകാരനുമായ ഈശ്വരനെ ഉപാസിച്ച് ഈശ്വരസാക്ഷാത്കാരം നേടുന്നു. 

നിരാകാരമായ നദീജലം ആകാരംപൂണ്ട് മഞ്ഞുകട്ടയായപ്പോള്‍ നിസ്സഹായയായ ആ പക്ഷിക്ക് നദികടക്കാന്‍ പ്രയോജനപ്പെട്ടു. അതുപോലെ, സംസാരസാഗരത്തില്‍നിന്ന് മോചനം നേടുന്നതിന് സഗുണനും സാകാരനുമായ ഈശ്വരന്റെ ഉപാസന ജീവന് തുണയാകുന്നു. ഈശ്വരകൃപയാകുന്ന കാറ്റ് അവനെ മോക്ഷത്തിലേക്ക് നയിക്കുന്നു.

Content Highlights: Amrithavachanam god the creator and destroyer