മുക്കിന്ന് അറിവുണ്ട്, ബോധമില്ല. ബുദ്ധിയുണ്ട്, വിവേകമില്ല. ശരിയായ അറിവിൽനിന്നും തെളിഞ്ഞ ബോധത്തിൽനിന്നും ഉദിക്കുന്ന ചിന്തയും വാക്കും പ്രവൃത്തിയുമാണ് നമുക്കുവേണ്ടത്. അല്ലെങ്കിൽ നമ്മളുദ്ദേശിക്കുന്ന ലക്ഷ്യത്തിൽ എത്തിച്ചേരാനാവില്ല. ഒരു വണ്ടിയെ രണ്ടു കുതിരകൾ വിപരീതദിശയിലേക്ക്‌ വലിച്ചാൽ, അത് എങ്ങും എത്തുകയില്ല. എന്നാൽ, രണ്ടു കുതിരകളും ഒരേ ദിക്കിലേക്കു വലിച്ചാൽ വേഗം ലക്ഷ്യത്തിലെത്താൻ സാധിക്കും. അതുപോലെ നമ്മുടെ ചിന്തയും വാക്കും പ്രവൃത്തിയും ഒരുപോലെയായാൽ ജീവിതപുരോഗതി എളുപ്പമാകും.
ബോധം ഉണരാത്തിടത്തോളം കാലം, കിട്ടുന്ന അവസരങ്ങൾപോലും വേണ്ടവിധത്തിൽ നമുക്കു പ്രയോജനപ്പെടുത്താനാവില്ല. ചിന്തിക്കാതെ പ്രവർത്തിച്ച് നമ്മൾ അബദ്ധത്തിൽ ചെന്നുചാടും.

ഒരു ബിസിനസുകാരൻ നഷ്ടംവന്ന് അടച്ചുപൂട്ടാറായ ഒരു ഫാക്ടറി വാങ്ങിച്ചു. ഫാക്ടറി ലാഭകരമാകണമെങ്കിൽ ആത്മാർഥതയും കഴിവുമുള്ള ജോലിക്കാരെ മാത്രം നിലനിർത്തി, കള്ളന്മാരും മടിയന്മാരുമായവരെ ഒഴിവാക്കണമായിരുന്നു. അതിനായി അയാൾ ഫാക്ടറിജോലിക്കാരെ സൂക്ഷ്മമായി നിരീക്ഷിക്കാനാരംഭിച്ചു. ആദ്യദിവസം അയാൾ ഫാക്ടറി സന്ദർശിച്ചപ്പോൾ ഒരു ജോലിക്കാരൻ മതിലുംചാരിനിന്ന് ഉറക്കം തൂങ്ങുന്നതുകണ്ടു. അതിനടുത്തുതന്നെ കുറച്ചു ജോലിക്കാർ ജോലിചെയ്യുന്നുണ്ടായിരുന്നു. അവർക്കെല്ലാം ഒരു പാഠമാകട്ടെ എന്നു ചിന്തിച്ചുകൊണ്ട് അയാൾ ഉറക്കംതൂങ്ങുന്ന ജോലിക്കാരനെ വിളിച്ചുണർത്തിയിട്ട് ചോദിച്ചു, ‘ഒരു മാസത്തെ നിന്റെ ശമ്പളം എത്രയാണ്?’ അയാൾ കണ്ണുതുറന്ന് അദ്‌ഭുതത്തോടെ ഒന്നു നോക്കി.

എന്നിട്ടു പറഞ്ഞു, ‘‘ആറായിരം രൂപ’’. ഉടനെ ഫാക്ടറിയുടമ പഴ്‌സ് തുറന്ന് നോട്ടുകൾ എണ്ണിയെടുത്ത് ആ ജോലിക്കാരന്റെ നേരെ നീട്ടിയിട്ടു പറഞ്ഞു, ‘‘സാധാരണയായി ജോലിക്കാരെ പിരിച്ചുവിടുമ്പോൾ രണ്ടുമാസത്തെ ശമ്പളമാണ് കൊടുക്കാറുള്ളത്. നിനക്കിതാ നാലുമാസത്തെ ശമ്പളം. ഇത്‌ ഇരുപത്തിനാലായിരം രൂപയുണ്ട്. നിന്നെ ഇനി ഇവിടെയൊന്നും കണ്ടുപോകരുത്.’’ ജോലിക്കാരൻ പോയശേഷം അയാൾ അവിടെയുണ്ടായിരുന്ന ജോലിക്കാരോട് ചോദിച്ചു, ‘‘ഇയാൾ ഏതു ഡിപ്പാർട്ട്‌മെന്റിലാണ് ജോലിചെയ്തിരുന്നത്?’’ ഒരാൾ പറഞ്ഞു, ‘‘അയാൾ ഇവിടത്തെ ജോലിക്കാരനല്ല സർ. ആർക്കോ ഊണുംകൊണ്ടു വന്നതാണ്. പാത്രത്തിനുവേണ്ടി കാത്തുനിൽക്കുകയായിരുന്നു.’’
ഈ കഥയിലെ ബിസിനസുകാരൻ ബുദ്ധിമാനായിരുന്നു. എന്നാൽ, പ്രവൃത്തിയിൽ ബോധത്തെ കൊണ്ടുവരാൻ അയാൾക്ക് കഴിഞ്ഞില്ല. അതുകാരണം അയാൾ സ്വയം പരിഹാസപാത്രമായിമാറി.

ഏതൊരു കാര്യവും പൂർണമായ ബോധത്തോടെ ചെയ്യണമെങ്കിൽ അഞ്ചു ഘടകങ്ങൾ ഒത്തുചേരണം. ഒന്ന് താൻ ചെയ്യുന്ന കാര്യത്തെക്കുറിച്ചുള്ള ജ്ഞാനം, രണ്ട് ധർമാധർമവും വരുംവരായ്കകളും തിരിച്ചറിയാനുള്ള വിവേകം, മൂന്ന് ശാന്തമായ മനസ്സ്, നാല് പൂർണശ്രദ്ധ, അഞ്ച് തന്നെയും തന്റെ പ്രവൃത്തിയെയും സ്വയം മാറിനിന്ന് കാണാനുള്ള നിസ്സംഗത. ഈ അഞ്ചു ഘടകങ്ങളും ഒത്തുചേരുമ്പോൾ ഏതു കാര്യവും ഏറ്റവും നന്നായി ചെയ്യാൻ നമുക്ക് സാധിക്കും. അതിനാകട്ടെ നമ്മുടെ പരിശ്രമം.