മക്കളേ, മനുഷ്യൻ അറിഞ്ഞോ അറിയാതെയോ തന്റെ ഓരോ കർമങ്ങളിലൂടെയും സുഖംതേടുകയാണ്, സകലദുഃഖങ്ങളിൽനിന്നുമുള്ള മോചനം ആഗ്രഹിക്കുകയാണ്. എന്നാൽ, ആ ശ്രമം ശരിയായ അറിവോടെയും ജാഗ്രതയോടെയും ആകണമെന്നില്ല. ഓരോ ദുഃഖാനുഭവത്തിനും ഒരു സന്ദേശമുണ്ട്. ഉദാഹരണത്തിന്, അടുക്കളയിൽ ജോലി ചെയ്യുന്നതിനിടയ്ക്ക് കൈ അടുപ്പിലെ തീയിൽ പെട്ടുപോയെന്നിരിക്കട്ടെ. വേദന അറിയാതിരുന്നാലുള്ള സ്ഥിതി എന്തായിരിക്കും? വേദന അനുഭവപ്പെടുന്നതുകാരണമാണ് ഉടനെ തീയിൽനിന്ന് കൈ പിൻവലിക്കാൻ നമുക്കു കഴിയുന്നത്. ഇതുപോലെ നിത്യജീവിതത്തിൽ നമ്മൾ അനുഭവിക്കുന്ന ഓരോ ദുഃഖവും വേദനയും ‘ഒരു മാറ്റത്തിനു സമയമായി’ എന്നു നമ്മളെ ഓർമിപ്പിക്കുകയാണ്. ബാഹ്യമായ മാറ്റങ്ങളിലൂടെ  താത്കാലിക ദുഃഖശാന്തി ഉണ്ടായെന്നുവരാം. ദുഃഖത്തിൽനിന്ന് എന്നന്നേക്കുമായി മോചനം നേടണമെന്നുണ്ടെങ്കിൽ നമ്മുടെ കാഴ്ചപ്പാടിലും മനോഭാവത്തിലും അടിസ്ഥാനപരമായ മാറ്റം വരേണ്ടതുണ്ട്. 

ഒരു ഭക്തൻ ഒരു മഹാത്മാവിന്റെ അടുത്തുചെന്ന്‌ തന്റെ ജീവിതപ്രശ്നങ്ങളെപ്പറ്റി എപ്പോഴും പരാതിപ്പെടുമായിരുന്നു. ഒരുദിവസം ഭക്തൻ തന്റെ പ്രശ്നങ്ങളെക്കുറിച്ചു പറയാൻ ആരംഭിച്ചപ്പോൾ മഹാത്മാവ് പറഞ്ഞു: ‘‘നീ ഒരു പിടി ഉപ്പും ഒരു ഗ്ലാസ് വെള്ളവും കൊണ്ടുവരൂ.’’ ഭക്തൻ അവ കൊണ്ടുവന്നപ്പോൾ അദ്ദേഹം പറഞ്ഞു: ‘‘അതിൽ പകുതി ഉപ്പ് വെള്ളത്തിലിട്ട് നല്ലവണ്ണം കലക്കൂ. അതു കുടിച്ചിട്ട് എങ്ങനെയുണ്ടെന്നു പറയൂ.’’ ഭക്തൻ അതനുസരിച്ചു. എന്നിട്ടു പറഞ്ഞു, ‘‘ഉപ്പുകാരണം വെള്ളം വായിൽ വയ്ക്കാൻ വയ്യ.’’ 

മഹാത്മാവ് പിന്നെ അയാളെയുംകൂട്ടി ഒരു ശുദ്ധജലതടാകത്തിനടുത്തുചെന്നു. ഭക്തനോടു പറഞ്ഞു: ‘‘ഇനി നിന്റെ കൈയിലുള്ള ബാക്കി ഉപ്പ് ഇതിൽ നല്ലവണ്ണം കലക്കിയിട്ട് കുറച്ച് വെള്ളം കുടിച്ചുനോക്കൂ.’’ അയാൾ അതുപോലെ ചെയ്തു. എന്നിട്ടു പറഞ്ഞു: ‘‘നല്ലവെള്ളം.’’ മഹാത്മാവ് ചോദിച്ചു: ‘‘ എന്താ, ഈ വെള്ളത്തിന് ഉപ്പുരസമില്ലേ?’’  ഭക്തൻ പറഞ്ഞു: ‘‘ഒട്ടുമില്ല.’’ അപ്പോൾ മഹാത്മാവ് പറഞ്ഞു: ‘‘നോക്കൂ, ഉപ്പ് ജീവിതദുഃഖം പോലെയാണ്. ശുദ്ധജലം നമ്മുടെ സഹജമായ ആനന്ദം പോലെയും. കുറച്ച് ഉപ്പു വീണപ്പോഴേക്കും ഗ്ലാസിലെ വെള്ളം കുടിക്കാൻ കൊള്ളാത്തതായി. എന്നാൽ, അതേ ഉപ്പ് തടാകത്തിലെ വെള്ളത്തിനെ ബാധിച്ചതേയില്ല. നിന്റെ മനസ്സ് ഇന്ന് ഒരു ഗ്ലാസുപോലെ ചെറുതാണ്. മനസ്സിനെ തടാകംപോലെ വിശാലമാക്കി ഉള്ളിലെ ആനന്ദത്തെ ഉണർത്തിയാൽ പിന്നെ ഒരു ദുഃഖവും നിന്നെ ബാധിക്കുകയില്ല.’’

നമ്മുടെ സ്വാഭാവികമായ അവസ്ഥ ആനന്ദമാണ്. എന്നാൽ, ദുഃഖമുളവാക്കുന്ന കാര്യങ്ങൾക്ക് അമിതപ്രാധാന്യം നൽകുമ്പോൾ നമ്മുടെ മനസ്സ് അതിൽത്തന്നെ കേന്ദ്രീകരിക്കുന്നു. അപ്പോൾ ദുഃഖം ദുസ്സഹമായി അനുഭവപ്പെടും. ദുഃഖമാകുന്ന പക്ഷികളെ തലയ്ക്കുമീതെ പറക്കാൻ അനുവദിക്കാം. എന്നാൽ, തലയിൽ കൂടുകെട്ടാൻ നമ്മൾ അവയെ അനുവദിക്കരുത്. സദാ സമയവും പ്രശ്നങ്ങളെക്കുറിച്ചുമാത്രം ചിന്തിക്കുന്നതിനുപകരം ക്രിയാത്മകമായ കാര്യങ്ങളിൽ ഏർപ്പെടുക. അന്യർക്ക് തന്നാലാവുന്ന സഹായങ്ങൾ ചെയ്യുക. അപ്പോൾ മനസ്സ് വിശാലമാകും. മനോഭാരമകന്ന് ആനന്ദം അനുഭവപ്പെടും.