മക്കളേ, 'ഞങ്ങൾ അനേകം ക്ഷേത്രങ്ങൾ സന്ദർശിച്ചു, തീർഥയാത്രകൾ നടത്തി. എന്നിട്ടും കാര്യസാധ്യമുണ്ടായില്ല'' എന്നു പരാതി പറയുന്നവരുണ്ട്. തീർഥയാത്ര പോകുന്നതും ക്ഷേത്രദർശനം നടത്തുന്നതുമെല്ലാം നല്ലതുതന്നെ. എന്നാൽ, അതെല്ലാം കാര്യസാധ്യം മാത്രം ലക്ഷ്യമാക്കിയാകരുത്. നമ്മുടെ മനസ്സിനെ ശുദ്ധീകരിക്കുക, ഭഗവാനിൽ പ്രേമം ഉണർത്തുക എന്നതായിരിക്കണം നമ്മുടെ ലക്ഷ്യം. മനഃശുദ്ധി നേടാൻ കഴിഞ്ഞില്ലെങ്കിൽ മറ്റെല്ലാം വ്യർഥംതന്നെ.

കെട്ടിടം പണിയുന്നതിനുള്ള മെറ്റലിൽ അഴുക്കില്ലെങ്കിലേ കോൺക്രീറ്റ് ഉറയ്ക്കൂ. അതുപോലെ ഹൃദയം ശുദ്ധമായാലേ ഇൗശ്വരനെ ഉള്ളിൽ പ്രതിഷ്ഠിക്കാൻ കഴിയൂ. മഹാക്ഷേത്രങ്ങളിലും തീർഥസ്ഥാനങ്ങളിലും പോകുമ്പോൾ ഇൗശ്വരസ്മരണയോടെ, സമർപ്പണഭാവത്തോടെ പോകണം. നാമജപം, ഇൗശ്വരഭജനം, ധ്യാനം തുടങ്ങിയവയിൽ മുഴുകി സമയം ചെലവഴിക്കണം. കാര്യസാധ്യം ഉണ്ടാകണമെങ്കിൽപോലും ഭഗവാനിൽ മനസ്സ് ഏകാഗ്രമാകണം. എന്നാൽ, ഇന്നു മിക്കവരും ക്ഷേത്രത്തിൽ ചെല്ലുന്നതുതന്നെ വീട്ടിലെയും ഒാഫീസിലെയും നൂറുകൂട്ടം കാര്യങ്ങൾ ഒാർത്തുെവച്ചുകൊണ്ടായിരിക്കും. അവിടെച്ചെന്ന് അക്കാര്യങ്ങൾ ഭഗവാനോടു പറഞ്ഞ് ആഗ്രഹങ്ങൾ സാധിക്കാൻ പ്രാർഥിക്കുന്നുവെന്നല്ലാതെ മറ്റെല്ലാം മറന്ന് ഭഗവാനെ ഒരു നിമിഷംപോലും സ്മരിക്കുന്നില്ല. 

ദുഃഖങ്ങൾ പറഞ്ഞുകഴിഞ്ഞാൽ പിന്നെ വീട്ടുകാര്യങ്ങളും നാട്ടുകാര്യങ്ങളുമൊക്കെയാണ് ചിന്ത. ക്ഷേത്രവാതിൽക്കൽ അഴിച്ചുവെച്ച ചെരുപ്പ് ആരെങ്കിലും എടുത്തുകൊണ്ടുപോകുമോ എന്നാണു ചിലർക്കു ഭയം. അതു കഴിയുമ്പോൾ മനസ്സ് പായുന്നതു തിരിച്ചുപോകാനുള്ള ബസിന്റെ പിന്നാലെയാണ്. ഇറങ്ങുന്നതിനുമുമ്പ് വഴിപാടിനായി കുറച്ചു പണവും ക്ഷേത്രത്തിൽ കൊടുക്കും. പിന്നവിടെ നില്ക്കില്ല. ഇങ്ങനെ ക്ഷേത്രത്തിൽ പൈസ കൊടുത്തിട്ടു 'റ്റാറ്റാ' പറഞ്ഞു പിരിയുകയല്ല വേണ്ടത്. ക്ഷേത്രസന്നിധിയിൽ കഴിയുന്നത്രയും സമയം ഭഗവാനെത്തന്നെ സ്മരിക്കുക. വക്കീലിനോടും ഡോക്ടറോടും എല്ലാം തുറന്നുപറയണം.

എന്നാലേ കേസു വാദിക്കാനും രോഗത്തിന് ചികിത്സിക്കാനും പറ്റൂ. എന്നാൽ, ഇൗശ്വരനോട് ഒന്നും പറയേണ്ട ആവശ്യമില്ല. അവിടത്തേക്ക് നമ്മുടെ മനസ്സ് അറിയാമല്ലോ? അതിനാൽ അവിടെച്ചെന്നു ഭഗവാനെ സ്മരിച്ച് നമ്മുടെ മനസ്സിനെ ശുദ്ധീകരിക്കുക. അത്രയും സമയം നാമജപം ചെയ്യാൻ ശ്രമിക്കുക. എങ്കിലേ ക്ഷേത്രദർശനത്തിന്റെ ശരിയായ പ്രയോജനം ലഭിക്കൂ. ക്ഷേത്രത്തിൽചെന്നു  തൊഴുതതുകൊണ്ടു മാത്രം ആധ്യാത്മികമോ ഭൗതികമോ ആയ നേട്ടമുണ്ടാകില്ല. എത്ര ക്ഷേത്രങ്ങളിൽ പോയാലും എത്ര വഴിപാടു നടത്തിയാലും എത്ര കാണിക്കയിട്ടാലും മനസ്സിനെ ഇൗശ്വരോത്മുഖമാക്കിയാലേ ഫലമുള്ളൂ.

മഴ പെയ്യുമ്പോൾ എത്രയോ വെള്ളം മണ്ണിൽ വീണ് ചെളിയായി മറ്റുള്ളവർക്കുകൂടി ബുദ്ധിമുട്ടുണ്ടാക്കുന്നു. മണലിൽ വീഴുന്ന വെള്ളം ഒഴുകിപ്പോകുന്നു. എന്നാൽ, കടലിലെ ചിപ്പിക്കു കിട്ടുന്നത് ഒരു തുള്ളി വെള്ളമാണെങ്കിൽക്കൂടി, കാത്തിരുന്നു കിട്ടിയ ആ തുള്ളിയെ അത് വിലമതിക്കാനാകാത്ത മുത്താക്കി മാറ്റുന്നു. അതുപോലെ ഭഗവാൻ സദാ കൃപ ചൊരിയുന്നുവെങ്കിലും നമുക്ക് എത്രകണ്ട് പ്രയോജനം ലഭിക്കുന്നു എന്നത്, നമ്മൾ അത് എങ്ങനെ ഉൾക്കൊള്ളുന്നു എന്നതിനെ ആശ്രയിച്ചാണിരിക്കുന്നത്. അമ്മ