മക്കളേ,

പഴയ കാലത്ത് കുടയും ചെരിപ്പും പാത്രങ്ങളുമെല്ലാം നന്നാക്കുന്ന കടകളുണ്ടായിരുന്നു. എന്നാല്‍, ഇന്ന് ഇത്തരം കടകള്‍ വളരെ അപൂര്‍വമായി മാത്രമേ കാണുന്നുള്ളൂ. പഴയ സാധനങ്ങള്‍ കേടുവന്നാല്‍ അവ വലിച്ചെറിഞ്ഞ് പുതിയതു വാങ്ങുകയാണ് ഇന്നത്തെ രീതി. ഉപയോഗിച്ചു വലിച്ചെറിയുക എന്നത് ഈ കാലഘട്ടത്തിന്റെ മുഖമുദ്രയാണ്. നിര്‍ഭാഗ്യവശാല്‍ മനുഷ്യബന്ധങ്ങളുടെ കാര്യത്തിലും ഈ ഒരു മനോഭാവമാണ് നമ്മളില്‍ പലര്‍ക്കുമുള്ളത്.

പഴയകാലത്തെപ്പോലെ ജീവിതകാലം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന ബന്ധങ്ങള്‍ ഇന്നു കാണുക പ്രയാസമാണ്. അമ്പതുവര്‍ഷം മുമ്പ് വിവാഹിതരായ ദമ്പതിമാരെ നോക്കിയാല്‍ അവരില്‍ അധികംപേരും ഇപ്പോഴും ഒരുമിച്ചു കഴിയുന്നു എന്നു കാണാനാകും. ഇത്രയും വര്‍ഷങ്ങള്‍ക്കുശേഷവും പരസ്പരമുള്ള സ്‌നേഹം നിലനിര്‍ത്താന്‍ അവര്‍ക്ക് കഴിയുന്നു. എന്നാല്‍, ഇന്നത്തെ തലമുറയിലുള്ളവരില്‍ നല്ലൊരു വിഭാഗം ദമ്പതിമാര്‍ വിവാഹം കഴിഞ്ഞ് കുറച്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ത്തന്നെ വേര്‍പിരിയുന്നതു കാണാം. പഴയ തലമുറയിലെ ദമ്പതിമാര്‍ക്ക് സ്‌നേഹബന്ധം നിലനിര്‍ത്താന്‍ കഴിഞ്ഞതെന്തുകൊണ്ടാണ്? അവരുടെ ബന്ധം ചില മൂല്യങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു. അന്ന് ഓരോരുത്തരും ജീവിതപങ്കാളിയുടെ സുഖത്തിനും സന്തോഷത്തിനും ആവശ്യങ്ങള്‍ക്കുമായിരുന്നു മുന്‍ഗണന നല്‍കിയിരുന്നത്. ജീവിതപങ്കാളിയോട് തനിക്കുള്ള ധര്‍മം എന്താണ്, താന്‍ അതെങ്ങനെ നിറവേറ്റണം എന്നായിരുന്നു അവര്‍ ചിന്തിച്ചിരുന്നത്. അന്ന് ബന്ധങ്ങളുടെ അടിസ്ഥാനം പരസ്പരസ്നേഹവും ബഹുമാനവു മായിരുന്നു. അതുകാരണം ബന്ധത്തില്‍ എന്നും പുതുമ ഉണ്ടായിരുന്നു.

ഇന്നു ബന്ധങ്ങളില്‍ സ്വാര്‍ഥത മുന്നിട്ടുനില്‍ക്കുന്നു. ദമ്പതിമാര്‍ പരസ്പരം പ്രാണതുല്യം സ്‌നേഹിക്കുകയല്ല, ഒരാള്‍ മറ്റെയാളെ ഒരു വസ്തുവിനെപ്പോലെ കണ്ട് ഉപയോഗിക്കുകയാണ് ചെയ്യുന്നത്. പണ്ടുള്ളവര്‍ വ്യക്തികളെ സ്‌നേഹിക്കുകയും വസ്തുക്കളെ ഉപയോഗിക്കുകയുമാണ് ചെയ്തത്. എന്നാല്‍, ഇന്നു നമ്മള്‍ വ്യക്തികളെ ഉപയോഗിക്കുകയും വസ്തുക്കളെ സ്‌നേഹിക്കുകയും ചെയ്യുന്നു. സ്വന്തം സുഖത്തിനും സന്തോഷത്തിനും ആവശ്യങ്ങള്‍ക്കുമാണ് ഇന്ന് മുന്‍ഗണന. അവ നേടിയെടുക്കുന്നതില്‍ മറ്റെയാള്‍ എത്രത്തോളം ഉപകരിക്കും എന്നതുമാത്രമാണ് പരിഗണന.

ഒരാള്‍ തന്റെ സുഹൃത്തിനോടു ചോദിച്ചു; ''നിന്റെ ഭാര്യ നിന്നെ ഇഷ്ടപ്പെടാന്‍ എന്താണു കാരണം?''

''ഞാന്‍ സുന്ദരനാണ്, നല്ല ബുദ്ധിയുണ്ട്, നന്നായി പാട്ടുപാടും എന്നൊക്കെ അവള്‍ വിചാരിക്കുന്നു.''

''എന്താണ് നീ അവളെ ഇഷ്ടപ്പെടാന്‍ കാരണം?''

''ഞാന്‍ സുന്ദരനാണ്, ബുദ്ധിമാനാണ് എന്നൊക്ക അവള്‍ വിചാരിക്കുന്നതുതന്നെ,''

പല ദാമ്പത്യബന്ധങ്ങളുടെയും സ്ഥിതി ഇതുപോലെയാണ്. സ്വാര്‍ഥതയും അഹങ്കാരവുമാണ് ഇന്നു മുന്നിട്ടുനില്‍ക്കുന്നത്. അതുകാരണം ഇരുകൂട്ടര്‍ക്കും നഷ്ടം നേരിടുന്നു. കുടുംബജീവിതത്തില്‍ താളലയം കൊണ്ടുവരാന്‍, ആദ്യം പരസ്പരസ്‌നേഹവും ബഹുമാനവും വളര്‍ത്തിയെടുക്കണം.

ഇന്നു ഭാര്യയും ഭര്‍ത്താവും സ്‌നേഹിക്കപ്പെടാനാണ് ആഗ്രഹിക്കുന്നത്, സ്‌നേഹിക്കാനല്ല. അവര്‍ രണ്ടു യാചകരെപ്പോലെയാണ്. നിരന്തരം സ്‌നേഹത്തിനായി യാചിക്കുന്നു. അവര്‍ സ്‌നേഹിക്കാന്‍, സ്‌നേഹം കൊടുക്കാന്‍ തയ്യാറാകണം. അപ്പോള്‍ പരസ്പരം ക്ഷമിക്കാനും വിട്ടുവീഴ്ചചെയ്യാനും അവര്‍ക്കു കഴിയും. അപ്പോള്‍ മാത്രമേ അവര്‍ കൊതിക്കുന്ന സ്‌നേഹം സ്വീകരിക്കാന്‍ അവര്‍ക്കു കഴിയൂ. സ്‌നേഹത്തില്‍ ഞാനെന്ന ഭാവം അലിഞ്ഞില്ലാതായി ഭാര്യാഭര്‍ത്താക്കന്മാര്‍ ഒന്നായിത്തീരണം. അപ്പോഴാണ് കുടുംബ ജീവിതം പൂവണിയുന്നത്, സഫലവും സാര്‍ഥകവുമാകുന്നത്.

അമ്മ