മക്കളേ,

ഇന്ന് ഭൗതികസംസ്‌കാരം വഴിമുട്ടിനില്‍ക്കുകയാണ് എന്നുപറയാറുണ്ട്. കാരണം, സയന്‍സ് എത്രപുരോഗതി നേടിയിട്ടും മനുഷ്യന് ജീവിതത്തില്‍ ശാന്തിയും സംതൃപ്തിയും നേടാന്‍ കഴിയുന്നില്ല. വാസ്തവത്തില്‍ ഭൗതികമായ പ്രശ്‌നങ്ങളെപ്പോലും പരിഹരിക്കാന്‍ ഭൗതികസംസ്‌കാരത്തിനു കഴിഞ്ഞിട്ടില്ല. സമയത്തെയും ദൂരത്തെയും കീഴടക്കി ശാസ്ത്രം വളര്‍ന്നു എന്നതു ശരിതന്നെ. എന്നാല്‍, ഇന്നും ലോകത്ത് പട്ടിണിയുണ്ട്. ദാരിദ്ര്യമുണ്ട്. പുതിയ രോഗങ്ങളുണ്ട്. അക്ഷരാഭ്യാസമില്ലാത്ത കോടിക്കണക്കിന് ആളുകളുണ്ട്. ബാലമരണങ്ങളുണ്ട്. ഓരോ പത്തുസെക്കന്‍ഡിലും ലോകത്തെവിടെയോ ഒരു കുഞ്ഞ് പട്ടിണികൊണ്ട് മരിക്കുകയാണ്. കുഞ്ഞുങ്ങളുടെ അന്നത്തിനുവേണ്ടിയുള്ള ദീനമായ കരച്ചിലിനെക്കാള്‍ വേദനാജനകമായി ഈ ലോകത്ത് മറ്റെന്താണുള്ളത്. അതിനുപരിഹാരമുണ്ടാക്കാന്‍ സയന്‍സിന്റെ വളര്‍ച്ചമാത്രം പോരാ ഹൃദയത്തിന്റെ വളര്‍ച്ചകൂടി വേണം.

നമ്മള്‍ ഒരു കാറില്‍ സഞ്ചരിക്കുകയാണെന്നു കരുതുക. കുറേദൂരം ചെന്നപ്പോള്‍ റോഡ് അവസാനിച്ചിരിക്കുന്നതായി കണ്ടു. എന്തുചെയ്യും? ആരെയെങ്കിലും പഴി പറഞ്ഞിട്ടു കാര്യമുണ്ടോ? ഇല്ല. നമ്മള്‍ അവിടെത്തന്നെ കിടക്കുകയുമില്ല. വന്ന വഴിയേ മടങ്ങും. എവിടെയാണ് നമുക്കു തെറ്റുപറ്റിയതെന്ന് മനസ്സിലാക്കി ശരിയായ വഴിയിലൂടെ യാത്ര തുടരും. ഇതുതന്നെയാണ് മനുഷ്യസമൂഹം ചെയ്യേണ്ടത്.

ലോകത്തിലെ സകലപ്രശ്‌നങ്ങള്‍ക്കും ബാഹ്യമായ കാരണങ്ങള്‍ കണ്ടുപിടിക്കുകയും അതു പരിഹരിക്കാന്‍ ശ്രമിക്കുകയുമാണ് ഇന്നു നമ്മള്‍ ചെയ്യുന്നത്. ഈ തിരക്കിനിടയില്‍, എല്ലാപ്രശ്‌നങ്ങളുടെയും ഉറവിടം മനുഷ്യന്റെ മനസ്സാണെന്നും അതു നന്നായാലേ ലോകം നന്നാവൂ എന്നുമുള്ള വലിയ സത്യം നമ്മള്‍ മറക്കുന്നു.

സയന്‍സിനെയും ആത്മീയതയെയും രണ്ടുചേരിയിലാക്കിയതാണ് ഇന്നു സമൂഹത്തില്‍ കാണുന്ന പല സംഘര്‍ഷങ്ങള്‍ക്കും പ്രധാനകാരണം. വാസ്തവത്തില്‍, ആത്മീയതയും ശാസ്ത്രവും കൈകോര്‍ത്തുപോവേണ്ടതാണ്. ആത്മീയതയെ മാറ്റിനിര്‍ത്തിക്കൊണ്ടുള്ള സയന്‍സും സയന്‍സിനെ പാടേ ഒഴിവാക്കിക്കൊണ്ടുള്ള ആത്മീയതയും പൂര്‍ണമാവില്ല. പക്ഷേ, നിര്‍ഭാഗ്യവശാല്‍ നമ്മുടെ സമൂഹം ഇന്ന് ആത്മീയതയെയും ശാസ്ത്രത്തെയും രണ്ടു ധ്രുവങ്ങളായി കരുതുന്നു. ആത്മീയത വിശ്വാസത്തിലധിഷ്ഠിതമാണെന്നും അത് അന്ധതയാണെന്നും ചിലര്‍ പറയുന്നു. സയന്‍സ് വസ്തുതയാണ്, അതു പരീക്ഷണങ്ങളിലൂടെ തെളിയിക്കപ്പെട്ടതാണ് എന്നാണവരുടെ വാദം. എന്നാല്‍, സയന്‍സാണ് മൂല്യത്തകര്‍ച്ചയുടെ കാരണമെന്ന് ആത്മീയപക്ഷത്തുള്ളവര്‍ കരുതുന്നു.

ആത്മീയത അന്ധമാണ്, പരീക്ഷിച്ചുതെളിയിച്ചിട്ടുള്ളതല്ല എന്നുപറയുന്നത് തെറ്റാണ്. ഒരുപക്ഷേ, ആധുനിക ശാസ്ത്രജ്ഞരെക്കാള്‍ ആഴത്തില്‍ ഗവേഷണം നടത്തിയവരാണ് ഭാരതത്തിലെ ഋഷിമാര്‍. ആധുനികഗവേഷകര്‍ ബാഹ്യലോകത്തു പരീക്ഷണം നടത്തിയപ്പോള്‍, മനസ്സാകുന്ന പരീക്ഷണശാലയില്‍ ഋഷിമാര്‍ ഗവേഷണം നടത്തി, പ്രപഞ്ചത്തിനാധാരമായ പരമസത്യത്തെ അവര്‍ കണ്ടെത്തി. തന്നില്‍നിന്ന് അന്യമായി ഒന്നുംതന്നെ ഈ പ്രപഞ്ചത്തിലില്ലെന്ന് അവര്‍ അനുഭവിച്ചറിഞ്ഞു.

ശാസ്ത്രസാങ്കേതികപുരോഗതിയിലൂടെ നമ്മള്‍ അസാമാന്യമായ വളര്‍ച്ച കൈവരിക്കുമ്പോള്‍ അറിവിനെ വിവേകബുദ്ധിയോടെ ഉപയോഗിക്കാന്‍ പഠിപ്പിക്കുന്നത് ആത്മീയതയാണെന്ന സത്യം നമ്മള്‍ മറക്കരുത്.

ആത്മീയത മനുഷ്യന്റെ ഹൃദയം തുറക്കാനുള്ള താക്കോലാണ്. ആത്മീയത ശരിയായി ഉള്‍ക്കൊണ്ടാല്‍ മനുഷ്യരെല്ലാം അടിസ്ഥാനമായി ഒന്നാണെന്നു ബോധിക്കാനും കാരുണ്യത്തോടെ എല്ലാവരെയും കാണാനും സേവിക്കാനും അതു നമ്മെ പ്രാപ്തരാക്കും. അതോടൊപ്പം സയന്‍സ് പ്രദാനംചെയ്യുന്ന ഭൗതികപുരോഗതികൂടി ഉണ്ടായാല്‍ മനുഷ്യരാശിക്ക് നേട്ടങ്ങള്‍ കൈവരിക്കാനും അതിന്റെ നല്ല ഫലങ്ങള്‍ എല്ലാ ജനവിഭാഗങ്ങളിലേക്കും എത്തിക്കാനും കഴിയും.

അമ്മ