ഇന്ന് ഭൗതികസംസ്‌കാരം വഴിമുട്ടി നില്‍ക്കുകയാണ്. സയന്‍സ് എത്ര പുരോഗതിനേടിയിട്ടും മനുഷ്യന് ജീവിതത്തില്‍ ശാന്തിയും സംതൃപ്തിയും നേടാന്‍ കഴിയുന്നില്ല. ഇവിടെ ഒന്നുചിന്തിക്കണം. നമ്മള്‍ ഒരു കാറില്‍ സഞ്ചരിക്കുകയാണ്. കുറെദൂരം ചെന്നപ്പോള്‍ റോഡ് അവസാനിച്ചിരിക്കുന്നതായി കണ്ടു. എന്തുചെയ്യും? ആരെയെങ്കിലും പഴിപറഞ്ഞിട്ട് കാര്യമുണ്ടോ? ഇല്ല, നമ്മള്‍ അവിടെത്തന്നെ കിടക്കുകയുമില്ല. വന്നവഴിയേ മടങ്ങും. എവിടെയാണ് നമുക്ക് തെറ്റുപറ്റിയതെന്ന്  മനസ്സിലാക്കി ശരിയായ വഴിയിലൂടെ  യാത്രതുടരും. ഇതുതന്നെയാണ്  ഇന്ന് മനുഷ്യസമൂഹം ചെയ്യേണ്ടത്.

വാസ്തവത്തില്‍ ഭൗതികമായ പ്രശ്‌നങ്ങളെപ്പോലും പരിഹരിക്കാന്‍ ഭൗതികസംസ്‌കാരത്തിന് കഴിഞ്ഞിട്ടില്ല. സമയത്തെയും ദൂരത്തെയും കീഴടക്കി ശാസ്ത്രം വളര്‍ന്നു എന്നത് ശരിതന്നെ. എന്നാല്‍, ഇന്നും ലോകത്ത് പട്ടിണിയുണ്ട്, ദാരിദ്ര്യമുണ്ട്, പുതിയ രോഗങ്ങളുണ്ട്, അക്ഷരാഭ്യാസമില്ലാത്ത കോടിക്കണക്കിന് ആളുകളുണ്ട്, ബാലമരണങ്ങളുണ്ട്. എയ്ഡ്സ്, ക്ഷയം, മലമ്പനി ഇതെല്ലാംകൊണ്ട് മരിക്കുന്നവരുടെ എണ്ണത്തെക്കാള്‍ കൂടുതലാണ് ഇന്ന് ലോകത്ത് പട്ടിണികൊണ്ട്  മരിക്കുന്നവരുടെ എണ്ണം. ഓരോ പത്തുസെക്കന്‍ഡിലും ലോകത്തെവിടെയോ ഒരു കുഞ്ഞ് പട്ടിണികൊണ്ട് മരിക്കുകയാണ്. അന്നത്തിനുവേണ്ടിയുള്ള കുഞ്ഞുങ്ങളുടെ ദീനമായ കരച്ചിലിനെക്കാള്‍ വേദനാജനകമായി ഈ ലോകത്ത്  മറ്റെന്താണുള്ളത്? 

അതിന് പരിഹാരമുണ്ടാക്കാന്‍ സയന്‍സിന്റെ വളര്‍ച്ചമാത്രം പോരാ, ഹൃദയത്തിന്റെ വളര്‍ച്ചകൂടി വേണം. വിശന്നൊട്ടിയ വയറുമായി കഴിയുന്നവരായി ആരുമില്ലാത്ത ഒരു ലോകമാണ് അമ്മയുടെ സ്വപ്നം. ഭൗതികപുരോഗതി എത്രയുണ്ടായാലും മനുഷ്യമനസ്സിലെ സ്വാര്‍ഥതയും സങ്കുചിതത്വവും മാറാത്തിടത്തോളം കാലം ഇത്തരം പ്രശ്‌നങ്ങള്‍ക്ക്  ഒരു പരിഹാരവുമുണ്ടാകില്ല. മൂല്യങ്ങളിലൂന്നിയ, ധര്‍മത്തിലും സ്‌നേഹത്തിലും കാരുണ്യത്തിലും ഊന്നിയ ഒരു സംസ്‌കാരത്തെ നമ്മള്‍ പടുത്തുയര്‍ത്തിയാലേ അത് സാധ്യമാകൂ.ഇന്നത്തെ ലോകത്തില്‍ വ്യക്തി വ്യക്തിയിലേക്കും ജാതി ജാതിയിലേക്കും മതം മതത്തിലേക്കും ചുരുങ്ങുകയാണ്. നമുക്ക് മതബോധവും രാഷ്ട്രബോധവുമൊക്കെയുണ്ട്. എന്നാല്‍, സാമൂഹികബോധവും ലോകം ഒരു കുടുംബമാണെന്ന ബോധവും തീരേ കുറവാണ്. 

എന്നാല്‍, അതല്ല വേണ്ടത്. വ്യക്തിബോധം സമൂഹബോധമായി വളരണം. പാര്‍ട്ടിബോധം രാഷ്ട്രബോധമായി വികസിക്കണം. മതബോധം മൂല്യബോധമായി വളരണം. രാഷ്ട്രബോധം വിശ്വമാനവബോധമായി വികസിക്കണം. ഞാന്‍ എന്ന ഭാവത്തില്‍നിന്ന് നമ്മള്‍ എന്ന ഭാവത്തിലേക്കാണ് വളരേണ്ടത്, ഞങ്ങള്‍ എന്ന ഭാവത്തിലേക്കല്ല.

നമ്മുടെയെല്ലാം അറിവും കഴിവും കാരുണ്യവും കൈകോര്‍ത്താല്‍ ശാന്തിയും സമാധാനവും ഐശ്വര്യവും കളിയാടുന്ന ഒരു ലോകം ഉയര്‍ന്നുവരാന്‍ കാലതാമസമില്ല. അങ്ങനെയായാല്‍ ഈ ലോകത്ത് ആരും പട്ടിണികിടക്കില്ല. ആര്‍ക്കും കയറിക്കിടക്കാനൊരു കൂരയില്ലാതെ വരില്ല. ആരും ചികിത്സകിട്ടാതെ മരിക്കേണ്ടിവരില്ല. ഭയംകൊണ്ട് ഉറക്കംകിട്ടാത്തവരായി ആരുമുണ്ടാവില്ല. ഈ സ്വപ്നം നമ്മളോരോരുത്തരുടെയും ഉറക്കം കെടുത്തുന്ന ദിവസം വന്നണഞ്ഞാല്‍ പിന്നെ അത് യാഥാര്‍ഥ്യമാകാന്‍ അധികം കാലതാമസമുണ്ടാവില്ല.

Content Highlights: 'I' is not  good we is better Amrithavachanam