യോഗ എന്ന പുരാതന സാധനയെക്കുറിച്ച് യാഥാര്‍ത്ഥ്യത്തിന്റെ വ്യാജവേഷം കെട്ടിയ ധാരാളം കഥകള്‍ അരങ്ങേറുന്നുണ്ട്. യഥാര്‍ത്ഥ യോഗയെ കെട്ടുകഥകളില്‍ നിന്നു മുക്തമാക്കേണ്ട സമയമായി.

യോഗ ഹിന്ദുത്വത്തില്‍ നിന്നു വന്നതാണ്

യോഗ ഹിന്ദുത്വത്തില്‍ നിന്നുവന്നതാണ് എന്ന് പറയുന്നത് ഗുരുത്വാകര്‍ഷണം ക്രിസ്ത്യന്‍ സമുദായത്തില്‍ നിന്നും വന്നതാണ് എന്ന് പറയുന്നതു പോലെയാവും. ഗുരുത്വാകര്‍ഷണനിയമത്തിന്റെ പ്രയോക്താവ് ക്രൈസ്തവ സംസ്‌കാരത്തില്‍ ജീവിച്ച ഐസക് ന്യൂട്ടണ്‍ ആയിരുന്നതുകൊണ്ട് ഗുരുത്വാകര്‍ഷണം ക്രൈസ്തവ സമുദായവുമായി ബന്ധപ്പെട്ടതാണ് എന്ന് പറയാനാകുമോ?

യോഗയെ ഹൈന്ദവമായി ലേബലൊട്ടിച്ചു വച്ചിരിക്കുന്നതിനു കാരണമെന്തെന്നാല്‍, യോഗയുടെ ശാസ്ത്രവും സാങ്കേതികതയും വളര്‍ന്നു പുഷ്ടി പ്രാപിച്ചത് ഹിന്ദു സംസ്‌കാരത്തിലാണ്. അതുകൊണ്ടതു സ്വാഭാവികമായി ഹിന്ദു ജീവിതരീതിയുമായി ബന്ധപ്പെട്ടിരിക്കുന്നു.

സിന്ധു അഥവാ ഇന്‍ഡസ് എന്ന നദിയുടെ തീരത്തു നിന്നും ഉത്ഭവിച്ചതുകൊണ്ടതിന് ഹിന്ദു സംസ്‌കാരം എന്ന ലേബലുണ്ടായി. ആദ്യം തന്നെ മനസ്സിലാക്കേണ്ടത് ഹിന്ദു എന്നത് ഒരു 'ഇസം' അല്ല എന്നതാണ്. അതൊരു മതവും അല്ല. ഭൂമിശാസ്ത്രപരവും സാംസ്‌കാരികവുമായ ഒരു തിരിച്ചറിവ് അഥവാ അടയാളപ്പെടുത്തലാണ്.

യോഗ എന്നാല്‍ അംഗവിന്യാസങ്ങളെക്കുറിച്ചല്ലേ? (body postures)

യോഗ എന്ന ശാസ്ത്രം, അതിന്റെ പരിധിയില്‍ വരുന്ന ജീവിതത്തിന്റെ എല്ലാ തലങ്ങളെക്കുറിച്ചും പര്യവേക്ഷണം ചെയ്യുന്നുണ്ടെങ്കിലും, ഇന്ന് ലോകം യോഗയെ ശാരീരികതലത്തിലൂടെ മാത്രമാണ് കാണുന്നത്. യോഗസിദ്ധാന്തത്തില്‍ ആസനങ്ങള്‍ക്കു വളരെക്കുറച്ചു പ്രസക്തി മാത്രമേയുള്ളൂ.

ഇരുനൂറിലധികം യോഗസൂത്രങ്ങളുള്ളപ്പോള്‍ അതിലൊരെണ്ണം മാത്രമേ ആസനങ്ങള്‍ക്കായി വിനിയോഗിച്ചിട്ടുള്ളു. പക്ഷേ എന്തുകൊണ്ടോ, ഈ ഒരു യോഗസൂത്രം മറ്റുള്ളവയേക്കാളുപരി പ്രാധാന്യം നേടിയിരിക്കുന്നു.

ഈ ലോകം ഏതു ദിശയിലാണ് നീങ്ങുന്നത് എന്നതിന്റെ വ്യക്തമായ ഒരു പ്രകടഭാവമാണിത്. ആധുനികലോകത്തിന്റെ ഗതി പൊതുവെ ഇങ്ങനെ തന്നെയാണ് - അഗാധതലങ്ങളില്‍ നിന്നും ബാഹ്യതലത്തിലേക്ക്...

jaggi

അഥവാ ആത്മാവില്‍ നിന്നും ശാരീരികതലത്തിലേക്ക്. ഇതു നേരേ തിരിച്ചാക്കേണ്ടിയിരിക്കുന്നു. മനുഷ്യന്റെ യാത്ര ശരീരത്തില്‍ തുടങ്ങി ആന്തരികതലത്തിലേക്ക് നീങ്ങണം.
    
എനിക്കു വിഷണ്ണതയിലാണ്ടു പോകുവാന്‍ സാധിക്കില്ല. അല്ലെങ്കില്‍ ഇന്നു ലോകമെമ്പാടുമുള്ള ആളുകള്‍ ഹഠയോഗ പ്രാക്ടീസുചെയ്യുന്ന രീതിയും അതേക്കുറിച്ചു ചിന്തിക്കുന്നതും മനസ്സിലാക്കുന്നതും കാണുമ്പോള്‍ ഞാന്‍ തളര്‍ന്നുപോയേനെ.

ഇന്നു നാം കാണുന്ന യോഗ പ്രാക്ടീസ്, അതിന്റെ പ്രവര്‍ത്തനരീതി, ശരീരസംബന്ധിയായി മാത്രമാണ്. അതിനു ജീവന്‍ പകര്‍ന്നു നല്‍കണം. അല്ലെങ്കില്‍, അതു സജീവമാകുകയില്ല. ശരീരത്തെ സൂക്ഷ്മമായ രീതിയില്‍ കൈകാര്യം ചെയ്ത് അതിനെ മറ്റൊരു തലത്തിലേയ്ക്ക് ഉയര്‍ത്താനുള്ള ഒരു പദ്ധതിയാണ് യോഗ.

അതുകൊണ്ടാണ് നമ്മുടെ പാരമ്പര്യത്തില്‍, ജീവിച്ചിരിക്കുന്ന ഒരു ഗുരുവിനു വളരെ പ്രസക്തിയുള്ളത്. ഓരോ ആസനവും മുദ്രയും ശ്വസനക്രമവും എല്ലാം ഇതു ലക്ഷ്യമാക്കിയുള്ളതാണ്. യോഗ ഒരു വ്യായാമമല്ല, അതിന് അതിന്റേതായ മറ്റു തലങ്ങളുണ്ട്. 

'സിക്‌സ് പായ്ക്ക് ആബ്‌സിന്' യോഗ സഹായകരമാകുമോ?

ദൃഢമായ ശരീരമാണ് നിങ്ങളുടെ ലക്ഷ്യമെങ്കില്‍, നിങ്ങള്‍ക്ക് സിക്‌സ് പായ്ക്ക് ആബ്‌സ് ആണു വേണമെന്നുണ്ടെങ്കില്‍, ടെന്നീസ് കളിക്കുകയോ മലകയറുകയോ മറ്റോ ചെയ്യുക. യോഗ ഒരു വ്യായാമമല്ല. അതിന് മറ്റു ശാരീരികക്ഷമതയുമായി ബന്ധപ്പെട്ട മറ്റൊരു തലമുണ്ട്.

jaggi 2

കലോറി എരിച്ചുകളയാനോ പേശീബലത്തിനോ വേണ്ടിയാണു യോഗ ചെയ്യുന്നതെങ്കില്‍, അതു ശരിയായ യോഗയല്ല, അതിനു ജിമ്മില്‍ പോകുക. യോഗ വളരെ സൂക്ഷ്മവും സൗമ്യവുമായ രീതിയിലാണ് പ്രാക്ടീസ് ചെയ്യേണ്ടത്. അല്ലാതെ ബലം പ്രയോഗിച്ചു മസില്‍ വര്‍ദ്ധിപ്പിക്കുന്ന തരത്തിലല്ല. കാരണം ഇത് വ്യായാമമല്ല.

ഭൗതികശരീരത്തിന് ഒരു ഓര്‍മ്മച്ചെപ്പുണ്ട്. എല്ലാം... ഈ പ്രപഞ്ചം ശൂന്യതയില്‍ നിന്നും ഉത്ഭവിച്ച് ഈ ഘട്ടം വരെ എങ്ങിനെ പരിണമിച്ചു എന്നതുവരെ അതില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ആസനങ്ങള്‍ ചെയ്യുമ്പോള്‍, ആ ഓര്‍മ്മച്ചെപ്പു തുറന്ന്, ഈ ജീവനെ അതിന്റെ ആത്യന്തികമായ സാധ്യതയിലേക്കു നയിക്കുന്നവിധം പുന:സംവിധാനം ചെയ്യുകയാണ് ചെയ്യുന്നത്.

ശരിയായ അന്തരീക്ഷത്തില്‍ പരിശീലിച്ചാല്‍, നിങ്ങളുടെ ശരീരത്തെ വിശിഷ്ടമായ ഒരു പാത്രമായി, ദൈവികതയെ സ്വീകരിക്കാനുള്ള വിസ്മയകരമായ ഒരുപാധിയായി, രൂപപ്പെടുത്തിയെടുക്കാനുതകുന്ന അത്ഭുതകരമായ ഒരു പ്രക്രിയയാണ് ഹഠയോഗ.

കഴിഞ്ഞ നൂറ്റാണ്ടില്‍ മാത്രമാണല്ലോ യോഗ വ്യാപകമായത്?

ഇന്ന് പലതരം ആവിഷ്‌കാരങ്ങളോടും വൈകൃതങ്ങളോടും കൂടിയാണ് യോഗ പ്രാക്ടീസ് ചെയ്യുന്നതെങ്കിലും യോഗ എന്ന വാക്കെങ്കിലും ആഗോളതലത്തില്‍ അറിയപ്പെടുന്നുണ്ട്. യോഗയുടെ പ്രചരണത്തിനായി ഒരിക്കലും ഒരു സുസ്ഥാപിത സംഘടനയുണ്ടായിട്ടില്ല.

എങ്കില്‍പ്പോലും അതു സജീവമായി നിലനില്‍ ക്കുന്നതിനു കാരണം മനുഷ്യന്റെ സൗഖ്യത്തിനായി മറ്റെന്തിനേക്കാളും മെച്ചമായി ആയിരമായിരം വര്‍ഷങ്ങളായി  യാതൊരു തിക്തഫലവുമില്ലാതെ  യോഗ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നുവെന്നതാണ്. 

ananthalahariദശലക്ഷക്കണക്കിനാളുകള്‍ അതു പ്രാക്ടീസ് ചെയ്യുന്നു. പക്ഷേ അതെവിടെ നിന്നു വന്നു? ആരാണ് യോഗക്കു തുടക്കം കുറിച്ചത്? ആ കഥ വളരെ നീണ്ടതാണ്. അതിന്റെ പൗരാണികത്വം കാലപ്പഴക്കത്തില്‍ നഷ്ടപ്പെട്ടുപോയി.

യോഗസംസ്‌കാരത്തില്‍ ശിവന്‍ ഒരു ദൈവമായല്ല - ആദിയോഗി അഥവാ ആദ്യത്തെ യോഗി - യോഗയുടെ ഉപജ്ഞാതാവ് എന്നാണ് അറിയപ്പെടുന്നത്. മനുഷ്യമനസ്സില്‍ ഈ വിത്ത് ആദ്യമായി നിക്ഷേപിച്ചത് അദ്ദേഹമാണ്.

ശിവന്‍ ആദ്യമായി യോഗ പകര്‍ന്നുനല്‍കിയത് അദ്ദേഹത്തിന്റെ ഭാര്യ പാര്‍വതിക്കായിരുന്നു. രണ്ടാമത് യോഗാപാഠങ്ങള്‍ പകര്‍ന്നത് ഏഴ് ശിഷ്യന്മാര്‍ക്കായിരുന്നു. കേദാര്‍നാഥിലെ കാന്തിസരോവരത്തിന്റെ തീരത്താണ് അതു നടന്നത്. അതായിരുന്നു ലോകത്തിലെ ആദ്യത്തെ യോഗാ പ്രോഗ്രാം.

വളരെ വര്‍ഷങ്ങള്‍ക്കുശേഷം, യോഗശാസ്ത്രത്തിന്റെ ഈ സംപ്രേഷണം പൂര്‍ത്തിയായപ്പോള്‍ പൂര്‍ണ്ണമായും പ്രബോധോദയം സിദ്ധിച്ച ഏഴുപേരുണ്ടായി - ഇന്ന് സപ്തര്‍ഷികള്‍ എന്നറിയപ്പെടുന്ന ഏഴു പ്രസിദ്ധരായ യോഗിമാര്‍; ഭാരതസംസ്‌കാരത്തില്‍ എന്നെന്നും ആരാധിക്കുകയും, ആദരിക്കുകയും ചെയ്യപ്പെടുന്നവര്‍.

ശിവന്‍ ഈ ഏഴുപേര്‍ക്കും യോഗയുടെ ഓരോ വശങ്ങള്‍ പകര്‍ന്നുകൊടുത്തു. ഈ ഏഴു വശങ്ങളും യോഗയുടെ ഏഴ് അടിസ്ഥാന രൂപങ്ങളായിത്തീര്‍ന്നു.  ഇന്നും യോഗ ഈ ഏഴു വ്യത്യസ്ത രൂപങ്ങളിലാണ് നിലനില്ക്കുന്നത്.

jaggi5

ഒരു മനുഷ്യന് തന്റെ പരിമിതികളും പ്രേരണകളും അതിജീവിക്കുന്നതിന് ഉതകുന്ന ഈ ഒരു തലം ലോകത്തിന്റെ നാനാഭാഗങ്ങളില്‍ എത്തിക്കുന്നതിനായി സപ്തര്‍ഷിമാരെ ഏഴു വിവിധ ദിക്കുകളിലേക്കയച്ചു. അവരില്‍ ഒരാള്‍ മദ്ധ്യഏഷ്യയിലേക്കും, ഒരാള്‍ ആഫ്രിക്കയുടെ വടക്കും കിഴക്കും ഭാഗങ്ങളിലേക്കും, ഒരാള്‍ തെക്കേ അമേരിക്കയിലേക്കും ഒരാള്‍ ഹിമാലയത്തിന്റെ താഴ്‌വാരങ്ങളിലേക്കും പോയി.

ഒരാള്‍ അവിടെ ആദിയോഗിയോടൊപ്പംതന്നെ തങ്ങുകയും, പിന്നെ ഒരാള്‍ തെക്കോട്ടു സഞ്ചരിച്ച് ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലേക്കു പോകുകയും ചെയ്തു. കാലം പലതിനെയും മാറ്റിമറിച്ചിട്ടുണ്ട്. പക്ഷേ ഈ പ്രദേശങ്ങളിലെ സംസ്‌കാരത്തിലേക്കു സൂക്ഷ്മമായി നിരീക്ഷിച്ചാല്‍, സപ്തര്‍ഷിമാരുടെ മഹത്തായ പ്രവര്‍ത്തനങ്ങളുടെ നേരിയ ഇഴകള്‍ ഇന്നും സജീവമായി കാണാം. അതു പല രൂപഭാവങ്ങള്‍ സ്വീകരിച്ചിട്ടുണ്ടെങ്കിലും അതിന്റെ സ്വഭാവം ലക്ഷക്കണക്കിനു വ്യത്യസ്തങ്ങളായ രീതിയില്‍ മാറിയിട്ടുണ്ടെങ്കിലും, ആ ഇഴകള്‍ ഇന്നും ദൃശ്യമാണ്.

യോഗയും സംഗീതവും ചേര്‍ന്നുപോകുമോ? 

യോഗാസനങ്ങള്‍ ചെയ്യുമ്പോള്‍ ഒരിക്കലും അവിടെ കണ്ണാടിയോ സംഗീതമോ ഉണ്ടാവരുത്. ഹഠയോഗയില്‍ നിങ്ങളുടെ ശരീരത്തിന്റെയും മനസ്സിന്റെയും ഊര്‍ജത്തിന്റെയും പിന്നെ ഏറ്റവും ആന്തരികമായ സത്തയുടെയും എല്ലാം പങ്കാളിത്തം ആവശ്യമാണ്.

അന്തരംഗത്തിലുള്ള സൃഷ്ടിയുടെ ഉറവിടവുമായി ബന്ധപ്പെടണമെങ്കില്‍ നിങ്ങളുടെ ശരീരം, മനസ്സ്, ഊര്‍ജം ഇവയെല്ലാം അതില്‍ പൂര്‍ണ്ണമായി മുഴുകണം. വേണ്ടത്ര ശ്രദ്ധയോടും ആദരവോടുംകൂടി വേണം അതിനെ സമീപിക്കേണ്ടത്.

വെറുതെ സി ഡി ഇട്ട് പാട്ടും കേട്ട് എന്തെങ്കിലുമൊക്കെ ചെയ്യുകയല്ല വേണ്ടത്. യോഗാ സ്റ്റുഡിയോകളിലെ ഏറ്റവും വലിയ പ്രശ്‌നം ടീച്ചര്‍ ആസനങ്ങള്‍ ചെയ്തുകൊണ്ടു സംസാരിക്കുന്നതാണ്. ഇതു തീര്‍ച്ചയായും അവര്‍ക്ക് ശാരീരികമായ പ്രശ്‌നങ്ങള്‍ വരുത്തും.

ആസന നിലകളിലായിരിക്കുമ്പോള്‍ ഒരിക്കലും സംസാരിക്കരുത് എന്നത് വെറുമൊരു ചിട്ടയല്ല, അതൊരു നിയമമാണ്. ആസനങ്ങള്‍ ചെയ്യുമ്പോള്‍ ശ്വാസത്തിലുള്ള നിയന്ത്രണം, മനസ്സിന്റെ സമനില, ഊര്‍ജത്തിന്റെ സന്തുലിതാവസ്ഥ ഇവയെല്ലാം ഏറ്റവും പ്രധാനമാണ്.  

കുറച്ചുവര്‍ഷങ്ങള്‍ക്കുമുമ്പ് ഞാന്‍ അമേരിക്കയിലായിരുന്നപ്പോള്‍ ഒരു യോഗാസ്റ്റുഡിയോയില്‍ സംസാരിക്കുവാനായി എന്നെ ക്ഷണിച്ചു. ഞാനവിടെ ചെല്ലുമ്പോള്‍ എല്ലാവരേയും ആവേശഭരിതരാക്കാന്‍ വേണ്ടി ചാങ്, ചാങ്,  ചാങ്, എന്നു സംഗീതം മുഴങ്ങുന്നുണ്ടായിരുന്നു.

ടീച്ചര്‍ അര്‍ദ്ധമത്സ്യേന്ദ്രാസനത്തിലിരുന്ന് ഒരു കൂട്ടം ആളുകളോടു സംസാരിക്കുകയായിരുന്നു. എന്നെക്കണ്ടതും അവര്‍ ചാടിയെഴുന്നേറ്റ് ഓടിവന്ന് ആശ്ലേഷിച്ചു. 

ഞാനവരെ മാറ്റിനിര്‍ത്തി പറഞ്ഞു, 'നോക്കൂ, ഇങ്ങനെ ചെയ്താല്‍, ഇതു നിങ്ങളുടെ ശരീരവ്യവസ്ഥയില്‍ ഗുരുതരമായ അസന്തുലിതാവസ്ഥ സൃഷ്ടിക്കും. എത്രനാളായി നിങ്ങള്‍ ഇതു ചെയ്യുന്നു?' ഏകദേശം 15-16 വര്‍ഷം എന്നവര്‍ പറഞ്ഞു.       

"പതിനാറു വര്‍ഷമായി ഇതു ചെയ്യുന്നുങ്കെില്‍ നിങ്ങള്‍ ഇന്ന ഇന്ന ശാരീരികപ്രശ്‌നങ്ങളൊക്കെ അനുഭവിക്കുന്നുണ്ടാകുമല്ലോ?"ഞാന്‍ ചോദിച്ചു. അവര്‍ ഭീതി നിറഞ്ഞ കണ്ണുകളോടെ എന്നെ നോക്കി. അടുത്ത ദിവസം എന്റെയടുത്തുവന്ന് അവര്‍ പറഞ്ഞു, "സദ്ഗുരു, അങ്ങു പറഞ്ഞതൊക്കെ ഞാന്‍ അനുഭവിച്ചുകൊണ്ടിരിക്കയാണ്. ഡോക്ടര്‍മാരെ കണ്ട് എല്ലാത്തിനുമുള്ള ചികിത്സയും ചെയ്തുകൊണ്ടിരിക്കുന്നു". 

ഞാന്‍ പറഞ്ഞു, "നിങ്ങള്‍ക്ക് ഒരു ഡോക്ടറുടെയും ആവശ്യമില്ല. നിങ്ങള്‍ സ്വയം അസുഖമുണ്ടാക്കുകയാണ്. ഈ രീതി നിര്‍ത്തിയാല്‍ത്തന്നെ നിങ്ങളുടെ അസുഖം പടിപടിയായി മാറിക്കോളും." ഏകദേശം ഒന്നര വര്‍ഷം കഴിഞ്ഞപ്പോള്‍ അവര്‍ യോഗ പഠിപ്പിക്കുന്നതു തന്നെ ഉപേക്ഷിച്ചു.തെറ്റായ രീതിയില്‍ യോഗ പരിശീലിച്ചാല്‍ ഇത്തരത്തിലുള്ള ശാരീരിക മാനസിക പ്രശ്‌നങ്ങള്‍ നേരിട്ടേക്കാം.  

ഒരു മാര്‍ഗദര്‍ശിയുടെ  ആവശ്യമുണ്ടോ? പുസ്തകം നോക്കി പഠിച്ചുകൂടെ?

ഇന്നു നിങ്ങള്‍ ഏതു വലിയ പുസ്തകശാലയില്‍ പോയാലും അവിടെ യോഗയെക്കുറിച്ചുള്ള കുറഞ്ഞത് 15-20 പുസ്തകങ്ങളെങ്കിലും കാണും. ഏഴുദിവസത്തിനുള്ളില്‍ എങ്ങനെ യോഗ പഠിക്കാം, 21 ദിവസം കൊണ്ടെങ്ങിനെ യോഗിയാകാം... അങ്ങനെ പലതും.

jaggi4യോഗ വളരെ ലളിതമായിത്തോന്നുമെങ്കിലും അതിനൊരു സൂക്ഷ്മവശമുണ്ടെന്ന് നിങ്ങള്‍ക്കു മനസ്സിലാകും. തികഞ്ഞ ധാരണയോടെയും ശരിയായ മാര്‍ഗനിര്‍ദ്ദേശത്തിന്‍ കീഴിലും വേണം യോഗ അഭ്യസിക്കാന്‍.

ഒരു പുസ്തകം നിങ്ങള്‍ക്ക് പ്രചോദനം നല്‍കിയേക്കാം. എന്നുവച്ച് അത് ഒരു അനുഷ്ഠാനം പഠിപ്പിക്കാനുദ്ദേശിച്ചുള്ളതല്ല. പഠിക്കുന്ന സമയത്ത് ശരിയായ നിര്‍ദ്ദേശം നല്‍കാനും തെറ്റുകള്‍ തിരുത്തിത്തരാനും ആരെങ്കിലും വേണം.

യോഗ രാവിലെയും വൈകിട്ടും ചെയ്യുന്ന ഒരു വ്യായാമമുറയാണ്

യോഗ എന്നാല്‍ അത് ഒരു പ്രത്യേകതരം അവസ്ഥയാണ്. രാവിലെയും വൈകിട്ടും യോഗയും ബാക്കിസമയം മറ്റുകെട്ടുപാടുകളും - അതു യോഗയല്ല, യോഗ അനുവര്‍ത്തിക്കല്‍ മാത്രമാണ്. നിങ്ങള്‍ യോഗയിലായിത്തീരണം.

ജീവിതത്തിന്റെ ഒരു ഭാഗവും യോഗ എന്ന പ്രക്രിയയില്‍ നിന്നും ഒഴിവാക്കപ്പെട്ടിട്ടില്ല - അഥവാ ജീവിതത്തിന്റെ എല്ലാ വശങ്ങളും യോഗ എന്ന പ്രക്രിയയില്‍ ഉള്‍പ്പെട്ടതാണ്. നിങ്ങളുടെ ജീവിതാവസ്ഥതന്നെ യോഗയിലായാല്‍ കുടുംബം, ഓഫീസ്, ബിസിനസ്സ് എല്ലാം നേരാംവണ്ണം നടത്താം, ഒരു പ്രശ്‌നവുമില്ലാതെ എന്തുവേണമെങ്കിലും ചെയ്യാം,

ജീവിതത്തിന്റെ എല്ലാ വശങ്ങളെയും നിങ്ങള്‍ക്ക് ഒന്നുകില്‍ കെട്ടുപാടുകള്‍ക്കായി ഉപയോഗിക്കാം, അല്ലെങ്കില്‍ സ്വന്തം മുക്തിയ്ക്കായി ഉപയോഗിക്കാം. കെട്ടുപാടുകള്‍ക്കായി ഉപയോഗിച്ചാല്‍ അതിനെ കര്‍മ്മം എന്നു പറയും, സ്വന്തം മോചനത്തിനായുപയോഗിച്ചാല്‍ അതിനെ യോഗ എന്നും!