ചോദ്യം :- നമ്മുടെ മനസ്സിലെ ആദ്ധ്യാത്മീക വളര്‍ച്ചയെ എങ്ങിനെയാണ് സഹായിക്കാനാവുക ? നമ്മള്‍ തന്നെ സൃഷ്ടിക്കുന്ന മനപൂര്‍വമല്ലാത്ത തടസ്സങ്ങളെ എങ്ങിനെയാണ് നശിപ്പിക്കുക?
 
സദ്ഗുരു :- നിങ്ങള്‍ സൂചിപ്പിക്കുന്ന ഈ തടസ്സം എന്താണ്? ഏറ്റവും പ്രധാനപെട്ട പ്രശ്‌നം 'ഞാന്‍ ' എന്ന ബോധമാണ്. സ്വന്തം വിചാരവികാരങ്ങള്‍ക്കും, അഭിപ്രായങ്ങള്‍ക്കും, താല്പര്യങ്ങള്‍ക്കും ഒക്കെ നിങ്ങള്‍ വേണ്ടതിലധികം പ്രാധാന്യം കല്പിക്കുന്നു. നിങ്ങളെ നിങ്ങളാക്കുന്ന എല്ലാം തന്നെ നിങ്ങള്‍ക്ക് പ്രധാനപ്പെട്ടതാണ്, കാരണം അതെല്ലാം ചേര്‍ന്നതാണ് നിങ്ങളുടെ വ്യക്തിത്വം.
 
ഏറ്റവും അടിസ്ഥാന പരമായിട്ടുള്ളത് നിങ്ങളുടെ ഇഷ്ടാനിഷ്ടങ്ങളാണ്. മറ്റെല്ലാം ഇതിനെ ആശ്രയിച്ചു നില്‍ക്കുന്നവയാണ്. ആരുടെകൂടെ നില്‍ക്കണമോ, ആരെയാണോ ഒഴിവാക്കേണ്ടത്, എന്തു കഴിക്കണം, എന്തു കഴിക്കാതിരിക്കണം, എവിടെ പോകണം എവിടെ പോകാതിരിക്കണം, ഏതെല്ലാം ആശയങ്ങളാണ് നിങ്ങള്‍ക്ക് സ്വീകാര്യം, ഏതെല്ലാമാണ് തള്ളിക്കളയേണ്ടത് അങ്ങിനെ അനവധി കാര്യങ്ങള്‍ കാലങ്ങളായി നിങ്ങളുടെ മനസ്സില്‍ വേരൂന്നിയിരിക്കുന്നു. ഈ ഇഷ്ടാനിഷ്ടങ്ങളെ നിശ്ശേഷം നശിപ്പിക്കാന്‍ കഴിഞ്ഞാല്‍ ആ നിമിഷം നമ്മുടെ മനസ്സില്‍ അദ്ധ്യാത്മബോധം പുഷ്ടി പ്രാപിക്കും. യാതൊരു തടസ്സവും കൂടാതെ അത് കൂടുതല്‍ കൂടുതല്‍ തെളിഞ്ഞു വരികയും ചെയ്യും.

Spiritualതത്കാലം നിങ്ങളുടെ ചിന്ത 'ഇത് പാപം - ഇത് പുണ്യം' എന്ന രീതിയിലാണ്. ഈ ചിന്ത തികച്ചും ബുദ്ധിശൂന്യമായതാണ്. ഈ തരം ചിന്തയിലൂടെയാണ് നിങ്ങളുടെ യാത്ര എങ്കില്‍ ഒരിക്കലും നിങ്ങള്‍ ലക്ഷ്യത്തിലെത്താന്‍ പോകുന്നില്ല. ഒരു വളര്‍ച്ചയും അദ്ധ്യാത്മീകമായി നിങ്ങളില്‍ സംഭവിക്കുകയില്ല. ഈ പ്രശ്‌നത്തെ രണ്ടു വഴിയിലൂടെ നമുക്ക് നേരിടാം. ഒന്നാമത്തേത് , പ്രപഞ്ചത്തിലുള്ള സര്‍വതിനെയും ദൈവീകമായി കണ്ടു ആദരിക്കുക. സകല പ്രവൃത്തികളിലും ഈശ്വരീയത കാണുക. അവിടുത്തെ വൈഭവമല്ലാതെ ഈ പ്രപഞ്ചത്തില്‍ ഒന്നുമില്ല എന്ന ദൃഢമായ ബോധം. അതല്ലെങ്കില്‍ എല്ലാം മിഥ്യയായി കാണാം. ഒന്നിനോടും ആദരവോ ആരാധനയോ. ഈശ്വരനും ധ്യാനവും പൂജയും സ്വന്തം ശരീരവും.... എല്ലാം അസംബന്ധമാണെന്ന് തീര്‍ത്തും അവഗണിക്കാം. രണ്ടിലേതായാലും ഫലം കാണുമെന്നു തീര്‍ച്ച.
 
anandalahariനമ്മുടെ ഇഷ്ടാനിഷ്ടങ്ങളാണ് നമ്മുടെ കര്‍മ്മത്തിനാധാരം. അതുമാത്രമാണ് നമ്മളെ സംബന്ധിച്ചിടത്തോളം യഥാര്‍ത്ഥത്തിലുള്ള ബന്ധനം - കര്‍മ്മപാശം. ഇഷ്ടാനിഷ്ടങ്ങള്‍ മനസ്സില്‍ ശക്തിയോടെ നിലനില്‍ക്കുന്നിടത്തോളം കാലം നിങ്ങള്‍ ദ്വന്ദ്വാവസ്ഥയില്‍ ആയിരിക്കും. ദ്വന്ദ്വാവസ്ഥയില്‍ മനസ്സ് ഉറച്ചിരിക്കെ, ആത്മീയമായ വളര്‍ച്ച അസാദ്ധ്യമാണ്. കാരണം യോഗം എന്നാല്‍ ആത്യന്തീകമായി കൂടിച്ചേരല്‍ ആണ്.... ഒന്നായി തീരലാണ്. ഈ ആശയം സ്വീകരിക്കാന്‍ നിങ്ങള്‍ തയ്യാറല്ല എങ്കില്‍ എങ്ങിനെയാണ് നിങ്ങള്‍ക്ക് എല്ലാത്തിനെയും ഉള്‍ക്കൊള്ളാനാവുക? ഒരുവിധത്തില്‍ അത് അവനവനോട് തന്നെ തോല്‍ക്കുകയായിരിക്കും. മനസ്സില്‍ വേരൂന്നിയ ഇഷ്ടാനിഷ്ടങ്ങളെ പറിച്ചുകളയാന്‍ ബോധപൂര്‍വം ശ്രമിക്കണം. വാസ്തവത്തില്‍ അങ്ങിനെ രണ്ടു സംഗതികള്‍ നിലവിലില്ല. ഒന്നുകില്‍ എല്ലാം പവിത്രമാണ്, അല്ലെങ്കില്‍ എല്ലാം അസംബന്ധമാണ്. ഏതു വഴിയാണ് നിങ്ങള്‍ക്ക് പത്ഥ്യം?
 
എല്ലാറ്റിനെയും പവിത്രമായി കാണുന്ന വഴിയാണ് എളുപ്പം. എല്ലാറ്റിനേയും അവഗണിക്കാന്‍ വിശേഷിച്ചൊരു കരുത്തു തന്നെ വേണം. ഇന്ത്യയില്‍ വലിയൊരു സന്യാസി സംഘമുണ്ട്. നാഗബാബമാര്‍ എന്നാണ് അവര്‍ അറിയപ്പെടുന്നത്. അവരിലുമുണ്ട് രണ്ടു വിഭാഗങ്ങള്‍. ഒരു കൂട്ടര്‍ എല്ലാറ്റിനെയും ദൈവീകമായി കാണുന്നു. മൃഗമായാലും, കല്ലായാലും, മരമായാലും, പുരുഷനായാലും, സ്ത്രീ ആയാലും അവര്‍ക്കത് ശിവനാണ്. വേറൊരു വിഭാഗമുണ്ട്. അവര്‍ ഉഗ്രസ്വഭാവമുള്ളവരാണ്. നാഗബാബമാര്‍ സ്വതവേ ഉഗ്രസ്വഭാവികളായ സന്യാസിമാരാണ്. വല്ലാതെ തണുപ്പുള്ള സന്ദര്‍ഭങ്ങളില്‍ അവര്‍ ഒരു കമ്പിളി പുതച്ചേക്കാം. എന്നാലും തുന്നിയ വസ്ത്രങ്ങള്‍ ധരിക്കുകയില്ല. കൈയില്‍ എപ്പോഴും ത്രിശൂലം ഉണ്ടാകും. ഈ കൂട്ടര്‍ എല്ലാത്തിനെയും അവജ്ഞയോടെയാണ് കാണുന്നത്. അവരുടെ മുമ്പില്‍ വെച്ച്, നിങ്ങളുടെ ഒരു ചുവടു പിഴച്ചാല്‍ പോലും അവര്‍ നിങ്ങളില്‍ അസഭ്യവര്‍ഷം ചൊരിയും. ഇതേ ഭാഷ തന്നെയാണ് അവര്‍ സാക്ഷാല്‍ ശിവന്റെ നേരെയും പ്രയോഗിക്കുക. അതാണ് അവരുടെ രീതി. ഒരു കൂട്ടര്‍ക്ക് എല്ലാം ശിവമയം. മറ്റേ കൂട്ടര്‍ക്ക് എല്ലാം നിന്ദ്യം. രണ്ടു കൂട്ടരും അവരുടേതായ വഴിയില്‍ സാഫല്യം കണ്ടെത്തുന്നു.
 
Naga Monksഎല്ലാം ദൈവികമായി കാണാന്‍ തുടങ്ങുമ്പോള്‍ നിങ്ങള്‍ പൂര്‍ണമായും അതില്‍ ലയിച്ചു ചേരുന്നു. എല്ലാം ശിവമയം, പവിത്രം. ആ കാഴ്ചപ്പാട് ഉറച്ചു കഴിഞ്ഞാല്‍ ഇഷ്ടാനിഷ്ടങ്ങള്‍ക്കും, നന്മതിന്മകള്‍ക്കും ഇടമെവിടെ? എല്ലാം ഒരു പോലെ മംഗളകരം. ഒന്നിനെ കൊള്ളാനും മറ്റേതിനെ തള്ളാനും നിങ്ങള്‍ക്ക് സാധിക്കുമോ? രണ്ടു മാര്‍ഗങ്ങളും തമ്മിലുള്ള അന്തരം, എല്ലാം ശിവമയമായി കാണാന്‍ തുടങ്ങുന്നതോടെ നിങ്ങളുടെ ജീവിതം ഏറ്റവും ചൈതന്യ പൂര്‍ണമാകുന്നു. ഊര്‍ജ്ജസ്വലവും ആനന്ദനിര്‍ഭരവുമായി തീരുന്നു.

സര്‍വതിനെയും അവജ്ഞയോടെ സമീപിക്കുക, വളരെ പ്രയാസമുള്ള മാര്‍ഗമാണത്. എന്നാലും വേഗം ലക്ഷ്യത്തിലെത്താം. എന്നാല്‍ ഒരു സമൂഹത്തില്‍ ജീവിച്ചിരിക്കേ തന്നെ ഈ പാത പിന്തുടരുക സാദ്ധ്യമല്ല. നിങ്ങള്‍ അവനവനിലേക്കു മാത്രമായി ഉള്‍വലിയുമ്പോഴേ ഈ വഴി നടക്കാനാവൂ. ഏതിലാണ് നിങ്ങള്‍ക്ക് താല്പര്യം, ഏതു വഴിയാണ് നിങ്ങള്‍ക്ക് പറ്റുന്നതായി തോന്നുന്നത്, ആ വഴി തിരഞ്ഞെടുക്കാം, എല്ലാം ശിവമയമായി കാണാം. എല്ലാം കൊള്ളരുതാത്തതായും കാണാം. രണ്ടായാലും അവിടെ ഇഷ്ടാനിഷ്ടങ്ങള്‍ക്ക് പ്രസക്തിയില്ല. അതാണ് ശരിയായ താക്കോല്‍. ഒന്നിനെ പവിത്രമായും മറ്റേതിനെ അപവിത്രമായും കാണുന്ന മനസ്സ് ചന്ദനത്തിരിയെ പോലെയാണ്, എരിഞ്ഞു തീരും, പക്ഷെ വളരെ പതുക്കെ. എല്ലാറ്റിനെയും ശിവമയമായി കാണുന്ന മനസ്സ് ഒരു പടക്കം പോലെയാണ്. പെട്ടെന്ന് പൊട്ടും.... മനസ്സില്‍ ആദ്ധ്യാത്മീക പ്രഭ നിറയും.