പുതുവത്സരാരംഭത്തില്‍ നമ്മുടെ ഇഷ്ടാനിഷ്ടങ്ങള്‍ - അവയെ ഒന്നൊന്നായി ഒഴിവാക്കാം എന്നൊരു തീരുമാനം നമുക്കെടുക്കാം...ഇഷ്ടാനിഷ്ടങ്ങളാണ് ബന്ധനത്തിനു ഹേതുവാകുന്നത്.

രാവിലെ യോഗ ചെയ്യുന്നു. പിന്നെ ദിവസം മുഴുവന്‍ നിത്യജീവിതത്തിന്റെ തിരക്കുകള്‍. മാറിമാറിവരുന്ന ആളുകള്‍, അനുഭവങ്ങള്‍. ഇതിനിടയില്‍ എങ്ങനെയാണ് മനസ്സില്‍ സദാ ആദ്ധ്യാത്മികബോധം നിലനിര്‍ത്തുക? സദ്ഗുരു, അങ്ങയുടെ നിര്‍ദ്ദേശമെന്താണ്?

jaggi vasudev 5ആദ്ധ്യാത്മികതയെ കുറിച്ച് വേണ്ടുവോളം പറഞ്ഞിട്ടുണ്ട്. പുറത്തുനിന്ന് നമ്മുടെ ഉള്ളിലേക്ക് ഇറക്കുമതി ചെയ്യേണ്ടുന്ന ഒന്നല്ല അത്. ആദ്ധ്യാത്മികത - അത് നമ്മള്‍തന്നെയാണ്. അവനവന്റെ ഉള്ളില്‍ത്തന്നെയുള്ള ഒന്നിനെ ഒരാള്‍ തേടുന്നു.

സ്വയം ആരാണ്, എന്താണ് എന്നൊക്കെ അറിയാനുള്ള ശ്രമം നടത്തുന്നു. ഒരാളുടെ ശാരീരികവും മാനസികവുമായ കെട്ടുപാടുകളെ ആസ്പദമാക്കിയിട്ടാണ് ഈ മാര്‍ഗത്തിലെ വിജയം. ഒപ്പം സ്വന്തം കര്‍മ്മവാസനകള്‍ക്കും അതില്‍ വലിയ പങ്കുണ്ട്.

നിങ്ങളുടെ കര്‍മ്മവാസനകള്‍ക്കനുസരിച്ചാണ് നിങ്ങളുടെ ഭൗതീകമായ സാഹചര്യങ്ങളും നിങ്ങളുടെ മാനസികാവസ്ഥയും രൂപപ്പെടുന്നത്. മാനസികവും, ഭൗതീകവുമായ ചുറ്റുപാടുകളില്‍ നിങ്ങള്‍ എത്രത്തോളം കുരുങ്ങിക്കിടക്കുന്നു എന്നത് നിങ്ങള്‍ വഹിക്കുന്ന കര്‍മ്മവാസനകളുടെ ഉള്ളടക്കത്തെ ആശ്രയിച്ചിരിക്കും.

എന്തെങ്കിലുമൊക്കെയായി താദാത്മ്യം പ്രാപിക്കുക എന്ന പ്രക്രിയ നിങ്ങളുടെ ജീവിതവും നിങ്ങളുടെ സാമൂഹ്യവ്യവസ്ഥകളുമായി ഒട്ടിച്ചേര്‍ന്നു കിടക്കുന്നു.
ഉദാഹരണത്തിന്, നിങ്ങള്‍ കൈക്കുഞ്ഞായിരുന്ന സമയം നിങ്ങളത്ര ഓമനത്തം തുളുമ്പുന്ന പ്രകൃതിക്കാരനൊന്നും അല്ലായിരുന്നിരിക്കാം. പക്ഷെ അപ്പോഴും അച്ഛനമ്മമാര്‍ക്ക് നിങ്ങള്‍ ഓമന തന്നെയായിരുന്നു. അതുകൊണ്ടാണല്ലോ നിങ്ങളുടെ ഡയപ്പര്‍ അറപ്പില്ലാതെ മാറ്റിയും, നിങ്ങളുടെ വാശിയും വീറുമൊക്കെ സഹിച്ചും, ഉറക്കമൊഴിച്ചും സ്‌നേഹത്തോടെ അവര്‍ നിങ്ങളെ വളര്‍ത്തിക്കൊണ്ടുവന്നത്.

നമ്മുടെ ചുറ്റുപാടുകള്‍ ചിലതിനെ ഇഷ്ടപ്പെടാനും മറ്റു ചിലതിനെ വെറുക്കാനും നമ്മെ ശീലിപ്പിക്കുന്നു. ഒരു കാമുകിയുണ്ടെങ്കില്‍ അവളുടെ ഗുണങ്ങളെയെല്ലാം പെരുപ്പിച്ചു കാണാനാകും നമ്മുടെ പ്രവണത. അതേസമയം ഇഷ്ടമില്ലാത്ത ഒരു വ്യക്തിയുടെ തെറ്റും കുറവുകളും കണ്ടുപിടിക്കാന്‍ അതീവ സാമര്‍ത്ഥ്യമാണ്. ഇല്ലാത്ത തെറ്റുകുറ്റങ്ങള്‍ കണ്ടുപിടിക്കുകയും ചെയ്യും. ഒരു മനുഷ്യന്‍ എന്ന നിലയിലല്ല, ഒരു വ്യക്തി എന്ന നിലയ്ക്ക് നിങ്ങളുടെ നിലനില്‍പ്പിന് ആശ്രയം നിങ്ങളുടെ ഇഷ്ടങ്ങളും ഇഷ്ടക്കേടുകളുമാണ്. അതു രണ്ടുമാണ് നിങ്ങളുടെ വ്യക്തിത്വത്തെ അടയാളപ്പെടുന്നത്, നിങ്ങളെ മറ്റൊരാളില്‍ നിന്നും വ്യത്യസ്തനാക്കുന്നത്. ഇഷ്ടാനിഷ്ടങ്ങളെ ഒഴിവാക്കാം

പുതുവര്‍ഷം തുടങ്ങുകയല്ലേ. ഈ ഒന്നാം തീയതി മുതല്‍ ഒരുശ്രമം നമുക്കു നടത്തി നോക്കാം. ഒരിഷ്ടത്തേയും ഒരനിഷ്ടത്തേയും തിരഞ്ഞെടുക്കുക, എന്നിട്ട് പതുക്കെ പതുക്കെ അവയെ കൈവിട്ടുക്കളയുക. പെട്ടെന്നു വേണ്ട, ഒരു മാസത്തിനുള്ളില്‍ മതി. എല്ലാ മാസവും ഇതാവര്‍ത്തിക്കാം. നിങ്ങളുടെ വ്യക്തിത്വത്തിന്റെ ഭാഗം എന്ന് നിങ്ങള്‍ തെറ്റായി ധരിച്ചുവെച്ചിട്ടുള്ളതാണ് ഈ ഇഷ്ടാനിഷ്ടങ്ങള്‍. ഇത് നിങ്ങളുടെതന്നെ സൃഷ്ടിയാണ്. ആ ഒട്ടലില്‍നിന്നും വിട്ടുപോരാനായാല്‍ നിങ്ങളുടെ വ്യക്തിത്വത്തിന് ബൃഹത്തായ മാറ്റം സംഭവിക്കും. എന്തിനോടും പൊരുത്തപ്പെടാനുള്ള ഒരു മാനസികാവസ്ഥയുണ്ടാകും. അതുകൊണ്ടുതന്നെ മനസ്സിന് വലിയൊരു ലാഘവവും അനുഭവപ്പെടും.

jaggi vasudev

സ്വന്തം വ്യക്തിത്വത്തില്‍ പിടിമുറുക്കി നിന്നുകൊണ്ട് ആര്‍ക്കും ആദ്ധ്യാത്മികമായി ഉയരാനാവില്ല. 'നീയും' 'ഞാനും' ഇല്ലാത്തൊരവസ്ഥ, അതാണ് ശരിയായ ആദ്ധ്യാത്മികത. എന്നും എപ്പോഴും ജീവന്റെ സ്പന്ദനം മാത്രം. മരത്തിലും, മനുഷ്യനിലും, മൃഗത്തിലും, പുഴുവിലും ഒരേ പ്രാണസ്പന്ദനം. ആര് ഏതു തരത്തിലുള്ള രൂപമെടുക്കുന്നു, ഏതുവിധത്തില്‍ പെരുമാറുന്നു, അതിന്റെയെല്ലാം പിറകില്‍ സ്വന്തം ഇഷ്ടാനിഷ്ടങ്ങള്‍ക്ക് വലിയൊരു പങ്കുണ്ട്. ഇഷ്ടങ്ങളും അനിഷ്ടങ്ങളുമായി നിങ്ങള്‍ സ്വയം പരിമിതപ്പെടുത്തുകയാണ്.

ചില പ്രത്യേക സന്ദര്‍ഭങ്ങളില്‍ - ആദ്ധ്യാത്മികാനുഷ്ഠാനങ്ങള്‍ അഭ്യസിക്കുമ്പോള്‍, സത്സംഗങ്ങളില്‍ പങ്കു ചേരുമ്പോള്‍, ആ വേലിക്കെട്ടില്‍നിന്ന് നിങ്ങള്‍ പുറത്തുവരുന്നുണ്ടാകാം. എന്നാല്‍ അതുകഴിയുന്ന താമസം വീണ്ടും നിങ്ങളതിനകത്താകും.

ഇന്ത്യയില്‍ കാലാകാലങ്ങളിലായി തുടര്‍ന്നു വരുന്ന ഒരു പതിവുണ്ട്. ഏതെങ്കിലും തീര്‍ത്ഥസ്ഥാനം സന്ദര്‍ശിച്ചാല്‍ പ്രിയപ്പെട്ടതെന്തെങ്കിലും ഉപേക്ഷിച്ചിട്ടാണ് അവിടെ നിന്നും മടങ്ങുക. നിങ്ങളോട് അങ്ങനെയൊന്നും ചെയ്യാന്‍ ഞാന്‍ പറയുന്നില്ല. മനസ്സുകൊണ്ട് ഇഷ്ടാനിഷ്ടങ്ങളുടെ പട്ടികയില്‍നിന്നും എന്തെങ്കിലുമൊന്ന് മായ്ച്ചുകളയുക. ആ പ്രത്യേക സംഗതിയോട് ഇനി മുതല്‍ തനിക്ക് ഇഷ്ടവുമില്ല അനിഷ്ടവുമില്ല എന്ന് തീരുമാനിക്കുക. അതില്‍നിന്നും ഒഴിഞ്ഞുമാറാന്‍ ശ്രമിക്കേണ്ട. അങ്ങനെ ചെയ്യുമ്പോള്‍ അതിനോട് ഒരെതിര്‍പ്പു കാണിക്കുന്നത് പോലെയാകും.

ഒരു കാലത്തെ ഇഷ്ടം ഇപ്പോള്‍ അനിഷ്ടമായി. അന്ന് ഇഷ്ടമില്ലാതിരുന്ന വസ്തുവിനോട് ഇപ്പോള്‍ ഇഷ്ടം തോന്നുന്നു. വസ്തുക്കള്‍ മാറി എന്നതിനപ്പുറം കാര്യമായ മാറ്റമൊന്നും അതുകൊണ്ട് സംഭവിക്കുന്നില്ല. അതുപോലെതന്നെയാണ് വ്യക്തികളോടു തോന്നുന്ന ഇഷ്ടാനിഷ്ടങ്ങള്‍. ഒരു കുരങ്ങനെപോലെ ഒരു കൊമ്പില്‍നിന്നും മറ്റൊന്നിലേക്ക് നിങ്ങള്‍ ചാടിക്കളിക്കുകയാണ്.

സ്‌നേഹവും ദേഷ്യവും പരസ്പരബന്ധമുള്ളതാണ്. ഒരിക്കല്‍ ഇഷ്ടമുണ്ടായിരുന്നതിനോട് ഇപ്പോള്‍ വെറുപ്പു തോന്നുക എന്നത് നിമിഷ നേരംകൊണ്ട് സംഭവിക്കുന്നതാണ്. വ്യക്തികളുടെ കാര്യത്തില്‍ ഇത് സാധാരണയാണ്. ഒരു കാലത്ത് വളരെ അടുപ്പമുണ്ടായിരുന്ന ആളോട് ഇപ്പോള്‍ കടുത്ത ശത്രുത, വഴിയിലെവിടെയോ സ്‌നേഹം വെറുപ്പായി മാറി.

പെരുവഴിയില്‍ കാണുന്ന ഒരാളുടെ നേരെ ആര്‍ക്കും സ്‌നേഹവും ദേഷ്യവും തോന്നാറില്ല. ജാതി, മത, വര്‍ഗവിദ്വേഷങ്ങള്‍ വെച്ചു പുലര്‍ത്തുന്നവര്‍ക്കു മാത്രമേ അങ്ങനെ ഒറ്റനോട്ടത്തില്‍ സ്‌നേഹവും ദേഷ്യവും ഒക്കെ തോന്നൂ. ഇഷ്ടമുള്ളവര്‍ നമുക്ക് ഇഷ്ടമില്ലാത്ത കാര്യങ്ങള്‍ ചെയ്യുമ്പോള്‍ അവരോട് കഠിനമായ ഇഷ്ടക്കേടു തോന്നുക സ്വാഭാവികമാണ്.

ഇഷ്ടമില്ലാത്തതിനെ ഇഷ്ടപ്പെടാന്‍ ശ്രമിക്കുക, ഇഷ്ടമുള്ളതിനോട് അകല്‍ച്ച പാലിക്കുക, രണ്ടും ഒരുപോലെ മനസ്സില്‍ സംഘര്‍ഷം വളര്‍ത്തും. ഇഷ്ടാനിഷ്ടങ്ങളെ പാടെ വിട്ടുകളയുക എന്നതാണ് എന്റെ നിര്‍ദ്ദേശം. അതിന് ബോധപൂര്‍വ്വമുള്ള ശ്രമം വേണം. ഒരു മാസത്തെ കാലാവധിയുമാവാം. ഒരിഷ്ടവും, ഒരനിഷ്ടവും, ഒരു മാസത്തിനുള്ളില്‍ രണ്ടും വിട്ടുകളയുക. അടുത്തമാസം ഇനിയൊരിഷ്ടവും, ഇനിയൊരു അനിഷ്ടവുമാവട്ടെ.

jaggi vasudev 3

വിട്ടുകളയുന്നത് ഒരിഷ്ട പദാര്‍ത്ഥമാകാം, അല്ലെങ്കില്‍ ഇഷ്ടമുള്ള ഒരു വ്യക്തിയേയോ സ്വായത്തമാക്കിയ ശീലത്തേയോ ആകാം. നിങ്ങളുടെ കൂട്ടത്തില്‍ ജോലി ചെയ്യുന്ന നിങ്ങള്‍ക്കിഷ്ടമില്ലാത്ത ഒരാളുമായി കൂടുതല്‍ സമയം ചിലവഴിക്കാം. ആര്‍ എന്ത് എന്നുള്ളതല്ല ഇവിടെ മുഖ്യം; അവനവനെ ഭരിക്കുന്ന ഇഷ്ടാനിഷ്ടങ്ങളെ ഒഴിവാക്കുന്നു എന്നതാണ്. ഇഷ്ടമുള്ള ഒരു ഭക്ഷണത്തിന്റെ കാര്യമെടുക്കാം. ആരെങ്കിലും വിളമ്പിയാല്‍ മാറ്റിവെക്കാതെ നിങ്ങള്‍ കഴിക്കുന്നു. എന്നാല്‍ അതിനോട് പ്രത്യേകിച്ചൊരു പ്രതിപത്തി നിങ്ങളുടെ മനസ്സിലില്ല.

ഗൗതമബുദ്ധന്റെ ജീവിതത്തിലെ അതീവ ഹൃദ്യമായ ഒരു സംഭവം. സന്യാസദീക്ഷ സ്വീകരിക്കുന്ന സമയത്ത് ഭിക്ഷുക്കള്‍ക്ക് കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കാറുണ്ട്. ഈഷയിലുമുണ്ട് ഈ പതിവ്. അതില്‍ ഒന്ന് ആഹാരത്തെ സംബന്ധിച്ചാണ്. കിണ്ണത്തില്‍ വിളമ്പിയിട്ടുള്ളത് ഇഷ്ടമൊ ഇഷ്ടക്കേടോ ഇല്ലാതെ കഴിക്കുക. ദേഹരക്ഷ മാത്രമാണ് ആഹാരത്തിന്റെ ഉദ്ദേശം. അതിന്റെ പ്രതി പ്രീതീയൊ അപ്രീതീയൊ പ്രകടിപ്പിക്കാതെ വിളമ്പിയതെന്തായാലും സന്തോഷത്തോടെ കഴിക്കുക. ഒന്നും ഒഴിവാക്കേണ്ട, ഒന്നിനോടും പ്രത്യേകിച്ചൊരു അഭിരുചിയും വേണ്ട.

ബുദ്ധനും ഭിക്ഷുക്കളോട് എപ്പോഴും പറയാറുണ്ട്: ''ഭിക്ഷയായി തരുന്നതെന്തോ അത് അനുഭവിക്കുക. തേടുകയും തിരഞ്ഞെടുക്കുകയുമരുത്.'' ഭാരതത്തില്‍ പണ്ടുകാലം മുതലേയുള്ള ഒരു സമ്പ്രദായമാണ്; ആദ്ധ്യാത്മിക മാര്‍ഗത്തില്‍ ചരിക്കുന്നവരെ സര്‍വാത്മനാ പിന്‍താങ്ങുന്നു. അവരെ ഏതെങ്കിലും തരത്തില്‍ അലോസരപ്പെടുത്തുകയൊ, അപമാനിക്കുകയൊ ചെയ്യുന്നത് ഘോരാപരാധമായാണ് കണക്കാക്കിയിരുന്നത്. സാധകരും, തപസ്വികളും ഫലമൂലാദികളാണ് കഴിക്കുക എന്ന് എല്ലാവര്‍ക്കും അറിയാമായിരുന്നു, അതുകൊണ്ട് അങ്ങനെയുള്ള ഭക്ഷണം മാത്രമേ ഭിക്ഷയായി അവര്‍ക്ക് നല്‍കാറുള്ളു.

ഒരുദിവസം ഗൗതമന്റെ രണ്ടു ശിഷ്യന്മാര്‍ ഭിക്ഷക്കായി ഒരു ഗ്രാമത്തില്‍ ചെന്നു. അതിനിടയില്‍, ഒരു കഷണം ഇറച്ചിയും കൊത്തിയെടുത്ത് പറന്നുപോകുന്ന ഒരു കാക്കയുടെ കൊക്കില്‍നിന്നും ആ കഷണം താഴേക്കു വീണു. വന്നുവീണത് ഒരു ഭിക്ഷുവിന്റെ ഭിക്ഷാപാത്രത്തില്‍. അവര്‍ കൂടുതല്‍ ആലോചിക്കാനൊന്നും നിന്നില്ല. അതുംകൊണ്ട് ബുദ്ധനെ സമീപിച്ചു.

"കിട്ടുന്നതെന്തായാലും അതു കഴിക്കുക എന്ന് അങ്ങു പറയാറുണ്ടല്ലൊ' ഭിക്ഷു ബുദ്ധന്റെ മുമ്പില്‍ തന്റെ സംശയം തുറന്നു പറഞ്ഞു. 'അതേസമയം മാംസാഹാരം അരുത് എന്നും കര്‍ശനമായി പറഞ്ഞിട്ടുണ്ട്. ഇന്ന് ഞങ്ങളുടെ പാത്രത്തില്‍ വന്നു വീണിരിക്കുന്നത് ഈ ഇറച്ചിത്തുണ്ടാണ്. ഗുരോ, ഞങ്ങളെന്താണ് ചെയ്യേണ്ടത്?'

ഗൗതമന്‍ തന്റെ ശിഷ്യന്മാരുടെ മുഖത്തേക്കും ആ ഇറച്ചി കഷണത്തിലേക്കും ശ്രദ്ധാപൂര്‍വ്വം നോക്കി. അദ്ദേഹം മനസ്സില്‍പറഞ്ഞു, ലളിതമായൊരു സംഗതിയെ ഇവര്‍ വളരെ സങ്കീര്‍ണ്ണമായൊരു പ്രശ്‌നമാക്കിയിരിക്കുന്നു. കാക്കയുടെ കൊക്കില്‍നിന്നും വഴുതിപ്പോയത് അതിന്റെ ഇരയാണ്. സാധാരണഗതിയില്‍ കാക്ക തിരിച്ചുവന്ന് അത് കൊത്തിക്കൊണ്ടുപോകും. അതിന് കാത്തുനില്‍ക്കാന്‍ ഇവര്‍ ക്ഷമകാട്ടിയില്ല. തന്റെ മുമ്പില്‍വന്ന് ഒരു ആദ്ധ്യാത്മിക സംവാദത്തിന് തുനിയുകയാണ് അവര്‍ ചെയ്യുന്നത്.

"മാംസമാണ് ആരെങ്കിലും ഭിക്ഷയായി തരുന്നുതെങ്കില്‍ അതു കഴിക്കാം. സസ്യാഹാരം വേണമെന്ന് ശാഠ്യം പിടിക്കരുത്,' ബുദ്ധന്‍ അങ്ങനെ അവരോടു പറഞ്ഞിരുന്നുവെങ്കില്‍, അവര്‍ അവനവന്റെ ഇഷ്ടപ്രകാരമുള്ള ഭക്ഷണം ഗൃഹസ്ഥന്മാരോട് യാചിക്കാന്‍ തുടങ്ങും. അതുകൊണ്ട് ഗൗതമന്‍ പറഞ്ഞു.
'ആ ഇറച്ചിക്കഷ്ണം ഭക്ഷിക്കു, ഇപ്പോള്‍, ഇവിടെ വച്ച്, എന്റെ മുമ്പില്‍വെച്ച്.'അതുകേട്ട് അവിടെയുണ്ടായിരുന്ന ശിഷ്യന്മാരെല്ലാം അന്തംവിട്ടു നിന്നുപോയി.

കൈയില്‍ വരുന്നത് തിന്നുക എന്ന് ബുദ്ധന്‍ പറഞ്ഞത് ദീര്‍ഘവീക്ഷണത്തോടു കൂടിയായിരുന്നു. ഇനി വരുന്ന സഹസ്രാബ്ധങ്ങളില്‍ ഒരു കാക്ക എത്ര തവണ ഒരു ഭിക്ഷുവിന്റെ പാത്രത്തില്‍ ഇതുപോലെ ഇറച്ചികഷണം കൊണ്ടുവന്നിടും? നിങ്ങള്‍ യഥാര്‍ത്ഥത്തില്‍ ആത്മീയപാത സ്വീകരിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ചെയ്യേണ്ടതിതാണ്.

നിങ്ങളുടെ വ്യക്തിത്വത്തിന് രൂപഭാവങ്ങള്‍ നല്‍കുന്നത് നിങ്ങളുടെ ഇഷ്ടാനിഷ്ടങ്ങളാണ്, അവയെ മുറുകെപിടിച്ചുകൊണ്ട് ആത്മീയമായി വളരാന്‍ ഒരുകാലത്തും സാധിക്കുകയില്ല, വ്യക്തിബോധം അസ്തമിക്കുമ്പോള്‍ മാത്രമേ സമഷ്ടിബോധം ഉദിക്കുകയുള്ളൂ. അതുകൊണ്ട് ഇന്നുതന്നെ തുടങ്ങണം ഇഷ്ടാനിഷ്ടങ്ങള്‍ ഉപേക്ഷിക്കാനുള്ള പരിശ്രമം. 'ഞാനെന്ന ഭാവം' ഒഴിഞ്ഞു കിട്ടാന്‍ അതുമാത്രമാണൊരു വഴി. എന്നാല്‍ പിന്നെ ഇഷ്ടാനിഷ്ടങ്ങള്‍ ഒന്നൊന്നായി ഒഴിവാക്കുന്ന പണി ഈ ഞായറാഴ്ച, ഒന്നാം തീയതി തന്നെ തുടങ്ങാം, അല്ലെ?