ഏതാനും ദിവസം മുമ്പ് ഒരാള്‍ എന്നോടു ചോദിച്ചു, ഞാനൊരു ശിവഭക്തനാണോ എന്ന്. കുറെപേര്‍ക്ക് ആരോടെങ്കിലും തീവ്രമായ ആരാധന തോന്നിയാല്‍ താമസിയാതെ അവിടെ അവരുടെതായ ഒരു കൂട്ടായ്മ - ഒരു ഫാന്‍സ് ക്ലബ് രൂപപ്പെടുകയായി. ആ അര്‍ത്ഥത്തില്‍ ഞാനൊരു ശൈവാരാധകനല്ല. പിന്നെ എന്താണ് എന്നല്ലേ?
സത്യം മറ്റൊന്നാണ്. അത് ഞാന്‍ നിങ്ങളുമായി പങ്കുവെക്കാം. ഒരു വ്യക്തിയുടെ കാര്യം പറയുമ്പോള്‍ നമ്മള്‍ അദ്ദേഹത്തെ വിലയിരുത്തുന്നത് അദ്ദേഹം സമൂഹത്തിനു നല്‍കിയിട്ടുള്ള സംഭാവനകള്‍ പരിഗണിച്ചാണ്. ഒരു പക്ഷെ ആ സംഭാവനകള്‍ ഒരേയൊരു തലമുറയ്ക്കുമാത്രം വേണ്ടിയുള്ളതാകാം. ചിലപ്പോള്‍ അവ തുടര്‍ന്നു വരുന്ന തലമുറകളെ കൂടി സ്വാധീനിക്കുന്നതാവാം.
ഈ ഭൂമിയില്‍ എത്രെയെത്രെ മഹാത്മാക്കള്‍ ജീവിച്ചിട്ടുണ്ട് - അവരെല്ലാവരും മറ്റുള്ളവര്‍ക്ക് വേണ്ടി പലവിധ ത്യാഗങ്ങളും സേവനങ്ങളും അനുഷ്ടിച്ചിട്ടുള്ളവരാണ്. ചിലര്‍ ത്യാഗത്തിന്റെ തരംഗങ്ങളുയര്‍ത്തി, മറ്റുചിലര്‍ ധ്യാനത്തിന്റെതും. വേറെ ചിലര്‍ ശ്രമിച്ചത് സമൂഹത്തിന്റെ സാമ്പത്തിക പുരോഗതിക്കു വേണ്ടിയായിരുന്നു. എല്ലാവരും പ്രവര്‍ത്തിച്ചത് അതാതു കാലത്തിന്റെ സാഹചര്യങ്ങള്‍ക്കും ആവശ്യങ്ങള്‍ക്കും അനുസരിച്ചിട്ടായിരുന്നു. അങ്ങിനെയുള്ള ഒരാളായിരുന്നു മഹാത്മാഗാന്ധി.
ഒരു തരത്തിലും ഞാനദ്ദേഹത്തെ നിസ്സാരവത്കരിക്കുകയാണെന്ന് തോന്നരുത്. സ്വാതന്ത്ര്യത്തിന് മുമ്പുള്ള കാലമായിരുന്നു അത്. അദ്ദേഹത്തിന്റെ വാക്കും ചിന്തയും പ്രവര്‍ത്തിയും എല്ലാം ഗാന്ധിജിയെ വളരെ ഉയര്‍ന്ന ഒരു തലത്തിലേക്കുയര്‍ത്തി. ആ കാലഘട്ടത്തിന് ഏറ്റവും അനുയോജ്യനായ ഒരു വ്യക്തിയായിരുന്നു ഗാന്ധിജി. അദ്ദേഹം ഈ നാട്ടിന് നല്‍കിയ സേവനവും അവിശ്വസനീയമാം വിധം മഹനീയമായിരുന്നു.
എന്നാല്‍ ഇന്ന് ആ പ്രസക്തി അതുപോലെ നിലനില്‍ക്കുന്നു എന്ന് പറയാന്‍ വയ്യ. അതുപോലെയാണ് മാര്‍ട്ടിന്‍ ലൂതര്‍ കിങ്ങിന്റെ കാര്യവും. വര്‍ണ്ണവിവേചനം ശക്തമായി നിലകൊണ്ടിരുന്ന കാലത്ത് അദ്ദേഹത്തെപ്പോലെ ഒരാളുടെ സാന്നിദ്ധ്യം തീര്‍ത്തും ആവശ്യമായിരുന്നു. എന്നാല്‍ അങ്ങിനെയൊരു സാഹചര്യം അവിടെ ഉണ്ടായിരുന്നില്ല എങ്കില്‍ അങ്ങനെയൊരാളുടെ ആവശ്യവും അവിടെ ഉണ്ടാകുമായിരുന്നില്ല. പലരില്‍ ഒരാളായി അദ്ദേഹത്തിന്റെ കാലവും കൊഴിഞ്ഞു പോകുമായിരുന്നു.
ചരിത്രത്തിന്റെ വഴിയെ പിന്തിരിഞ്ഞു നടന്നാല്‍ ഒട്ടനവധി മഹദ് വ്യക്തികളെ കാണാനാകും. അവര്‍ ജീവിച്ചിരുന്ന കാലഘട്ടത്തിലെ ആപത്കരവും ആശങ്കാജനകവുമായ പരിതസ്ഥിതികളാണ് അവര്‍ക്ക് ആ മഹത്വം നേടികൊടുത്തത് എന്നും നമുക്ക് മനസ്സിലാക്കാന്‍ സാധിക്കും. കാര്യമായ എന്തോ ഒന്നിന്റെ അഭാവം അഥവാ ധാര്‍മ്മീകമായ ഒരു അധ:പതനം ആ കാലഘട്ടങ്ങളെ സാരമായി ബാധിച്ചിരുന്നതായി കാണാം.
ഉദാഹരണത്തിന് ഗൌതമബുദ്ധനെ എടുക്കാം. അര്‍ത്ഥശൂന്യമായ ആചാരാനുഷ്ഠാനങ്ങള്‍ കൊണ്ട് സമൂഹം ദുഷിച്ചു പോകുന്ന ഒരു കാലത്താണ്, അതിന്റെയൊന്നും അകമ്പടിയില്ലാത്ത ശുദ്ധമായ ഒരു ആത്മീയ സന്ദേശവുമായി അദ്ദേഹം രംഗപ്രവേശം ചെയ്തത്. അത് സമൂഹം സര്‍വാത്മനാ സ്വീകരിക്കുകയും ചെയ്തു. ആചാരങ്ങളും അനുഷ്ഠാനങ്ങളും യാഗഹോമാദികളും അന്ധവിശ്വാസങ്ങളും ജനജീവിതത്തെ വീര്‍പ്പുമുട്ടിച്ചിരുന്ന ഒരു കാലമല്ലായിരുന്നു അത് എങ്കില്‍ ബുദ്ധന്റെ സിദ്ധാന്തങ്ങള്‍ക്ക് കാര്യമായ പ്രചാരം ലഭിക്കുകയില്ലായിരുന്നു.
ശ്രീകൃഷ്ണന്റെ കാര്യം പലവിധത്തിലും ശ്രദ്ധാര്‍ഹമാണ്. എന്നാലും സമൂഹത്തില്‍ സംഘര്‍ഷങ്ങള്‍ നിലനിന്നിരുന്നില്ലെങ്കില്‍, കൌരവ പാണ്ഡവന്മാര്‍ തമ്മിലുള്ള ഘോരമായ ആ പോരാട്ടം നടന്നില്ലായിരുന്നുവെങ്കില്‍ ശ്രീകൃഷ്ണനും ഒരു പ്രാദേശീക വീരനായകനില്‍ കവിഞ്ഞൊരു സ്ഥാനം ലഭിക്കുമായിരുന്നില്ല. ശ്രീ രാമന്റെ കാര്യവും വ്യത്യസ്തമല്ല. അദ്ദേഹത്തിന്റെ പത്‌നിയെ രാവണന്‍ തട്ടികൊണ്ടുപോയതുകൊണ്ടുമാത്രമാണ് രാമനാമം ഇത്രയും വാഴ്ത്തപ്പെടാന്‍ ഇടയായത്. ഇല്ലായിരുന്നുവെങ്കില്‍ ശ്രീരാമനും ഇക്ഷ്വാകുവംശത്തിലെ പല രാജാക്കന്മാരില്‍ ഒരാളായി ചരിത്രത്തിന്റെ താളുകളില്‍ മറഞ്ഞു കിടന്നേനെ.
ഒരു പക്ഷെ മഹാനായ ഒരു രാജാവായി മാത്രം രാമനെ ജനങ്ങള്‍ കുറേക്കാലം ഓര്‍ത്തേനെ, പിന്നെ, പതിവുപോലെ മറന്നുപോയേനെ. ലങ്കാദഹനവും രാമരാവണ യുദ്ധവും സംഭവിച്ചില്ലായിരുന്നുവെങ്കില്‍ സീതയേയും നമ്മള്‍ ഓര്‍ക്കുമായിരുന്നില്ല. എന്നാല്‍ ആദിയോഗിയായ ശിവന്റെ കാര്യം വ്യത്യസ്തമാണ്. ഇതുപോലെയുള്ള മഹാ സംഭവങ്ങളൊന്നും അവിടുത്തെ കുറിച്ച് പറയാനില്ല. ഘോരമായ യുദ്ധങ്ങളോ ഭയാനകമായ സംഘര്‍ഷങ്ങളോ ഇല്ല. പ്രത്യേകിച്ച് ഒരു കാലത്തിന്റേയോ ദേശത്തിന്റേയോ ആവശ്യങ്ങള്‍ നിറവേറ്റാനായി അവതരിച്ചുവെന്നും പറയാനാവില്ല. അദ്ദേഹം ചെയ്തത് മനുഷ്യചേതനയെ ഉയര്‍ത്തികൊണ്ടുവരാനുള്ള മാര്‍ഗങ്ങളും ഉപാധികളും കാട്ടിത്തന്നു എന്നതാണ്.
അവയാകട്ടെ കാലാകാലങ്ങളിലേക്കും പ്രസക്തവുമാണ്. ജനങ്ങള്‍ ഭക്ഷണവും വസ്ത്രവും പാര്‍പ്പിടവും സമാധാനവും സ്‌നേഹവും ഇല്ലാതെ കഷ്ടപ്പെടുമ്പോള്‍, അതെല്ലാം അവര്‍ക്ക് കണ്ടറിഞ്ഞു കൊടുക്കുന്ന ആരും അവരുടെ കണ്ണില്‍ മഹാത്മാവാകും. അദ്ദേഹമായിരിക്കും ആ കാലഘട്ടത്തിലെ മഹാസംഭവം. എന്നാല്‍ അങ്ങിനെയുള്ള ഇല്ലായ്മകളും വല്ലായ്മകളും ഒന്നും വലക്കാത്ത ശാന്തവും സന്തുഷ്ടവുമായ ഒരു സമൂഹത്തിന് യഥാര്‍ത്ഥത്തില്‍ എന്താണാവശ്യം? ആത്മീയമായി വളരണം, മനുഷ്യനെന്ന നിലയിലുള്ള സര്‍വ സാദ്ധ്യതകളെയും സഫലീകരിക്കണം.
ശിവന്‍ എന്ന മഹാത്മാവിനു മാത്രമേ നമ്മള്‍ മഹാദേവന്‍ എന്ന ബഹുമതി അര്‍പ്പിക്കുന്നുള്ളൂ. ആ വിശേഷണത്തിനു പിന്നിലുള്ള ബുദ്ധിശക്തിയും, ദര്‍ശനവും, ജ്ഞാനവുമൊക്കെ അപാരമാണ്, ആര്‍ക്കും മറികടക്കാനാവാത്തതാണ്. നിങ്ങള്‍ ആരാണ്, എവിടെയാണ് ജനിച്ചത്, എതു മതക്കാരനാണ്, പുരുഷനാണോ, സ്ത്രീയാണോ, എന്നതൊന്നും പ്രസക്തമല്ല. ആദിയോഗി കാണിച്ചു തന്ന മാര്‍ഗം എല്ലാവര്‍ക്കും എല്ലാകാലത്തും പിന്തുടരാനുള്ളതാണ്. ജനം ആദിയോഗിയെ വിസ്മരിച്ചേക്കാം, എന്നാലും അദ്ദേഹം നിര്‍ദ്ദേശിച്ച പാത കൈയൊഴിയുകയില്ല, കാരണം മനുഷ്യന്റെ ഒരു സാധ്യതയേയും അദ്ദേഹം തള്ളികളഞ്ഞിട്ടില്ല.
ഓരോന്നിനെയും തിരിച്ചറിഞ്ഞ് അതിനെ പൂര്‍ണ്ണമായും വികസിപ്പിക്കാനുള്ള വഴികള്‍ അദ്ദേഹം നിര്‍ദ്ദേശിക്കുന്നു. ആദിയോഗി ഒരുപദേശവും തന്നിട്ടില്ല, ഒരു പരിഹാരവും മുന്നോട്ടുവെച്ചിട്ടില്ല. ആരെങ്കിലും അത്തരം പ്രശ്‌നങ്ങളുമായി മുമ്പില്‍ വന്നാല്‍ തന്നെയും നിസംഗനായി കണ്ണടച്ച് മൌനം പാലിക്കുകയായിരുന്നു അദ്ദേഹത്തിന്റെ പതിവ്.
മനുഷ്യന്റെ സഹജമായ പ്രകൃതത്തെ ആഴത്തില്‍ മനസ്സിലാക്കുന്നതില്‍, ഓരോ മനുഷ്യന്റേയും തനതായ സ്വഭാവത്തെ വിലയിരുത്തുന്നതില്‍ ആദിയോഗി നല്‍കിയിട്ടുള്ള സംഭാവനകള്‍ എല്ലാ കാലത്തേക്കുമുള്ളതാണ്; ഏതെങ്കിലും ഒരു കാലയളവിലേക്കു മാത്രമായുള്ളതല്ല. ഒന്നുമില്ലായ്മ എന്തോ ഒന്നായി തീര്‍ന്നു, അതാണല്ലോ സൃഷ്ടി. ഉള്ളതിനെ ഇല്ലായ്മയിലേക്ക് എത്തിക്കാനുള്ള ഒരു വഴി ആദിയോഗി കണ്ടെത്തി. അതുകൊണ്ടാണ് നമ്മള്‍ അവിടുത്തെ ശി-വ എന്ന് വിളിക്കുന്നത്. ''ഇല്ലാത്തത്' എന്നാണ് അതിനര്‍ത്ഥം. ''ഇല്ലാത്ത ആ ഒന്ന്', ''എന്തോ ഒന്ന്' ആയി തീര്‍ന്നപ്പോള്‍ നമ്മള്‍ അതിനെ ബ്രഹ്മ എന്നു വിളിച്ചു.
നമ്മള്‍ ഇദ്ദേഹത്തെ ശിവ എന്നു വിളിച്ചു, കാരണം അദ്ദേഹം നമുക്ക് ആത്യന്തീകമായ മുക്തിയില്‍ എത്തിച്ചേരുവാനുള്ള പല മാര്‍ഗ്ഗങ്ങള്‍ കാണിച്ചു തന്നു. അതായത് ഉള്ളതായ എന്തോ ഒന്നില്‍ നിന്നും ഒന്നുമില്ലാത്ത ഒരവസ്ഥയില്‍ ചെന്നുചേരാന്‍ സാധിക്കുന്ന നിരവധി മാര്‍ഗ്ഗങ്ങള്‍. ശിവന്‍ എന്നത് ഒരു പേരല്ല, അതൊരു വിവരണമാണ്. ഒരാളെ ഡോക്ടര്‍, വക്കീല്‍, എഞ്ചിനീയര്‍ എന്നൊക്കെ പറയുന്നതുപോലെയാണത്. നമ്മള്‍ അദ്ദേഹത്തെ ശിവ എന്ന് പറയുന്നതിനു കാരണം, അദ്ദേഹം ജീവിതത്തെ ഇല്ലായ്മ ചെയ്യുന്നവനാണ്. ജീവിതത്തെ നശിപ്പിക്കുന്നവന്‍ എന്നൊരര്‍ത്ഥം അതിലെങ്ങനെയോ കടന്നുകൂടി.
അത് ശരിയല്ല. എന്നാല്‍ ഇനിയൊരു നിലക്ക് അത് ശരിയുമാണ്. ''നശിപ്പിക്കുന്നവന്‍' എന്നതില്‍ നിഷേധാത്മകമായ ഒരു ധ്വനിയുണ്ട്. ആ സ്ഥാനത്ത് മോക്ഷദന്‍ എന്നോ മുക്തിപ്രദന്‍ എന്നോ വിശേഷിപ്പിച്ചാല്‍ സന്തോഷത്തോടെ ജനങ്ങള്‍ അത് സ്വീകരിച്ചേനെ. കാലഗതിയിലെപ്പോഴോ ഇല്ലായ്മ ചെയ്യുന്നവന്‍ സംഹാരകനായി മാറി. അതോടെ ശിവനെപ്രതി ഒരു ഭയം കടന്നുകൂടുകയും ചെയ്തു. നമ്മള്‍ എന്ത് തന്നെ വിളിച്ചാലും അതവിടുത്തെ ബാധിക്കുന്നില്ല എന്നതാണ് സത്യം. അതാണ് ജ്ഞാനത്തിന്റെ സ്വഭാവം.
ജ്ഞാനം ഒരു പരിധിക്കപ്പുറത്തേക്കുയര്‍ന്നാല്‍, പിന്നെ അവിടെ ആചാര മര്യാദകള്‍ക്കൊന്നും പ്രസക്തിയില്ല. യാതൊരു തരത്തിലുള്ള വിലക്കുകള്‍ക്കും അവിടെ സ്ഥാനമില്ല. എന്ത് ചെയ്യണം, ചെയ്യണ്ട എന്ന് പറയേണ്ടത് മൂഡന്മാരോടാണ്. ആദിയോഗിയും ആരോടും പറഞ്ഞിട്ടില്ല, ഇന്നത് ചെയ്യണം, ഇന്നത് ചെയ്യരുത് എന്ന്. യോഗശാസ്ത്രത്തിലെ യമനിയമങ്ങളെല്ലാം പതഞ്ജലിയുടെ സൃഷ്ടികളാണ്. അത് ആദിയോഗിയുടെ കല്പനയല്ല. പതഞ്ജലിയുടെ കാലം വളരെ പിന്നീടുള്ളതാണ്.
ആദിയോഗിയെ ഇപ്പോഴും നമ്മള്‍ സ്മരിക്കുന്നു, പിന്തുടരുന്നു. യോഗശാസ്ത്രം പിന്നീട് പല ശാഖകളായി പിരിഞ്ഞു. ചിലത് തീരെ അസംബന്ധമാണ് എന്നുപോലും തോന്നാറുണ്ട്. ഒരു മുപ്പതു വര്‍ഷം മുമ്പ് എന്തെങ്കിലും അസുഖം തോന്നിയാല്‍ ഒരു ഡോക്ടറെ കണ്ടാല്‍ മതിയായിരുന്നു, ഇന്നാണെങ്കില്‍ ചുരുങ്ങിയത് ഒരു പതിനഞ്ച് പേരെയെങ്കിലും കാണണം. കണ്ണിനും കാതിനും കാലിനും രക്തത്തിനും എല്ലിനും ത്വക്കിനും തുടങ്ങി എല്ലാറ്റിനും വേറെ വേറെ ഡോക്ടര്‍മാര്‍. ഇനിയും എണ്ണം കൂടാനാണ് സാദ്ധ്യത. ഒരു നൂറു കൊല്ലം കഴിഞ്ഞാല്‍ സാധാരണ ഒരു ദേഹപരിശോധനക്ക് നൂറ്റിയമ്പത് ഡോക്ടര്‍മാരെയെങ്കിലും കാണേണ്ടിവരുമെന്ന സ്ഥിതിയിലേക്കാണ് ലോകം നീങ്ങുന്നത്.
നൂറ്റിയമ്പത് പേരെ കണ്ട് പരിശോധന കഴിപ്പിച്ച് ഫലം അറിയുമ്പോഴേക്കും, ഒന്നും വേണ്ട എന്ന തോന്നലാകും മനസ്സില്‍. ഒരുപക്ഷെ അതിന്റെ ആവശ്യവും കഴിഞ്ഞിട്ടുണ്ടാകും. അപ്പോള്‍ ആര്‍ക്കെങ്കിലും ഒരു ബുദ്ധി തോന്നും, എല്ലാം കൂട്ടിച്ചേര്‍ത്ത് ഒരു കുടുംബഡോക്ടര്‍ എന്ന നിലയിലേക്ക് കൊണ്ടുവരികയല്ലേ നല്ലത്. അതാണ് പതഞ്ജലി ചെയ്തത്. ആ കാലത്ത് ആയിരത്തി എണ്ണൂറോളം ശാഖകള്‍ യോഗശാസ്ത്രത്തിനുണ്ടായിരുന്നു എന്നാണ് പറയപ്പെടുന്നത്. ആ ശാസ്ത്രം പൂര്‍ണ്ണമായും പഠിക്കാനായി ആയിരത്തി എണ്ണൂറു ശാഖകളും അറിഞ്ഞിരിക്കണം എന്ന അവസ്ഥ. അതിലൊരര്‍ത്ഥവുമില്ലെന്ന് പതഞ്ജലിക്ക് തോന്നിയിരിക്കണം.
അദ്ദേഹം അതെല്ലാം കൂടി ഇരുന്നൂറ് സൂക്തങ്ങളാക്കി ഒതുക്കി യോഗയുടെ അഷ്ടാംഗങ്ങളും പഠിക്കാനും പരിശീലിക്കാനും പറ്റിയ വിധത്തിലാക്കി. അങ്ങനെയൊരു സാഹചര്യം അന്ന് നിലവിലിരുന്നതുകൊണ്ടാണ് പതഞ്ജലിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രസക്തി കൈവന്നത്. ആദിയോഗിയായ ശിവന്റെ കാര്യം അതുപോലെയല്ല. ജീവിതസാഹചര്യങ്ങള്‍ എങ്ങനെയൊക്കെ മാറിയാലും ശിവന്റെ പ്രസക്തി നഷ്ടപ്പെടുകയില്ല. അദ്ദേഹത്തിന്റെ മാഹാത്മ്യത്തിന്റെ ഒളി മങ്ങുകയില്ല. അതുകൊണ്ടാണ് നമ്മള്‍ ശിവനെ മഹാദേവനെന്നു വിളിക്കുന്നത്.
(ഇന്ത്യയിലെ ഏറ്റവും സ്വാധീന ശക്തിയുള്ള അമ്പതു പേരില്‍ ഒരാളായി കണക്കാക്കപ്പെടുന്ന സദ്ഗുരു, ദ്രുതഗതിയില്‍ വിറ്റഴിക്കപ്പെടുന്ന അനേകം പുസ്തകങ്ങളുടെ കര്‍ത്താവ്, കവി എന്നീ നിലകളില്‍ പ്രശസ്തനാണ്. രണ്ടായിരത്തി പതിനേഴില്‍ അനിതര സാധാരണമായ സേവനത്തിനു നല്‍കപ്പെടുന്ന രാജ്യത്തെ ഉന്നത ബഹുമതിയായ 'പദ്മവിഭൂഷണ്‍' നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചു.)