ചോദ്യം: സദ്ഗുരു, അടുത്തകാലത്തായിട്ട് നമ്മുടെ രാജ്യവും സമൂഹവും പലതരം തര്‍ക്കങ്ങളില്‍ പെട്ടുപോകുന്നതായി നമുക്ക് കാണാം. ഇത് കാണുമ്പോള്‍ മതം ജനങ്ങള്‍ക്ക് ശരിയായ വഴി കാണിച്ചു കൊടുക്കുന്നതിനു പകരം സംഘര്‍ഷം സൃഷ്ടിക്കുകയാണെന്നു തോന്നുന്നു.
സദ്ഗുരു: എല്ലാ മതങ്ങളും ആത്മീയ പ്രക്രിയകളായിട്ടാണ് തുടങ്ങിയത്. പക്ഷെ കാലം കടന്നുപോകുന്നതോടെ അവയെല്ലാം വിശ്വാസ സംഹിതകളായി മാറി. അവയെല്ലാം അവയുടെ മൗലികമായ ഉദ്ദേശങ്ങളില്‍ നിന്ന് മാറി ജനങ്ങളെ തമ്മില്‍ വിഭജിപ്പിക്കുന്ന മാര്‍ഗ്ഗങ്ങളായി മാറി. ഇന്ന് ഞാന്‍ ഒരു തെങ്ങിനെ ഈശ്വരനായി കാണുമ്പോള്‍ നിങ്ങള്‍ ഒരു കല്ലിനെ ഈശ്വരനായി കാണുകയാണെങ്കില്‍ നമ്മള്‍ തമ്മില്‍ പ്രശ്‌നങ്ങളൊന്നും ഉണ്ടാകില്ല. പക്ഷെ നാളെ എന്തെങ്കിലും കാരണംമൂലം നിങ്ങള്‍ ആ തെങ്ങു വെട്ടുവാന്‍ പുറപ്പെട്ടാല്‍ നിങ്ങളും ഞാനും തമ്മില്‍ വഴക്കിടും. നിങ്ങള്‍ക്ക് പരിചയമില്ലാത്ത ഒന്നില്‍ നിങ്ങള്‍ വിശ്വസിക്കാന്‍ തുടങ്ങിയാല്‍, നിങ്ങള്‍ക്ക് അറിയാന്‍ പാടില്ലാത്ത ഒരു കാര്യത്തില്‍ നിങ്ങള്‍ വിശ്വാസം അര്‍പ്പിച്ചാല്‍, സംഘര്‍ഷങ്ങള്‍ ഉണ്ടാകാതെ തരമില്ല. എന്റെ ഉദ്ദേശം ഇതാണ്. 'എനിക്കറിയാവുന്നത് എനിക്കറിയാം. എനിക്കറിയാത്തത് എനിക്കറിയില്ല' എന്ന് ആളുകള്‍ ആത്മാര്‍ത്ഥമായി സമ്മതിക്കുന്ന ഒരു നിലയിലേക്ക് അവരെ കൊണ്ടുവരണമെന്നാണ് എന്റെ ആഗ്രഹം. 'നിങ്ങള്‍ക്കറിയില്ലെങ്കില്‍ നിങ്ങളെന്തിന് പോരാടണം? ഇതാണ് തേടുന്നതിന്റേയും അറിയുന്നതിന്റെയും അടിസ്ഥാനം. നമ്മുടെ നാട് എന്നും സത്യത്തെ അന്വേഷിക്കുന്നവരുടെ ഇടമായിരുന്നു; മോക്ഷത്തിന്റെയും മുക്തിയുടെയും സ്ഥാനമായിരുന്നു. അതുമിതുമെല്ലാം വിശ്വസിക്കുന്നത് ഒരു പുതിയ പ്രതിഭാസമാണ്.
ചോദ്യം: ജീവിക്കുവാനുള്ള ധനസമ്പാദനത്തിലും മറ്റു കുടുംബ ചുമതലകളിലും വ്യാപൃതനായ ഒരാളുടെ മതത്തിനോടുള്ള സമീപനം എങ്ങനെയായിരിക്കണം? അയാളുടെ ദിനചര്യ എന്തായിരിക്കണം?
ഒരാള്‍ സത്യത്തില്‍ ധര്‍മാത്മാവാകുന്നതും, ഇന്ന് അനുഷ്ഠിച്ചു കാണുന്ന മതപരമായ ചടങ്ങുകളും തമ്മില്‍ വളരെ വ്യത്യാസമുണ്ട്. ഏതെങ്കിലും ഒരു വിഭാഗത്തില്‍ പെട്ടത് കൊണ്ടോ, കുറെ മുദ്രാവാക്യങ്ങള്‍ വിളിക്കുന്നതുകൊണ്ടോ ഒരാള്‍ ധര്‍മാത്മാവാകുന്നില്ല. ധര്‍മാത്മാവാകുക എന്നത് ഒരു ഗുണമാണ്; നമ്മുടെ ഉള്ളിലേക്ക് ഒരു പടി ചവുട്ടിക്കയറുന്നതാണത്. പുറമെ നിങ്ങളുടെ ജീവിതം എന്തുതന്നെ ആയിരുന്നാലും നിങ്ങള്‍ക്ക് ഇത്തരത്തിലുള്ള ഒരു ചുവട് വയ്ക്കാനാകും. ഈ ഒരു ചുവട് വയ്ക്കാന്‍ സാധിച്ചില്ലെങ്കില്‍ നിങ്ങള്‍ അമ്പലത്തിലോ, പള്ളിയിലോ പോയിട്ട് ഒരു ഗുണവുമില്ല. നിങ്ങള്‍ അവിടെ പോകുന്നത് സാന്ത്വനത്തിനാണ്; പേടി, കുറ്റബോധം അല്ലെങ്കില്‍ അത്യാര്‍ത്തി ഉള്ളതുകൊണ്ടാണ്. ഇത് മതമല്ല. ശരിയായ മതവിശ്വാസം എന്താണ്? അത് നമ്മുടെ തന്നെ ഉള്ളിലേക്ക് നോക്കുന്നതിലാണ് സ്ഥിതിചെയ്യുന്നത്. യോഗ മതത്തിന്റെ ഒരു ശാസ്ത്രം മാത്രമാണ്. അതിനെ ഒരു ശാസ്ത്രമായിട്ടുമാത്രം കണക്കാക്കുകയാണ് ചെയ്യുന്നത്; അതില്‍ ഒരു വിശ്വാസസംഹിതയൊന്നും അടങ്ങിയിട്ടില്ല. നിങ്ങള്‍ നിങ്ങളുടെ ബുദ്ധി ഉപയോഗിക്കാനും അവനവന്റെ ഉള്ളില്‍ തന്നെ ചില പരീക്ഷണങ്ങള്‍ നടത്തുവാനും മാത്രമാണ് യോഗ ആവശ്യപ്പെടുന്നത്.
ചോദ്യം: ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന ഒരു സര്‍ക്കാരും സമൂഹവുമുള്ള ഇന്ത്യയെപോലൊരു രാജ്യത്ത് മതപരമായ അമിത ആവേശം കുറക്കുവാനും വിവിധ മതങ്ങളില്‍പെട്ട ആളുകള്‍ തമ്മില്‍ സാഹോദര്യം വര്‍ദ്ധിപ്പിക്കുവാനും സര്‍ക്കാരിനും സമൂഹത്തിനും ചെയ്യാവുന്ന കാര്യങ്ങള്‍ എന്തെല്ലാമാണ്?
ഒരു കാര്യം നമ്മുടെ രാജ്യമനഃസാക്ഷിയില്‍ ഉറപ്പിച്ചു നിര്‍ത്തണം. അതായത്, നമ്മള്‍ ഏതു മതത്തിലോ, ജാതിയിലോ, ലിംഗത്തിലോ പെട്ടവനായിക്കൊള്ളട്ടെ, നിങ്ങള്‍ക്ക് ഈ രാജ്യത്തിന്റെ ഒരു ഭാഗമാകണമെങ്കില്‍, നിങ്ങളുടെ പ്രഥമ ചുമതല ഈ രാജ്യത്തിനോടാണ്. ഇക്കാര്യം നമ്മള്‍ ഇത്രകാലം പരിഗണിച്ചിരുന്നില്ല; അതിന്റെ ഫലമായിട്ടാണ് ഇന്ത്യ ഇന്നും ചോര ചിന്തിക്കൊണ്ടിരിക്കുന്നത്. രാജ്യത്തിന് മേലെ ഏതെങ്കിലും കാര്യത്തിന് പ്രാധാന്യം കൊടുക്കുന്ന ഒരാളുണ്ടെങ്കില്‍ അയാളെ തക്കതായ വിധത്തില്‍ കൈകാര്യം ചെയ്യണം. നമ്മള്‍ ഈ രാഷ്ട്രത്തിന്റെ ഒരു ഭാഗമാകാന്‍ നിശ്ചയിച്ചതു വഴി ഇവിടത്തെ ഭരണഘടനയില്‍ പറഞ്ഞിട്ടുള്ള പൗരാവകാശങ്ങളും സ്വാതന്ത്ര്യങ്ങളും പരിപാലിക്കുവാന്‍ ബാധ്യസ്ഥരാണ്. സ്വന്തം രാജ്യത്തിനുപരിയായി ഒരു വ്യക്തിത്വം നിങ്ങള്‍ക്ക് വേണമെങ്കില്‍ അത് ഒരു മനുഷ്യന്‍ എന്ന നിലയില്‍ മാത്രമായിരിക്കണം; ' ഞാന്‍ ഈ പ്രപഞ്ചത്തിനു വേണ്ടി നിലകൊള്ളുന്നു' എന്ന തരത്തില്‍. ഈ കാര്യം ഇവിടെയുള്ള ഓരോ ആളുകളെയും കൃത്യമായി മനസ്സിലാക്കി കൊടുക്കണം; അല്ലാതെ ഈ രാജ്യത്തെ മുന്‍പോട്ട് നയിക്കാന്‍ സാധ്യമല്ല. പലേ വിഭാഗത്തിലും പെട്ട ആളുകള്‍ ഈ രാജ്യത്തെ പലേ തരത്തില്‍ താഴോട്ട് വലിക്കാന്‍ ശ്രമിക്കും.
ചോദ്യം: ഇന്ത്യന്‍ ടെലിവിഷനില്‍ മതങ്ങളുടെ ചാനലുകളും ആത്മീയ പ്രഭാഷണങ്ങളും തുടങ്ങിയതോടെ സ്വയം അവരോധിക്കപ്പെട്ട ഗുരുക്കന്മാരും, ഈശ്വരാവതാരങ്ങളും കൂടി വന്നുകൊണ്ടിരിക്കുന്നു. അങ്ങ് ഇതിനെ എങ്ങിനെയാണ് കാണുന്നത്?
അമേരിക്കയില്‍ എന്തിനാണ് ഇത്രയധികം സ്‌കൂള്‍ അധ്യാപകര്‍ എന്ന് ചോദിക്കുന്നത് പോലെയാണിത്. അവര്‍ക്ക് അവരുടെ കുട്ടികളെ ഒരു പ്രത്യേക രീതിയില്‍ വിദ്യാഭ്യാസം ചെയ്യിക്കണമെന്നത് കൊണ്ടാണത്. അതുപോലെയാണ് നമുക്ക് ഇവിടെ ഗുരുക്കന്മാരുള്ളത്. അവതാര മനുഷ്യരെ കുറിച്ചു ഞാന്‍ ഒന്നും പറയുന്നില്ല. പക്ഷെ ദൗര്‍ഭാഗ്യവശാല്‍ 1.2 ബില്യണ്‍ ആളുകള്‍ക്ക് വേണ്ടത്ര ഗുരുക്കന്മാര്‍ ഇവിടെ ഇല്ല. ഓരോ മനുഷ്യനും ആത്മീയതയുടെ സ്പര്‍ശനം ലഭിക്കാനുള്ള സന്ദര്‍ഭം ലഭിക്കുന്നുണ്ടെന്ന് തീര്‍ച്ചയാക്കലാണ് ഗുരുക്കന്മാരുടെ ചുമതല. അതുകൊണ്ട് തീര്‍ച്ചയായും നമുക്ക് കൂടുതല്‍ ഗുരുക്കന്മാരെ ആവശ്യമുണ്ട്. ആയിരക്കണക്കിന് സത്യസന്ധരായ ഗുരുക്കന്മാര്‍ ഈ ആവശ്യം പൂര്‍ത്തീകരിക്കാനായി ഉണ്ടാകട്ടെ എന്നാണ് എന്റെ പ്രാര്‍ത്ഥന. ഈ സൗകര്യം നമ്മള്‍ പലതരത്തില്‍ നല്‍കണം. പക്ഷെ ചില ആത്മീയ വ്യവസായികള്‍ ഉയര്‍ന്നു വന്നു എന്നതും ദു:ഖകരമായ ഒരു സത്യമാണ്.
ചോദ്യം: മതനിരപേക്ഷമായ ഇന്ത്യയെപോലൊരു രാജ്യത്ത്, ജനങ്ങളെ ശരിയായ പാതയിലൂടെ നയിക്കാന്‍ മതനേതാക്കള്‍ എന്താണ് ചെയ്യേണ്ടത്? ഇന്നത്തെ മതനേതാക്കളുടെ പങ്കിനെക്കുറിച്ച് അങ്ങയുടെ അഭിപ്രായമെന്താണ്?
മതം എന്നാല്‍ അവനവന്റെ ഉള്ളിലേക്ക് ഒരു ചുവടു വയ്ക്കുക എന്നാണ്. നിങ്ങളുടെ ഉള്ളിലെ സ്വഭാവം തിരയുമ്പോള്‍ നിങ്ങള്‍ ആത്മനിഷ്ഠനാകും. പക്ഷെ ഇന്ന് നമ്മള്‍ ചില പ്രത്യേക വിശ്വാസങ്ങളുടെ വെളിച്ചത്തില്‍ ഒരു മതത്തെ നിര്‍വചിക്കുവാനാണ് ശ്രമിക്കുന്നത്. പല വിശ്വാസങ്ങളുടെ പേരില്‍ ആളുകള്‍ അറിയപ്പെടാന്‍ തുടങ്ങിയാല്‍ അത് കലഹത്തിന് വഴി തെളിക്കും. അങ്ങിനെയാണ് മതം അനൈക്യത്തിന് കാരണമാകുന്നത്. മൗലികമായ ഈ പ്രശ്‌നം നാം നേരിടേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. തട്ടിക്കൂട്ടിയ ഒരു യോജിപ്പ് ഉണ്ടാക്കിയാല്‍ അത് കുറച്ചു ദിവത്തേക്കു മാത്രമേ ഉണ്ടാകുകയുള്ളൂ. ആളുകള്‍ വീണ്ടും ലഹള തുടങ്ങും. ബാഹ്യമായ ഒത്തൊരുമ ഉണ്ടാകണമെങ്കില്‍ ആന്തരികമായ സമാധാനം ഉണ്ടാകണം. ശരിയായ മതമെന്നാല്‍ ഐക്യമാണ്. എന്തെന്നാല്‍ അവനവന്റെ ഉള്ളിലേക്കു ഒരു ചുവ വയ്ക്കുമ്പോള്‍ നേടുന്നത് ഉള്ളിലെ ആനന്ദമാണ് - പുറമെയുള്ളതല്ല. അപ്പോള്‍ ഓരോരുത്തരും ശാന്തി നേടും. ഉള്ളിലേക്ക് നടക്കുമ്പോള്‍ നിങ്ങള്‍ ആരുടെയും വഴി തടയുന്നില്ല. ഈ ആന്തരികമായ അന്വേഷണമാണ് മതനേതാക്കള്‍ പ്രോത്സാഹിപ്പിക്കേണ്ടത്.
ചോദ്യം: സ്വാതന്ത്ര്യത്തിനുശേഷമുള്ള ഇന്ത്യയുടെ സാമ്പത്തിക പുരോഗതിയെക്കുറിച്ച് അങ്ങയുടെ അഭിപ്രായം എന്താണ്? സാമ്പത്തിക രംഗത്ത് ഒരു വന്‍ശക്തി ആകാന്‍ ഇന്ത്യ ശ്രമിക്കേണ്ടതുണ്ടോ? അതെ എന്നാണ് അങ്ങയുടെ ഉത്തരമെങ്കില്‍ അത് എങ്ങിനെ സാധ്യമാക്കാം?
ഇന്ത്യ ഒരു വന്‍ശക്തി ആകണമെന്ന് എനിക്ക് ആഗ്രഹമില്ല. സൗഖ്യം ഉള്ള ഒരു രാഷ്ട്രമാകണം ഇന്ത്യ എന്നാണ് എന്റെ ആഗ്രഹം. നമ്മുടെ സൗഖ്യത്തിന്റെ ആധാരം വെറും നിസ്സാരമായ ധനത്തെ കുറിച്ചുള്ളതോ കീഴടക്കലിനെക്കുറിച്ചുള്ളതോ ആകരുത്. ദൗര്‍ഭാഗ്യവശാല്‍ ഇന്ത്യക്കാരില്‍ ഒരു വലിയ ഭാഗം പോഷകാഹാരകുറവുള്ളവരാണ്. എല്ലാവര്‍ക്കും വേണ്ടത്ര നല്ല ആഹാരം ലഭിക്കുക, എല്ലാവരും ബുദ്ധിയുള്ളവരും ആത്മീയമായി അറിവുള്ളവരും ആയിരിക്കുക - ഇതാണ് ഒരു രാജ്യത്തിന്റെ വിജയം എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. അനേകായിരം വര്‍ഷങ്ങളായി ഇന്ത്യയാണ് ലോകത്തിലെ ആത്മീയതയുടെ തലസ്ഥാനം. മനസുഖം കാംക്ഷിക്കുന്നവരെല്ലാം ഇവിടെയാണ് വന്നുകൊണ്ടിരുന്നത്. വേറെ ഒരു സംസ്‌കാരവും ഉള്ളിലെ വിഷയങ്ങളെ ഇതുപോലെ മനസ്സിലാക്കിയിട്ടില്ല. പക്ഷെ ഇന്ന് നാം കാണുന്ന ആത്മീയസംസ്‌കാരം ആക്രമണങ്ങള്‍ മൂലവും, ദീര്‍ഘകാലം നീണ്ടുനിന്ന ദാരിദ്ര്യം മൂലവും തകര്‍ന്നിട്ടുള്ളതാണ്. എന്നാലും ആത്മീയതയുടെ അടിസ്ഥാനമനോഭാവം ഇപ്പോഴും നശിപ്പിക്കപ്പെട്ടിട്ടില്ല; അതൊരിക്കലും നശിപ്പിക്കപ്പെടുകയുമില്ല. ഈ ഉദാത്തമായ പാരമ്പര്യത്തിന്റെ ഗുണങ്ങള്‍ നമ്മള്‍ നേടുകയും ലോകത്തിനു നേരുകയും ചെയ്യേണ്ട കാലമാണിത്. ഇന്ന് ലോകത്തിനു ആവശ്യം ഒരു ശാസ്ത്രീയമായ ആത്മീയചര്യയാണ്. അത് ഈ നൂറ്റാണ്ടിന്റെയും, സഹസ്രാബ്ദത്തിന്റെയും മാത്രമല്ല എന്നെന്നേക്കുമുള്ള ആവശ്യമാണ്.
ചോദ്യം: ഇന്ത്യ പുരോഗതിയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ നമുക്ക് ഇപ്പോഴും ദാരിദ്ര്യം, പോഷകാഹാരക്കുറവ്, നിരക്ഷരത, തൊഴിലില്ലായ്മ എന്നിവക്കൊന്നും പരിഹാരം കാണാന്‍ കഴിഞ്ഞിട്ടില്ല. എന്തുകൊണ്ടാണിത്? ഇനി എങ്ങിനെയാണ് മുന്‍പോട്ടു പോകേണ്ടത്?
നമ്മള്‍ മാനവസമൂഹത്തിന്റെ പകുതിഭാഗം പേരെ ദാരിദ്ര്യത്തിന്റെ പടുകുഴിയിലിട്ടിട്ട്, ജീവിക്കുവാനുള്ള പ്രാഥമിക സൗകര്യങ്ങള്‍ പോലും ഇല്ലാത്തവരായി നിര്‍ത്തിയിട്ട്, ബാക്കിയുള്ള 10% ആളുകള്‍ ആഘോഷമായി ജീവിക്കുകയാണ്. നന്നായി ജീവിക്കുന്നവരെ താഴോട്ട് കൊണ്ടുവരണമെന്നല്ല, അല്ലാത്തവരെ ഉയര്‍ത്തണമെന്നതാണ് ചെയ്യേണ്ട കാര്യം. ഇത് സാധ്യമാണ്; വെറും ഒരു സ്വപ്നമല്ല. ലോകചരിത്രത്തിലാദ്യമായി ഈ ലോകത്തിലെ മനുഷ്യരുടെ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കാന്‍ ആവശ്യമായ സാങ്കേതിക വിദ്യയും, വിഭവങ്ങളും, കഴിവും നമുക്കുണ്ട്. പക്ഷെ നമ്മള്‍ നിഷ്‌ക്രിയരായിരിക്കുകയാണ്. എന്തെന്നാല്‍ മനുഷ്യ മനസാക്ഷി പ്രവര്‍ത്തിക്കുന്നില്ല. അവശ്യം നടപ്പാക്കേണ്ട കാര്യങ്ങളില്‍ ഒന്ന് എല്ലാവരുടെയും, പ്രത്യേകിച്ച് ചെറുപ്പക്കാരുടെ, പരിപൂര്‍ണ മനസാക്ഷി ഉണര്‍ത്തുക എന്നതാണ്. ഇത് ഒരു ആശയമല്ല. ഇത് ബുദ്ധിപരമായ ഒരു പ്രക്രിയയല്ല. ഇത് ജീവിതത്തിന്റെ ഭാഗമാക്കണം. ക്രിയാത്മകമായ ഒരു ആ ത്മീയശൈലി ഈ മാറ്റം കൊണ്ടുവരും.
(ഇന്ത്യയിലെ ഏറ്റവും സ്വാധീന ശക്തിയുള്ള അമ്പതു പേരില്‍ ഒരാളായി കണക്കാക്കപ്പെടുന്ന സദ്ഗുരു, ദ്രുതഗതിയില്‍ വിറ്റഴിക്കപ്പെടുന്ന അനേകം പുസ്തകങ്ങളുടെ കര്‍ത്താവ്, കവി എന്നീ നിലകളില്‍ പ്രശസ്തനാണ്. രണ്ടായിരത്തി പതിനേഴില്‍ അനിതര സാധാരണമായ സേവനത്തിനു നല്‍കപ്പെടുന്ന രാജ്യത്തെ ഉന്നത ബഹുമതിയായ 'പദ്മവിഭൂഷണ്‍' നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചു.) Isha.sadhguru.org
Content highlights: Sadguru Jaggi vasudev Saulitary Talk difference between being truly religious and what is being prac