ചോദ്യം:- സദ്ഗുരോ, നമസ്‌കാരം. മനസ്സില്‍ ദേഷ്യം തുടങ്ങിയ ദോഷവികാരങ്ങള്‍ നാമ്പെടുക്കുമ്പോള്‍ ഞാന്‍ അതിനെ തടയാന്‍ ശ്രമിക്കാറുണ്ട്. പക്ഷെ അത് കൂടുതല്‍ ശക്തി പ്രാപിക്കുന്നതായാണ് എന്റെ അനുഭവം. ഏതുവിധത്തിലാണ് ഞാന്‍ എന്റെ മനോവ്യാപാരങ്ങളെ നിയന്ത്രിക്കേണ്ടത്?

സദ്ഗുരു: ഇത് സാമാന്യമായി കണ്ടുവരുന്നതാണ്. എന്തിനേയാണൊ തടയാന്‍ ആഗ്രഹിക്കുന്നത് കൂടുതല്‍ വീര്യത്തോടെ അത് പ്രകടമാവുന്നു. അത് മനുഷ്യ മനസ്സിന്റെ പൊതുവേയുള്ള ഒരു പ്രകൃതമാണ്. സ്വാനുഭവത്തിലൂടെ ശരീരത്തിന്റെയും മനസ്സിന്റേയും സഹജമായ ഘടനയേയും സ്വഭാവത്തേയും കുറിച്ച് മനസ്സിലാക്കുക. അങ്ങനെയുള്ള ഒരു അന്വേഷണത്തിന് വഴി തെളിയിക്കുകയാണ് യോഗ ചെയ്യുന്നത്.

anandalahariനിങ്ങള്‍ രാവിലെ എഴുന്നേല്‍ക്കുന്നു, പതിവായി ആസനങ്ങള്‍ ചെയ്യുന്നു. അത് വെറുമൊരു കായികാഭ്യാസമല്ല മിക്കവാറും എല്ലാവരും ധരിച്ചിരിക്കുന്നത് അങ്ങനെയാണെങ്കിലും കൈകാലുകള്‍ നിവര്‍ത്തുകയും മടക്കുകയും ചെയ്യുന്നു എന്നതു ശരിതന്നെ, എങ്കിലും വാസ്തവത്തില്‍ നിങ്ങള്‍ ചെയ്യുന്നത് സ്വന്തം ശരീരത്തിന്റേയും മനസ്സിന്റേയും സഹജഭാവങ്ങളെ അന്വേഷിച്ചറിയുകയാണ്.

ഈ ജീവിതയാത്ര സുഗമമായി പൂര്‍ത്തിയാക്കണമെങ്കില്‍ നമുക്ക് രണ്ടു വാഹനങ്ങളുടെ ആവശ്യമുണ്ട്. സ്വന്തം ശരീരവും മനസ്സുമാണ് ആ രണ്ടു വാഹനങ്ങള്‍. എന്നാല്‍ അവയെകുറിച്ച് വേണ്ടവിധത്തില്‍ മനസ്സിലാക്കാതെയാണ് അധികം പേരും ജീവിക്കുന്നത്. ഈ അജ്ഞതയാണ് അവരുടെ ജീവിത്തിലെ ഏറ്റവും വലിയ പ്രശ്‌നം.

വാഹനത്തെ മനസ്സിലാക്കുക

yogaസ്വന്തം ശരീരത്തേയും മനസ്സിനേയും നിങ്ങള്‍ എത്രത്തോളം മനസ്സിലാക്കിയിരിക്കുന്നുവോ, അതിനെ അനുസരിച്ചാണ് നിങ്ങളുടെ ജീവിതയാത്രയുടെ സുഖവും കഷ്ടപ്പാടും. യാത്ര സുഗമവും സുഖപ്രദവുമാകണമെങ്കില്‍ യാത്ര ചെയ്യുന്ന വാഹനത്തിന് വേണ്ടത്ര ഉറപ്പും സൗകര്യവും ഉണ്ടായിരിക്കണം. അതിന്റെ പ്രവര്‍ത്തനത്തേയും, പ്രകൃതത്തേയും പറ്റി യാത്രക്കാരന് ഏകദേശ രൂപവുമുണ്ടായിരിക്കണം. ഇത് മഹത്തായ ഒരു ജ്ഞാനമല്ല, ഏതൊരുവനും സാധാരണമട്ടില്‍ ജീവിക്കാന്‍ ഉണ്ടായിരിക്കേണ്ട ഒരു സാമാന്യബോധമാണ്. 'അജ്ഞത അനുഗ്രഹമാ'ണെന്ന് ഒരു ചൊല്ലുണ്ട്. അത് തികച്ചും ശരിയാണെങ്കില്‍ നമ്മുടെ ഈ ലോകം എത്രയോ എത്രയോ വലിയ അനുഗ്രഹമായേനെ!

അനുഭവപരമായ ഒരന്വേഷണം

'അജ്ഞത അനുഗ്രഹ'മാണെന്ന ചിന്താഗതിക്കാരനായിരിക്കാം നിങ്ങള്‍, എങ്കില്‍ പോലും ഈ ലോകത്തില്‍ ജീവിച്ചിരിക്കണമെങ്കില്‍ സ്വന്തം ശരീരത്തേയും മനസ്സിനേയും കുറിച്ച് ഏതാണ്ടൊരു അറിവ് ഉണ്ടായിരിക്കേണ്ടതാണ്. അതില്ല എങ്കില്‍ എന്തു ചെയ്യുമ്പോഴും അതൊരു പ്രശ്‌നമായിത്തീരാന്‍ ഇടയുണ്ട്. ബുദ്ധിപരമായ വ്യാഖ്യാനങ്ങള്‍ക്കൊന്നും ഞാന്‍ മുതിരുന്നില്ല. അത് നിങ്ങളില്‍ കൂടുതല്‍ ആശയക്കുഴപ്പമുണ്ടാക്കും. യോഗശാസ്ത്രം സ്വയം അനുഭവിച്ചറിയാനുള്ള അവസരമാണ് നിങ്ങള്‍ക്കു നല്‍കുന്നത്. അവിടെ ബൗദ്ധികമായ അന്വേഷണങ്ങള്‍ക്ക് വലിയ പ്രസക്തിയില്ല.

yogaആസനങ്ങള്‍ ചെയ്യുന്നതിനിടയില്‍ നിങ്ങള്‍ സ്വന്തം ശരീരത്തേയും മനസ്സിനേയും കുറിച്ചുള്ള ഒരന്വേഷണവും നടത്തുന്നുണ്ട്. നിങ്ങള്‍ വിരലുകള്‍ ഒരു പ്രത്യേക രീതിയില്‍ ചലിപ്പിക്കുമ്പോള്‍ അതിനനുസൃതമായ വിധത്തില്‍ ഹൃദയവും പ്രവര്‍ത്തിക്കുന്നു. നിങ്ങള്‍ ശരീരംകൊണ്ട് എന്തെല്ലാം ചെയ്യുന്നുവോ അതിനനുസരിച്ചിട്ടുള്ള മാറ്റങ്ങള്‍ മനസ്സിലും സംഭവിക്കുന്നു. ഈവക സംഗതികള്‍ പുസ്തകം വായിച്ചു മനസ്സിലാക്കാന്‍ സാധിക്കുകയില്ല. സ്വന്തം അനുഭവത്തിലൂടെയും അന്വേഷണങ്ങളിലൂടെയുമാണ് അതെല്ലാം നിങ്ങള്‍ കണ്ടെത്തുക. കണ്ണടച്ചിരുന്ന് മനസ്സില്‍നിന്നും എന്തിനെയെങ്കിലും നിര്‍ബന്ധപൂര്‍വ്വം ഒഴിവാക്കാന്‍ ശ്രമിച്ചുനോക്കൂ, അതുകൊണ്ട് ഒരു ഫലവുമില്ലെന്ന് ആ ക്ഷണം മനസ്സിലാവും. 

അതാണ് നമ്മള്‍ ആദ്യമായി മനസ്സിലാക്കേണ്ടത്, അത് അത്രയുംതന്നെ പ്രധാനപ്പെട്ടതുമാണ്. ഈ ഒരു തിരിച്ചറിവില്ല എങ്കില്‍ ജീവിതത്തിന്റെ താളം ആകെ തെറ്റുമെന്ന് തീര്‍ച്ച. ബുദ്ധിക്ക് അത്രതന്നെ മൂര്‍ച്ചയില്ല എങ്കില്‍ സാരമില്ല, എന്നാല്‍ നല്ല മൂര്‍ച്ചയുള്ള ബുദ്ധിയാണ് നിങ്ങളുടേതെങ്കില്‍, അത് നിശ്ചയമായും നിങ്ങളെ മുറിവേല്‍പിക്കും. ഒരാള്‍ക്കും നിങ്ങളെ രക്ഷിക്കാനാവില്ല. അതിനു മുമ്പേ നിങ്ങള്‍ ആകെ തകര്‍ന്നിരിക്കും. അങ്ങനെ തകര്‍ന്നുപോയ പലരും എന്റെയടുത്ത് പതിവായി വരാറുണ്ട്. 'സദ്ഗുരു...ജ്ഞാനം നല്‍കിയാലും.' അങ്ങനെയുള്ളവരോട് എനിക്ക് ഒന്നേ പറയാനുള്ളു. 'ആദ്യം മുറിവുകളുണക്കാന്‍ ശ്രമിക്കുക ,കൂടുതല്‍ മുറിവുകളുണ്ടാക്കാതിരിക്കാന്‍ ശ്രദ്ധിക്കൂ. നിങ്ങളുടെ കൈവശമുള്ളത് മൂര്‍ച്ചയേറിയ ഒരു കത്തിയാണ്.'

അടിസ്ഥാനതത്വങ്ങള്‍ മനസ്സിലാക്കുക

താടി വടിക്കുമ്പോള്‍ പോലും പലരും സ്വയം മുറിവേല്‍പിക്കാറുണ്ട്. നല്ലവണ്ണം താഴ്ത്തി വടിക്കാന്‍ ശ്രമിക്കും. അത് വേണ്ടതിലധികമാകും. ഫലമൊ? അവിടവിടെ ചോരപൊടിയുന്ന മുഖം. ബുദ്ധിപരമായ വിശകലനം കൊണ്ട് ആര്‍ക്കും സ്വന്തം മനസ്സിനെ കണ്ടെത്താനാവില്ല. അത് ഒരന്വേഷണമായിരിക്കണം. അതിനുവേണ്ടതിതാണ് - ശരീരത്തെ ഒരു പ്രത്യേക നിലയില്‍ ഇളകാതെ നിര്‍ത്തുക. മനസ്സിന്റെ ഭാവങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കുക. ഇനി ഏതു നിലയില്‍ വേണമെങ്കിലും മനസ്സില്‍ മാറ്റം വരുത്താനാകും. ഇപ്പോള്‍ മനസ്സിന്റെ പ്രവര്‍ത്തനം തികച്ചും വ്യത്യസ്തമായ ഒരു രീതിയിലായിരിക്കും. യോഗാസനങ്ങളിലൂടെ നിങ്ങള്‍ ചെയ്യുന്നത് സ്വന്തം ശരീരത്തേയും മനസ്സിനേയും സൂക്ഷ്മമായി അന്വേഷിക്കുകയാണ്.