ശ്രീശങ്കരനെന്ന വിശ്വദാര്‍ശനികന്‍


ഡോ. രാജേഷ് ഒ.

ശ്രീ ശങ്കരാചാര്യരുടെ ആയിരത്തിഇരുന്നൂറ്റിമുപ്പത്തിമൂന്നാമത് ജയന്തിയാണിന്ന്.

ശ്രീ ശങ്കരാചാര്യർ

ശ്രീ ശങ്കരാചാര്യരുടെ ആയിരത്തിഇരുന്നൂറ്റിമുപ്പത്തിമൂന്നാമത് ജയന്തിയാണിന്ന്. തത്ത്വവിജ്ഞാനികളുടെ ദിനം കൂടിയാണിന്ന്. ആചാര്യസ്വാമികളെപ്പോലെയുള്ള മഹാത്മാക്കള്‍ ജനിച്ച സ്ഥലം, ജീവിച്ചിരുന്ന കാലയളവ്, ജീവിതസംഭവങ്ങള്‍, പ്രവര്‍ത്തനമണ്ഡലം, അവരുടെ സംഭാവനകള്‍, സമൂഹത്തില്‍ അതുണ്ടാക്കിയ പരിവര്‍ത്തനങ്ങള്‍ എന്നിവ വിലയിരുത്തുന്നത് അവരെ ഒരു നിശ്ചിത കാലികരും നിര്‍ദ്ദിഷ്ട ദേശികരുമാക്കി പരിമിതപ്പെടുത്തുന്നതിനല്ല. മറിച്ച് അവരിലൂടെ അനാവരണം ചെയ്യപ്പെട്ട എവിടെയും എക്കാലത്തും പ്രസക്തമായ മൂല്യങ്ങളെ, അവയുടെ ആചരണങ്ങളെ, അതിന്റെ സാമൂഹികമായ പ്രയോഗങ്ങളെ എല്ലാം സവിശേഷമായി ഗ്രഹിക്കുന്നതിനും സ്വാംശീകരിക്കുന്നതിനും വേണ്ടിയാണ്, നമ്മുടെ വളര്‍ച്ചയ്ക്കും വികാസത്തിനുമുള്ള സൗകര്യവും അവസരവും സന്ദര്‍ഭവുമൊരുക്കുന്നതിനാണ്. അതുകൊണ്ടാണ് ദ്വാരകയിലുള്ള ശാരദാ മഠത്തിന്റെ ആദ്യ മഠാധിപതി ശാരദാപീഠത്തില്‍ അഭിഷേകം ചെയ്തത് ബി.സി 488-ലാണെന്നതിനാല്‍ ശ്രീശങ്കരാചാര്യരുടെ ജീവിതകാലം 506-474 ബി.സി.യിലാണെന്നും മറ്റുമുള്ള വിവിധ ഉദ്ദേശ്യലക്ഷ്യങ്ങളോടെയുള്ള പ്രാചീനവല്‍ക്കരണങ്ങളും അവകാശവാദങ്ങളും അപ്രസക്തമാകുന്നത്.
അധികാരത്തിന്റെയും സമ്പത്തിന്റെയും ബലത്തില്‍ വൈജ്ഞാനികശാഖകളെയെല്ലാം വരുതിയിലാക്കുകയും സ്വേച്ഛാപരമായ വ്യാഖ്യാനങ്ങളേകി അവയെ ചൂഷണസമര്‍ത്ഥമാക്കുകയും ചെയ്ത നാടുവാഴികളും പുരോഹിതന്മാരും ഒരു ഭാഗത്ത്. യഥാര്‍ത്ഥ ഉള്‍സാരത്തില്‍ നിന്നും അകന്ന് അബദ്ധവിശ്വാസങ്ങളിലും വികലമായ ഉപാസനാമാര്‍ഗ്ഗങ്ങളിലും തളയ്ക്കപ്പെട്ട ബുദ്ധമതം മറ്റൊരു വശത്ത്. ഇവയ്ക്കിടയില്‍ കലാപോന്മുഖമായി പ്രവര്‍ത്തിക്കുന്ന ശൈവ-വൈഷ്ണവ-ശാക്തേയമാര്‍ഗ്ഗങ്ങള്‍, കാപാലിക-കൗള-വാമാചാരപദ്ധതികള്‍. പ്രസ്തുത സാഹചര്യത്തിലാണ് ആചാര്യപാദര്‍ നിരവധി സ്‌തോത്രങ്ങളിലൂടെ വിഭിന്ന ദേവതാസങ്കല്പങ്ങളിലേക്ക് ഇറങ്ങിവന്ന് അറിവും അനുഭവങ്ങളും അനുഭൂതികളും തരഭേദമില്ലാതെ ഏകോപിച്ചു കിടക്കുന്ന സാര്‍വ്വത്രികതയുടെ ആഖ്യാനതലമായ അദ്വൈതസിദ്ധാന്തത്തെ ആവിഷ്‌കരിച്ചതും വൈകാരികവും വൈചാരികവുമായ ഇണക്കം വരുത്തി ആചാരാനുഷ്ഠാനങ്ങളെ ചിട്ടപ്പെടുത്തിയതും.
ശങ്കരാചാര്യര്‍ക്ക് മുമ്പുണ്ടായിരുന്ന ആചാര്യന്മാരെ ബ്രഹ്‌മസൂത്രത്തില്‍ പരാമര്‍ശിക്കപ്പെടുന്നവര്‍ (ആത്രേയന്‍, അശ്മരഥ്യന്‍, ഔഡുലോമി, കൃഷ്ണാജിനി, കാശകൃത്സ്‌നന്‍, ജൈമിനി, ബാദരി, ബാദരായണന്‍ എന്നിവര്‍), ശാങ്കരഭാഷ്യാഖ്യാനങ്ങളിലോ, മറ്റേതെങ്കിലും പ്രസ്ഥാനഗ്രന്ഥങ്ങളിലോ പരാമര്‍ശിക്കപ്പെടുന്നവര്‍, (ഉപവര്‍ഷന്‍, കപര്‍ദ്ദി, ഗുഹദേവന്‍, ബ്രഹ്‌മനന്ദി തുടങ്ങിയവര്‍) സ്വന്തം കൃതികളിലൂടെ അറിയപ്പെടുന്നവര്‍ (ഗൗഡപാദന്‍, മണ്ഡനമിശ്രന്‍, ഭര്‍ത്തൃഹരി എന്നിവര്‍) എന്നിങ്ങനെ മൂന്ന് വിഭാഗമായി തിരിക്കാം. അവരി മിക്കവരും അദ്വൈതസാരം അംഗീകരിക്കുന്നുണ്ടെങ്കിലും അതിനെ സംവാദയുക്തികള്‍ക്കപ്പുറം അവബോധത്തിന്റെ അനിവാര്യതയായും അനന്തസാധ്യതയായും നിദര്‍ശിക്കുന്നില്ല; വ്യക്തിസംസ്‌ക്കരണത്തിനും സാമൂഹികപരിവര്‍ത്തനത്തിനുമുള്ള ഉപാധിയായി അതിനെ ഉള്‍ക്കൊള്ളുന്നുമില്ല. ഇവിടെയാണ് ശങ്കരാചാര്യര്‍ അവരില്‍ നിന്നെല്ലാം വ്യത്യസ്തനാകുന്നത്.
ധര്‍മ്മവ്യവസ്ഥയ്ക്കുവന്ന അപചയം നീക്കാന്‍ ഗ്രന്ഥങ്ങളെ ചിട്ടപ്പെടുത്തി അതില്‍ കടന്നുകൂടിയ ദുര്‍വ്യാഖ്യാനങ്ങള്‍ നീക്കി അവയ്ക്ക് അനുഷ്ഠാനമാര്‍ഗ്ഗങ്ങള്‍ നിര്‍ദ്ദേശിച്ച് അതിന്റെ മുഴുവന്‍ മഹിമയും പുറത്തുകൊണ്ടുവരാന്‍ ആചാര്യന്‍ ശ്രദ്ധിച്ചു. ഈശാവാസ്യം, കേനം, കഠം, പ്രശ്‌നം, മുണ്ഡകം, മാണ്ഡൂക്യം, തൈത്തിരീയം, ഐതരേയം, ഛാന്ദോഗ്യം, ബൃഹദാരണ്യകം എന്നീ ഉപനിഷത്തുകള്‍, ഭഗവദ്ഗീത, ബ്രഹ്‌മസൂത്രം എന്നിങ്ങനെ പ്രസ്ഥാനത്രയത്തില്‍പ്പെടുന്ന ഗ്രന്ഥങ്ങള്‍ക്ക് അദ്ദേഹം ഭാഷ്യം ചമച്ചു. ഗ്രന്ഥപരിചയം, ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്നിവ വിശദമാക്കി ഓരോ പദത്തിനും അര്‍ത്ഥം പറഞ്ഞ് മൊത്തം വാക്യ-മന്ത്ര-അര്‍ത്ഥങ്ങള്‍ ലക്ഷ്യലക്ഷണയുക്തം അന്വയിച്ച, മനുഷ്യന്റെ യുക്തിചിന്തയ്ക്കനുസരിച്ച് ഉന്നയിക്കാവുന്ന പ്രശ്‌നങ്ങളും മറ്റും ഗ്രന്ഥങ്ങളില്‍ പൂര്‍വ്വപക്ഷമായവതരിപ്പിച്ച്, തലനാരിഴകീറി മുറിച്ച് ശ്രുതിയുടെ ഉത്തമതാല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമായ പരാമര്‍ശങ്ങളെ നീക്കിയാണ് അദ്ദേഹം സിദ്ധാന്തപക്ഷം അവതരിപ്പിച്ചത്. സംസ്‌കൃതിയുടെ സുപ്തചേതസ്സി നിന്നും അദ്വൈതബോധമെന്ന അഭേദദര്‍ശനത്തെ വീണ്ടെടുത്ത് സൗന്ദര്യാതിശയം നിറഞ്ഞൊഴുകുന്ന സ്‌തോത്രകൃതികളിലൂടെ, ഭാഷ്യരചനകളിലൂടെ, വിചാരസൂക്ഷ്മതയോടെ വിശ്ലേഷിക്കുന്ന പ്രകരണഗ്രന്ഥങ്ങളിലൂടെ താത്ത്വികമായും തര്‍ക്കവിതര്‍ക്കങ്ങള്‍, പ്രതിഷ്ഠാകര്‍മ്മങ്ങള്‍, മഠസ്ഥാപനങ്ങള്‍ എന്നിവയിലൂടെ പ്രായോഗികമായും ശ്രുതി-യുക്തി-അനുഭവങ്ങള്‍ക്ക് സുസമ്മതമാക്കി അതിനെ ഉയര്‍ത്തിയെടുത്തു എന്നതാണ് ആചാര്യപാദരുടെ മഹത്വം.
വേദത്തെ പ്രമാണമായി അംഗീകരിക്കാത്ത ബൗദ്ധസമ്പ്രദായമുള്‍പ്പെടെയുള്ള നാസ്തികദര്‍ശനങ്ങളിലെ ചിന്താസരണികളെയും കര്‍മ്മപദ്ധതികളെയും അദ്ദേഹം സന്ദര്‍ഭാനുസൃതം ഉള്‍ക്കൊണ്ടു. ജ്ഞാതാവിനും (അറിയുന്ന ആള്‍), ജ്ഞേയത്തിനും (അറിയപ്പെടുന്ന വസ്തു) ഇടയ്ക്കുള്ള മാധ്യമമെന്ന നിലയില്‍ ജ്ഞാനം വര്‍ത്തിക്കുന്നുവെന്നും ബാഹ്യവസ്തുവിന്റെ സ്വരൂപവും സ്വഭാവവും ആന്തരികമായ വിജ്ഞാനത്തി അടങ്ങിയിരിക്കുന്നുവെന്നും സിദ്ധാന്തിക്കുന്ന വിജ്ഞാനവാദത്തിന്റെയും ന്യായ-വൈശേഷികത്തിലെ അസത്കാര്യവാദത്തിന്റെ പരിവര്‍ത്തിതരൂപമായ സര്‍വ്വം ശൂന്യം (ക്ഷണികം, അനിര്‍വ്വചനീയം) എന്ന് സിദ്ധാന്തിക്കുന്ന നാഗാര്‍ജ്ജുനാദികളുടെ ശൂന്യവാദവും തത്ത്വനിര്‍ണ്ണയനത്തിന്റെ വിവിധതലങ്ങളി അദ്വൈതദര്‍ശനം സ്വീകരിക്കുന്നുണ്ട്. ആസ്തികദര്‍ശനങ്ങളി അത്തരം ആശയങ്ങള്‍ കാണാമെങ്കിലും ബൗദ്ധദര്‍ശനമാണതിന് സിദ്ധാന്തതലമേകിയത്. വേദോപനിഷ ദര്‍ശനങ്ങളുടെയും ബൗദ്ധദര്‍ശനങ്ങളായ ശൂന്യവാദം, വിജ്ഞാനവാദം എന്നിവയുടെയും സമന്വയമാണ് ഒരര്‍ത്ഥത്തില്‍ ശങ്കരാചാര്യര്‍ നിര്‍വ്വഹിച്ചത്. ആസ്തിക-നാസ്തികമാര്‍ഗ്ഗങ്ങളുടെ പല നിലപാടുകളെയും അദ്വൈതം വ്യാവഹാരികതലത്തില്‍ ഉള്‍ക്കൊള്ളുന്നുവെങ്കിലും പരമാര്‍ത്ഥദശയിലെ അവയുടെ സാധുതയെ സംബന്ധിച്ച നിഗമനങ്ങളിലാണ് മുഖ്യമായും അതിന്റെ വിയോജിപ്പ്. ദ്വൈത-വിശിഷ്ടാദ്വൈത-ശുദ്ധാദ്വൈത-ദ്വൈതാദ്വൈതശാഖകളിലും ശൈവ-ശാക്തേയദര്‍ശനങ്ങളിലും ഭക്തിപ്രസ്ഥാനത്തിലുമെല്ലാം ഏകാത്മസത്യം ഏകേശ്വരരൂപത്തിലാണ് പരാമര്‍ശിക്കപ്പെട്ടിരിക്കുന്നതെന്നും ശ്രദ്ധേയമാണ്. ഇങ്ങനെ വിവിധ ദര്‍ശനികതലങ്ങളെ അദ്വൈതം സ്വാംശീകരിച്ചുവെന്നത് ഒരിക്കലും അതിന്റെ പോരായ്മയായോ ന്യൂനതയോ അല്ല. എല്ലാ അറിവുകളും ഉള്‍ക്കാഴ്ചകളും നവീകരിക്കുകയും മുന്നേറുകയും ചെയ്യുന്നത് ഇത്തരം കൊടുക്കല്‍ /വാങ്ങലുകളിലൂടെയാണ്. ഇതെല്ലാമുള്‍ക്കൊണ്ടാണ് ''ശങ്കരന്‍ അവതരിപ്പിച്ച വീക്ഷണത്തില്‍ നിന്ന് അകന്നുനില്‍ക്കുന്ന വേദാന്തരൂപങ്ങളെയോ വേദാന്തപരമല്ലാത്ത ഏതെങ്കിലും പദ്ധതിയെയോ കാല്പനികവിചാരത്തിന്റെ ധീരതയിലും അഗാധതയിലും സൂക്ഷ്മതയിലും ശാസ്ത്രീയമെന്നു പറയപ്പെടുന്ന വേദാന്തത്തോട് താരതമ്യപ്പെടുത്താന്‍ കഴിയുകയില്ല''എന്ന് തിബോയെപ്പോലുള്ളവര്‍ അഭിപ്രായപ്പെട്ടത്.
ഏത് സിദ്ധാന്തത്തിന്റെയും ദര്‍ശനവും ആശയസംഹിതകള്‍ സമഗ്രമാക്കുന്നതിന് ചില സുപ്രധാന ഘടകങ്ങള്‍ അനിവാര്യമാണ്. പ്രസ്തുത വിചാരപദ്ധതിയെ സമഗ്രമായി ഉള്‍ക്കൊണ്ട വ്യക്തിവിശേഷം, അത് സ്ഥാപിക്കുന്നതിനുള്ള ഗ്രന്ഥങ്ങളുള്‍പ്പെടെയുള്ള പ്രമാണരേഖകള്‍, വിവിധ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നതിനുള്ള അനുയായികള്‍, പ്രവര്‍ത്തനങ്ങള്‍, അവ ഏകോപിപ്പിക്കുന്നതിനുള്ള മൂര്‍ത്തവും അമൂര്‍ത്തവുമായ സാമൂഹികസ്ഥാപനങ്ങള്‍, ഇവയുടെയെല്ലാം അടുക്കും ചിട്ടയോടും കൂടിയ ഏകോപനം എന്നിവയെല്ലാം അതിലുള്‍പ്പെടും. ഈ നിലയിലൊക്കെ ആചാര്യപാദര്‍ സമൂഹത്തില്‍ പ്രവര്‍ത്തിച്ചതായി കാണാം. ശ്രീശങ്കരന് മുമ്പുള്ള ആചാര്യന്മാര്‍ വൈയക്തികവും കേവലവുമായ സത്തയ്ക്ക് മുന്‍തൂക്കം നല്‍കിയപ്പോള്‍ അവിടന്ന് മുഴുവന്‍ പ്രാപഞ്ചിക വ്യവഹാരങ്ങളെയും അതി ഉള്‍ച്ചേര്‍ത്തു. അസ്തിത്വത്തിന്റെ പാരമാര്‍ത്ഥികതലം സാക്ഷാല്‍ക്കരിക്കപ്പെടുന്നതുവരെ അദ്ദേഹം ചിട്ടപ്പെടുത്തിയ വിവിധ ആചാരാനുഷ്ഠാനപദ്ധതികളാണ് അദ്വൈതത്തെ ജനസമ്മതമാക്കിയത്. ഇങ്ങനെ താത്ത്വികവും പ്രായോഗികവുമായ പ്രവര്‍ത്തനങ്ങളിലൂടെ സാര്‍വ്വത്രികതയിലേക്കുയര്‍ത്തിയതുകൊണ്ട് അദ്വൈതവേദാന്തത്തിന്റെ ഉപജ്ഞാതാവെന്നോ ദ്രഷ്ടാവെന്നോ ശ്രീശങ്കരനെ വിലയിരുത്തുന്നത് അശാസ്ത്രീയവും മതസ്വഭാവമുള്ളതും ചരിത്രനിഷേധപരവുമാണ്; വൈജ്ഞാനികതലത്തില്‍ വികസിച്ചുകൊണ്ടിരിക്കുന്ന ദാര്‍ശനികശാഖ എന്ന നിലയില്‍ മൂല്യനിര്‍ണ്ണയനം ചെയ്യുന്നതിന് അത് തടസ്സമാണ്.
കേവലസത്യത്തെ രണ്ടല്ലാത്തത് എന്ന് അദ്വൈതം വിലയിരുത്തുമ്പോള്‍ അതിലുള്‍പ്പെടുന്ന ചില വസ്തുതകള്‍കൂടി അറിയേണ്ടിരിക്കുന്നു. അദ്വൈതം നിര്‍ദ്ദേശിക്കുന്ന ഏകത്വം ഒരിക്കലും ബഹുത്വത്തിന് വിരുദ്ധമല്ല. അസ്തിത്വത്തിന്റെ തനതിടങ്ങളുടെ പ്രസക്തി, വ്യാപ്തി, തലതരഭേദങ്ങള്‍ എന്നിവയെല്ലാം ഉദാരതയോടെ അനുവദിച്ചും യാഥാര്‍ത്ഥ്യബോധത്തോടെ ഉള്‍ക്കൊണ്ടുമുള്ള നടപടികള്‍ക്കും നിലപാടുകള്‍ക്കും മാത്രമേ സന്തുലിതാവസ്ഥയും ഭദ്രതയും സുസ്ഥാപിതമാക്കാനാകുകയുള്ളൂ. ഈ കാഴ്ചപ്പാട് സ്വയംനവീകരണത്തിന് പ്രാപ്തമാക്കും. സത്യത്തെ തങ്ങളുടെ ബോധ്യങ്ങള്‍ക്കനുസരിച്ച് താല്‍ക്കാലികമാണെങ്കില്‍പ്പോലും ആത്മവിശ്വാസത്തോടെ പ്രയോജനപ്പെടുത്താനുതകും. മാത്രമല്ല, മറ്റൊന്നിന്റെയും കാര്യമോ കാരണമോ അല്ലാത്ത ഒന്നില്‍ പ്രതീതമാകുന്നവയിലെല്ലാം അനേകം തലങ്ങളും മാനങ്ങളും ഉള്‍ച്ചേര്‍ന്നിട്ടുണ്ടെന്ന വിവേകം ഒരാളെ സമുന്നതിയിലേക്ക് നയിക്കാന്‍ സമര്‍ത്ഥമായിരിക്കും. അതിലൂടെയെല്ലാം തെളിഞ്ഞു കിട്ടുന്ന പരമൈക്യമാണ് ഉപാധിവിശേഷങ്ങള്‍ക്ക് അനുഗുണമായി ബ്രഹ്‌മം, ഈശ്വരന്‍, ജീവന്‍, ജഗത്ത്, പദാര്‍ത്ഥങ്ങള്‍ എന്നെല്ലാം തരതലഭേദങ്ങള്‍ക്കനുസരിച്ചും പ്രതീതനിലവാരങ്ങള്‍ക്കനുസരിച്ചും വ്യവഹരിക്കുന്നതെന്നും ഗ്രഹിക്കാനാകും. അറിവിന് വിഷയമായതിനെയെല്ലാം അറിഞ്ഞ് അംഗീകരിച്ച് അവയുടെ ആഴങ്ങളിലേക്ക് കൂടുതല്‍ സഞ്ചരിക്കുമ്പോള്‍ സ്വാഭാവികമായും അവയെല്ലാം ഓരോ അതിരുകളില്‍ നിന്നും പിന്മടങ്ങുന്നതായി ദര്‍ശനീയമാകും. അതുകൊണ്ടാണ് നാഗാര്‍ജ്ജുനനെപ്പോലെ ഹേതുകപ്രാമാണ്യത്തെയും പരിവര്‍ത്തന സാദ്ധ്യതകളെയുമെല്ലാം നിഷേധിച്ചാണ് 'വിനാശമില്ല സൃഷ്ടിയില്ല, ബന്ധനമില്ല മോക്ഷത്തിന് യത്‌നിക്കുന്നവനില്ല അതിന്നാഗ്രഹിക്കുന്നവനില്ല, മുക്തനില്ല, ഇതാണ് സത്യം' എന്ന് ഗൗഡപാദരുടെ മാണ്ഡൂക്യകാരികയ്‌ക്കെഴുതിയ ഭാഷ്യത്തില്‍ ആചാര്യന്‍ കുറിച്ചത്.
വൈരുധ്യങ്ങളെയും വൈവിധ്യങ്ങളെയും വൈചിത്ര്യങ്ങളെയും വൈപുല്യങ്ങളെയും കൃത്രിമവും യാന്ത്രികവുമായി ഏകോപിപ്പിച്ചെടുത്തുകൊണ്ടുള്ള മൂലധനാധികാരശക്തികളുടെ വഴക്കമുറ്റ ഏകതാനതയി നിന്ന് വ്യതിരിക്തമായി അറിവിന് വിഷയമായ എല്ലാത്തിന്റെയും തരതലഭേദനിഷ്ഠമായ ഉള്‍ക്കൊള്ള(Inclusiveness)ലിലാണ് അദ്വൈതദര്‍ശനം നിലയൂന്നുന്നത്. അതുകൊണ്ടാണ് അപ്പോള്‍, നാളെ, അവിടെ, അങ്ങനെ തുടങ്ങിയ സമീപനങ്ങളി നിന്ന് വ്യതിരിക്തമായി ഇപ്പോള്‍, ഇന്ന്, ഇവിടെ, ഇങ്ങനെ എന്ന സമീപയാഥാര്‍ത്ഥ്യങ്ങളിലേക്കും പ്രായോഗികവാസ്തവികതകളിലേക്കും ഇതിന്റെ വേരുകള്‍ പടര്‍ന്നു കിടക്കുന്നത്. ''പരസ്പര വിരുദ്ധമായ ചിന്താപദ്ധതികളെ നിലവിലുള്ള വിശ്വാസങ്ങളുടെ പൂര്‍ണ്ണത്വം നശിപ്പിക്കാതെതന്നെ വേദാ ന്തത്തിന്റെ സ്വാധീനശക്തിയുടെ കീഴില്‍ ഏകീകരിക്കുകയും സമഞ്ജസീകരിക്കുകയുമായിരുന്നു ശങ്കരന്റെ ഉദ്ദേശ്യമെന്ന് അദ്ദേഹത്തിന്റെ ചര്യ പഠിച്ചാല്‍ വ്യക്തമായി കാണാം'' എന്ന രംഗനാഥാനന്ദസ്വാമികളുടെ പരാമര്‍ശം ഇത്തരത്തില്‍ ഇവിടെ പ്രസക്തമാണ്.
അദ്വൈതചിന്ത ഗ്രഹിച്ചവര്‍തന്നെ അതിന്റെ പ്രായോഗികസാധുതയി പലപ്പോഴും സന്ദേഹികളായിരുന്നു. അന്നത്തെ സാമൂഹികവ്യവസ്ഥിതിയില്‍ നിറഞ്ഞുനിന്ന ഉച്ചനീചഭേദങ്ങളെയും വിവേചനാധിഷ്ഠിതമായ മറ്റനേകം സാമൂഹികതിന്മകളെയും വിപാടനം ചെയ്യുന്നതിന് ഈ ദര്‍ശനത്തെ വിനിയോഗിക്കുന്ന ജീവനകല പലര്‍ക്കും അജ്ഞാതവുമായിരുന്നു. തര്‍ക്കവിതര്‍ക്കങ്ങളിലും ബൗദ്ധികവ്യായാമങ്ങളിലും മാത്രം ഒതുങ്ങിനിന്ന ഈ ദര്‍ശനത്തിന് വ്യക്തവും കൃത്യവും ശാസ്ത്രീയവുമായ സാമൂഹികാചരണതലം നല്‍കാന്‍ ആചാര്യപാദര്‍ മുന്‍കൈയ്യെടുത്തു. അതിന് അദ്ദേഹം എഴുതിയ 'മനീഷാപാഞ്ചക'-മെന്ന കൃതിയില്‍ 'ജാഗ്രത് - സ്വപ്ന - സുഷുപ്തികളി സുവ്യക്തമായി യാതൊരു ബോധസ്വരൂപമാണോ ബ്രഹ്‌മാവ് മുതല്‍ ഉറുമ്പുവരെയുള്ള ശരീരങ്ങളാലും ജഗത്‌സാക്ഷിയിലും കോര്‍ക്കപ്പെട്ടത് (ചേര്‍ക്കപ്പെട്ടത്), ആ സംവിത് തന്നെയായ ഞാന്‍ ദൃശ്യവസ്തുവല്ല എന്ന ദൃഢകരമായ പ്രജ്ഞ ആര്‍ക്കുണ്ടോ അയാള്‍ (ലോകദൃഷ്ട്യാ) ചണ്ഡാലനാകട്ടെ, ബ്രാഹ്‌മണനാകട്ടെ അയാള്‍ ഗുരുവാണെന്നാണ് എന്റെ നിശ്ചിതമായ അറിവ്' എന്ന് അവിടന്ന് തറപ്പിച്ച് പറയുന്നു. 'ശിവന്‍ ശക്തിയോട് ഒന്നുചേര്‍ന്നിരിക്കുന്നുവെങ്കി മാത്രമേ പ്രതീതികളെ ഭവിപ്പിക്കുന്നതിന് ശക്തനായിരിക്കുകയുള്ളൂ'എന്ന് തുടങ്ങുന്ന സൗന്ദര്യലഹരിയി ദേവതാസങ്ക പ്പത്തിന്റെ അംഗോപാംഗവര്‍ണ്ണനയിലെ കൃതഹസ്തത തികച്ചും ശ്രദ്ധേയമാണ്. അതുപോലെ മൈഥുനത്തെ യജ്ഞമായി അവതരിപ്പിക്കുന്ന ബൃഹദാരണ്യകോപനിഷത്തിലെ(6:2:13) മന്ത്രഭാഗങ്ങള്‍ക്ക് പല പണ്ഡിതന്മാരും സന്ന്യാസിമാരും ആദ്യഭാഗം മുന്‍മന്ത്രത്തിലേതുപോലെയാണെന്ന് എന്ന അര്‍ത്ഥം പറഞ്ഞ് തടിതപ്പുമ്പോള്‍, ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്ത പാശ്ചാത്യപണ്ഡിതന്മാരി ചിലര്‍ ഈ ഭാഗം ലാറ്റിന്‍ ഭാഷയി ബോധപൂര്‍വ്വം മൂടിവെച്ചപ്പോള്‍ ഒരൊളിച്ചുകളിയും നടത്താതെ ആചാര്യന്‍ ഇവയ്‌ക്കെല്ലാം നേര്‍ക്കുനേരെ അര്‍ത്ഥം പറഞ്ഞുപോകുന്നതും അതുപോലെ തന്നെ. ഇങ്ങനെ സകല ഭേദവിചാരങ്ങള്‍ക്കും വിലങ്ങിട്ട ആചാര്യന്‍ തന്നെയാണ് അനാചാരങ്ങളും മറ്റും ചിട്ടപ്പെടുത്തിയത് എന്ന വികലമായ കാഴ്ചപ്പാടും നിലവിലുണ്ട്. ''പില്‍ക്കാലത്തെ ബ്രാഹ്‌മണമേധാവികള്‍ തങ്ങളുടെ സ്ഥാപിതതാ പര്യങ്ങള്‍ക്ക് ന്യായീകരണം നല്‍കാന്‍ വേണ്ടി ശങ്കരന്റെ പേര്‍ ഉപയോഗിച്ചുവെന്നും അദ്ദേഹത്തിന്റെ പേരില്‍ കൃത്രിമമായി ചില കൃതികള്‍ പ്രസിദ്ധം ചെയ്തുവെന്നും കരുതാനാണ് കൂടുതല്‍ ന്യായം'' എന്ന ശ്രീ. കെ. ദാമോദരന്റെ അഭിപ്രായം ഇവിടെ ശ്രദ്ധേയമാണ്. ശങ്കരന്റെ നേരവകാശിയെന്ന ശ്രീ. നടരാജഗുരു വിശേഷിപ്പിച്ച ശ്രീനാരായണഗുരുദേവന്‍ ദാര്‍ശനികമായി നാം ശങ്കരനെ പിന്തുടരുന്നുവെന്ന് അര്‍ത്ഥശങ്കയ്ക്കിടമേകാത്തവിധം പ്രസ്താവിച്ചതും അതുകൊണ്ടുതന്നെ.
പ്രകൃതിയുടെ ഖജനാവിലുള്ള അനന്തകോടി സൂക്ഷ്മാണുക്കളില്‍ ഒരിനത്തിന്റെ മുന്നില്‍ മനുഷ്യാഹന്ത മുട്ടുമടക്കിയ കാലമാണിപ്പോള്‍. മാത്രമല്ല, സൗഖ്യവും സ്വാസ്ഥ്യവും സുരക്ഷിതത്വവും സമ്പത്തിലും വിഭവസമൃദ്ധിയിലുമാണെന്ന പലരുടെയും അബദ്ധവിശ്വാസങ്ങളും തെറ്റിദ്ധാരണകളും കടപുഴകി വീണിരിക്കുന്നു. വിരല്‍ത്തുമ്പിനെക്കുറിച്ചുള്ള സമഗ്രമായ വിജ്ഞാനംപോലുമില്ലതെ വിജ്ഞാനം വിര ത്തുമ്പിലെന്ന് വീമ്പടിച്ചും പര്‍വ്വത നെറുകിലോ കടലാഴങ്ങളിലോ ബഹിരാകാശത്തോ അന്യഗ്രഹോപഗ്രഹങ്ങളിലോ ഒന്ന് കാലുകുത്തുമ്പോഴേക്ക് അതിനെയെല്ലാം കീഴടക്കിയെന്ന് ഉന്മാദിച്ചും ഈ പ്രപഞ്ചം മനുഷ്യകേന്ദ്രിതമെന്ന ധാര്‍ഷ്ട്യത്തോടെ വ്യവസ്ഥകളിലെല്ലാം താളക്കേടുണ്ടാക്കിയും സൗമ്യവും സ്വസ്ഥവും സ്വച്ഛവും ഹിതകരമവുമായ ഉപഭോഗം സാധ്യമാക്കാതെ അനന്തമായ സമാഹരണത്തിന് വന്‍പടയോട്ടം നടത്തിയുമെല്ലാം സ്വന്തം വംശത്തോടും മറ്റ് ജീവരാശികളോടും ഈ വിശ്വപ്രകൃതിയോടും മനുഷ്യന്‍ ചെയ്തുകൊണ്ടിരിക്കുന്ന കൊടുംപാതകക്കറകള്‍ കൈകഴുകിയാല്‍ പോകാത്തത്ര കട്ടിയേറിയതാണ്. കമ്പോളവല്‍ക്കൃതവും ആധിപത്യോന്മുഖവുമായ മതത്തിനും ശാസ്ത്രസങ്കേതങ്ങള്‍ക്കും ഇതിലുള്ള പങ്ക് ചെറുതല്ല. ഈ അവസരത്തിലാണ് ''താമരയിതളിലെ വെള്ളത്തുള്ളിപോലെ തരളമാണ് അതിശയിപ്പിക്കുന്ന ചാപല്യങ്ങളോടു കൂടിയ മനുഷ്യജീവിതം. രോഗം, അഭിമാനം എന്നിവയാ ഗ്രസിക്കപ്പെട്ടതാണത്. ഈ ലോകമാകട്ടെ ശോകംകൊണ്ട് ഹനിക്കപ്പെട്ടതും'' എന്നാണ് ലോകജീവിതത്തെക്കുറിച്ച് 'ഭജഗോവിന്ദ'(മോഹമുദ്ഗരം)ത്തില്‍ ആചാര്യപാദര്‍ നിരൂപണം ചെയ്യുന്നത്. കാല്‍പ്പനികഭാവം കൈവിടാതെതന്നെ ലോകജീവിതത്തെ സംബന്ധിച്ച വസ്തുനിഷ്ഠവും ചമത്ക്കാരപൂര്‍ണ്ണവുമായ ഈ വിലയിരുത്തല്‍ ആനുകാലികസാഹചര്യത്തില്‍ നമ്മെ വീണ്ടുവിചാരത്തിന് പ്രേരിപ്പിക്കേണ്ടതാണ്.
സകല ജീവജാലങ്ങളുടെയും ശരീവവും മനസ്സും ബുദ്ധിയും ഒന്നിച്ച് ഏതറ്റം വരെ പരിശ്രമിച്ചാലും ഈ വിശ്വപ്രകൃതിയെയും പ്രപഞ്ചത്തെയും ആര്‍ക്കും ഒരിക്കലും ഒന്നുകൊണ്ടും കീഴടക്കാനാകില്ലെന്നും എല്ലാത്തിലും സമരസപ്പെട്ടു കിടക്കുന്ന അന്തസ്സത്തയുടെ തലത്തില്‍ ഒന്നും മറ്റൊന്നിന് കീഴ്‌പ്പെടേണ്ടതല്ലെന്നുമുള്ള തിരിച്ചറിവ് നമ്മുടെ മൗലികാവകാശമാണ്. ഒപ്പംതന്നെ മനുഷ്യനെന്ന ജീവിവര്‍ഗ്ഗത്തിന്റെ നിസ്സാരതയും നിസ്സഹായതയും ഊന്നിപ്പറയുന്നതുകൊണ്ട് ആരുടെയെങ്കിലും മനോവീര്യവും ആത്മവിശ്വാസവും ഇച്ഛാശക്തിയും ക്രിയാശേഷിയും ജ്ഞാനോന്നതിയും സവിശേഷസിദ്ധികളും ചോര്‍ന്നുപോകുന്നുണ്ടെങ്കില്‍ അതെല്ലാം താല്‍ക്കാലികവും ദുര്‍ബലവും അതിജീവനശേഷിയില്ലാത്തതുമാണെന്ന് തീര്‍ച്ചപ്പെടുത്തേണ്ടി വരും. മേല്‍സാഹചര്യത്തി കലഹങ്ങള്‍ക്കും കലാപങ്ങള്‍ക്കുമപ്പുറം അനുഭവദാര്‍ഢ്യത്തിന്റെയും യുക്തിബോധത്തിന്റെയും കാര്യക്ഷമമായ വിനിയോഗത്തിലൂടെ നമ്മിലെ സ്വാച്ഛന്ദികസ്വാസ്ഥ്യത്തെയും അതിലൂടെ സാമൂഹികസുസ്ഥിതിയെയും സുസാധ്യമാക്കുന്നതിനുള്ള ഉയിരും ഉണര്‍വ്വും ഉത്തേജനവും പ്രദാനം ചെയ്യാന്‍ എക്കാലത്തും ശാങ്കരദര്‍ശനം സുസജ്ജമാണെന്നതാണ് അതിന്റെ സാര്‍വ്വകാലിക പ്രസക്തി. ഇത് വിവേകപൂര്‍വ്വം തിരിച്ചറിഞ്ഞ് വിഭാഗീയതകള്‍ക്കൊന്നിനും അതിനെ ഒരിക്കലും പതിച്ചുകൊടുക്കാതെ, വിവേചനങ്ങള്‍ക്കൊന്നും അടിമപ്പെടുത്താതെ, ആരുടെയും ദുര്‍വിനിയോഗം അനുവദിക്കാതെ ഉള്‍ക്കൊള്ളലിന്റെയും സ്വാംശീകരണത്തിന്റെയും സാധ്യതകളെ സ്വായത്തമാക്കുന്നതിനുള്ള ജാഗ്രതയും ഉടലില്‍നിന്ന് ഉയിരിലേക്കും ഉറവിടത്തിലേക്കും ഉണ്മയിലേക്കും ഊര്‍ജ്ജസ്വലതയോടെ ഊര്‍ന്നിറങ്ങുന്നതിനുള്ള സന്നദ്ധതയുമാണ് ഈ ദര്‍ശനം നമ്മോട് ആവശ്യപ്പെടുന്നത്.
('അദ്വൈതദര്‍ശനം ആശാന്‍ കവിതയില്‍ 'എന്ന വിഷയത്തില്‍ ഡോക്ടറേറ്റ് നേടിയ ആളാണ് ലേഖകന്‍)
ഫോണ്‍-9633878009)
Content Highlights: Sri shankaracharya Jayanti

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
modi

5 min

ലോകത്തെ മുഴുവൻ ഊട്ടുമെന്ന് പ്രഖ്യാപനം,തിരുത്തല്‍; ഗോതമ്പിൽ മോദി ട്രാക്ക് മാറ്റിയതെന്തിന്?

May 20, 2022


Sabu m Jacob

4 min

കെ.എസ്.ആര്‍.ടി.സി-യെ ഇനി കോഴിക്കൂട് ഉണ്ടാക്കാനും ഉപയോഗിക്കും;  ഇത് ലോകം മാതൃകയാക്കണം-സാബു എം ജേക്കബ്

May 20, 2022


Sajjanar

5 min

നായകനില്‍നിന്ന് വില്ലനിലേക്ക്‌; പോലീസ് വാദങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞു, വ്യാജ ഏറ്റുമുട്ടല്‍ എന്തിന്?

May 21, 2022

More from this section
Most Commented