ഒരുങ്ങാം; വീട്ടില്‍ ബലിയിടാന്‍....


ബലിതർപ്പണം | Photo: AFP

കോവിഡ് പാശ്ചാത്തലത്തില്‍ ഇത്തവണ പതിവുരീതിയിലുള്ള ബലിതര്‍പ്പണമൊന്നുമില്ല. വീടുകളില്‍തന്നെ ബലിതര്‍പ്പണം നടത്താം. പിതൃക്കളെ മനസ്സില്‍ ധ്യാനിച്ച് കര്‍മങ്ങള്‍ നടത്താം. ഞായറാഴ്ചയാണ് ഇത്തവണ ബലിതര്‍പ്പണം. ശനിയാഴ്ച വ്രതമെടുക്കാം. ഞായറാഴ്ച പുലര്‍ച്ചെ മുതല്‍ ബലിയിടാം. രാവിലെ 11 വരെയാണ് സമയം.

വീടുകളില്‍ ബലതര്‍പ്പണം നടത്തുന്ന രീതി കോഴിക്കോട് ശ്രീകണ്‌ഠേശ്വരക്ഷേത്രം മേല്‍ശാന്തി ഷിബു വിശദീകരിക്കുന്നു

മാലകര്‍മത്തിന് വേണ്ടത്

തുളസി, ചെറൂള, കിണ്ടി വെള്ളം, ചന്ദനം, ചന്ദനത്തിരി, ദീപം, നിലവിളക്ക്, എണ്ണ, തിരി, എള്ള്, പിണ്ഡം (പച്ചരിയും എള്ളും ശര്‍ക്കരയും പഴവും തേനും ചേര്‍ത്ത് കുഴച്ചത്), വാഴയില, ദര്‍ഭ (പവിത്രം).

ബലിതര്‍പ്പണം ഇങ്ങനെ

കുളിച്ച് ശുദ്ധമായി വന്ന് അഞ്ച് തിരിയിട്ട നിലവിളക്ക് കൊളുത്തി വെക്കുക. തെക്കോട്ട് തിരിഞ്ഞിരുന്ന് മുന്നില്‍ തളിച്ച് ശുദ്ധമാക്കി തൂശനില തെക്കോട്ടായി വെച്ച് പൂവെടുത്ത് പ്രാര്‍ഥിക്കുക (ശുക്ലാംബരധരം വിഷ്ണും ശശിവര്‍ണം ചതുര്‍ഭുജം, പ്രസന്നവദനം ധ്യായേത് സര്‍വവിഘ്‌നോപശാന്തയേ). നമ്മളെ നാമാക്കിയ പിതൃക്കളുടെ മോക്ഷപ്രാപ്തിക്കും പുണ്യത്തിനുംവേണ്ടി ചെയ്യുന്ന അമാവാസി ശ്രാദ്ധത്തിന് ഗുരുക്കന്മാരുടെയും ജഗദീശ്വരന്റെയും അനുഗ്രഹം ഉണ്ടാകാന്‍ തെറ്റുകുറ്റങ്ങളില്ലാതെ കര്‍മം അനുഷ്ഠിക്കാന്‍ പറ്റണേയെന്ന പ്രാര്‍ഥനയാണ് വേണ്ടത്. പുഷ്പം നിലവിളക്കിന്റെ പാദത്തില്‍ സമര്‍പ്പിക്കുക.

പവിത്രം(ഉള്ളവര്‍) ധരിച്ച് എള്ളും പൂവും ചന്ദനവും ചേര്‍ത്ത് ശിരസ്സില്‍ മൂന്നുവട്ടം ഉഴിഞ്ഞ് പിതൃക്കളെ സ്മരിച്ച് സങ്കല്പിച്ച്, ആവാഹിച്ച് ഇലയില്‍ സമര്‍പ്പിക്കുക. വലതു കൈയില്‍ എള്ളെടുത്ത് ഇടതു കൈകൊണ്ട് കിണ്ടിയില്‍ നിന്നുള്ള വെള്ളമൊഴിച്ച് മൂന്നുവട്ടം ദര്‍ഭയ്ക്ക് മുകളിലൂടെ ഇലയില്‍ വീഴ്ത്തുക. എടുത്തുവെച്ചിരിക്കുന്ന പിണ്ഡത്തില്‍നിന്ന് അഞ്ച് തവണയായി പിതൃക്കളെ സ്മരിച്ച് ദര്‍ഭയ്ക്കുമുകളില്‍ സമര്‍പ്പിക്കുക. പിണ്ഡത്തിനുമുകളില്‍ മൂന്ന് പ്രാവശ്യമായി ചൂണ്ടുവിരലിലൂടെ ചുറ്റിച്ച് എള്ളും വെള്ളവും വീഴ്ത്തുക.

ശേഷം തുളസിയിലകൊണ്ട് മൂന്ന് വട്ടം വെള്ളവും ചന്ദനവും പുഷ്പവും പിണ്ഡത്തിന് മുകളില്‍ സമര്‍പ്പിക്കുക. ചെയ്തതില്‍ എന്തെങ്കിലും തെറ്റുണ്ടെങ്കില്‍ അത് പൊറുത്ത് പിതൃക്കളുടെ മോക്ഷത്തിനായി പ്രാര്‍ഥിക്കുക. പൂവ് പിണ്ഡത്തിനുമുകളില്‍ സമര്‍പ്പിച്ച് എഴുന്നേറ്റ് ഇടത്തോട്ട് മൂന്ന് പ്രദക്ഷിണം ചെയ്ത് സമസ്താപരാധവും പൊറുക്കാന്‍ പ്രാര്‍ഥിച്ച് പിതൃക്കളെ നമസ്‌കരിക്കുക. വീണ്ടും പൂവെടുത്ത് പിണ്ഡത്തിനുമുകളില്‍ സമര്‍പ്പിക്കുക. പിണ്ഡം ഇലയോടെ എടുത്ത് ജപത്തോടെ തെക്ക് ഭാഗത്ത് വെച്ച് കൈ നനച്ച് കൊട്ടി കാക്കയ്ക്ക് സമര്‍പ്പിക്കുക. പവിത്രം ഊരി കെട്ടഴിച്ച് സമര്‍പ്പിക്കുക. (കടപ്പാട്: ശ്രീകണ്‌ഠേശ്വരക്ഷേത്രം മേല്‍ശാന്തി ഷിബു)

വാവുബലിയുടെ പുണ്യതയിൽ തിരുനെല്ലി ക്ഷേത്രത്തിലേക്ക് ഒരു വെർച്യുൽ ടൂർ നടത്താം

പിണ്ഡം, എള്ള്, ചന്ദനം, പുഷ്പം...

നിലവിളക്ക് കിഴക്ക് പടിഞ്ഞാറ് തിരിയിട്ട് കത്തിച്ചുവെക്കുക. കിണ്ടിയില്‍ വെള്ളംനിറച്ച് ചീന്തിയ നാക്കിലയില്‍ ബലിദ്രവ്യങ്ങള്‍ വെക്കുക. ഇടതുകാല്‍മുട്ട് കുത്തിയിരുന്ന് വേണം കര്‍മം ചെയ്യാന്‍. ഗംഗ, യമുന, ഗോദാവരി, സരസ്വതി, നര്‍മദ, സിന്ധു, കാവേരി നദികളെ ആവാഹിച്ച് വെള്ളത്തെ തീര്‍ഥമാക്കുക. കുറച്ച് തീര്‍ഥമെടുത്ത് (അച്യുതായ നമഃ, അനന്തായ നമഃ ഗോവിന്ദായ നമഃ)ചൊല്ലി കുടിക്കാം.

പവിത്രം വലതുമോതിരവിരലില്‍ ധരിക്കാം. പ്രാര്‍ഥനയോടെ (ശുക്ലാംബരധരം... )പൂവെടുത്ത് വിളക്കിന് സമര്‍പ്പിക്കാം. പിതൃതര്‍പ്പണം നടത്തുന്നതിനുള്ള പ്രാര്‍ഥനാമന്ത്രം ചൊല്ലി ദര്‍ഭയാകുന്നപീഠം നാക്കിലയുടെ മധ്യത്തില്‍ വെക്കുക.

പിണ്ഡം, എള്ള്, ചന്ദനം, പുഷ്പം എന്നിവ കൈയിലെടുത്ത് ഉയര്‍ത്തിപ്പിടിച്ച് പ്രാര്‍ഥിച്ച് ദര്‍ഭയുടെ മുകളില്‍ സമര്‍പ്പിക്കുക. ബലിദ്രവ്യങ്ങളെടുത്ത് വീണ്ടും പ്രാര്‍ഥിച്ച് സമര്‍പ്പിക്കുക. എള്ളും ജലവും കൈയിലെടുത്ത് തിലോദകം 'മയാദീയതേ' എന്നു ചൊല്ലി മൂന്ന് പ്രാവശ്യം പിണ്ഡത്തിന് മുകളില്‍ അര്‍പ്പിക്കുക. പിണ്ഡം കൂട്ടിയെടുത്ത് നെഞ്ചോടുചേര്‍ത്ത് പ്രാര്‍ഥിക്കുക. മാതൃപിതൃ കുലത്തിലേയും അതുമായി ബന്ധപ്പെട്ടതുമായ എല്ലാ ആത്മാക്കള്‍ക്കും സദ്ഗതി വരുത്തണമെന്ന് പ്രാര്‍ഥിച്ച് പിണ്ഡം സമര്‍പ്പിക്കാം. സ്വധാനമഃ തര്‍പ്പയാമി ചൊല്ലി ജലമര്‍പ്പിക്കാം. പുഷ്പമെടുത്ത് 'പിണ്ഡ പിതൃദേവതാദ്യോനമഃ' എന്ന് അര്‍പ്പിക്കുക. ഒരു പൂവെടുത്ത് വെള്ളത്തില്‍ മുക്കി അര്‍പ്പിക്കാം. വെള്ളവും പൂവും ചന്ദനവും അര്‍പ്പിച്ച ശേഷം പിതൃക്കള്‍ക്ക് സദ്ഗതി വരുത്താന്‍ പ്രാര്‍ഥിക്കാം.

ശേഷിക്കുന്ന ബലിസാധനങ്ങള്‍ എടുത്ത് പിതൃക്കള്‍ക്ക് മോക്ഷം നല്‍കണേയെന്ന പ്രാര്‍ഥനയോടെ നാക്കിലയില്‍ സമര്‍പ്പിക്കാം. ചെറിയ ഇലയെടുത്ത് നാക്കിലയില്‍ കമഴ്ത്തിവെക്കാം. നാക്കില തുറന്ന് പൂവെടുത്ത് ആവാഹിച്ച പിതൃക്കളെ ഉദ്വസിക്കാന്‍വേണ്ടി ഇടതുമൂക്കില്‍ മണത്ത് 'വംശദ്വയ പിതൃഭ്യഃ ഉദ്വാസയാമി' എന്ന് ചൊല്ലി തലയുടെ മുകളില്‍കൂടി പിന്നോട്ടിടാം. ജലപാത്രം കമഴ്ത്തിവെച്ച് എണീറ്റ് 'ഓംനമോ നാരായണായ നമഃ' എന്ന് ചൊല്ലി കാക്കകള്‍ക്ക് കൊടുക്കാം. കൈ നനച്ച് കൈകൊട്ടാം. ശരീരം ശുദ്ധിവരുത്തി വീട്ടിലേക്ക് പ്രവേശിക്കാം.

(എം.ചന്ദ്രശേഖരന്‍ നായര്‍(വരക്കല്‍ ബലിതര്‍പ്പണ സമിതി, പ്രസിഡന്റ്)

മനസര്‍പ്പിച്ചുള്ള പ്രാര്‍ഥന പ്രധാനം

ആചാര്യമുഖത്തുനിന്ന് ശ്രാദ്ധം നടത്താന്‍ പറ്റാതെവരുമ്പോള്‍ കൈപ്പുസ്തകത്തിന്റെയോ വീഡിയോയുടെ സഹായത്തോടെ കര്‍മം ചെയ്യാമെന്നും പണ്ഡിതര്‍ പറയുന്നു.

ലളിതമായ പ്രാര്‍ഥന മതി. ദേശകാല സങ്കല്പം, തീര്‍ഥമൊരുക്കല്‍, ആത്മാവിന് ദര്‍ഭ വിരിച്ച് പീഠമൊരുക്കല്‍, പിതൃക്കളെ ആവാഹിക്കല്‍, ജലഗന്ധപുഷ്പ അര്‍ച്ചന, അച്ഛന്റെയും അമ്മയുടെയും കുലത്തിലുള്ള പിതൃക്കള്‍ക്ക് നമസ്‌കാരം, പിണ്ഡസമര്‍പ്പണം എന്നിവയെല്ലാം ഘട്ടംഘട്ടമായി ചെയ്യണം. പിണ്ഡം ശരീരമായി സങ്കല്പിച്ചാണ് കര്‍മം നടത്തുന്നത്. പിതൃക്കള്‍ക്ക് എള്ളുചേര്‍ത്ത് വെള്ളം കൊടുക്കലാണ് അടുത്തത്. ഓം തിലോദകം സമര്‍പ്പയാമീ മന്ത്രത്തോടെ അഞ്ചോ ഏഴോ വട്ടം നല്‍കാം ഇത്.

പിന്നെ ഗ്രാമ-കുല ഇഷ്ടദേവതകളെ പ്രാര്‍ഥിക്കാം, ആത്മാക്കള്‍ക്ക് മോക്ഷം കിട്ടാനായി. പിതൃക്കളെ സങ്കല്പിച്ച് ഓര്‍മകള്‍ സ്മരിക്കുക. മനസ്സുരുകി പ്രായശ്ചിത്തം ചെയ്തുകൊണ്ടുള്ള പ്രാര്‍ഥനയാണത്. നമ്മളെ ഇങ്ങനെയാക്കിയവര്‍ക്കുള്ള നന്ദി ചൊല്ലണം. മനസ്സുരുകിയുള്ള പ്രായശ്ചിത്തത്തിലാണ് കാര്യം. ശേഷം പിണ്ഡം തെക്കേമുറ്റത്ത് കാക്കയ്ക്ക് സമര്‍പ്പിക്കും. കാക്കയെടുത്തില്ലെങ്കില്‍ അത് പൊതിഞ്ഞ് പുഴയിലോ കടലിലോ ഒഴുക്കാം.

വാസുദേവന്‍ പനോളി (മുഖ്യകര്‍മി, ഗോതീശ്വരം, ക്ഷേത്രം സെക്രട്ടറി)

അന്നമൂട്ടി പിതൃചൈതന്യത്തെ ധന്യമാക്കുന്നതാണ് വാവുബലി. ദേവകള്‍ ഉറങ്ങുന്ന ദക്ഷിണായനത്തിലെ ആദ്യ അമാവാസിനാളില്‍ ബലിതര്‍പ്പണം ഏറ്റവും ഉത്തമമെന്ന് വിശ്വാസം. കര്‍ക്കടകം തുടങ്ങുന്നതോടെ ആറുമാസം നീളുന്ന ദക്ഷിണായനവും ആരംഭിക്കുന്നു. പിതൃക്കളുടെ കാലമാണിത്. ഇത്തവണ ജൂലായ് 20, തിങ്കളാഴ്ചയാണ് കര്‍ക്കടകവാവ്. കോവിഡ് ജാഗ്രതയുടെ ഭാഗമായി ഒട്ടുമിക്ക ബലിതര്‍പ്പണ കേന്ദ്രങ്ങളിലും ചടങ്ങുകളില്ല. നടത്തുന്ന സ്ഥലങ്ങളില്‍ത്തന്നെ ആള്‍ക്കൂട്ടം പാടില്ല.

വീട്ടിലിരുന്ന് ബലിയര്‍പ്പിക്കുന്നവര്‍ അനുഷ്ഠിക്കേണ്ട രീതികള്‍ എന്തെന്ന് വിശദമാക്കുകയാണ് പ്രമുഖ തന്ത്രിയായ അക്കീരമന്‍ കാളിദാസന്‍ ഭട്ടതിരിപ്പാട്.

*ബലിക്ക് തലേന്ന് ഒരിക്കല്‍ വ്രതം അനുഷ്ഠിക്കണം. വൈകീട്ട് അരിയാഹാരം പാടില്ല. പിറ്റേന്ന് പുലര്‍ച്ചെ ഉണര്‍ന്ന് മുഹൂര്‍ത്തം തെറ്റാതെ ബലികര്‍മങ്ങള്‍ പൂര്‍ത്തീകരിക്കണം. ഇത്തവണ 20-ന് പുലര്‍ച്ചെ 12.10മുതല്‍ പകല്‍ 11.02വരെയാണ് ബലിയിടാനുള്ള മുഹൂര്‍ത്തം.

*ബലിക്ക് വേണ്ടവ: നിലവിളക്ക്, നിവേദ്യം, ഹവിസ് (ഉണക്കലരി വറ്റിച്ചത്), തൂശനില-രണ്ട്, ദര്‍ഭപ്പുല്ല് ചാണ്‍ നീളം, രണ്ട് പുല്ലിന്റെ തലഭാഗം മുറിച്ചതും ശേഷിക്കുന്ന ഭാഗം ചാണ്‍നീളത്തില്‍ നാല് കഷണം, ദര്‍ഭകൊണ്ട് പവിത്രം, ചെറൂള, തുളസിപ്പൂവ് എന്നിവ ഒരുക്കിയത്, എള്ള്, അരച്ച ചന്ദനം, വെള്ളംനിറച്ച കിണ്ടി.

*മുറിക്കുള്ളിലോ പുറത്തോ ബലിയിടാനായി സ്ഥലം ശുദ്ധമാക്കിയെടുക്കുക. തറ തളിച്ച് മെഴുകണം. ബലിയര്‍പ്പിക്കുന്നയാള്‍ കുളിച്ച് അലക്കുവസ്ത്രം ധരിച്ച് തെക്കോട്ടിരുന്ന് മുകളില്‍ പറഞ്ഞ സാധനങ്ങള്‍ വലതുവശത്തായി ഒരുതൂശനിലയില്‍ വെയ്ക്കുക. ഇടതുവശത്ത് ഹവിസ്. മെഴുകിയ തറയില്‍ തൂശനില വെയ്ക്കുക. ഇലയില്‍ ദര്‍ഭ നനച്ച് വിരിച്ചുവെയ്ക്കുക. കിണ്ടി തളിച്ച് എള്ളും പൂവും ചന്ദനവും ജലവും കൂട്ടിയെടുത്ത് സമസ്ത പിതൃക്കളെയും സങ്കല്പിച്ച് ആവാഹിച്ച് പുല്ലില്‍ വെയ്ക്കുക.

ജലംചേര്‍ത്ത് ചന്ദനം എള്ള്, പൂവ് ഇവ ആരാധിച്ച് സമര്‍പ്പിക്കുക. എള്ളിട്ട് ഹവിസ് ഉരുളയാക്കി പൂവും ചന്ദനവും ജലവും ചേര്‍ത്ത് എടുത്ത് വലതുകൈയില്‍ പിടിക്കുക. ഇടതുകൈ നെഞ്ചോടുചേര്‍ത്ത് വലതുകൈയിലെ ഉരുള എല്ലാ പിതൃക്കള്‍ക്കുമായി പിണ്ഡംവെയ്ക്കുന്നുവെന്ന് സങ്കല്പിച്ച് പുല്ലില്‍വെയ്ക്കുക. എള്ള്, ചന്ദനം, പൂവ് ജലംചേര്‍ത്ത് മൂന്ന് പ്രാവശ്യംവീതം സമര്‍പ്പിച്ച് പ്രാര്‍ഥിക്കുക. വീണ്ടും എള്ള്, ചന്ദനം, പൂവ് ഇവകൂട്ടിയെടുത്ത് പിതൃക്കളെ പിതൃലോകത്തേക്ക് തിരിച്ചയയ്ക്കുന്നുവെന്ന സങ്കല്പത്തില്‍ സമര്‍പ്പിക്കുക. പുഴയുടെ തീരത്താണെങ്കില്‍ ഇലയിലുള്ളത് കൈയിലെടുത്ത് തലയ്ക്കുമുകളില്‍ പിടിച്ച് വെള്ളത്തിലിറങ്ങി പുറകിലേക്ക് സമര്‍പ്പിച്ച് മുങ്ങി നിവരാം. പുഴയടുത്തില്ലാത്തവര്‍ ഇലയിലെ വസ്തുക്കള്‍ സമീപത്തെ ജലസ്രോതസ്സില്‍ ഇട്ട് വീട്ടിലെത്തി കുളിക്കുക. വിവാഹിതരായ സ്ത്രീകളാണെങ്കില്‍ പവിത്രത്തിന് പകരം വാഴയിലകീറി വിരലില്‍ ചൂടണം. ഇലയില്‍ ദര്‍ഭവിരിക്കാതെ കിഴക്കോട്ട് തിരിഞ്ഞിരുന്ന് ബലിയര്‍പ്പിക്കണം. ചെറൂളക്ക് പകരം തുളസിപ്പൂവ് മാത്രം ഉപയോഗിക്കണം.

*ആചാര്യന്റെ നേരിട്ടുള്ള നിര്‍ദേശപ്രകാരമുള്ള ബലിച്ചടങ്ങുകളില്‍ പ്രാദേശികമായ മാറ്റങ്ങള്‍ സമര്‍പ്പണ രീതികളില്‍ ഉണ്ടാകും. എല്ലാ വിഭാഗം ആളുകള്‍ക്കും അനുഷ്ടിക്കാന്‍ സാധിക്കുംവിധമുള്ള ലഘുവായ ചടങ്ങുകളാണ് ഇവിടെ വിവരിച്ചത്.

വീട്ടിലിരുന്ന് ബലിയിടാം

കര്‍ക്കടകവാവുബലി തര്‍പ്പണം കോവിഡ്കാലത്ത് നദീതടങ്ങളിലും ക്ഷേത്രങ്ങളിലും അസാധ്യമായതോടെ വീട്ടുമുറ്റങ്ങളിലേക്ക് മാറാന്‍ എല്ലാവരും നിര്‍ബന്ധിതരായിരിക്കുന്നു. വീടുകളിലെല്ലാം ക്രിയകള്‍ പറഞ്ഞുനല്‍കുന്നതിന് കര്‍മികളെത്തുക പ്രയാസം. നാലു പതിറ്റാണ്ടിലധികമായി ഈ രംഗത്ത് സജീവമായ ആറാട്ടുപുഴ പല്ലിശ്ശേരി സി.പി. സത്യനാരായണന്‍ ഇളയത് 'മാതൃഭൂമി' വായനക്കാര്‍ക്കായി ക്രിയ വിവരിക്കുന്നു.
സര്‍വദോഷ പരിഹാരാര്‍ത്ഥേ...

ഒരുക്കുകള്‍: നിലവിളക്ക്, രണ്ട് നാക്കിലകള്‍,എള്ള്,പൂവ് (ചെറൂള,തുളസി) ചന്ദനം,ദര്‍ഭപ്പുല്ല്/കറുക,ഉണങ്ങല്ലരി, ഒരു കിണ്ടി വെള്ളം,ദര്‍ഭപ്പുല്ലുകൊണ്ടുള്ള പവിത്രം.

ബലിയിടുന്നവര്‍ തലേദിവസം ഒരിയ്ക്കല്‍ വ്രതമെടുക്കണം. നിലവിളക്ക് തെളിയിച്ച് തളിച്ചുമെഴുകണം. കുളിച്ച് ഈറനോടെ തറ്റുടുത്ത് പുരുഷന്മാര്‍ തെക്കോട്ടും സ്ത്രീകള്‍ കിഴക്കോട്ടും മുഖമായി ഇരുന്ന് വാവ് ഊട്ടണം. കര്‍ക്കടവാവായതിനാല്‍ ഉണങ്ങലരി മതി. കവ്യം,ഹവിസ്സ് എന്നീ പേരുകളില്‍ അറിയപ്പെടുന്ന വേവിച്ചെടുത്ത ചോറ് ആവശ്യമില്ല. വലതുകൈയിലെ മോതിരവിരലില്‍ ദര്‍ഭപ്പുല്ലുകൊണ്ടുള്ള പവിത്രം ധരിച്ച് വെള്ളമെടുത്ത് സപ്തനദികളെ ധ്യാനിക്കുന്നു. കാശിയിലിരുന്ന് തര്‍പ്പണച്ചടങ്ങുകള്‍ ചെയ്യുന്നുവെന്നാണ് സങ്കല്പം.

സപ്തനദികളെ ധ്യാനിച്ച്

ഗംഗേ ച യമുന ചൈവ ഗോദാവരി സരസ്വതി നര്‍മദേ സിന്ധു കാവേരി ജലേസ്മിന്‍ സന്നിധിം കുരും

എന്ന ശ്ലോകം ചൊല്ലി ജലം ആവാഹിച്ച് കിണ്ടിയില്‍ നിറയ്ക്കും. ശിരസ്സിലും കണ്ണിലും പാദത്തിലും വെള്ളം സ്പര്‍ശിച്ച് സ്നാന സങ്കല്പം. ഇലകള്‍ ശുദ്ധമാക്കി ഗണപതിക്ക്

ഓം ഗം ഗണപതേ നമഃ

എന്ന് ഉരുവിട്ട് പൂവ് ആരാധിക്കും. ദര്‍ഭപ്പുല്ല് വെള്ളത്തില്‍ കടയും തലയും മുക്കി കൈയില്‍ ചെരിച്ചുപിടിച്ച് പിതൃലോകത്തുനിന്ന് പിതൃക്കളെ ആവാഹിച്ച് മെഴുകിയ ഇലയില്‍ അഭിമുഖമായി പരത്തിവെയ്ക്കുന്നു. എള്ളും പൂവും ചന്ദനവും വെളളവുമെടുത്ത് ഹൃദയത്തിലേയ്ക്ക് പിടിച്ച് സ്ഥലശുദ്ധി, കര്‍മശുദ്ധി, ദേഹശുദ്ധി. പുല്ലിന്റെ തല, നടു,പാദം എന്നിവ മരിച്ച വ്യക്തിയുടെ ശരീരമായാണ് സങ്കല്‍പ്പിക്കുന്നത്.

അഭിവാദയേ എന്നു പറഞ്ഞ് എള്ള്,പൂവ്,ചന്ദനം, വെള്ളംകൂട്ടി ഹൃദയത്തില്‍ ചേര്‍ത്തുപിടിച്ച് തലയ്ക്കല്‍ സമര്‍പ്പിച്ച് സ്ഥലശുദ്ധി പ്രായശ്ചിത്തം, നടുഭാഗത്ത് ഇതേരീതിയില്‍ കര്‍മശുദ്ധി പ്രായശ്ചിത്തം,മൂന്നാമത് പാദാരത്തില്‍ ദേഹശുദ്ധി പ്രായശ്ചിത്തം. തുടര്‍ന്ന് പാദം തൊട്ടുതൊഴുത് കൈ ശുദ്ധമാക്കുന്നു. പരത്തിവെച്ച പുല്ലിന്റെ വലതുഭാഗം തളിച്ച് മെഴുകി തുളസി പൂ നനച്ചുവെയ്ക്കും. എള്ളുംപൂവും ചന്ദനവും വെള്ളംകൂടി ഹൃദയത്തില്‍ പിടിച്ച് വംശപിതൃക്കളെ

ഏകോധിഷ്ഠ പ്രായശ്ചിത്തം ഇദം ഓം തത്സത് എന്ന മന്ത്രം ഉരുവിട്ട് സമര്‍പ്പിക്കും. തുടര്‍ന്ന് മൂന്ന് തവണ എള്ളും ചന്ദനവും പൂവും തൊട്ട് നീര് കൊടുത്ത് ആരാധിക്കും.

തുടര്‍ന്ന് അശ്വിനി ദേവന്മാരെ ധ്യാനിച്ച് വിശ്വദേവതകള്‍ക്ക് അക്ഷതപിണ്ഡം സങ്കല്‍പ്പിച്ച് പുല്ലിന്റെ തലയ്ക്കല്‍ വെയ്ക്കുന്നു. എള്ളും ,ചന്ദനവും തൊട്ട് ഓരോ നീര്. ഒരു പൂവും ആരാധിക്കണം. വീണ്ടും എള്ളും പൂവും ചന്ദനവും വെള്ളവും കൂട്ടി വംശപിതൃക്കള്‍ക്ക് ഉച്ഛിഷ്ട ബലി സങ്കല്‍പ്പിച്ച് നടുവില്‍ തൂവുന്നു. തുടര്‍ന്ന് എള്ള്,ചന്ദനംനീരും,പൂവ് ആരാധന. അവസാനത്തെ ഇലയില്‍ ബാക്കിയുള്ള എള്ള്,പൂവ്,ചന്ദനം വെള്ളംകൂട്ടി രണ്ടു കൈയിലും പകുത്തുപിടിച്ച് മനസ്സില്‍ ധ്യാനിച്ച് വംശപിതൃക്കളെ

ഏതന്‍മേ നാന്നീമുഖ ശ്രാദ്ധം വിശ്വഭ്യോ ദേവേഭ്യോ പിതൃപിതാ മഹേഭ്യ പ്രപിപതാ മഹേഭ്യാ ഓംതത്സത് സര്‍വദോഷ പരിഹാരാര്‍തേ

പറഞ്ഞു പാദത്തില്‍ അതായത് പുല്ലിന്റെ കടയ്ക്കില്‍ സമര്‍പ്പിക്കണം.

പിതൃക്കളെ മനസ്സില്‍ ധ്യാനിച്ച് നീര് കൊടുത്ത് തൊഴുത് ഇലയിലെ ഉണങ്ങലരിയും എളളും എടുത്ത് നനച്ച് രണ്ട് കൈയ്യും ഹൃദയത്തിലേയ്ക്ക് പിടിച്ച് അമാവാസി പിണ്ഡം പുല്ലിനു നടുവില്‍ വെക്കുന്നു. തുടര്‍ന്ന് നീര് നല്‍കലും ആരാധനയും. പാദം തൊട്ട് തൊഴുത് ഇല കുമ്പിളാക്കി വെളളം പകര്‍ന്ന് മൂന്ന് തവണ പിണ്ഡത്തിനു ചുറ്റും ഉഴിഞ്ഞ് ഇല മീതെ കമിഴ്ത്തുക.

പവിത്രം ഈരി കെട്ടഴിച്ച് ഇലയുടെ ചുവട്ടിലിട്ട് കിണ്ടിയില്‍ വെള്ളമെടുത്ത് തളിച്ച് ഇല നിവര്‍ത്തിവെക്കും. ഇലയില്‍നിന്ന് പൂവെടുത്ത് വാസനിച്ച് പിറകുവശത്തേക്ക് ഇടണം. എഴുന്നേറ്റ് കിഴക്കോട്ട് അഭിമുഖമായിനിന്ന് കാശി ഗയ സങ്കല്‍പ്പത്തില്‍ തൊഴുത് വംശപിതൃക്കളെ ക്രിയ ചെയ്ത സ്ഥലത്ത് പുരുഷന്മാര്‍ സാഷ്ടാംഗം നമസ്‌കരിക്കണം.

സ്ത്രീകള്‍ മുട്ട് കുത്തിയും. വെള്ളം തളിച്ച് എല്ലാമെടുത്ത് ശുദ്ധമാക്കിയ സ്ഥലത്തുവെച്ച് മരിച്ചവരെ മനസ്സില്‍ ധ്യാനിച്ച് നാരായണനാമം ജപിച്ച് മൂന്ന് തവണ പിണ്ഡത്തിലേയ്ക്ക് നീര് കൊടുക്കണം. ശേഷം അമര്‍ത്തി കൈകൊട്ടുന്നു. വാവ് ഊട്ടിയതില്‍നിന്ന് രണ്ടുമണി അരിയെടുത്ത് കിണറ്റില്‍ ഇടുന്നത് ഉത്തമം. തീര്‍ത്ഥത്തില്‍ ഒഴുക്കാനാവാത്തതിനാലാണിത്. തുടര്‍ന്ന് കുളിച്ചു വന്ന് നനച്ച ഭസ്മം പുരുഷന്മാര്‍ നീട്ടി തൊടും. തറവാട്ടിലെ ധര്‍മദൈവത്തേയും പ്രാര്‍ഥിച്ച് സാധിക്കുന്നപക്ഷം തിലഹോമം സായുജ്യ പൂജ ക്ഷേത്രത്തില്‍ കഴിച്ചാല്‍ ഉചിതം.

(തയ്യാറാക്കിയത് : വി. മുരളി)

കര്‍ക്കടകപുണ്യം ബലിതര്‍പ്പണം വീട്ടിലാവാം

കര്‍ക്കടകത്തിലെ കറുത്തവാവ് തിങ്കളാഴ്ച. പിതൃക്കള്‍ക്കായി വാവുബലിയര്‍പ്പിച്ച് പ്രാര്‍ഥനാനിരതരാവുന്ന ദിനം. ഇത്തവണ പ്രധാന സ്നാനഘട്ടങ്ങളിലൊന്നും വാവുബലി നടക്കുന്നില്ല. കോവിഡ് നിയന്ത്രണമുള്ളതിനാല്‍ ആളുകള്‍ കൂട്ടംചേര്‍ന്നുള്ള ചടങ്ങുകള്‍ പാടില്ല. വീടുകളില്‍ തന്നെ പിതൃസ്മരണകള്‍ക്കുമുന്നില്‍ എള്ളും പൂവും ജലവുമര്‍പ്പിച്ച് ബലിതര്‍പ്പണം നടത്താമെന്ന് ആചാര്യര്‍ നിര്‍ദേശിക്കുന്നു. വീടുകളിലെ ബലിതര്‍പ്പണം എങ്ങിനെ വേണമെന്നകാര്യം പാലക്കാട് യാക്കര വിശ്വേശ്വരക്ഷേത്രം മേല്‍ശാന്തി ബി. വിഷ്ണുനാഥ് വിശദീകരിക്കുന്നു

പിതൃക്കളുടെ ശ്രാദ്ധദിനമെന്നതുപോലെ കര്‍ക്കടകത്തിലെയും തുലാത്തിലെയും കറുത്തവാവുകളും ശിവരാത്രിവാവും പിതൃതര്‍പ്പണത്തിന് ഉചിതങ്ങളായ ദിവസങ്ങളാണ്.

പിതൃതര്‍പ്പണം നടത്താന്‍ എനിക്ക് മന്ത്രങ്ങളൊന്നുമറിയില്ലല്ലോ എന്ന് ഖേദിക്കുന്ന സാധാരണക്കാരാണ് ഏറെയും. പിതൃക്കളെ സ്മരിക്കുന്നതിന് വീടുകളില്‍ എല്ലാ അംഗങ്ങളും ചേര്‍ന്നുള്ള പ്രാര്‍ഥന ഏറ്റവും ഉദാത്തമായ കാര്യമാണ്. മരണമടഞ്ഞവരുടെ സദ്ഗതിക്കും മോക്ഷത്തിനുമായി കടുംബാംഗങ്ങള്‍ ഒരുമിച്ചുള്ള പ്രാര്‍ഥനകള്‍ക്ക് മന്ത്രാക്ഷരങ്ങളുടെ ശക്തി കൈവരും.

വാവിന്റെ തലേന്ന്...

രാവിലെ കുളിച്ച് പ്രാര്‍ഥനനടത്തി ഒരിക്കലെടുക്കണം. ഒരിക്കലെന്നാല്‍ ഒരുനേരം ഭക്ഷണംകഴിച്ച് രാത്രി ഉപവസിക്കലാണ്. ഭക്ഷണം ഒഴിവാക്കാനാവാത്തരീതിയില്‍ അസുഖങ്ങളും മറ്റുമുള്ളവരും മരുന്നുകള്‍ കഴിക്കുന്നവരും അരിയാഹാരം ഒഴിവാക്കി മറ്റെന്തെങ്കിലും ലഘുഭക്ഷണം കഴിക്കാം. സസ്യാഹാരംമാത്രം.

വീടിന്റെ തെക്കുഭാഗം പിതൃതര്‍പ്പണം നടത്താന്‍ യോജ്യമായ സ്ഥലം. വീടും പരിസരവും ശുചിയാക്കണം. ബലിതര്‍പ്പണം നടത്തുന്നഭാഗത്ത് ചാണകം മെഴുകി വൃത്തിയാക്കിവെക്കണം.

കരുതിവെക്കാം

നിലവിളക്ക്, എണ്ണ, തിരികള്‍, ജലപാത്രം (കിണ്ടി), ബലിപുഷ്പം, ഒരുപിടി ചെറൂള, ഒരുപിടി എള്ള്, ഉണക്കലരി, തുളസി, ചന്ദനം, അക്ഷതം, ചന്ദനത്തിരി, കര്‍പ്പൂരം, സാമ്പ്രാണി, രണ്ട് നാക്കിലകള്‍, മൂന്ന് ദര്‍ഭകള്‍ കൂട്ടിച്ചേര്‍ത്ത് കെട്ടിയ കൂര്‍ച്ചം, ദര്‍ഭപ്പുല്ല്, പവിത്രം, (രണ്ട് ദര്‍ഭപുല്ലെടുത്ത് നടുഭാഗം മടക്കി കടയും തലയും ചേര്‍ത്തുകെട്ടി മോതിരത്തിന്റെ ആകൃതിയില്‍ ഉണ്ടാക്കിയത്).

കര്‍ക്കടകവാവുനാളില്‍

അതിരാവിലെ ഉണര്‍ന്ന് കുളിച്ച് ഭസ്മം പൂശണം. പ്രാര്‍ഥനയോടെ വിളക്കുതെളിയിച്ച് ചന്ദനത്തിരി, സാന്പ്രാണി എന്നിവ പുകയ്ക്കാം. ആദ്യത്തെ നാക്കിലയില്‍ വിളക്കുവെച്ചുവേണം കത്തിക്കാന്‍. വെറും നിലത്ത് വെക്കരുത്.

പുറത്ത് അടുപ്പുകൂട്ടി ബലിച്ചോറും ഹവിസ്സും തയ്യാറാക്കാം

കുളിച്ച് ഈറനുടുത്ത് ഉത്തരീയം വലതുകൈയിനുമുകളില്‍നിന്ന് ഇടതുകൈയുടെ താഴെ വരത്തക്കവിധം ധരിച്ച് ബലികര്‍മത്തിന് ഒരുങ്ങാം.

പവിത്രം ധരിച്ച് കിണ്ടിയിലെ വെള്ളത്തില്‍ ചന്ദനം, അക്ഷതം, തുളസി എന്നിവ കലര്‍ത്തി വലതുകൈകൊണ്ട് ജലത്തെ സ്പര്‍ശിച്ച്, ഗംഗയെ സ്മരിച്ച് ഗംഗാസാന്നിധ്യം വരുത്തി ഓം നമോഃ നാരായണായ എന്ന് ജപിച്ച് പൂജാദ്രവ്യങ്ങള്‍ക്കും തനിക്കും തളിച്ച് ശുദ്ധിവരുത്താം. അച്ഛന്റെയും അമ്മയുടെയും പരമ്പരകളിലെ പിതൃക്കളെ സ്മരിച്ച് എള്ളും പൂവും വെള്ളവും അര്‍പ്പിച്ച് ബലികര്‍മങ്ങള്‍ തുടങ്ങാം. മന്ത്രമറിയാവുന്നവര്‍ക്ക് ചൊല്ലാം അല്ലാത്തവര്‍ക്ക് പ്രാര്‍ഥനമതി. എള്ളും പൂവുമെടുത്ത് തൊഴുതുപിടിച്ച് ഹരേരാമ നാമം ജപിച്ച് പിതൃമോക്ഷത്തിനായി പ്രാര്‍ഥിച്ച് അര്‍പ്പിച്ചശേഷം കര്‍മങ്ങളവസാനിപ്പിക്കാം. ദര്‍ഭയുടെ കെട്ടഴിച്ച് പവിത്രം അതിനുമുകളില്‍ ഊരിവെച്ച് മൂന്നുതവണ കൈകൊട്ടി കാക്കകളെ അറിയിച്ചശേഷം എഴുന്നേല്‍ക്കാം. ഇതിനുശേഷം വിളക്കെടുത്തുമാറ്റാം. ബലികര്‍മങ്ങള്‍ കഴിഞ്ഞേ ഭക്ഷണം കഴിക്കാവൂ.

വീട്ടിലിരുന്ന് ചെയ്യാം പിതൃതര്‍പ്പണം

കര്‍ക്കടകവാവുബലി വിശ്വാസികള്‍ക്ക് വളരെ പ്രധാനപ്പെട്ട ആചാരമാണ്.20-നാണ് വാവുബലി. ഇക്കുറി കോവിഡ് നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ ആരാധനാലയങ്ങളോടു ചേര്‍ന്ന സ്ഥലങ്ങളില്‍ വാവുബലി ഇല്ല. വീടുകളില്‍ വാവുബലിതര്‍പ്പണം എങ്ങനെ ചെയ്യണമെന്ന് പരമ്പരാഗത കര്‍മിയായ രാമന്‍കുളങ്ങര സ്വദേശി വിഷ്ണു മൂലങ്കര വിശദീകരിക്കുന്നു

Bali
ചിട്ടകള്‍ ഇങ്ങനെ

ബലിതര്‍പ്പണം ചെയ്യുന്ന ആള്‍ തലേദിവസം വ്രതം നോല്‍ക്കണം. ബലിദിവസം രാവിലെ കുളിച്ച് ഈറനോടെ വീടിന്റെ മുന്നില്‍ ചുടുകട്ട കൂട്ടി അടുപ്പുണ്ടാക്കണം. അടുപ്പിന്റെ വാതില്‍ തെക്കോട്ടാവണം. വിളക്ക് തെളിച്ചശേഷം തുമ്പുള്ള വാഴയിലയില്‍ 150 ഗ്രാം ഉണക്കലരി വയ്ക്കുക.

അതിനടുത്ത് ചെറിയ ഓട്ടുരുളി അല്ലെങ്കില്‍ അലുമിനിയം ഉരുളി വയ്ക്കുക. പുരുഷന്മാര്‍ തെക്കോട്ട് നോക്കിയും സ്ത്രീകള്‍ കിഴക്കോട്ട് നോക്കിയും രണ്ട് കൈകൊണ്ടും ഒരുപിടി അരി എടുത്ത് ബലി ഇടാനുള്ള പിതൃക്കളുടെ പേരും മരിച്ച നക്ഷത്രവും പറഞ്ഞുകൊണ്ട് ഉരുളിയില്‍ സമര്‍പ്പിക്കുക. വീണ്ടും ഒരു പിടി അരിയെടുത്ത് കുടുംബത്തില്‍ മുമ്പ് മരിച്ച ബന്ധുക്കള്‍ക്കും പഞ്ചഭൂതങ്ങള്‍ക്കും സമര്‍പ്പിക്കുക.

ഇലയില്‍ ശേഷിക്കുന്ന അരി മൊത്തം എടുത്ത് എത്രാമത്തെ വര്‍ഷ ബലിയാണോ മാസ ബലിയാണോ ഇടുന്നത് അതു പറഞ്ഞ് സമര്‍പ്പിക്കുക. അരി നല്ലതുപോലെ കഴുകി വെള്ളം കളഞ്ഞ് ശുദ്ധിയുള്ള വെള്ളം വീണ്ടും ഉരുളിയില്‍ ഒഴിച്ച് തെക്കോട്ട് നോക്കി അടുപ്പില്‍വെക്കുക. അടുപ്പിനുള്ളില്‍ കൊതുമ്പാണ് വയ്ക്കേണ്ടത്. വിളക്കില്‍നിന്ന് കോഞ്ഞാള ചൂട്ടുകൊണ്ട് തീ കത്തിച്ച് അടുപ്പില്‍വെച്ച് അരി നല്ലതുപോലെ വേകിച്ച് വറ്റിച്ചെടുക്കുക.

തവിയായി ഉപയോഗിക്കേണ്ടതും കൊതുമ്പാണ്. അരി വറ്റിച്ചത് ഒരു ഇലയില്‍ കോരിയിടണം. വീണ്ടും ഒരിലയില്‍ 100 ഗ്രാം പച്ചരിയും 100 ഗ്രാം എള്ളും ഒരുമിച്ചിടുക. തൊട്ടടുത്തുതന്നെ കുറച്ച് ചന്ദനം കുഴച്ചുവയ്ക്കുക.

ക്രിയകള്‍

ബലിപ്പൂവ് (ചെറൂള പൂവ്) കഴുകി ഇറുത്ത് ഇലയില്‍ ഇടുക. ആ ഇലയില്‍ത്തന്നെ ദര്‍ഭകൊണ്ട് മോതിരം കെട്ടുക (പവിത്രം). വലതുകൈയില്‍ മോതിരവിരലില്‍ പവിത്രം ധരിച്ച് ഇടത് മുട്ട് കുത്തി തെക്കോട്ട് നോക്കിയിരിക്കുക. മുമ്പില്‍ ഇല വെച്ച് ഒരു തവണ മരിച്ച ആത്മാവിന്റെ പേരും മരിച്ച നാളും പറഞ്ഞ് കിണ്ടിയില്‍നിന്ന് വെള്ളം, ചന്ദനം, എള്ള്, പൂവ്, പച്ചരി എന്നിവ സമര്‍പ്പിക്കുക.

തുടര്‍ന്ന് മൂന്നുതവണ വെള്ളം, ചന്ദനം ചെറൂള പൂവ്, എള്ളും പച്ചരിയും എന്നിവ കുടുംബത്തില്‍ മുമ്പ് മരിച്ച ആത്മാക്കള്‍ക്ക് സമര്‍പ്പിക്കുക. വീണ്ടും അഞ്ചുതവണ പഞ്ചഭൂതങ്ങള്‍ക്ക് സമര്‍പ്പിക്കുക. ഏഴുതവണ എടുത്ത് എത്രാമത്തെ ബലിയാണോ അങ്ങനെ സമര്‍പ്പിക്കുക.

ഒരു ദര്‍ഭപ്പുല്ല് നീളത്തില്‍ എടുത്ത് മുന്നില്‍ ഒരു കെട്ടു കെട്ടിയെടുക്കുക (കുര്‍ശം). അത് മരിച്ച ആത്മാവായി സങ്കല്‍പ്പിച്ച് കിണ്ടിയില്‍നിന്ന് വെള്ളമെടുത്ത് കുളിപ്പിക്കുക. ആത്മാവിന്റെ നെറ്റിയില്‍ ചന്ദനം തൊട്ട് ഉടുത്തിരിക്കുന്ന തോര്‍ത്തില്‍നിന്ന് നൂലെടുത്ത് വസ്ത്രം ഉടുപ്പിക്കുക. ഇലയുടെ മധ്യഭാഗത്ത് ആത്മാവിനെ ഇരുത്തുക. ഉരുളിയില്‍ വേകിച്ച ചോറില്‍ പാലും തൈരും നെയ്യും തേനും അഞ്ജനക്കല്ലും ഒഴിച്ച് കുഴച്ച് മൂന്നുരുളയാക്കുക.

ഒരുരുള ആത്മാവിന്റെ പേരു പറഞ്ഞ് കുര്‍ശത്തിന് മുകളിലും രണ്ടാമത്തേത് കുടുംബത്തില്‍ മുമ്പ് മരിച്ച ആത്മാക്കള്‍ക്കായി അതിനു പുറകിലും സമര്‍പ്പിക്കുക. അതിനു പുറകില്‍ മൂന്നാം ഉരുള പഞ്ചഭൂതങ്ങള്‍ക്ക് എത്രാമത്തെ ആണ്ടാണോ അതും പറഞ്ഞ് സമര്‍പ്പിക്കുക. ഒരു തവണ വെള്ളം, ചന്ദനം, എള്ളും പച്ചരിയും, ചെറൂള പൂവ് എന്നിവ സമര്‍പ്പിക്കുക.

അതു കഴിഞ്ഞ് കുര്‍ശത്തിന്റെ കെട്ടഴിച്ച് ആത്മാവിന് വെള്ളം കൊടുത്ത് പരലോകത്തിലേക്ക് യാത്രയാക്കണം. ആത്മാവിന്റെ പാദം തൊട്ടുതൊഴുത് രണ്ടു കൈയും ചെവിയില്‍ പിടിച്ച് മൂന്നുതവണ തല കുനിച്ച് പ്രാര്‍ഥിച്ച് മുട്ടുകുത്തി നമസ്‌കരിക്കുക. ബലിച്ചോറെടുത്ത് കിഴക്കുദിക്ക് ദിശയില്‍ വെച്ച് പവിത്രം കെട്ടഴിച്ചുെവച്ചശേഷം കൈകള്‍ നനച്ച് കൂട്ടിക്കൊട്ടുക.

നമുക്ക് ബലിയിടാംഒരുക്കങ്ങള്‍ ഇങ്ങനെ...ടി.രാമാനന്ദകുമാര്‍

വാവുബലിക്ക് മുന്‍പുള്ള ഒരിക്കലാണ് ഞായറാഴ്ച. ഒരു നേരം മാത്രം അരി ആഹാരം കഴിച്ച് വ്രതമെടുക്കുന്നതാണ് 'ഒരിക്കല്‍'. മറ്റ് നേരങ്ങളില്‍ ഇതര സസ്യഭക്ഷണങ്ങള്‍ ആകാം.

ബലിക്കുവേണ്ട വസ്തുക്കള്‍ ശുദ്ധിയോടെ ഒരുക്കുന്നതും ഈ ദിവസമാണ്. പുരോഹിതന്റെ സാന്നിദ്ധ്യത്തില്‍ പുണ്യതീര്‍ഥഘട്ടങ്ങളില്‍ ചെയ്യുന്ന തര്‍പ്പണത്തില്‍ നിന്നു മാറി, വീടുകളില്‍ ചെയ്യുമ്പോള്‍ ബലിയുടെ രീതിയിലും വ്യത്യാസം വരാമെന്ന് പണ്ഡിതര്‍ പറയുന്നു.

ക്ഷേത്രപിണ്ഡം പതിവുള്ള തിരുവല്ലത്ത് കാക്കയ്ക്കും, നദിയില്‍ മത്സ്യമൂര്‍ത്തിക്കും പിണ്ഡം പകുത്തുവയ്ക്കും. വര്‍ക്കലയില്‍ സമുദ്രത്തിലും അരുവിപ്പുറത്ത് നദിയിലുമാണ് പിണ്ഡം സമര്‍പ്പിക്കുന്നത്.

വീട്ടില്‍ ചെയ്യുമ്പോള്‍ രണ്ടു രീതിയും അവലംബിക്കാം. അരി നനച്ചിടുകയാണെങ്കില്‍ വെള്ളത്തില്‍ ഒഴുക്കണം. ചോറ് തയ്യാറാക്കി ബലിയിട്ടാല്‍ കാക്കയ്ക്ക് വയ്ക്കണം. (ചോറ് തയ്യാറാക്കുന്നതാണ് ഉത്തമം). കഴുത്ത് നന്നായി കറുത്തതാണ് ബലിക്കാക്ക.

ആദ്യം ബലിക്കാക്ക കൊത്തിയ ശേഷം മറ്റ് കാക്കകള്‍ പിണ്ഡം കൊത്തുമെന്നാണ് വിശ്വാസം. ഏതായാലും വ്രതശുദ്ധിയും മനഃശുദ്ധിയും ആത്മാര്‍പ്പണവും പ്രധാനം.

ബലിക്ക് വേണ്ട വസ്തുക്കള്‍, അവയുടെ പ്രാധാന്യം

ദര്‍ഭപ്പുല്ല്: പുരാതനകാലം മുതല്‍ ക്ഷേത്രപൂജകള്‍ക്ക് തുല്യം പിതൃകര്‍മത്തിനും ദര്‍ഭപ്പുല്ല് അനിവാര്യമായ വസ്തുവാണ്. ബലിയിടുമ്പോള്‍ ഉപയോഗിക്കുന്ന പവിത്രവും ദര്‍ഭ വളച്ചാണ് നിര്‍മിക്കുന്നത്. മരിച്ചയാളുടെ ജഡം കിട്ടാതെ വരുന്ന വേളയില്‍ 'ദര്‍ഭസംസ്‌കാരം' നടത്തി ആത്മശാന്തി നടത്തുന്ന ക്രിയയും പുരാണങ്ങളിലുണ്ട്. ദര്‍ഭകൊണ്ട് ചെയ്യുന്ന ഈ അപരക്രിയയ്ക്ക് 'ദര്‍ഭ വെട്ടിച്ചുടല്‍' എന്നും പേരുണ്ട്.

ബലിച്ചോറ്: പിതൃക്കളുടെ വിശപ്പ് മാറ്റാന്‍ തര്‍പ്പണത്തിനുള്ള പ്രധാന ഇനം.

എള്ള്: പിതൃക്കളുടെ ദാഹം മാറ്റാനാണ് എള്ള് ഉപയോഗിക്കുന്നത്. ദര്‍ഭമുനയില്‍ എള്ളും വെള്ളവും (തിലോദകം) അര്‍പ്പിച്ച് പിതൃക്കളുടെ ദാഹം തീര്‍ക്കാമെന്നാണ് വിശ്വാസം. പ്രേതമുക്തിക്കായി എള്ള് ഉപയോഗിച്ച് ചെയ്യുന്നതാണ് തിലഹോമം.

നെയ്യ്: ബലികര്‍മത്തിനെല്ലാം നെയ്യ് ചേര്‍ക്കണമെന്നാണ് ആചാരം.

മറ്റ് വസ്തുക്കള്‍: തൂശനില, വാല്‍ക്കിണ്ടി, നിലവിളക്ക്, ഗണപതി പടുക്ക, ചെറൂള, തെച്ചി, തുളസി ഉള്‍പ്പെടെ പൂക്കള്‍, പഴം, ചന്ദനം,

പിതൃമോക്ഷത്തിനായി ബലിതര്‍പ്പണം വീട്ടിലുമാകാം സി.പി. സുഖലാലന്‍ ശാന്തി

കോവിഡ്-19 വ്യാപന സാഹചര്യം കണക്കിലെടുത്ത് ജൂലായ് 20 തിങ്കളാഴ്ച കര്‍ക്കടകവാവുദിനത്തില്‍ ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് നടത്തുന്ന പിതൃബലിതര്‍പ്പണം ഇത്തവണ എവിടെയുമില്ല. വീടുകളില്‍ എങ്ങനെ ബലിതര്‍പ്പണം നടത്താമെന്ന് കണയങ്കോട് കുട്ടോത്ത് സത്യനാരായണന്‍ ക്ഷേത്രത്തില്‍ 15 വര്‍ഷമായി ബലി തര്‍പ്പണത്തിന് കാര്‍മികത്വം വഹിക്കുന്ന സി.പി. സുഖലാലന്‍ ശാന്തി വിശദീകരിക്കുന്നു. പയറ്റുവളപ്പില്‍ ശ്രീദേവി ക്ഷേത്രം മേല്‍ശാന്തി കൂടിയാണ് അദ്ദേഹം.

കര്‍മത്തിന് വേണ്ടത്: തുളസിയില, ചെറൂള, കിണ്ടിവെള്ളം, ചന്ദനം, ചന്ദനത്തിരി, ദീപം, നിലവിളക്ക്, എണ്ണ, തിരി, എള്ള്, പിണ്ഡം, വാഴയില, ദര്‍ഭ (പവിത്രം).

ബലികര്‍മം ഇങ്ങനെ ചെയ്യാം

ജലാശയങ്ങളില്‍ സ്‌നാനം ചെയ്ത് കൂട്ടമായി ബലി തര്‍പ്പണം നടത്താന്‍ കഴിയാത്ത ഇപ്പോഴത്തെ സാഹചര്യത്തില്‍, ശുദ്ധം വരുത്തിയ വീട്ടുമുറ്റത്ത് ബലി തര്‍പ്പണം നടത്താം. തിങ്കളാഴ്ച പുലര്‍ച്ചെ ബലിതര്‍പ്പണം നടത്തണം. ഇതിന് വേണ്ടിയുള്ള ഒരുക്കങ്ങളും അനുബന്ധ ആചാരങ്ങളും തലേദിവസം നടത്തണം.

പുലര്‍ച്ചെ കുളിച്ച് ഈറനുടുത്ത് അഞ്ച് തിരിയിട്ട നിലവിളക്ക് കൊളുത്തിവെച്ച് ഭസ്മം ധരിച്ച് തെക്കോട്ട് തിരിഞ്ഞിരുന്ന് ബലി കര്‍മങ്ങള്‍ ആരംഭിക്കാം. നാക്കില തെക്കോട്ടായിവെച്ച് കുറച്ച് പുഷ്പമെടുത്ത് പ്രാര്‍ഥിച്ചശേഷം നിലവിളക്കിന്റെ പാദങ്ങളില്‍ സമര്‍പ്പിക്കുകയാണ് ആദ്യത്തെ കര്‍മം. ശേഷം പവിത്രം(ദര്‍ഭ കൊണ്ടുണ്ടാക്കിയ മോതിരം) ധരിച്ച് കൈ കഴുകി മുന്നില്‍വെച്ചിരിക്കുന്ന പൂജാസാധനങ്ങളില്‍ നിന്നും ദര്‍ഭയും എള്ളും പുഷ്പവും ചന്ദനവും ചേര്‍ത്ത് ശിരസ്സിനെ മൂന്ന് പ്രാവശ്യം ഉഴിഞ്ഞ് പിതൃക്കളെസ്മരിച്ച് ഇലയില്‍ സമര്‍പ്പിക്കുക. കുറച്ച് എള്ള് വലതുൈകയില്‍ പിടിച്ച് കിണ്ടിയില്‍നിന്ന് എള്ളിലേക്ക് ഒരുതുള്ളിവെള്ളം വീഴ്ത്തി ചൂണ്ടുവിരലിലൂടെ മൂന്നുപ്രാവശ്യം ദര്‍ഭയ്ക്ക് മുകളിലൂടെ ഇലയില്‍ ചുറ്റിച്ച് വീഴ്ത്തണം. ഉണങ്ങലരി, എള്ള്, പഴം, ശര്‍ക്കര, നെയ്യ്, തേന്‍ എന്നിവ കൂട്ടി ക്കുഴച്ചെടുത്തുണ്ടാക്കിയ പിണ്ഡം അഞ്ച് പ്രാവശ്യം പിതൃക്കളെ സ്മരിച്ച് ഭക്തിയോടുകൂടി ദര്‍ഭയ്ക്ക് മുകളില്‍ സമര്‍പ്പിക്കുക. പിണ്ഡത്തിന് മുകളിലൂടെ എള്ളും വെള്ളവും മൂന്ന് പ്രാവശ്യമായി ചൂണ്ടുവിരലിലൂടെ ചുറ്റിച്ച് വീഴ്ത്തുക. ശേഷം തുളസിയിലകൊണ്ട് മൂന്ന് പ്രാവശ്യം വെള്ളവും ചന്ദനവും പുഷ്പവും പിണ്ഡത്തിന് മുകളില്‍ സമര്‍പ്പിച്ച് പൂജിക്കുക. സമസ്താപരാധങ്ങളും പൊറുക്കേണമെയെന്ന് പ്രാര്‍ഥിച്ച് പുഷ്പം പിണ്ഡത്തിന് മുകളില്‍ സമര്‍പ്പിച്ച് എഴുന്നേറ്റ് ഇടത്തോട്ടായി മൂന്ന് പ്രാവശ്യം പ്രദക്ഷിണം ചെയ്യണം. പിതൃക്കളെ സ്മരിച്ച് പിണ്ഡം ഇലയോടുകൂടി എടുത്ത് ഭഗവത്നാമ ജപത്തോടുകൂടി ഗൃഹത്തിന് തെക്കുഭാഗത്ത് ശുദ്ധമായ സ്ഥലത്തുവെച്ച് കൈ നനച്ചുകൊട്ടി കാക്കകള്‍ക്ക് സമര്‍പ്പിക്കണം. പവിത്രം ഊരി കെട്ടഴിച്ച് സമര്‍പ്പിക്കുക.

Content Highlight: How to do Bali Tarpan at home

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
hyderabad encounter

1 min

ഹൈദരാബാദ് കൂട്ടബലാത്സംഗ കേസിലെ പ്രതികള്‍ കൊല്ലപ്പെട്ടത് വ്യാജ ഏറ്റുമുട്ടലില്‍- സുപ്രീം കോടതി സമിതി

May 20, 2022


Sabu m Jacob

4 min

കെ.എസ്.ആര്‍.ടി.സി-യെ ഇനി കോഴിക്കൂട് ഉണ്ടാക്കാനും ഉപയോഗിക്കും;  ഇത് ലോകം മാതൃകയാക്കണം-സാബു എം ജേക്കബ്

May 20, 2022


modi

1 min

ചൈനയെ നേരിടാന്‍ ബ്രഹ്മപുത്രയ്ക്ക്‌ അടിയിലൂടെ തുരങ്കം; റോഡ്, റെയില്‍ പാത: രാജ്യത്ത് ഇതാദ്യം

May 19, 2022

More from this section
Most Commented