‘ഒതേനന്റെ മകൻ’ എന്ന സിനിമയിൽ വയലാർ രാമവർമ എഴുതി യേശുദാസ് പാടിയ പ്രശസ്തമായ ഒരു ഗാനമുണ്ട്:
‘ഗുരുവായൂരമ്പലനടയിൽ
ഒരുദിവസം ഞാൻ പോകും
ഗോപുരവാതിൽ തുറക്കും, ഞാൻ
ഗോപകുമാരനെ കാണും
ഓമൽച്ചൊടികൾ ചുംബിക്കും
ഓടക്കുഴൽ ഞാൻ ചോദിക്കും’
യേശുദാസിനെക്കൊണ്ട്‌ പാടിക്കാൻവേണ്ടിത്തന്നെയാണ് ഈ ഗാനമെഴുതിയത് എന്നും വയലാർ പറഞ്ഞിരുന്നു. ഗോപകുമാരന്റെ ഓടക്കുഴൽ ചോദിക്കാൻ യേശുദാസിനോളം അർഹനായി മറ്റൊരാളുമില്ല എന്നാണ് വയലാർ അന്ന് സർഗാത്മകമായി ഉപദർശിച്ചത്.

യേശുദാസിനെ ഗുരുവായൂരമ്പലത്തിൽ പ്രവേശിപ്പിക്കുന്നതുവരെ അമ്പലനടയിൽ നിരാഹാര സത്യാഗ്രഹമിരിക്കുമെന്നും വയലാർ അക്കാലത്ത്‌ പ്രഖ്യാപിച്ചു. പക്ഷേ, അത്‌ സംഭവിക്കുന്നതിനുമുമ്പ് കാലം അദ്ദേഹത്തെ കൂട്ടിക്കൊണ്ടുപോയി. ദശാബ്ദങ്ങൾ പലതുപിന്നിട്ടു. ഗുരുവായൂരമ്പലനട യേശുദാസിനുമുന്നിൽ ഇതുവരെയും തുറന്നില്ല. പക്ഷേ, ഒരു കാലനിയോഗംപോലെ തിരുവനന്തപുരം ശ്രീപദ്‌മനാഭസ്വാമിക്ഷേത്രത്തിൽ യേശുദാസിന്‌ ദർശനംനടത്താൻ അനുമതിനൽകിക്കൊണ്ട് ഇപ്പോൾ ഭരണസമിതിയുടെ പ്രഖ്യാപനം വന്നിരിക്കുന്നു.

ക്ഷേത്രപ്രവേശന വിളംബരത്തിനുശേഷം നമ്മുടെ ക്ഷേത്രസംസ്കൃതി കേൾക്കാനിടവന്ന, ദൂരവ്യാപകമായ ഫലങ്ങളുണ്ടാക്കുന്ന ഒരു സുപ്രധാന ചരിത്രപ്രഖ്യാപനമാണിത്. ഇനിയും ക്ഷേത്രവാതിലുകളൊന്നൊന്നായി യേശുദാസിനുമുന്നിൽ തുറക്കപ്പെടും. കൊട്ടിയടയ്ക്കപ്പെട്ട ഗുരുവായൂരമ്പലനടയും ഒടുവിൽ തുറക്കും.യേശുദാസിന്റെ ‘ശാരീരം’ അവിടെയൊക്കെ നേരത്തേ പ്രവേശിച്ചുകഴിഞ്ഞതാണ്. ശരീരത്തിനുമാത്രം പിന്നെന്തിനാണ് അയിത്തം!
നമ്മുടെ ഒട്ടുമിക്ക ദൈവങ്ങളും ഉറങ്ങുന്നതും ഉണരുന്നതും യേശുദാസിന്റെ പാട്ടുകേട്ടിട്ടാണ്. എല്ലാ ദേവാലയങ്ങളിലും അദ്ദേഹത്തിന്റെ ശബ്ദം പ്രവേശിച്ചിട്ടുണ്ട്. ജാതി, മത ഭേദമേതുമില്ലാതെ മലയാളികളുടെ വിശ്വാസജീവിതത്തിൽ പ്രാണവായുപോലെ യേശുദാസിന്റെ ശബ്ദം കലർന്നുപോയിരിക്കുന്നു.

ശബരിമല ശ്രീ ധർമശാസ്താക്ഷേത്രത്തിൽ യേശുദാസിന്റെ ശബ്ദസാന്നിധ്യം അതീന്ദ്രിയാനുഭൂതിപകരുന്ന ഒരാത്മീയാനുഭവമാണ്. പുലർച്ചെ കാനനമധ്യത്തിൽ ‘കരിഗിരിതടവാസിൻ സുപ്രഭാതം’ എന്ന് യേശുദാസിന്റെ കീർത്തനം വനതടിനീപ്രവാഹംപോലെ ഒഴുകിപ്പരക്കുമ്പോൾ ഭഗവാൻ സ്വയമറിയാതെ കണ്ണുതുറക്കുന്നതായി തോന്നും.രാത്രി ഭഗവാന്റെ കാതിൽ, പട്ടുപോലെ മൃദുലമായ ശബ്ദത്തിൽ മന്ത്രിക്കുന്ന വിധത്തിലാണ് യേശുദാസ് ‘ഹരിവരാസനം’ പാടുന്നത്.

ആലാപനത്തോടൊപ്പം പുറത്തെ ദീപങ്ങൾ ഒന്നൊന്നായി അണയും. തിരുനടയിലെ അവസാനദീപവും കണ്ണടയ്ക്കുമ്പോൾ ഒരു ശിശു മയങ്ങുന്നതുപോലെ സ്വാമി മിഴിപൂട്ടും. ഒരുഗാനം ഇവിടെ പൂർണമായ ആത്മീയ സാക്ഷാത്കാരമായിത്തീരുന്നു. ആത്മാവിനെ വിട്ടൊഴിഞ്ഞു പോവാത്തവിധത്തിൽ ധ്യാനവിശുദ്ധമായ ഒരു നാദാഭിഷേകമാണ് ശബരിമലയിലെ, യേശുദാസിന്റെ ‘ഹരിവരാസനം’ ഗായകന്റെ ഹൃദയസ്പന്ദനം, ആലാപനത്തിന്റെ പശ്ചാത്തലത്തിൽ ജീവതാളമായി മുഴങ്ങുന്നതു കേൾക്കാം.

നാദബ്രഹ്മോപാസനകൊണ്ട്‌ പ്രണവസ്വരൂപം കാണാറായ ഗാനഗന്ധർവനെ സംബന്ധിച്ചിടത്തോളം സ്വശരീരംതന്നെ ഒരു ക്ഷേത്രമായി മാറിയിരിക്കുന്നു. വിശ്വാസശുദ്ധിയാൽ വിമലീകരിക്കപ്പെട്ട ഇത്തരം മനുഷ്യദേവാലയങ്ങൾക്കു മുന്നിൽ ക്ഷേത്രനടകൾ കൊട്ടിയടയ്ക്കുന്നതിൽ എന്ത്‌ ആത്മീയയുക്തിയാണുള്ളത്!യേശുദാസിനുമുന്നിൽ മാത്രമല്ല, വിശ്വാസിയായ ഏതൊരാളുടെ മുന്നിലും ഉദാരകാരുണ്യത്തോടെ തുറന്നുപോവുന്ന ഹൃദയവാതിലുകളാണ് നമ്മുടെ ക്ഷേത്രങ്ങൾക്കുണ്ടാവേണ്ടത്.ക്ഷേത്രം ഒരു പ്രതീകമാണ്.

ഭഗവദ്ഗീതയിൽ ഭഗവാൻ ശ്രീകൃഷ്ണൻ അർജുനനോട്‌ പറയുന്നുണ്ട്: ‘ഇദം ശരീരം കൗന്തേയ, ക്ഷേത്രമിത്യഭിധീയതേ’ ശരീരംതന്നെയാണ് ക്ഷേത്രം, മനുഷ്യശരീരത്തിന്റെ അംഗങ്ങളെ ക്ഷേത്രാംഗങ്ങളുമായി ബന്ധപ്പെടുത്തി ആത്മാവിനെത്തന്നെ പരമാത്മസ്വരൂപമായ ഈശ്വരനായി സങ്കല്പിക്കുന്ന വിധത്തിലുള്ള ക്ഷേത്രവാസ്തുശില്പ ശാസ്ത്രവും നമുക്കുണ്ട്.ക്ഷേത്രപ്രവേശനം നിഷേധിക്കപ്പെട്ട അനേകലക്ഷം വിശ്വാസികൾക്കുവേണ്ടി, ശ്രീനാരായണഗുരു, താൻ കുളിച്ച കടവിൽനിന്ന് ഒരു ശിലയെടുത്ത് വെറും നിലത്ത്‌ പ്രതിഷ്ഠിച്ചപ്പോൾ ബഹിഷ്കൃത വിശ്വാസികൾക്കായി പുതിയ ക്ഷേത്രങ്ങളുണ്ടായതും അഷ്ടബന്ധമിട്ടുറപ്പിച്ച അനാചാരങ്ങളുടെ ക്ഷേത്രങ്ങൾ കടപുഴകി വീണതും മറന്നുപോവരുത്.
ആത്മശക്തിതന്നെയാണ് ഏത്‌ മഹാക്ഷേത്രത്തിലും സത്യപ്രതിഷ്ഠ.

ജ്ഞാനികളായ ചില ഭക്തർക്ക്‌, വിഗ്രഹങ്ങൾ കൂടാതെയും ക്ഷേത്രവും അനുഷ്ഠാനങ്ങളുമില്ലാതെയും ഈശ്വരസാക്ഷാത്‌കാരമുണ്ടായെന്നുവരും. മറ്റുചിലർക്ക് അങ്ങനെ കഴിഞ്ഞില്ലെന്നുവരും. ഈ ബഹുസ്വരതയെ അംഗീകരിച്ചതാണ് ഭാരതീയചിന്തയുടെ മഹത്ത്വം. ഭക്തിക്ക്‌ രണ്ടുവഴികളുണ്ട്. ഒന്ന്‌, വൈധി അഥവാ സോപാചാരം. അത് അനുഷ്ഠാനപരമാണ്. രണ്ടാമത്തേത്‌, മുഖ്യ അല്ലെങ്കിൽ പരാഭക്തിപദം. ഏറ്റവും താഴെത്തട്ടിലുള്ള ആരാധനാമാർഗം തൊട്ട് അത്യുന്നതമായ ഉപാസനാവഴികൾവരെ എല്ലാതരം ഈശ്വരാരാധനക്രമങ്ങളെയും ഭാരതീയവിശ്വാസങ്ങൾ പ്രകാരം, ഈ രണ്ടുഭക്തിമാർഗങ്ങൾ ഉൾക്കൊള്ളുന്നു. സ്വന്തം ശബ്ദംകൊണ്ട്‌ ഈശ്വരോപാസന നടത്തുന്ന യേശുദാസ് എന്ന സമർപ്പിതഭക്തനെ ഇക്കൂട്ടത്തിൽനിന്ന്‌ ഏതുപ്രമാണപ്രകാരവും മാറ്റിനിർത്താനാവില്ല.

അതിനാൽ, യേശുദാസിന് ക്ഷേത്രപ്രവേശനാനുമതി നൽകുമ്പോൾ ഭാരതത്തിന്റെ ആത്മീയ സംസ്കൃതി അതിന്റെ ശരിയായ ഔന്നത്യം നേടുന്നു. ‘തത്ത്വമസി’ എന്ന മഹാവാക്യത്തിലെ നേരായ അദ്വൈതഭാവവും രണ്ടാമതൊന്നില്ലാത്തവിധം ഒന്നായി പ്രപഞ്ച സത്യത്തെക്കണ്ട ‘ഏകമേവാദ്വിതീയം’ എന്ന ഏകദർശനസാരവും ഇവിടെ ഉത്തമഭക്തിഭാവത്തോട്‌ ചേർക്കപ്പെടുന്നു.ക്ഷേത്രങ്ങൾ ഇനിയും ഈ വിധത്തിൽ കാരുണ്യപൂർണമാവട്ടെ, വയലാർ കണ്ട സ്വപ്നം സാക്ഷാത്കരിക്കപ്പെടട്ടെ. വൈകാതെ ഗുരുവായൂരമ്പലനടയും യേശുദാസിനുമുന്നിൽ തുറക്കപ്പെടുമാറാവട്ടെ.

(കവിയും എഴുത്തുകാരനുമാണ്‌ ലേഖകൻ)