മേരിക്കയിലെ സഹോദരീ സഹോദരന്മാരേ, 1893 സപ്തംബര്‍ 11 ന് അമേരിക്കയിലെ ഷിക്കാഗോയില്‍ നിന്ന് ഉയര്‍ന്ന ആ അഭിസംബോധനയ്ക്ക് പിന്നാലെ നിലയ്ക്കാത്ത കരഘോഷമായിരുന്നു ഉയര്‍ന്നത്. ഭാരതത്തിന്റെ ആത്മീയ ഉന്നതിയും ഗരിമയും പാശ്ചാത്യ ലോകത്തിന് മുന്നില്‍ അനാവരണം ചെയ്ത പ്രസംഗമായിരുന്നു വിവേകാനന്ദന്റേത്. വിവേകാനന്ദന്റെ ആവിര്‍ഭാവം ഭാരതീയ സംസ്‌കാരത്തിന്റെയും ഹിന്ദുമതത്തിന്റെയും ചരിത്രത്തില്‍ പുതിയ അധ്യായത്തിന്റെ തുടക്കമായിരുന്നു. 

ഒരുവശത്ത് അദ്ദേഹം ഹിന്ദുമതത്തിനു മാനുഷികതയുടെയും ശാസ്ത്രീയതയുടെയും ആധുനികതയുടെയും പുതിയ മുഖം കൊടുത്തു. മറുവശത്ത്, ആധുനിക യുഗത്തിന്റെ മുഖമുദ്രകളായ ഭൗതികവാദം, ശാസ്ത്രീയ ഗവേഷണബുദ്ധി, യുക്തിചിന്ത ഇവയ്‌ക്കെതിരല്ല മതമെന്ന് ലോകത്തിനു കാണിച്ചുകൊടുത്തു. അദ്ദേഹത്തിന്റെ വിഖ്യാതമായ ഷിക്കാഗോ പ്രസംഗത്തിന്റെ 125-ാം വാര്‍ഷികമാണ് ഈ മാസം വരാന്‍ പോകുന്നത്. അദ്ദേഹം ഭാരതീയര്‍ക്കായി നല്‍കിയ അമൃതവചനങ്ങള്‍ ഇവയാണ്. നിലവിലെ രാഷ്ട്രീയ- സാമൂഹ്യ സാഹചര്യത്തില്‍ വളരെയേറേ പ്രാധാന്യമുള്ളതാണ് ഇതില്‍ പലതും

വിവേകാനന്ദന്റെ അമൃതവാണികള്‍

 • അടിമയെപ്പോലെയല്ല ജോലി ചെയ്യേണ്ടത്, യജമാനനെപ്പോലെയാണ്, അവിരഹിതമായി ജോലി ചെയ്യുക, പക്ഷേ അടിമയുടെ ജോലിയാകരുത്.
 • ചെന്നെത്തുന്നതെവിടെയെങ്കിലുമാകട്ടെ സത്യത്തെ തന്നെ പിന്തുടരുക. ഭീരുത്വവും കാപട്യവും ദൂരെക്കളയുക.
 • ഈ ലോകം ഭീരുക്കള്‍ക്കുള്ളതല്ല ഓടിയൊളിക്കാന്‍ നോക്കെണ്ട. വിജയത്തിന്റെയും പരാജയത്തിന്റെയും കഥ മറക്കൂ.
 • രാഷ്ട്രങ്ങളുടെ ചരിത്രം നോക്കിയാല്‍ നിങ്ങള്‍ക്കൊരു വസ്തുത കാണാം അവനവനില്‍ വിശ്വസിക്കുന്ന വ്യക്തികള്‍ക്കു മാത്രമെ ശക്തിയും മഹത്ത്വവും ലഭിച്ചിട്ടുള്ളു എന്ന്..
 • വിധവയുടെ കണ്ണുനീര്‍ തുടയ്ക്കാനും അനാഥന് ആഹാരം കൊടുക്കാനും കഴിയാത്ത മതത്തിലും ഈശ്വരനിലും എനിക്ക് വിശ്വാസമില്ല.
 • ധനവും പദവിയും അധികാരവുമല്ല ആവശ്യം, ഹൃദയശുദ്ധിയാണ്
 • നമ്മുടെ പ്രയത്‌നങ്ങളുടെയെല്ലാം ലക്ഷ്യം കൂടുതല്‍ സ്വാതന്ത്ര്യമാണ്. കാരണം, പൂര്‍ണ്ണസ്വാതന്ത്ര്യത്തില്‍ മാത്രമേ പരിപൂര്‍ണ്ണത ഉണ്ടാവാന്‍ തരമുള്ളൂ
 • ആദര്‍ശം താഴ്ത്താനും പാടില്ല, പ്രായോഗികത മറക്കുവാനും പാടില്ല. വമ്പിച്ച ആദര്‍ശനിഷ്ഠയും അതോടൊപ്പൊം പ്രായോഗികതയും സ്വജീവിതത്തില്‍ സമ്മേളിപ്പിക്കാന്‍ ശ്രമിക്കണം
 • Vivekananda
  Photo- Mathrubhumi archive
 • നാം കുട്ടിക്കാലം മുതല്‍ക്കേ സദാസമയവും വെളിയിലുള്ള വല്ലതിനേയും കുറ്റം ചുമത്താനാണ് യത്‌നിച്ചു കൊണ്ടിരിക്കുന്നത്; നാം എപ്പോഴും മറ്റുള്ളവരെ നേരെയാക്കാനാണു നിലകൊള്ളുന്നത്, നമ്മെത്തന്നെയല്ല.
 • പാപം എന്നൊന്നുണ്ടെന്ന് വേദാന്തം സമ്മതിക്കില്ല; ശരിയാണ്. തെറ്റുകളില്‍ വച്ചേറ്റവും വലിയതു ഞാന്‍ പാപി, ദു:ഖി എന്നിങ്ങനെ വിചാരിക്കുന്നതാണ്.
 • അനുസരണ, സന്നദ്ധത, ലക്ഷ്യത്തിനോടുള്ള താത്പര്യം, എന്നിവ നിങ്ങള്‍ക്കുണ്ടെങ്കില്‍ നിങ്ങളെ പിന്തിരിപ്പിക്കാന്‍ ആര്‍ക്കും കഴിയില്ല
 • ആദ്യം തന്നില്‍ തന്നെ വിശ്വാസമുള്ളവരാകുക, പിന്നെ ഈശ്വരനിലും.
 • സകലതിനെ പറ്റിയും പരിഹസിക്കുക - ഒന്നിനെ പറ്റിയും ഗൗരവമില്ലാതിരിക്കുക, ഈ മഹാ വ്യാധി നമ്മുടെ ദേശീയ രക്തത്തില്‍ കടന്നു കൂടിയിരിക്കുന്നു അതിനു ഉടന്‍ ചികിത്സ ചെയ്യണം
 • മനുഷ്യനില്‍ അന്തര്‍ലീനമായ ദൈവികതയുടെ ആവിഷ്‌കരണമാണ് മതം.
 • തത്ത്വങ്ങളിലല്ല പ്രയോഗത്തിലാണ് മതത്തിന്റെ രഹസ്യം അടങ്ങിയിട്ടുള്ളത്. 
 • നല്ലവനാവുക, നന്മചെയ്യുക - ഇതാണ് മതസര്‍വസ്വം. 
 • മനുഷ്യന്‍ എല്ലാ മൃഗങ്ങളെക്കാളും എല്ലാ ദൈവദൂതന്മാരെക്കാളും ഉന്നതനാണ്. മനുഷ്യനെക്കാള്‍ ഉയര്‍ന്നവരായി ആരുമില്ല.
 • മൃഗീയതയില്‍ നിന്ന് മനുഷ്യത്വത്തിലേക്കും മനുഷ്യത്വത്തില്‍ നിന്ന് ദൈവികതയിലേക്കും ഉള്ള ഉയര്‍ച്ചയാണ് മതത്തിന്റെ ആദര്‍ശം.
 • രാഷ്ട്രീയവും സാമൂഹ്യവുമായ സ്വാതന്ത്ര്യം ഒരാള്‍ നേടിയിരിക്കാമെങ്കിലും അയാള്‍ തന്റെ ആഗ്രഹങ്ങളുടെയും വികാരങ്ങളുടെയും അടിമയാണെങ്കില്‍ പരിശുദ്ധമായ സന്തോഷവും യഥാര്‍ഥ സ്വാതന്ത്ര്യവും അയാള്‍ അനുഭവിക്കുന്നില്ല.
 • ദൈവം എല്ലാ ജീവനിലും സാന്നിധ്യം ചെയ്യുന്നു, അതിനപ്പുറം ഒരു ദൈവവുമില്ല. ജീവസേവ നടത്തുന്നവര്‍ ദൈവസേവയാണ് നടത്തുന്നത്.
 • നിങ്ങളുടെ മനസ്സില്‍ നിന്ന് സഹായം എന്ന വാക്ക് വെട്ടിക്കളയുക. നിങ്ങള്‍ക്ക് സഹായിക്കുവാനാവില്ല. അത് ദൈവനിന്ദയാണ്! നിങ്ങള്‍ക്ക് ആരാധിക്കാം. 
 • എല്ലാം സത്യത്തിനു വേണ്ടി ത്യജിക്കാം. എന്നാല്‍ സത്യം ഒന്നിനും വേണ്ടി ത്യജിച്ചുകൂടാ.
 • നിസ്വാര്‍ഥതയാണ് ദൈവം. ഒരാള്‍ കൊട്ടാരത്തിലെ സിംഹാസനത്തിലിരിക്കുന്നവനായാലും നിസ്വാര്‍ഥിയാണെങ്കില്‍ അദ്ദേഹം ദൈവമാണ്. മറ്റൊരാള്‍ കുടിലില്‍ പരുക്കന്‍വസ്ത്രം ധരിച്ച് നിസ്വനായി കഴിയുകയാണെങ്കിലും സ്വാര്‍ഥിയാണെങ്കില്‍ അയാള്‍ തികഞ്ഞ ലൗകികനാണ്.
 • 'ഞാന്‍' എന്നതിനു പകരം 'അങ്ങ്' മാത്രമുള്ള ശാശ്വതവും പൂര്‍ണവുമായ ആത്മനിവേദനമാണ് ഏറ്റവും ഉന്നതമായ ആദര്‍ശം.
 • Vivekananda
  Photo- Mathrubhumi archive
 • സ്ത്രീകള്‍ക്ക് യഥായോഗ്യം ആദരവ് നല്‍കിക്കൊണ്ടാണ് എല്ലാ രാഷ്ട്രങ്ങളും മഹത്ത്വം നേടിയത്. സ്ത്രീകളെ ആദരിക്കാത്ത രാജ്യമോ രാഷ്ട്രമോ ഒരിക്കലും മഹത്തായിത്തീരുകയില്ല.
 • ഇന്ത്യയെ സ്ഥിതിസമത്വപരമോ രാഷ്ട്രീയമോ ആയ ആശയങ്ങളാല്‍ നിറയ്ക്കുന്നതിനു മുന്‍പ് ഈ പ്രദേശത്തെ ആത്മീയ ആശയങ്ങളാല്‍ സംഭൃതമാക്കൂ.
 • എല്ലാ വികാസവും ജീവിതവും എല്ലാ സങ്കോചവും മരണവുമത്രെ.
 • സത്യം, പരിശുദ്ധി, നിസ്വാര്‍ഥത - ഈ മൂന്നുമുള്ളയാളെ തകര്‍ക്കാന്‍ സൂര്യനു കീഴെയോ ഉപരിയോ യാതൊരു ശക്തിയുമുണ്ടായിരിക്കുകയില്ല. ഇവയുള്ള വ്യക്തിക്ക് മുഴുവന്‍ലോകത്തിന്റെയും എതിര്‍പ്പിനെ നേരിടാനാവും.
 • ഇന്ത്യയുടെ ദേശീയ ആദര്‍ശം പരിത്യാഗവും സേവനവുമാണ്. ആ വഴിക്ക് അവളെ തീവ്രമാക്കൂ, ബാക്കിയെല്ലാം അതതിന്റെ വഴിക്ക് നടന്നുകൊള്ളും.
 • സദുദ്ദേശ്യവും ആത്മാര്‍ഥതയും അപരിമേയമായ സ്‌നേഹവുംകൊണ്ട് ലോകത്തെ കീഴടക്കാം. ഈ ഗുണങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരൊറ്റ വ്യക്തിക്ക് ദശലക്ഷക്കണക്കായ കാപട്യക്കാരുടെയും നിര്‍ദയരുടെയും ഇരുണ്ട പദ്ധതികളെ നശിപ്പിക്കുവാനാവും.
 • ഒരു ആശയം സ്വീകരിക്കുക. അതിനെക്കുറിച്ച് ചിന്തിച്ചും സ്വപ്നം കണ്ടും അത് നിങ്ങളുടെ ജീവിതമാക്കുക. മറ്റെല്ലാ ആശയങ്ങളും വിട്ട് അതിനെ സര്‍വകോശങ്ങളിലും നിറയ്ക്കുക. ഇതാണ് വിജയത്തിലേക്കുള്ള മാര്‍ഗം.
 • എല്ലാ പ്രേമവും വികാസവും എല്ലാ സ്വാര്‍ഥവും സങ്കോചവുമാണ്. അതിനാല്‍ സ്നേഹമാണ് ജീവിതത്തിന്റെ ഏക നിയമം. സ്നേഹിക്കുന്നവന്‍ ജീവിക്കുന്നു, സ്വാര്‍ഥി മരിക്കുന്നു. 
 • സ്നേഹിക്കുവാനായി സ്നേഹിക്കുക; കാരണം, അത് ജീവിക്കുവാന്‍ ശ്വസിക്കുക എന്നതുപോലെ ജീവിതത്തിന്റെ നിയമമാണ്.
 • നമ്മള്‍ നമ്മുടെ ചിന്തകളുടെ നിര്‍മിതിയാണ്. അതുകൊണ്ട് ചിന്തിക്കുന്നതിനെ ക്കുറിച്ച് സൂക്ഷ്മത പുലര്‍ത്തുക.