ദ്വൈതദർശനമാണ്‌ വിവേകാനന്ദസ്വാമികളെ പ്രചോദിപ്പിച്ച തത്ത്വചിന്ത. പരമാണുവിൽ പ്രപഞ്ചത്തെയും പ്രപഞ്ചത്തിൽ പരമാണുവിനെയും ഒരുപോലെ കാണാനുള്ള ഉൾക്കരുത്ത്‌ സ്വാമികൾക്ക്‌ നൽകിയത്‌ ഈ ദർശനമാണ്‌. പ്രപഞ്ചത്തിൽ തന്നെയും തന്നിൽ പ്രപഞ്ചത്തെയും ഒരുപോലെ കാണുമ്പോഴാണ്‌ താനും പ്രപഞ്ചവും അഭിന്നമാണെന്ന അനുഭൂതിയുണ്ടാകുന്നത്‌. അതോടെ മനസ്സിൽനിന്ന്‌ ഭേദവിചാരം നീങ്ങിപ്പോകും. മനസ്സിൽനിന്ന്‌ ഭേദവിചാരം നിങ്ങുമ്പോഴാണ്‌ ‘ചതിയെെന്റ ചൂതും ഞാൻതന്നെ’ എന്ന ഗീതാവാക്യത്തിന്റെ പൊരുളറിയാൻ കഴിയുന്നത്‌.
അതോടെ വിശുദ്ധരെല്ലാം ഒരു  ചേരിയിലും അശുദ്ധരെല്ലാം മറുചേരിയിലും എന്ന തരംതിരിവും അപ്രസക്തമാകും. വിശുദ്ധർക്കും അശുദ്ധർക്കും ഒരുപോലെ അവകാശപ്പെട്ടതാണ്‌ ലോകമെന്ന്‌ നമുക്ക്‌ സമ്മതിക്കേണ്ടിവരും. അതുകൊണ്ട്‌ ഒന്നിനെയും പുറംതള്ളാതെ എല്ലാറ്റിനെയും ഉൾക്കൊള്ളുന്നതാണ്‌ അദ്വൈതസാരമെന്നും ലോകവും താനും അഭിന്നരാണെന്നും ബോധ്യമാകും. ഈ ബോധ്യമാണ്‌ താൻ പ്രതിനിധാനം ചെയ്യുന്ന മതത്തിലും സംസ്കാരത്തിലും ‘exclusion’ (പുറംതള്ളുക) എന്ന വാക്കില്ലെന്ന്‌ അമേരിക്കയിലെ സഹോദരീ സഹോദരന്മാരെ അറിയിക്കാൻ സ്വാമികൾക്ക്‌ കരുത്തുനല്കിയത്‌.

അശുദ്ധരെ പുറംതള്ളിക്കൊണ്ട്‌ വിശുദ്ധരെമാത്രം സംരക്ഷിക്കുന്ന രീതി അംഗീകരിച്ചിരുന്ന മതസംഹിതകൾക്ക്‌ പ്രചാരമുണ്ടായിരുന്ന കാലമായിരുന്നു അത്‌. ഇന്ത്യ ഭരിച്ചിരുന്ന കോളനി യജമാനന്മാർക്ക്‌ ഇന്ത്യയെ പുച്ഛമായിരുന്നു. മതം, തത്ത്വചിന്ത, സാഹിത്യം, കല, സാമൂഹികശാസ്ത്രം, ശാസ്ത്രം എന്നിവയൊന്നും ഇന്ത്യയിൽ ഇല്ലയെന്നും ഇവയുടെയെല്ലാം ഉദ്‌ഭവകേന്ദ്രം യൂറോപ്പാണെന്നും അക്കാലത്ത്‌ കരുതപ്പെട്ടിരുന്നു.  ഇന്ത്യക്കാർ സംസ്കാരശൂന്യന്മാരായിരുന്നുവെന്നും അവരെ സംസ്കാരഭദ്രരാക്കാനായി അവർക്ക്‌ ഇംഗ്ലീഷ്‌ വിദ്യാഭ്യാസം നൽകണമെന്നും 1835-ൽതന്നെ മെക്കാളെപ്രഭു വിധിയെഴുതിയിരുന്നു. എല്ലാ വിജ്ഞാനങ്ങളുടെയും സംസ്കാരത്തിന്റെയും പ്രഭവകേന്ദ്രം യൂറോപ്പാണ്‌ എന്ന വിശ്വാസത്തെയാണ്‌ യൂറോ കേന്ദ്രീകൃതം എന്നു വി​േശഷിപ്പിക്കുന്നത്‌.  യൂറോ കേന്ദ്രീകൃതമായ  ജീവിതരീതിയുടെ പ്രചാരകനായിരുന്നതുകൊണ്ട്‌ കീഴടക്കപ്പെട്ട ജനതയുടെ അടിമചരിത്രമാണ്‌ ഇന്ത്യയ്ക്കുള്ളതെന്ന്‌ കാറൽ മാർക്സ്‌ 1853-ൽ  അമേരിക്കയില ‘ഹെറാൾഡ്‌ ട്രിബൂണൽ’ എന്ന പത്രത്തിലെഴുതിയതും ഓർക്കാവുന്നതാണ്‌.

സംസ്കാരശൂന്യരായ ഏഷ്യൻ-ആഫ്രിക്കൻ ജനതയെ സംസ്കാരഭദ്രരാക്കലും കോളനിവാഴ്ചയുടെ ലക്ഷ്യങ്ങളിൽ ഒന്നായിരുന്നു. അതുകൊണ്ടാണ്‌ ഒരു കൈയിൽ ബൈബിളും മറുകൈയിൽ ആയുധവുമായി യൂറോപ്യന്മാർ ഏഷ്യൻ-ആഫ്രിക്കൻ രാജ്യങ്ങളിലെത്തിയത്‌. ഏഷ്യൻ-ആഫ്രിക്കൻ രാജ്യങ്ങളിൽ താമസിച്ചിരുന്ന തദ്ദേശീയരായ മനുഷ്യരുടെ മതവിശ്വാസങ്ങൾ പ്രാകൃതമാണെന്നും അവരെല്ലാവരും പ്രാകൃതമായ മതവിശ്വാസത്തെ ത്യജിച്ചുകൊണ്ട്‌ പരിഷ്കൃതമായ ക്രിസ്തുമതം സ്വീകരിക്കണമെന്നും കോളനി​െയ യജമാനന്മാർ വിധിച്ചിരുന്നു. ആഫ്രിക്കയിൽ ഈ മതപരിവർത്തനയജ്ഞം വൻ വിജയമായിരുന്നു. എന്നാൽ, ഏഷ്യയിലത്‌ വേണ്ടത്ര വിജയിച്ചില്ല എന്നതും മറക്കരുത്‌.  ഈ പശ്ചാത്തലത്തിലാണ്‌ വിവേകാനന്ദസ്വാമികളുടെ ഷിക്കാഗോ പ്രസംഗം കൂടുതൽ ശ്രദ്ധേയമാകുന്നത്‌.
ലോകത്താകെ പടർന്നുപന്തലിച്ചുകൊണ്ടിരുന്ന യൂറോ കേന്ദ്രീകൃതമായ ജീവിതരീതി നടത്തിക്കൊണ്ടിരുന്ന രാഷ്ട്രീയവും മതപരവും സാംസ്കാരികവുമായ അധിനിവേശത്തിനെതിരേ അദ്വൈതിയായ സന്ന്യാസിയുടെ സർഗാത്മകമായ ചെറുത്തുനിൽപ്പായിരുന്നു ഈ പ്രസംഗം.  

യേശുദേവനെ ഹൃദയത്തിൽ പ്രതിഷ്ഠിച്ച്‌ വിവേകാനന്ദസ്വാമികൾ ആരാധിച്ചിരുന്നു. യേശുദേവന്റെ ദൈവരാജ്യസങ്കല്പത്തിന്റെയും വിനീതനായ ആരാധകനായിരുന്നു അദ്ദേഹം. ‘സ്വർഗരാജ്യം എല്ലാം മീനും ഉൾക്കൊള്ളുന്ന വലയ്ക്ക്‌ സമം’ എന്ന്‌ യേശുദേവൻ വിശദീകരിച്ചിരുന്നു. ഒന്നിനെയും തള്ളാതെ എല്ലാറ്റിനെയും ഉൾക്കൊള്ളലാണ്‌ സ്വർഗരാജ്യത്തിന്റെ കാതലെന്ന യേശുദേവന്റെ നിലപാട്‌ സ്വാമികൾക്ക്‌ സർവാത്മനാ സ്വീകാര്യമായിരുന്നു. എന്നാൽ, ക്രൈസ്തവസഭകളുടെ നിലപാട്‌ ഈ നിയമത്തിന്റെ ലംഘനമാണെന്നും അദ്ദേഹം കരുതി. ക്രൈസ്തവമല്ലാത്ത മതങ്ങളെ പ്രാകൃതമെന്ന്‌ വിശേഷിപ്പിക്കുന്ന ക്രിസ്തുമത സമീപനം സ്വാമികൾക്ക്‌ സ്വീകാര്യമായിരുന്നില്ല.

എല്ലാറ്റിനെയും ഉൾക്കൊള്ളുകയും ഒന്നിനെയും പുറന്തള്ളാതിരിക്കുകയും ചെയ്യുകയെന്നതാണ്‌ മതസാരാംശം എന്നു കരുതിയ സ്വാമികൾ ഏതു മതവും നന്മയുടെ ഉറവിടങ്ങളാണെന്നും കരുതി. ഏത്‌ മതത്തിലൂടെയും നന്മ നേടാമെന്നിരിക്കെ മതപരിവർത്തനം അസംബന്ധമാണെന്നും അദ്ദേഹം കരുതി. അതുകൊണ്ട്‌ കൊളോണിയൽ കാലത്തെ ക്രിസ്തുമതത്തിന്റെ മതപരിവർത്തനാധിവേശത്തെ അദ്ദേഹം എതിർത്തു. എല്ലാ മതങ്ങളും നന്മയുടെ ഉറവിടങ്ങളായതുകൊണ്ട്‌ ക്രിസ്തുമതത്തിലൂടെ മാത്രമേ മനുഷ്യന്‌ നന്മ പ്രവർത്തിക്കാൻ കഴിയുകയുള്ളൂവെന്ന മിഷനറിമാരുടെ നിലപാട്‌  അസംബന്ധമാണെന്നും അദ്ദേഹം കരുതി.

യൂറോപ്പിന്റേതല്ലാത്ത മതവും സംസ്കാരവുമെല്ലാം അധമമാണെന്നു കരുതുകയും അതനുസരിച്ച്‌ മതപരവും സാംസ്കാരികവുമായ കൊളോണിയൽ അധിനിവേശങ്ങളെ ദാർശനികമായ പിൻബലത്തിലൂടെ ഈ  പ്രസംഗത്തിലൂടെയാണ്‌ സ്വാമികൾ ചോദ്യംചെയ്തത്‌. യൂറോ കേന്ദ്രീകൃതമായ മതബോധവും മതേതര സാംസ്കാരികബോധവും പ്രാകൃതം എന്ന വിശേഷണത്തോടെ ഭാരതീയ പാരമ്പര്യത്തെ അവഗണിക്കുകയും അപഹസിക്കുകയും ചെയ്തിരുന്നു. എന്നാൽ, ഇന്ന്‌ ഭാരതത്തിന്റെ ബഹുസ്വരതാപാരമ്പര്യത്തെ ലോകം ആദരവോടെ കാണുമ്പോൾ 125 കൊല്ലം മുമ്പ്‌ സ്വാമികൾ ഷിക്കാഗോയിൽ നടത്തിയ പ്രസംഗം കൂടിയാണ്‌ ആദരിക്കപ്പെടുന്നത്‌ എന്ന്‌ നമുക്ക്‌ അഭിമാനത്തോടെ സ്മരിക്കാം.