ദ്യാനങ്ങളെ അത്യധികം സ്‌നേഹിച്ച ഒരു രാജാവുണ്ടായിരുന്നു പേര്‍ഷ്യയില്‍. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അദ്ദേഹം നിരവധി പൂന്തോട്ടങ്ങള്‍ പണിതു. എന്നാല്‍, പൂക്കളെയും ചെടികളെയും ഹൃദയത്തോട് ചേര്‍ത്തുവെച്ചിരുന്ന രാജാവിന് ഒരു ദുഃഖം ബാക്കിയായിരുന്നു. കൊട്ടാരത്തില്‍ തന്റെ ഉറക്കറയുടെ മുന്നിലായി താലോലിച്ചു വളര്‍ത്തിയിരുന്ന ഒരു തോട്ടമുണ്ടായിരുന്നു. അതിലെ  അത്യപൂര്‍വമായ പൂക്കളും ചെടികളും രാത്രിയില്‍ ആരോ വന്നു പറിച്ചു നശിപ്പിക്കുന്നു. രാത്രികളില്‍ ഭടന്മാരെ കാവലിരുത്തിയിട്ടും പ്രതിയെ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. മാത്രമല്ല, ഇതേതോ പ്രേതബാധ തന്നെയാണെന്ന നിഗമനത്തില്‍ അവര്‍  എത്തുകയും ചെയ്തു.

രാജ്യത്തിന്റെ പല ഭാഗത്തു നിന്നും പ്രേതത്തെ ഒഴിപ്പിക്കാന്‍ ആളെത്തി. പക്ഷേ, സത്യം എന്തെന്ന് കണ്ടുപിടിക്കാന്‍ ആര്‍ക്കും  കഴിഞ്ഞില്ല. ഇതായിരുന്നു രാജാവിനെ അലട്ടിക്കൊണ്ടിരുന്ന വലിയ വിഷമം. ഒടുവില്‍, ദൂരദേശത്തു നിന്നുള്ള ഒരു ദര്‍വീശിനെ രാജാവിന്റെ വിശ്വസ്തനായ മന്ത്രി കൊണ്ടുവന്നു.  കൊട്ടാരവും ഉദ്യാനവും ചുറ്റിനടന്ന് വീക്ഷിച്ച സൂഫി രാജാവുമായി ദീര്‍ഘനേരം സംസാരിച്ചു. അന്ന് രാത്രി മന്ത്രിയോടൊപ്പം കൊട്ടാരത്തില്‍ തന്നെ താമസിക്കാനും  തീരുമാനിച്ചു. 
       
രാത്രിയുടെ അന്ത്യയാമത്തില്‍ മന്ത്രിയെ വിളിച്ചുണര്‍ത്തി സൂഫി ആ കാഴ്ച കാണിച്ചു കൊടുത്തു. സ്വപ്നാടനത്തില്‍ പുറത്തിറങ്ങിയ രാജാവ് പതുക്കെ ഉദ്യാനത്തിലേയ്ക്ക് നടക്കുന്നു. പിന്നെ, ആരും ശ്രദ്ധിക്കാത്തവിധം പൂക്കള്‍ പറിക്കുകയും ചെടികള്‍ പിഴുതെറിയുകയും ചെയ്യുന്നു. ഞൊടിയിടയില്‍ എല്ലാം ചെയ്തിട്ട് ഒന്നുമറിയാത്തപോലെ തിരിഞ്ഞു നടക്കുന്നു. 
      
ഈ കാഴ്ച കണ്ടു മന്ത്രി അത്ഭുതപരതന്ത്രനായി. ഇത് രാജാവിന്റെ സ്വപ്നാടനത്തില്‍ അറിയാതെ സംഭവിക്കുന്നതാണെന്നു ബോധ്യപ്പെടുത്തിയ സൂഫി പിറ്റേന്ന് രാവിലെ തന്നെ  കൊട്ടാരം വിട്ടു പോവുകയും ചെയ്തു. 
        
ഈ കഥയിലെ രാജാവ് നാം ഓരോരുത്തരുമാണ്. നമ്മുടെ ചുറ്റുപാടില്‍  നാം നട്ടുവളര്‍ത്തുന്ന നന്മ, സ്‌നേഹം, കാരുണ്യം എന്നിവയുടെ ഉദ്യാന  പുഷ്പങ്ങള്‍ ക്രമേണ ഇല്ലാതായിപോകുന്നത് നമ്മള്‍ അറിയാറുണ്ട്. പക്ഷേ, അതിന്റെ കാരണം മറ്റുള്ളവരിലും സാഹചര്യങ്ങളിലും ആരോപിക്കുകയാണ് നമ്മുടെ പതിവ്. എന്നാല്‍, യഥാര്‍ത്ഥ പ്രതി നാം പോലുമറിയാതെ നമ്മില്‍ മറഞ്ഞിരിക്കുകയാണ്. 
        
നമ്മുടെ സ്വാര്‍ത്ഥത മാത്രമാണ് നാം പോലുമറിയാതെ ഒരു സ്വപ്നാടകനായി വന്ന് നമുക്ക് ചുറ്റുമുള്ള സൗന്ദര്യത്തെയും വസന്തത്തെയും കെടുത്തിക്കളയുന്നത്. കുഞ്ഞുപിണക്കങ്ങള്‍ മുതല്‍ സംഘര്‍ഷങ്ങളും കലാപങ്ങളും യുദ്ധങ്ങളും വരെ ആരുടെയൊക്കെയോ സ്വാര്‍ത്ഥതയുടെ അനന്തരഫലങ്ങളാണ്. സഹജീവികള്‍ക്കായി ചെയ്യുന്ന ചെറിയ സഹായത്തില്‍ പോലും നാം  സ്വാര്‍ത്ഥതയുടെ മുള്ളുകള്‍ മറച്ചുപിടിക്കുന്നു. 
      
നാം ഇടപെടുന്ന ഓരോ വിഷയത്തിലും,  നമ്മുടെ സ്വാര്‍ത്ഥത എത്രത്തോളം പതിയിരിക്കുന്നു എന്ന് സ്വയം തിരിച്ചറിയാന്‍ തുടങ്ങുമ്പോള്‍ മാത്രമാണ് ഒരാള്‍  സ്വത്വത്തിന്റെ അധമ പ്രകൃതത്തെ കുറിച്ച് ബോധവാനാകുന്നത്. 
                             
റൂമി ഓര്‍മ്മപ്പെടുത്തുന്നു:

'നിന്റെ സ്വാര്‍ത്ഥതയെ ശരിക്കും നീ കയ്യൊഴിയുമ്പോള്‍ മാത്രമാണ്, 
നിന്റെ സ്വാര്‍ത്ഥത നിന്റെ ആത്മാവിനെ എത്രമേല്‍ പരുക്കേല്‍പ്പിച്ചു 
എന്ന് നീ അറിയാന്‍ തുടങ്ങുക.'

നമ്മെ കബളിപ്പിച്ചുകൊണ്ടിരിക്കുന്ന മനസ്സിന്റെ നിഗൂഢമായ കളികളെ അത്ര എളുപ്പത്തില്‍ തിരിച്ചറിയാന്‍ കഴിയുന്നതല്ല. അവിടെയാണ്, ഈ കഥയിലെ രാജാവ് ഒടുവില്‍ ഒരു ദര്‍വീശിന്റെ സഹായം തേടിയത്. താന്‍ സ്വപ്നാടനത്തിലാണെന്നു ഒരു സ്വപ്നാടകന് അപ്പോള്‍ അറിയാന്‍ കഴിയില്ല. അതത്ര എളുപ്പത്തില്‍ ബോധ്യപ്പെടുത്താനും സാധിക്കില്ല. എന്നാല്‍, ഒരു യഥാര്‍ത്ഥ മനഃശാസ്ത്രഞ്ജന് അത് ബോധ്യപ്പെടുത്താനും ചികില്‍സിച്ചു ഭേദമക്കാ നും കഴിയും. 
         
അതുപോലെ, ഹൃദയത്തെ ബാധിക്കുന്ന രോഗങ്ങളില്‍ പ്രധാനമാണ് സ്വാര്‍ത്ഥത. ഇത് സുഖപ്പെടുത്താന്‍ ഗുരുകാരുണ്യത്തിന്റെ അനുഗ്രഹസ്പര്‍ശം അത്യന്താപേക്ഷിതമാണ്. അല്ലെങ്കില്‍, നമ്മുടെ എല്ലാ  സ്വാര്‍ത്ഥതയ്ക്കും നാം സുന്ദരമായ ന്യായങ്ങള്‍ ചമച്ചിട്ടുണ്ടാവും. അതോടെ, ദൈവീകപ്രണയത്തിന്റെ ഹൃദയവസന്തം തന്നെയാണ് നമുക്ക് നഷ്ട്ടമാവുന്നത്. 

നിസ്വാര്‍ത്ഥ സ്‌നേഹത്തോടെ, ഒന്നും മോഹിച്ചല്ലാതെ സത്യത്തിനും നന്മയ്ക്കും മാത്രമായി ജീവിക്കുന്നവനാണ് യഥാര്‍ത്ഥ ജീവനം സാക്ഷാത്കരിച്ചവന്‍. അല്ലാത്തവര്‍, വെറും ഉപജീവനത്തിനായി പിടിച്ചുപറിക്കുന്നവര്‍ മാത്രം.  
       
നിസ്വാര്‍ത്ഥമായ സ്‌നേഹത്തിന്റെ ദൈവീക വഴിയെ റൂമി ഇങ്ങിനെ വെളിവാക്കിത്തരുന്നു:

'ആത്മവിശുദ്ധിയുടെ കാഴ്ചയില്‍ നിന്ന് കാര്യങ്ങള്‍ ചെയ്യാന്‍ തുടങ്ങുമ്പോള്‍, 
അകമേ ആനന്ദത്തിന്റെ ഒരു നദി ഒഴുകുന്നത് അറിയാനാവും. 
എന്നാല്‍ അത് സ്വാര്‍ത്ഥതയില്‍ നിന്നാണെങ്കിലോ ?
ഉള്ളിലെ സ്വാസ്ഥ്യത്തിന്റെ പ്രവാഹം വറ്റിവരണ്ടു പോകുന്നത് അനുഭവിക്കാനാവും. '

വിശുദ്ധമായ ആത്മബോധത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് നന്മയിലൂടെ നടക്കാന്‍ നമുക്കാവണം.അല്ലെങ്കില്‍, നന്മയെ നട്ടുവളര്‍ത്തുമ്പോഴും അതിനെ സദാ പ്രകീര്‍ത്തിക്കുമ്പോഴും, ഒരു സ്വപ്നാടനത്തിലായി സ്വയമറിയാതെ,നാം തന്നെ അതിനെ ഇല്ലാതാക്കുകയും ചെയ്യും. സ്വാര്‍ത്ഥയുടെ സ്വത്വത്തെ വിമലീകരിച്ചു വിശുദ്ധമാക്കുന്ന വഴിയെയാണ് ആധ്യാത്മികത എന്ന് പറയുന്നത്. 

ആ വഴിയില്‍റൂമി വെളിച്ചം പകരുന്നു:

' നിന്റെ സ്വാര്‍ത്ഥ സ്വത്വത്തെ ഒരിക്കല്‍ നീ കീഴടക്കിയാല്‍ പിന്നെ, നിന്നിലെ സര്‍വ്വ ഇരുളും പോയ്മറയും.'