കനകക്കുന്നിലെ ആല്‍മരത്തിനു താഴെ, ആകാശം നോക്കി  വിസ്മയിച്ചിരിക്കുമ്പോള്‍, ഇങ്ങനെ ഒരശരീരി കേട്ടു: 

'ഒന്നായിരിക്കുമ്പോള്‍ ലയലഹരി;

രണ്ടായിരിക്കുമ്പോഴോ പ്രണയോന്മാദവും' 

അശരീരിയുടെ പൊരുള്‍ തേടി താഴേക്ക് നോക്കിയപ്പോള്‍, ആല്‍മരത്തിന്റെ ഉയര്‍ന്നു നില്‍ക്കുന്ന വേരുകള്‍ പറഞ്ഞു :

'ആഴങ്ങളിലെ ജലസ്രോതസ്സിലേക്ക്  അതീവ ദാഹത്തോടെ നീണ്ടുനീണ്ടു  ചെല്ലുമ്പോള്‍ പ്രണയോന്മാദം!

ഉറവിടവുമായി സന്ധിച്ചു ഒന്നായിത്തീര്‍ന്നാല്‍ പിന്നെ ലയലഹരി  

ഏത് കൊടുംവെയിലിലും പേമാരിയിലും ആനന്ദത്തോടെ, സ്വാസ്ഥ്യത്തില്‍  നിലനിര്‍ത്തുന്നു. '

ജീവന്റെ ഉറവിടവുമായി ഹൃദയത്തെ സദാ ബന്ധിച്ചു നിര്‍ത്തിയവര്‍  കൃപയുടെയും കാരുണ്യത്തിന്റെയും അദൃശ്യപ്രവാഹത്തെ 
നിറഞ്ഞനുഭവിക്കുന്നു. 

അല്ലാത്തവര്‍ മറ്റുള്ളവരുടെ കുറവുകള്‍ കണ്ടെത്തി, സ്വയം വലുതാവുന്ന മനസ്സിന്റെ വഞ്ചനയില്‍ പെട്ടുപോകുന്നു. 

പേര്‍ഷ്യന്‍ സൂഫി  കവി സഅദി ശീറാസി പറഞ്ഞ ഒരു അനുഭവ കഥയുണ്ട്:

കുട്ടിക്കാലത്ത് അദ്ദേഹം പിതാവിനൊപ്പം നിശാ പ്രാര്‍ത്ഥനകളില്‍ പങ്കെടുക്കുമ്പോള്‍ ഒരു കാര്യം ശ്രദ്ധയില്‍പ്പെട്ടു. 

അവിടെ സന്നിഹിതരായ പലരും പ്രാര്‍ത്ഥനയ്ക്കിടെ ഉറങ്ങിക്കൊണ്ടിരിക്കുന്നു. 

വീട്ടില്‍ തിരിച്ചെത്തിയ ശേഷം, പ്രാര്‍ത്ഥനയില്‍ ഉറങ്ങുന്നവരെ സംബന്ധിച്ച് പിതാവിനോട് പരാതി പറഞ്ഞു. 

അപ്പോള്‍, പിതാവ് മകനെ ഇങ്ങനെ ഉപദേശിച്ചു :

' പ്രിയപ്പെട്ട മകനെ, നീ നിന്റെ പ്രാര്‍ത്ഥനയെ ശ്രദ്ധിക്കുക.
 നിന്റെ വഴിയെ സൂക്ഷ്മതയോടെ നടക്കുക. 

ഒരു പക്ഷേ, അവര്‍ സ്വപ്നങ്ങളില്‍ ദൈവത്തോട് സംവദിക്കുകയാവാം. 
ആയതിനാല്‍, ഉണര്‍ന്നിരുന്ന് മറ്റുള്ളവരുടെ കുറവുകള്‍ നോക്കിയിരുന്ന നിന്റെ പ്രാര്‍ത്ഥനയേക്കാള്‍ എത്രയോ മഹത്തരം അവരുടെ നിദ്ര തന്നെയാണ്. '


സ്വന്തം വേരുകളിലേക്ക് ആഴ്ന്നിറങ്ങുമ്പോള്‍ മാത്രമേ ഒരാള്‍ ദൈവമാര്‍ഗത്തില്‍ പ്രവേശിക്കുന്നുള്ളൂ. 

ആ വിശുദ്ധ വഴിയിലെ ദിവ്യസാമീപ്യം തന്നെയാണ് അനുരാഗികളുടെ സ്വര്‍ഗ്ഗം. 

റൂമി പാടുന്നു :

' ഇതൊരു നിഗൂഢ രഹസ്യം ;
നീ എന്തിനെ പ്രണയിക്കുന്നോ, 
അതാണ് നീ. '