രു ആള്‍ക്കൂട്ടത്തില്‍ ആകാശം നോക്കി സ്വസ്ഥനായി നടക്കുകയായിരുന്നു മൗലാ. അപ്പോള്‍,  ജനക്കൂട്ടത്തില്‍ നിന്ന്  ഒരാള്‍ മൗലായുടെ അടുത്തേയ്ക്ക് ഓടി  വന്നു.  വളരെ ശാന്തസ്വരത്തില്‍ അദ്ദേഹം  ചോദിച്ചു: 

'മൗലാ,  പ്രശ്‌നങ്ങളുടെയും പ്രതിസന്ധികളുടേയും കലഹങ്ങളുടെയും ലോകത്ത് യഥാര്‍ത്ഥ വഴി കാണാനാവുന്നില്ല. ഗുരുപ്രകാശത്തെ ലഭിക്കാത്ത ഒരാള്‍, സത്യത്തിന്റെ  വഴിയില്‍ ഹൃദയത്തെ നിലനിര്‍ത്താന്‍ എന്താണ് ചെയ്യേണ്ടത്?'

ഇത് കേട്ട മൗലാ, ആള്‍ക്കൂട്ടത്തില്‍ നിന്ന് മാറി,  സ്വസ്ഥമായൊരിടത്തിരുന്ന് അദ്ദേഹത്തോട് പറഞ്ഞു: ' മൂന്ന് കാര്യങ്ങളില്‍ സൂക്ഷ്മത പുലര്‍ത്താന്‍  സാധിക്കുമെങ്കില്‍, താങ്കളുടെ ഹൃദയത്തെ ദൈവീകതയുടെ പ്രകാശവഴിയില്‍ നിലനിര്‍ത്താനാവും. ആ മൂന്ന് കാര്യങ്ങള്‍ സസൂക്ഷ്മം  ശ്രദ്ധിക്കുകയും, ജീവിതത്തില്‍ അനുവര്‍ത്തിക്കുകയും ചെയ്യുക. 
         
ഒന്നാമതായി, മതപണ്ഡിതന്മാരായ പുരോഹിതന്മാരില്‍ നിന്നു അകന്നു ജീവിക്കുക. രണ്ടാമതായി, അധികാരമോഹികളായ രാഷ്ട്രീയക്കാരില്‍ നിന്നും 
വിദൂരതയിലാവുക. മൂന്നാമതായി, ചൂഷണം ചെയ്യുന്ന കച്ചവടക്കാരില്‍ നിന്നും അകന്നു നില്‍ക്കുക. എന്നിട്ട്, ഉള്ളതില്‍ തൃപ്തരായി, സ്വസ്ഥതയോടെ ജീവിതത്തെ സമീപിക്കുന്ന ആളുകളുമായി സഹവാസത്തിലാവുക. അത്തരം സജ്ജനങ്ങളോടുള്ള സത്സംഗം സദാ നിലനിര്‍ത്തുക. 

ഈ  കാര്യങ്ങള്‍ ജീവിതത്തില്‍ അനുശീലിയ്ക്കാന്‍ സാധിച്ചാല്‍, ദിവ്യപ്രകാശത്തിന്റെ വഴിത്താര മുന്നില്‍ തെളിഞ്ഞു വരുന്നത് കാണാനാകും. 'ഇത്രയും പറഞ്ഞ്,മൗലാ  അദ്ദേഹത്തിന്റെ തലയില്‍ കൈവച്ചനുഗ്രഹിച്ചു മുന്നോട്ടു നടന്നുനീങ്ങി. എന്നാല്‍, ഒരു നിമിഷം നിശ്ചലനായി നിന്നുപോയ ആ മനുഷ്യന്‍, പെട്ടെന്ന് ബോധം വന്നപോലെ മൗലായുടെ പിന്നാലെ ചെന്നു. 

ഹൃദയത്തില്‍ വ്യക്തത വരാതെ, ദാഹിച്ചു വരുന്ന ആ അന്വേഷിയെ ചേര്‍ത്തുപിടിച്ചു മൗലാ ഒരു ചെറിയ വിശദീകരണം നല്‍കി: 'മനുഷ്യഹൃദയത്തിലെ ദിവ്യകാരുണ്യമായ മാനവികതയെയും സഹിഷ്ണുതയെയും പുരോഹിതന്‍മാര്‍ കെടുത്തിക്കളയും. അവര്‍ മാത്രമാണ് ശരിയെന്നും മറ്റെല്ലാം തെറ്റെന്നും വിശ്വസിപ്പിച്ചു, നിങ്ങളുടെ ബോധതലത്തെ വെളിച്ചം കാണാന്‍ അനുവദിക്കാതെ, സങ്കുചിതത്വത്തിലും അപരിഷ്‌കൃതത്വത്തിലും അവര്‍ തളച്ചിടും.

നാട്യങ്ങളുടെയും കാപട്യങ്ങളുടെയും വലയത്തിനകത്താണ് അധികാരമോഹികളായ രാഷ്ട്രീയക്കാരുടെ ജീവിതം. അവരുടെ ഊര്‍ജ്ജപ്രസരണം നിന്നിലെ സത്യബോധത്തെയും,  നന്മയെയും നിഷ്‌കാസിതമാക്കും. സ്വാര്‍ത്ഥനേട്ടത്തിനായി ഏത് നീചവഴിയിലും മറ്റുള്ളവരെ ഉപയോഗപ്പെടുത്താമെന്നും, ചൂഷണം ചെയ്യാമെന്നും നീ പോലുമറിയാതെ, നിന്റെ ഉപബോധത്തെ അവര്‍ പഠിപ്പിച്ചു കളയും.

ചൂഷകരായ കച്ചവടക്കാരുമായുള്ള സമ്പര്‍ക്കം നിന്നില്‍ ആസക്തി നിറയ്ക്കും. മറ്റുള്ളവരുടെ നിസ്സഹായതയെ മുതലെടുക്കാന്‍ ശ്രമിക്കുന്ന യഥാര്‍ത്ഥ 'പലിശക്കാര്‍ ' ഇവരാണ്. നിന്നിലെ ദിവ്യമായ സഹജതയും സഹാനുഭൂതിയും വളരെ അധമമായ ഗുണമായി നിന്റെ മനസ്സിനെ എളുപ്പം ബോധ്യപ്പെടുത്താന്‍ അവര്‍ക്ക് സാധിക്കും. '

മൗലാ ഇങ്ങനെ അവസാനിപ്പിച്ചു: 'ഒരു മനുഷ്യനെ യഥാര്‍ത്ഥത്തില്‍ ആധ്യാത്മികനും ദൈവികതയുള്ളവനുമാക്കുന്നത് അവനിലെ മാനവികതയും മനുഷ്യത്വവും സഹിഷ്ണുതയുമാണ്. സ്‌നേഹവും കാരുണ്യവും നന്മയും സഹാനുഭൂതിയുമാണ്. ഇത് നിറവായുള്ള മനുഷ്യരാണ് ഈ ലോകത്തെ വെളിച്ചത്തിലേയ്ക്കു നയിക്കുന്നത്. 

എന്നാല്‍, ഈ സദ്ഗുണങ്ങള്‍ കെടുത്തിക്കളയുന്ന സഹവാസങ്ങളെയും സാഹചര്യങ്ങളെയും വിഷപ്പാമ്പിനെപ്പോലെ അകറ്റിനിര്‍ത്തുക. ഉള്ളില്‍ നിറവും സ്വാസ്ഥ്യവുമുള്ള സാത്വികരോടോത്തുള്ളസത്സംഗം സദാ നിലനിര്‍ത്തുക.  ഹൃദയത്തില്‍ സ്‌നേഹവും കാരുണ്യവും നന്മയുമുള്ള, അനുഗ്രഹീതരുടെ സദ്പന്ഥാവിനെ അനുധാവനം ചെയ്യുക; വഴിപിഴച്ചവരുടെ മാര്‍ഗത്തെ അല്ല. '