സ്ഥൂലതലത്തിലെ പുറംകാഴ്ചകളിൽ അഭിരമിച്ചുകൊണ്ടിരിക്കുന്ന മാനവജനതയോട് ആന്തരവികാസത്തെക്കുറിച്ചും ജീവനിലെ അനിവാര്യദൗത്യത്തെക്കുറിച്ചുമൊക്കെയാണ് ശ്രീരാമകൃഷ്ണൻ വാചാലമായിക്കൊണ്ടിരുന്നത്. 
ജീവന്റെ സഞ്ചാരധാരയിൽ ഉയർന്നുവരാനിടയുള്ള വെല്ലുവിളികളെക്കുറിച്ചെല്ലാം അദ്ദേഹം ബോധവാനായിരുന്നു. മനോവികാസം, ജീവന്റെ ലക്ഷ്യം എന്നിവയിലൂന്നിയ അനൂഭൂതികലോകത്തെ തള്ളിക്കളഞ്ഞുകൊണ്ടുള്ള തത്ത്വദർശനങ്ങൾ ഒന്നടങ്കം അപൂർണമാകുന്നത് അതു സ്ഥൂലതലത്തെ മാത്രം സംബന്ധിക്കുന്നതാകയാലാണ്. അനുഭവസമ്പത്തിനാൽ സമ്പുഷ്ടമാകേണ്ട മനുഷ്യവളർച്ചയെ തള്ളിക്കളയുന്ന ഇത്തരം ആശയസംഹിതകളുടെ പരിമിതികൾ മാനവജനത ഇത്രമാത്രം തിരിച്ചറിഞ്ഞത് ശ്രീരാമകൃഷ്ണനിലൂടെയാണ്. മതത്തിന്റെ കാമ്പായി അദ്ദേഹം ഉയർത്തിക്കാട്ടിയതും ജീവിതംകൊണ്ടു വ്യാഖ്യാനിച്ചു തന്നതുമായ ‘അനുഭൂതിയെയും അനുഭവത്തെയും’ കേന്ദ്രീകൃതമാക്കിയാണല്ലോ ഭാരതമെന്ന ഈ ദേശം തന്നെ ചൂഴ്ന്നുനിൽക്കുന്നത്. ദാർശനികതയുടെ ഈ അതിസൂക്ഷ്മവശത്തെ മനസ്സിലാക്കുമ്പോഴാണ് ഭാരതീയരുടെ സ്പന്ദനം തന്നെ ആധ്യാത്മികതയാണെന്ന യാഥാർഥ്യം തിരിച്ചറിയാനാകുന്നത്. 

ശ്രീരാമകൃഷ്ണൻ സ്വജീവിതത്തിൽ സാക്ഷാത്കരിച്ച സത്യദർശനത്തോടിണക്കിവെക്കാതെ വിവേകാനന്ദചിന്തകളെ വഴക്കിയെടുക്കുന്നത് പലപ്പോഴും ദുഷ്കരമാകുന്നതിനു കാരണവും മറ്റൊന്നല്ല. തന്നിൽനിന്നും ഉറവെടുത്ത ലോകോപകാരപ്രദങ്ങളായ ചിന്തകളുടെയും വാക്കുകളുടെയും ഉത്തരവാദിത്വം തന്റെ ഗുരുനാഥനിൽ ചാർത്തിക്കൊടുക്കുന്ന വിവേകാനന്ദൻ തന്റെ ഭാഗത്തെന്തെങ്കിലും പിഴവുകളുണ്ടായിട്ടുണ്ടെങ്കിൽ അതു തന്റേതുമാത്രമാെണന്നാണ് തുറന്നുപറയുന്നത്. ഗുരുനാഥന്റെ ജീവചരിത്രം എഴുതാനാവശ്യപ്പെട്ടപ്പോൾ തനിക്കസാധ്യമായ ഒരേയൊരു കാര്യമുണ്ടെങ്കിൽ അതാണെന്നു പറഞ്ഞ മറുപടിയാണ് മറ്റൊന്ന്. ഗുരുശിഷ്യബന്ധത്തിന്റെ ഏറ്റവും ഗാഢമായ തലങ്ങളെ തൊട്ടറിയാൻ സാധിക്കുന്ന അപൂർവമായ സന്ദർഭങ്ങളാണിവയൊക്കെ. 

‘ശ്രീരാമകൃഷ്ണവിവേകാനന്ദന്മാർ’ എന്ന അസ്തിത്വസമന്വയം നടത്തിക്കൊണ്ടാണ് ഈ പ്രതിഭാസത്തെ സുകൃതികൾ നമ്മോടു പങ്കുവെക്കുന്നത്. ഈ സമന്വയത്തെ നന്നായി വശത്താക്കിയ ആളായിരുന്നു ഗാന്ധിജി. താൻ വിവേകാനന്ദസാഹിത്യത്തെ ആഴത്തിൽ പഠിച്ചിട്ടുണ്ടെന്നു പറയുന്ന മഹാത്മജിയുടെ പ്രായോഗികദർശനങ്ങളിലെ സ്രോതസ്സത്രയും ഊന്നിനിൽക്കുന്നത് ഈ മഹാത്മാക്കളോടുമാണ്. തന്റെ വേഷം കൊണ്ടുപോലും ശ്രീരാമകൃഷ്ണനോട് താദാത്മ്യപ്പെടാനുള്ള ഗാന്ധിജിയുടെ അഭിവാഞ്ഛ, ശ്രീരാമകൃഷ്ണവിവേകാനന്ദന്മാരിലൂടെയാണ് മഹത്തായ ഈ ദേശം ആയിരത്താണ്ടുകളുടെ അടിമത്തത്തിൽനിന്നും പുനർജനിച്ചതെന്ന അരവിന്ദവാണികളെ ഉറപ്പിച്ചുതരുന്ന കാര്യങ്ങളത്രേ.  

വിവേകാനന്ദചിത്രങ്ങൾ പോലും അപൂർവമായി പ്രചരിച്ചിരുന്ന ഒരു കാലത്ത് ശ്രീരാമകൃഷ്ണന്റെ ചിത്രം ശ്രീനാരായണഗുരുവിനു കാണിച്ചുകൊടുത്ത ഒരു സംഭവം ആഗമാനന്ദസ്വാമികൾ വെളിപ്പെടുത്തിയിട്ടുണ്ട്. ‘‘ഈശ്വരന് ഒരു രൂപം കൊടുത്താൽ ഇങ്ങനെയിരിക്കും’’, എന്നാണത്രെ ധന്യചരിതനായ ആ ഗുരു ശ്രീരാമകൃഷ്ണചിത്രത്തെ നോക്കിപ്പറഞ്ഞത്. 30 കോടി ഹിന്ദുക്കളുടെ 2000 വർഷത്തെ ആധ്യാത്മിക സഫലീകരണമെന്നാണ് റൊമെയ്ൻ റോളാങ്‌ ശ്രീരാമകൃഷ്ണപ്രതിഭാസത്തെ അവതരിപ്പിക്കുന്നത്. സ്വാർഥത, സിദ്ധി, പാപസങ്കല്പം തുടങ്ങിയ പുറംപൂച്ചുകളോടു കെട്ടുപിണഞ്ഞുകിടന്നിരുന്ന മതത്തെ അവിടന്ന് എത്ര പ്രായോഗികമായാണ് സ്വജീവിതംകൊണ്ടു  വ്യാഖ്യാനിച്ചത്? ‘ആഴങ്ങളിലേക്ക് ഊളിയിടൂ’ എന്നാഹ്വാനം ചെയ്യുന്ന ശ്രീരാമകൃഷ്ണൻ പണ്ഡിതനെ ഉയർന്നുപറക്കുന്ന കഴുകനായി കളിയാക്കുന്നത് പാണ്ഡിത്യം തെറ്റായതുകൊണ്ടല്ല, മറിച്ച് പാണ്ഡിത്യത്തെയും അതിക്രമിച്ചാണ് ജീവൻ അതിന്റെ സാധ്യതകളെ കണ്ടെത്തേണ്ടതെന്നു പറയാതെ പറയാനാണ്. ദ്വൈത, വിശിഷ്ടദ്വൈത, അദ്വൈതദർശനങ്ങളെ ആധ്യാത്മിക സാധകനുണ്ടാകുന്ന മൂന്നു പടികളെന്ന നിലയിൽ അദ്ദേഹം പുനഃപ്രവചനം ചെയ്തപ്പോൾ ഭാരതീയതത്ത്വദർശനം കലഹങ്ങളും കലാപങ്ങളും തീർന്നു കൂടുതൽ പ്രകാശമാനമായി.