‘‘ഞാൻ എപ്പോൾ വേണമെങ്കിലും മരിക്കാം. അതെനിക്കൊരു പ്രശ്നമല്ല. കർത്താവിനുവേണ്ടി മരിക്കുന്നതിൽ എനിക്ക് ദുഃഖമോ വേദനയോയില്ല. പാവപ്പെട്ടവർക്കുവേണ്ടി പ്രവർത്തിക്കുക എന്നത് മാത്രമാണ് എന്നിൽ അർപ്പിതമായ ജോലി’’ -സിസ്റ്റർ റാണി മരിയയുടെ വാക്കുകളായിരുന്നു ഇത്. അതുപോലെത്തന്നെ സംഭവിച്ചു. 1995 ഫെബ്രുവരി 25-ന് സമുന്ദർ സിങ് എന്ന വാടകക്കൊലയാളി സിസ്റ്റർ റാണി മരിയയെ കുത്തിക്കൊലപ്പെടുത്തി. ഇന്ന് 22 വർഷങ്ങൾക്കുശേഷം അവർ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കപ്പെടുകയാണ്. ഇന്ദോറിലെ കത്തോലിക്കാ സഭാ ആസ്ഥാനത്ത്. 

2

 ഉദയ് നഗറിലെ അമ്മ
എറണാകുളം പെരുമ്പാവൂരിനടുത്ത് പുല്ലുവഴി വട്ടാലിൽ പൈലി-ഏലീശ്വ ദമ്പതിമാരുടെ ഏഴു മക്കളിൽ രണ്ടാമത്തെ പുത്രിയായ മേരിക്കുഞ്ഞിന് ചെറുപ്പത്തിലേ ആഗ്രഹം സന്ന്യാസവഴിയായിരുന്നു. ബിഷപ്പ് മാർ സെബാസ്റ്റ്യൻ മാങ്കുഴിക്കരയിൽനിന്ന്‌ സഭാവസ്ത്രം സ്വീകരിച്ച അവർ സിസ്റ്റർ റാണി മരിയയായി. 
എറണാകുളം പ്രൊവിൻസിൽനിന്ന്‌ ഭോപാൽ പ്രൊവിൻസിലേക്ക് മാറിയ അവർ ഇന്ദോറിൽനിന്ന്‌ ഏകദേശം 50 കിലോമീറ്ററോളം അകലെയുള്ള ഉദയ് നഗറിലെ പാവപ്പെട്ട കർഷകരുടെ ഇടയിലാണ് പ്രവർത്തിച്ചത്. ജന്മിമാരിൽനിന്ന്‌ പണം കടംവാങ്ങി കൃഷി ചെയ്ത് ജീവിക്കുന്ന ഗ്രാമീണർക്ക് സിസ്റ്റർ ഒരമ്മയും അത്താണിയുമായി മാറുകയായിരുന്നു. ഒരിക്കലും കടംവീട്ടാൻ കഴിയാത്ത പാവപ്പെട്ട കർഷകരുടെ ജീവിതം ജന്മിമാരുടെ കാൽക്കീഴിലായിരുന്നു.

അടിമപ്പണിയിൽനിന്ന്‌ അവരെ മോചിപ്പിക്കാൻ സിസ്റ്റർ അവരുടെ ഇടയിലേക്ക് നേരിട്ടിറങ്ങി. ബാങ്കുകളിൽനിന്ന്‌ അവർക്ക് വായ്പയെടുത്ത് നൽകി. കൃഷിയിൽനിന്ന്‌ ലഭിക്കുന്ന പണത്തിന്റെ ഒരു ഭാഗം ബാങ്കിൽ നിക്ഷേപിക്കാൻ അവരെ പഠിപ്പിച്ചു. സ്വയം തൊഴിലിൽ അവരെ പരിശീലിപ്പിച്ചു. അവരുടെ കുട്ടികൾക്ക് ഏകാധ്യാപകവിദ്യാലയം സ്ഥാപിച്ച് അറിവു പകർന്നു. കുട്ടികൾ തയ്യലും മറ്റുമായി സ്വയം തൊഴിലിലേക്കിറങ്ങിത്തുടങ്ങി. ജന്മികളിൽനിന്നുള്ള വായ്പയെടുക്കൽ ഗ്രാമീണർ നിർത്തി. അതോടെ പ്രദേശത്തെ ജന്മികൾക്ക് സിസ്റ്റർ റാണി മരിയ മുഖ്യശത്രുവുമായി. 

 രക്തസാക്ഷിത്വം
3ഉയദ് നഗറിൽനിന്ന്‌ കേരളത്തിലേക്ക് വരാനുള്ള യാത്രയിലാണ് സിസ്റ്റർ രക്തസാക്ഷിത്വം വരിക്കുന്നത്. ഉദയ് നഗറിൽനിന്ന്‌ സിസ്റ്റർ യാത്ര പുറപ്പെട്ട ബസിൽ സമുന്ദർ സിങ് എന്ന ഗുണ്ടയും ഉണ്ടായിരുന്നു. കൊലപാതകം ആസൂത്രണം ചെയ്ത ജീവൻ സിങ്ങും ധർമേന്ദ്ര സിങ്ങും മറ്റു സീറ്റുകളിലും. യാത്രയ്ക്കിടെ സമുന്ദർ സിങ് ഡ്രൈവറോട് ബസ് നിർത്താൻ ആവശ്യപ്പെട്ടു. ബസിൽനിന്ന്‌ ചാടിയിറങ്ങിയ അയാൾ െെകയിലുണ്ടായിരുന്ന തേങ്ങ നടുറോഡിൽ എറിഞ്ഞു പൊട്ടിച്ചു. അതിന്റെ കഷണങ്ങൾ യാത്രക്കാർക്കെല്ലാം അയാൾ വിതരണം ചെയ്തു. ഇത് കണ്ട് ബസിലുണ്ടായിരുന്ന സിസ്റ്റർ അയാളോട് ചോദിച്ചു: ‘‘സമുന്ദർ നീ ഇന്ന് വലിയ ആഹ്ലാദത്തിലാണല്ലോ... എന്താണ് കാര്യം.’’ 
‘‘ഞാൻ നിങ്ങളെ കൊല്ലാൻ പോകുകയാണ്. അതിന്റെ സന്തോഷമാണെനിക്ക്’’ -ഇതായിരുന്നു നാലാം ക്ലാസ് വരെ പഠിച്ച സമുന്ദർ സിങ്ങിന്റെ മറുപടി. മറുപടിക്കുപിന്നാലെ തന്നെ ആക്രമണവും നടന്നു. ബസിൽ ഇരിക്കുകയായിരുന്ന സിസ്റ്ററെ ഇയാൾ തുരുതുരെ കുത്തി. 54 കുത്തുകൾ. ബസിലിരുന്ന മറ്റ് യാത്രക്കാർ ഞെട്ടി. അവരുടെ ജീവിതത്തിൽ ഇത്തരം ഒരു കാഴ്ച ആദ്യത്തേതായിരുന്നു. അവർ പ്രാണരക്ഷാർഥം ഇറങ്ങി ഓടി. ബസിൽനിന്ന്‌ പുറത്തേക്കുവീണ സിസ്റ്ററുടെ ശരീരത്തിലൂടെ ബസ് കയറ്റാൻ അയാൾ ഡ്രൈവറോട് ആക്രോശിച്ചു. ഡ്രൈവർ അതിന് തയ്യാറാകാഞ്ഞതോടെ അയാളുടെ കഴുത്തിൽ മുറിവേൽപ്പിച്ചു.  സമുന്ദർ അടുത്തുള്ള കാട്ടിലേക്ക് ഓടിമറഞ്ഞു.  

അടുത്ത ദിവസം ഗ്രാമീണർ ഒന്നടങ്കം ഉണർന്നു.  വൻ പ്രതിഷേധറാലികൾ അധികാരികളുടെ ഉറക്കം കെടുത്തി. സിസ്റ്റർ റാണി മരിയയ്ക്ക് സർക്കാർ ഉദ്യോഗസ്ഥരുമായുള്ള ബന്ധങ്ങളും ചേർന്നപ്പോൾ മൂന്നാംദിവസം തന്നെ പോലീസ് സമുന്ദർ സിങ്ങിനെയും ഇതിനുപിന്നിൽ പ്രവർത്തിച്ച ജീവൻ സിങ്ങിനെയും അറസ്റ്റു ചെയ്തു. തെളിവില്ലെന്ന കാരണത്താൽ ജന്മിയെ പിന്നീട് വെറുതെ വിട്ട കോടതി സമുന്ദറിനെ ജയിലിലേക്കയച്ചു. 25,000 രൂപയ്ക്കാണ് താൻ കൊല ചെയ്തതെന്ന് പിന്നീട് സമുന്ദർ വെളിപ്പെടുത്തി. മാസങ്ങൾ നീണ്ട ഗൂഢാലോചനയ്ക്കൊടുവിലായിരുന്നു കൊല.

മാനസാന്തരം എന്ന അത്ഭുതം
സ്വാമിയച്ചൻ എന്നറിയപ്പെടുന്ന ഫാ. മൈക്കിൾ പുറനാട്ടുകരയുടെ നിരന്തരമായ ജയിൽ സന്ദർശനത്തിൽ സമുന്ദറിന് മാറ്റമുണ്ടായി. സിസ്റ്റർ റാണി മരിയയുടെ കുടുംബത്തിന് സമുന്ദറിനോട് പകയില്ലെന്ന സ്വാമിയച്ചന്റെ  വാക്കുകൾ അയാൾ നിർവികാരതയോടെയാണ് ആദ്യമെല്ലാം കേട്ടത്. പിന്നീട് അയാൾ അവരെക്കുറിച്ച് അന്വേഷിച്ചു തുടങ്ങി. താൻ ചെയ്തത് കൊടിയ പാതകമാണെന്ന് അയാൾക്ക് ബോധ്യപ്പെട്ടു. 

2003 ഫെബ്രുവരി 24-ന് രക്ഷാബന്ധൻദിനത്തിൽ ജയിലിലെത്തിയ സിസ്റ്റർ റാണി മരിയയുടെ സഹോദരി സിറ്റിൽ സെൽമി, സമുന്ദർ സിങ്ങിന്റെ െെകയിൽ രാഖി കെട്ടി. ജയിലിൽ അയാൾ പൊട്ടിക്കരഞ്ഞു.   അയളുടെ ജീവിതത്തിന്റെ വഴി മാറുകയായിരുന്നു. പശ്ചാത്താപത്തിന്റെ ചൂടിൽ വെന്തുരുകിയ സമുന്ദർ, സിസ്റ്റർ റാണി മരിയയുടെ വീട്ടിലെത്തി അവരുടെ അമ്മയുടെ കാൽക്കൽ വീണ് മാപ്പപേക്ഷിച്ചു. ആ അമ്മയ്ക്ക് മറ്റൊരു മകനായി സമുന്ദർ സിങ് മാറി. സമുന്ദറിനെ ജയിൽ മോചിതനാക്കാനായിരുന്നു പിന്നീട് സിസ്റ്റർ സെൽമിയുടെയും മറ്റും പ്രവർത്തനം. 

ഇന്ന് സമുന്ദർ സിങ് ഉദയ് നഗറിൽ ഒരു സാധാരണ കർഷകനായി ജീവിക്കുന്നു. ജീവപര്യന്തം ശിക്ഷ വിധിക്കപ്പെട്ടതിനാൽ ഭാര്യ ഉപേക്ഷിച്ചുപോയി. ഉണ്ടായിരുന്ന ഏക മകൾ മരിക്കുകയും ചെയ്തു. സിസ്റ്റർ റാണി മരിയയുടെ സഹോദരി സിസ്റ്റർ സെൽമിയാണ് ഉദയ് നഗറിൽ പാവപ്പെട്ടവർക്ക് ഇപ്പോൾ ‘യേശു സിസ്റ്റർ’.