ബനോനിലെ അതിപ്രാചീനമായ ഒലിവ് മരങ്ങള്‍ക്കിടയിലൂടെ നടക്കുകയായിരുന്നു ഗുരുവും ശിഷ്യനും. ഭൂമിയില്‍ ആഴ്ന്നിറങ്ങിയ വേരുകളും, ആകാശത്തേയ്ക്ക് വിസ്തൃതമായ ശിഖരങ്ങളുമുള്ള ആ മഹാവൃക്ഷത്തെ നോക്കി ഗുരു മൗനിയായി. 

അല്പസമയത്തിനു ശേഷം കണ്ണുകള്‍ തുറന്ന ഗുരു ഒരു ദീപ്തസ്വരത്തില്‍ പറഞ്ഞു: 'മൗനപൂര്‍ണ്ണിമയില്‍, അവാച്യമായ നിര്‍മ്മമതയോടെ, ക്രിയാത്മകതയുടെ പരകോടിയില്‍ നിശ്ചലമായിരിക്കുന്ന ഈ വൃക്ഷങ്ങളെ നോക്കൂ. സ്രോതസ്സിനോട് മാത്രം ബന്ധിതമായി, സൂര്യനില്‍ നിന്നു പ്രകാശം സ്വീകരിച്ച് നിതാന്ത വിശ്രാന്തിയില്‍ വിരിഞ്ഞു വളര്‍ന്ന് നിലകൊള്ളുന്നു  ഈ മഹാവൃക്ഷങ്ങള്‍. ഇവയിലൂടെയാണ് മാനുഷ്യകത്തിന് മുഴുവന്‍ ആഹാരവും ശുദ്ധവായുവും പകര്‍ന്നു നല്‍കപ്പെടുന്നത്. 

സാമാന്യബോധത്തിലിരി ക്കുന്നവര്‍, നിശ്ചലവും നിശ്ചേതനവുമെന്ന് കരുതുന്ന ഇടങ്ങളിലാണ് പലപ്പോഴും ഏറ്റവും ക്രിയാത്മകവും ചേതനയുറ്റതുമായ കര്‍മ്മങ്ങള്‍ നടക്കുന്നത്. ഈ ലോകത്തെ ഏറ്റവും ജീവസ്സാര്‍ന്ന ദൈവികതയുടെ കാവ്യപ്രകാശനങ്ങളാണ് ചെടികളും മരങ്ങളും. ഈ കാവ്യബോധത്തിലിരുന്നാണ് ലബനോനിന്റെ പ്രിയകവി ഖലീല്‍ ജിബ്രാന്‍ ഇങ്ങനെ പറഞ്ഞത് :

'ഭൂമി ആകാശത്തെഴുതിയ കവിതയത്രെ മരങ്ങള്‍'

ഇത്രയും പറഞ്ഞശേഷം, ദൃശ്യമാക്കപ്പെട്ട ഈ ഉപമയെ ഗുരു ഇങ്ങനെ  വിശദീകരിച്ചു: 'ദൈവികതയുടെ പ്രകാശാക്ഷരങ്ങളായി, വചനപൂര്‍ണ്ണതയായി അവതരിക്കുന്ന ഗുരുക്കന്മാര്‍  ഈ മഹാവൃക്ഷങ്ങളെ പോലെ ലോകത്ത് നിലക്കൊള്ളുന്നു. ജീവന്റെ സ്രോതസ്സിലേയ്ക്ക് വേരുകളായി  നീണ്ടു നീണ്ട് ചെല്ലുന്ന പ്രണയാഭിവാഞ്ഛയോടെ,  ആകാശങ്ങള്‍ക്കപ്പുറത്തെ പ്രകാശങ്ങളുടെ പ്രകാശത്തില്‍ നിന്ന് ജ്ഞാനദീപ്തി ആത്മാവില്‍ സ്വീകരിക്കുകയും ചെയ്യുന്നു ഗുരു. 

എന്നിട്ട്, അത് സര്‍വ്വലോകത്തിനുമായി പകര്‍ന്നു നല്‍കി സമ്പൂര്‍ണ്ണമായ ക്രിയാത്മകതയില്‍, പൂര്‍ണ്ണവിശ്രാന്തിയില്‍, നിര്‍മ്മമമായി നിലകൊള്ളുന്നു. ഇവരെ നിഷ്‌ക്രിയരെന്നും നിസ്സംഗരെന്നും അജ്ഞാനികള്‍ ധരിക്കുമ്പോള്‍, എല്ലാ ഋതുക്കളിലും ആത്മാന്വേഷികള്‍ക്കു ജ്ഞാനഫലങ്ങള്‍ പകര്‍ന്നു നല്‍കുന്ന ഗുരു, ദൈവികതയുടെ പ്രണയസ്വരൂപമായി ഹൃദയങ്ങളില്‍ ജീവിക്കുന്നു.

amrithavachanamദൈവികസ്വരങ്ങളുടെ അതിവിശിഷ്ടമായ വചനമാണ് ഗുരു. ധ്യാനികളായ ആത്മാന്വേഷികള്‍ക്ക് മാത്രമേ ഗുരു എന്ന അനുഗ്രഹത്തെ വരിയ്ക്കാനാവൂ. ഗുരു ഒരു വരമെന്ന് അനുഭവിച്ചു ആശ്ലേഷിയ്ക്കാനാവുന്നതും യഥാര്‍ത്ഥ  ജിജ്ഞാസുക്കള്‍ക്കു മാത്രം.

വിശുദ്ധ ഖുര്‍ആനില്‍ വിശിഷ്ട വചനമെന്ന 'ഗുരു'വിനെ ഒരു വൃക്ഷത്തോടുപമിക്കുന്നത് നോക്കുക. അത് ആഴമേറിയ ധ്യാനത്തിലേക്ക് പ്രകാശ വാതിലുകള്‍ തുറന്നു തരും. വിശുദ്ധ ഖുര്‍ആന്‍ പതിനാലാം അധ്യായത്തിലെ 24,25 സൂക്തങ്ങള്‍ പറയുന്നു:

' വിശിഷ്ട വചനത്തിന് ദൈവം എങ്ങനെയാണ് ഉപമ നല്‍കിയിരിക്കുന്നത് എന്ന് കാണുക. ഒരു വിശിഷ്ട വൃക്ഷത്തെപ്പോലെയാണത്. അതിന്റെ വേരുകള്‍ ഭൂമിയില്‍ ആരൂഢവും, ശാഖികള്‍ ആകാശത്ത് വിസ്തൃതവുമാണ്. ദൈവഹിതത്താല്‍, എല്ലാ ഋതുക്കളിലും അത് ഫലം നല്‍കിക്കൊണ്ടിരിക്കുന്നു. മനുഷ്യന്‍ മനനം ചെയ്ത് ഗ്രഹിക്കുന്നതിനായാണ് ദൈവം ഉപമകള്‍ നല്‍കുന്നത്. '

മുത്ത് പൊഴിയുന്നതുപോലെ ആയിരുന്നു ഗുരുവിന്റെ വചനധാരയെ ആ ശിഷ്യഹൃദയം സ്വീകരിച്ചത്. ആകാശത്തേയ്ക്ക് കൈകളുയര്‍ത്തി, കണ്ണുകളടച്ച ഗുരു പിന്നെയും മൗനിയായി.

സ്വയം പ്രകാശമായിത്തീര്‍ന്ന്, ശിഷ്യരെ പ്രകാശിപ്പിക്കാന്‍ ശേഷിയുള്ളവനാണ് ശരിയായ ഗുരു. പരമപരിശുദ്ധമായതിനു മാത്രമേ മറ്റുള്ളവയെ വിശുദ്ധീകരിക്കാന്‍ സാധിക്കുകയുള്ളൂ. വചനമായിത്തീര്‍ന്നവന്‍ വചനപ്രകാശത്തെ പകരുന്നു. അതേസമയം,  തെറ്റായ ഗുരുവിന്റെ ശിഷ്യര്‍ ഇരുട്ടില്‍ തപ്പിത്തടയുന്നു ;ഒരടി പോലും മുന്നോട്ടു പോകാനാവാതെ. 

ശംസ് തബ്രീസ് പറയുന്നു: 'നക്ഷത്രങ്ങളേക്കാള്‍ കൂടുതല്‍ വ്യാജഗുരുക്കന്മാര്‍ ലോകത്തുണ്ട്. നിന്റെ ആന്തരിക സൗന്ദര്യത്തെ നിനക്ക് ദൃശ്യമാക്കിത്തരുന്നവനാണ് യഥാര്‍ത്ഥ ഗുരു. അല്ലാതെ, നിന്റെ വണക്കമോ വിധേയത്വമോ തേടുന്നവനല്ല.'

വ്യാജഗുരുക്കന്മാര്‍ക്ക് ഒരിക്കലും ആത്മവിദ്യ പകരാനാവില്ല. കാരണം,  അവരെന്നും ശിഷ്യരെ അടിമകളാക്കി ഉടമ ചമയുന്നു. എന്നാല്‍, ശരിയായ ഗുരുവിന് ആരേയും അടിമയാക്കാനാവില്ല. ആരുടെയും ഉടമയായി നടിക്കുകയുമില്ല. അതുപോലെ, ഗുരുവിന്റെ പ്രകാശത്തില്‍ നിന്ന് വെളിച്ചമുണ്ടാക്കുന്ന വിദ്യ സ്വായത്തമാക്കുമ്പോള്‍ മാത്രമേ ശിഷ്യത്വം പൂര്‍ണ്ണമാവുന്നുമുള്ളൂ. 

പിന്നീട്, ഗുരു ഒരു കുഞ്ഞുകഥ പറഞ്ഞു:

' വിജനവും വളരെ അപരിചിതവുമായ ഒരു വഴിയിലൂടെ രണ്ടുപേര്‍ നടക്കുകയായിരുന്നു. സന്ധ്യയായി ഇരുട്ട് വീണപ്പോള്‍ മുന്‍പോട്ടുള്ള വഴി കാണാതായി.  അപ്പോള്‍ യാത്രികരില്‍ ഒരാള്‍ ഏതോ രണ്ട് കല്ലുകള്‍ ഉരസി കൈയിലെ വിളക്ക് കത്തിച്ചു. രണ്ടുപേരും ഭയമേതുമില്ലാതെ മുന്നോട്ട് നടന്നു. എന്നാല്‍, കുറച്ചു കഴിഞ്ഞു രണ്ടുപേരും വഴിപിരിഞ്ഞപ്പോള്‍ വിളക്ക് കത്തിച്ചയാള്‍ അതുമായി പോയി. മറ്റേ ആള്‍ക്ക് ഇരുട്ടില്‍ മുന്നോട്ട് പോകാന്‍ കഴിയാതായി. 

ആയതിനാല്‍, എത്ര വിശിഷ്ടനായ ഗുരുവായാലും, ആത്മവിദ്യ പകര്‍ന്നുകിട്ടിയില്ലെങ്കില്‍ വഴി നഷ്ടമാവുമെന്ന സത്യം ഓരോ ആത്മാ ന്വേഷിയും  അറിയേണ്ടതുമുണ്ട്. വചനപൂര്‍ണ്ണതയില്‍ ആത്മാകാശത്ത് വിസ്തൃതമായവന് മാത്രമേ, ജ്ഞാനപ്രകാശനത്തിലൂടെ എല്ലാ കാലത്തും ആത്മവിദ്യ പകരാന്‍ കഴിയുകയുള്ളൂ.

godആദിയിലുണ്ടായ വചനം തന്നെയാണ് പ്രാപഞ്ചികതയുടെ ജീവല്‍പ്രവാഹമായ ദൈവികപ്രകാശം. പ്രണവസ്വരമായും, പ്രഥമവചനമായും (ലോഗോസ് ),പ്രപഞ്ചയാഥാര്‍ത്ഥ്യമായും (ഹഖീഖത്ത് മുഹമ്മദീ )വിളങ്ങുന്നത് ഒരേ വെളിച്ചം തന്നെ. ആ വചനപ്രകാശം (കലിമ )ദേഹമണിഞ്ഞു പൂര്‍ണ്ണത പ്രാപിച്ചതാണ് ഗുരു. യേശുക്രിസ്തുവിനെ വിശുദ്ധ ഖുര്‍ആന്‍ വചനമെന്ന് തന്നെ വിളിച്ചിട്ടുണ്ട് (വി. ഖുര്‍ആന്‍ 3:45).

ഗുരുപ്രകാശത്തെ തന്നില്‍ നിന്ന് തന്നെ വ്യവച്ഛേദിച്ചറിയാനുള്ള ആത്മവിദ്യയുടെ വഴി പറയുന്നു മഹാഗുരു ശംസ്  തബ്രീസ്:

'മനുഷ്യാ, 
സര്‍വ്വപ്രപഞ്ചവും 
നിന്നില്‍ തന്നെയുണ്ട്. നിന്നെ കുടുക്കാനായ് സദാ പിന്തുടര്‍ന്ന് കെണിയൊരുക്കുന്ന ഏതോ രാക്ഷസനല്ല 'ഇബ്ലീസ്'. 
അത് നിന്റെ തന്നെ ഉള്ളിലുള്ള, 
നിന്റെ ദേഹേച്ഛകളുടെ ശബ്ദമാണ്. 
നിന്റെ പിശാച് 
നിന്നില്‍ തന്നെയാണ്. 
അതിനെ നിന്നില്‍ തന്നെ  കണ്ടെത്തുക ;
മറ്റുള്ളവരിലല്ല.

ഒരുവന്‍ തന്നിലെ പിശാചിനെ തിരിച്ചറിയുന്ന നിമിഷം, അവന്‍ തന്നിലെ ദൈവത്തെ കണ്ടെത്തുന്നു.'