രു ഗുഹയ്ക്കകത്ത് മാത്രം ജീവിക്കുന്ന ഒരു കൂട്ടം പക്ഷികളുണ്ടായിരുന്നു. ആകാശത്ത് പറക്കാന്‍ ഒരിക്കലും അവയെ അനുവദിച്ചിരുന്നില്ല. പുറത്തെ പ്രകാശത്തിലേക്ക്  പറന്നുയരുക എന്നത് മതവിരുദ്ധമായ വന്‍പാപമാണെന്ന് അവരുടെ പുരോഹിതന്മാര്‍ പഠിപ്പിച്ചുക്കൊണ്ടിരുന്നു.

മാത്രമല്ല, അത് ആ പക്ഷികളുടെ സമൂഹത്തോട് ചെയ്യുന്ന വലിയ അപരാധമായും അവര്‍ വിധിയെഴുതി. ആയതിനാല്‍, ഇര തേടാനല്ലാതെ ആ പക്ഷിക്കൂട്ടം പുറത്തിറങ്ങാറുണ്ടായിരുന്നില്ല. എന്നാല്‍ ഇവരെ നയിക്കുന്ന പുരോഹിതന്മാര്‍ പുറംലോകത്തെ വെളിച്ചമോ ആകാശവിശാലതയോ ഒരിക്കലും കണ്ടിട്ടുമില്ല. കാരണം, അവര്‍ക്കു വേണ്ട ആഹാരം അനുയായികളായ പക്ഷികള്‍ സമയാസമയം എത്തിച്ചുകൊണ്ടിരുന്നു. 

അവരുടെ ഗുഹയ്ക്ക് പുറത്തുള്ള ആകാശത്ത് പറക്കുന്ന സകല പക്ഷികളും വഴിപിഴച്ചവരും നരകവാസികളും ആണെന്ന് പുരോഹിതന്മാര്‍ അവരെ ഉദ്ബോധിപ്പിച്ചുകൊണ്ടേയിരുന്നു. പുറത്ത്, പിശാചിന്റെ ലോകമാണെന്നാണ് നൂറ്റാണ്ടുകളായി പുരോഹിതപരമ്പര അവരെ പഠിപ്പിച്ചു കൊണ്ടിരുക്കുന്നത്. 

വെളിച്ചത്തിലേക്ക്  പറന്ന്, ലോകം കാണാന്‍ തുടങ്ങിയാല്‍ പുരോഹിതരുടെ നിയന്ത്രണത്തില്‍ നിന്നും പക്ഷികള്‍ പറന്നകലുമെന്ന് അവര്‍ക്കു നല്ലപോലെ അറിയാം. അതുകൊണ്ട് പുറംലോകത്തെ അവര്‍ അപകടം പിടിച്ച, ഭയാനകമായ ഭൂമികയായി തെറ്റിദ്ധരിപ്പിച്ചു. 

അങ്ങനെ എക്കാലവും ആ പാവം പക്ഷികളെ ഗുഹയുടെ ഇരുട്ടില്‍ തന്നെ തളച്ചിട്ടു. ആകാശത്തിന്റെ അനന്തതയെ അനുഭവിച്ചറിയാനുള്ള സ്വാതന്ത്ര്യം ഒരിക്കലും അവര്‍ അനുവദിച്ചില്ല. ആയതിനാല്‍ പുറത്ത് സ്വാതന്ത്ര്യം അനുഭവിക്കുന്ന സകല ജീവികളോടും അവര്‍ ശത്രുതയിലായി. പറക്കുന്ന പക്ഷികളെല്ലാം ദൈവനിഷേധികളും ബഹുദൈവാരാധകരുമാണെന്ന് വിധിയെഴുതി.

എന്നാല്‍, സ്വാതന്ത്ര്യത്തിന്റെ മൂല്യമറിഞ്ഞ അപൂര്‍വം പക്ഷികള്‍ പുരോഹിതന്മാരുടെ പിടിയില്‍ നിന്നും കുതറിമാറി പുറത്തേയ്ക്കു പറന്നു. അവര്‍ യഥാര്‍ത്ഥ ദൈവികതയുടെ ആനന്ദവും. ആകാശത്തിന്റെ അനന്തതയും  അനുഭവിച്ചറിഞ്ഞു. 

ഗുഹയില്‍ നിന്നും പുറത്തുപോയി, പുരോഹിതാന്മാരെ ധിക്കരിച്ച പക്ഷികളോട് മറ്റുള്ളവര്‍ കടുത്ത ശത്രുതയിലായി. വെറുക്കപ്പെട്ട പിശാചിന്റെ വക്താക്കളായി പുരോഹിതന്മാര്‍ അവരെ വിധിയെഴുതി. 

അതേ സമയം സ്വാതന്ത്ര്യവും ദൈവികതയും അറിഞ്ഞനുഭവിച്ച ധീരന്മാരായ പക്ഷികള്‍ ഗുഹയ്ക്കകത്തെ ഇരുട്ടില്‍ തപ്പിത്തടയുന്നവരിലേക്ക്, പുറത്തായ പക്ഷികള്‍ അവരുടെ സന്ദേശം എത്തിച്ചുകൊണ്ടേയിരുന്നു. പുറത്ത് ചാടാനുള്ള ധീരത മാത്രം ആര്‍ജ്ജിച്ചാല്‍  മതിയെന്ന് അവര്‍ നിരന്തരം പറഞ്ഞു കൊടുത്തു. 

പുറത്തെത്തി പറക്കാന്‍ തുടങ്ങിയാല്‍ പിന്നെ, ഉള്‍ക്കണ്ണ് തുറക്കുകയും യഥാര്‍ത്ഥ പ്രകാശം വഴികാണിക്കുകയും ചെയ്യും. അവരുടെ സത്യസന്ദേശം ഹൃദയത്തില്‍ പതിഞ്ഞ ധീരന്മാര്‍ ഇരുണ്ട ഗുഹയില്‍ നിന്നും പുറത്തു  ചാടിക്കൊണ്ടേയിരിക്കുന്നു. എണ്ണത്തില്‍ എത്ര കുറവാണെങ്കിലും, ആ പറക്കുന്ന പക്ഷികളാണ് ഈ പ്രപഞ്ചതാളത്തില്‍ കാരുണ്യത്തിന്റെയും സ്‌നേഹത്തിന്റെയും സഹിഷ്ണുതയുടെയും ശ്രുതി പകരുന്നത്.

മതപൗരോഹിത്യം തീര്‍ത്ത ഇരുണ്ട ഗുഹയ്ക്കകത്ത് സ്വയം ബന്ധിതരായവര്‍ക്കു ദൈവികതയുടെ കാരുണ്യമോ ആനന്ദമോ ഒരിക്കലും അറിയാനാവില്ല. അവര്‍ക്കു നിയമങ്ങളെ കുറിച്ചും ഭയത്തെ കുറിച്ചും ശിക്ഷകളെ കുറിച്ചും മാത്രമേ ചിന്തിക്കാനാവൂ. കാരണം, അത്രമേല്‍ ഭയപ്പെടുത്തിയാണ് അവരുടെ സകല സ്വാതത്ര്യത്തെയും ചിന്താശേഷിയെയും പൗരോഹിത്യം പിടിച്ചു വെച്ചിരിക്കുന്നത്. 

വെളിച്ചത്തിലേക്കുള്ള വഴിതടയുന്ന, പ്രകാശത്തിന്റെ ശത്രുക്കളാണിവര്‍. അതുകൊണ്ടാണ് പ്രപഞ്ചത്തിലെ ദൈവീക ശില്പചാരുതയിലെ സകല വൈവിധ്യങ്ങളും അവര്‍ക്ക് തെറ്റാവുന്നത്. അവരുടെ അടഞ്ഞ അറിവിലെ ഏകശിലാരീതികള്‍ മാത്രം ശരിയാവുന്നതും. 

ആകാശത്തിന്റെ വിശാലതയില്‍ പറക്കാന്‍ കഴിഞ്ഞവനേ, ദൈവികതയുടെ അനുഗ്രഹമറിയാനാവൂ. ദൈവത്തിന്റെ വിശാലതയും അനുഗ്രഹവും ഹൃദയത്തിലുള്ളവര്‍ക്കേ സഹജീവികളോട് സഹിഷ്ണുത പുലര്‍ത്താന്‍ കഴിയുകയുമുള്ളൂ. 

ഈശ്വരീയതയുടെ ഒരു തുള്ളി വെളിച്ചംപോലും അകത്തു കടക്കാത്തവരാണ്, അതേ ദൈവികതയുടെ ശില്പചാരുതയാര്‍ന്ന മറ്റു ശില്പങ്ങളെ അപവദിക്കുകയും ശത്രുക്കളും നിഷേധികളുമായി മുദ്രകുത്തുകയും ചെയ്യുന്നത്. 

ഒരു വലിയ സമൂഹത്തെ ഇരുട്ടിലാക്കി, തമസ്സില്‍ സ്വയം ബന്ധിതരായി തപ്പിത്തടയുന്ന പ്രകാശത്തിന്റെ 
നിത്യശത്രുക്കളാണിവര്‍. അതുകൊണ്ടാണ്, പൗരോഹിത്യ കേന്ദ്രിതമായ എല്ലാ സമൂഹങ്ങളും മറ്റു വിശ്വാസങ്ങളോടും സഹജീവികളോടും അത്രമേല്‍ അസഹിഷ്ണുത പുലര്‍ത്തുന്നത്.

യഥാര്‍ത്ഥത്തില്‍, ഒരു മനുഷ്യനിലെ സഹിഷ്ണുതയാണ് അവനിലെ ദൈവികതയുടെ ഏറ്റവും വലിയ അളവുകോല്‍.  സഹിഷ്ണുതയുടെ കാതുകളാല്‍ മാത്രം കേള്‍ക്കുന്നവനും, കാരുണ്യത്തിന്റെ മിഴികളാല്‍ മാത്രം കാണുന്നവനും, സ്‌നേഹത്തിന്റെ ഭാഷയില്‍ സംവദിക്കുന്നവനുമാണ് ദൈവികത അറിഞ്ഞവനെന്ന് റൂമി. 

സഹിഷ്ണുത നഷ്ടമായവന്‍ ദൈവത്തിന്റെ സൗന്ദര്യ പ്രകാശനമായ വൈവിധ്യത്തെയും സാകല്യത്തെയും തന്നെയാണ് നിഷേധിച്ചു കൊണ്ടിരിക്കുന്നത്. ഈ വിശാലമായ ആകാശത്തിന്റെ അനന്തതയില്‍, സകല ജീവജാലങ്ങള്‍ക്കും ഒരുപോലെ പ്രകാശം പകരുന്ന ദൈവകൃപയെയാണ് ഇവര്‍ ഇരുളില്‍ മറച്ചു പിടിക്കുന്നത്. 

ആ ഇരുട്ടില്‍, വെറുപ്പും പകയും സൃഷ്ടിച്ചു, ശത്രുക്കളെ തീര്‍ത്ത് അനുയായികളെ അടിമകളാക്കി യജമാനന്‍ ചമയുകയാണിവര്‍. ആ ഇരുട്ടറയുടെ അടിമത്തത്തില്‍ നിന്ന് പുറത്തെത്തിയവര്‍ക്ക് മാത്രമേ,ദൈവികതയുടെ ആകാശത്തെ അനുഭവിക്കാനാവൂ. അവിടെ വേര്‍തിരിവുകളില്ല, വലുപ്പച്ചെറുപ്പമില്ല, അടിമ ഉടമ മൗഢ്യങ്ങളില്ല. 
   
റൂമി പാടുന്നു:

  'ആത്മാന്വേഷിയുടെ വഴിയില്‍, ജ്ഞാനിയും മൂഢനും ഒരുപോലെ.
   പ്രണയബോധ്യത്തില്‍, അറിവുള്ളവനും ഇല്ലാത്തവനും തുല്യം. 
   പ്രണയസംഗമത്തിന്റെ വീഞ്ഞിനാല്‍ ഉന്മാദിയായ     അനുരാഗിയുടെ  ബോധത്തില്‍ ഒന്നുമാത്രം, സര്‍വ്വവും ഒന്ന്. '