നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഒരു തറവാട്ടില്‍ അത്യപൂര്‍വമായ ഒരു സംഗീതോപകരണമുണ്ടായിരുന്നു. അമൂല്യമായ നിധി പോലെ ആ കുടുംബം അത് കാത്തുസൂക്ഷിച്ചു. എന്നാല്‍, ആ കുടുംബത്തില്‍പ്പെട്ട ആര്‍ക്കും അത് വായിക്കുവാനറിയുമായിരുന്നില്ല. നൂറുകണക്കിന് വര്‍ഷങ്ങള്‍ക്കുമുമ്പ് ഈ ഉപകരണം അതിമനോഹരമായി വായിച്ചിരുന്ന പൂര്‍വികര്‍ തങ്ങള്‍ക്കുണ്ടായിരുന്നെന്നു പറഞ്ഞു അവര്‍ മറ്റുള്ളവര്‍ക്ക് മുന്നില്‍ ഊറ്റംകൊണ്ടിരുന്നു. അതേസമയം, ആ സംഗീതോപകരണത്തില്‍ നിന്നുതിരുന്ന അവാച്യമായ സ്വരരാഗങ്ങളെ ശ്രവിക്കാനോ, ആ നാദലയത്തിന്റെ അലൗകികാനുഭൂതി ആത്മവിലാറിയുവാനോ അവര്‍ക്കൊരിക്കലും സാധിച്ചിരുന്നുമില്ല. 
   
ആയിരം വര്‍ഷങ്ങള്‍ക്കു മുമ്പ് തങ്ങളുടെ പൂര്‍വികര്‍  അതിമനോഞ്ജമായി അത് വായിച്ചിരുന്നെന്നും,  അതിന്റെ രാഗനിര്‍ഝരിയില്‍ മുഗ്ധരായി ആയിരങ്ങള്‍ ആനന്ദനൃത്തമാടിയിട്ടുണ്ടെന്നും അവര്‍ മറ്റുള്ളവര്‍ക്ക് മുന്നില്‍ വാചാലരായി. പക്ഷേ,  ഈ അടുത്ത നൂറ്റാണ്ടിലൊന്നും ആരും അത് ശരിയായി വായിച്ചതായി ആര്‍ക്കും അറിയില്ല. 
       
അങ്ങിനെയിരിക്കെ ഒരു ദിനം  അവധൂതനായ ഒരു  ദര്‍വീശ് ആ വീട്ടിലേയ്ക്കു വന്നു. ആ ഉപകാരണമെടുത്തു നമ്രതയോടെ അദ്ദേഹം വായിക്കാന്‍ തുടങ്ങി. ശ്രുതിസാന്ദ്രമായ ആ സ്വരധാരയിലലിഞ്ഞു. പരിസരത്തുള്ളവര്‍ മുഴുവന്‍ ചുറ്റും കൂടി. 
അവധൂതന്റെ വിരലുകള്‍ ആ  ഉപകരണത്തില്‍  സ്പര്‍ശിച്ചപ്പോള്‍ ജീവന്‍ വെച്ചപോലെ അത് സ്വരങ്ങളുതിര്‍ത്തു. അവധൂതന്റെ ആത്മരാഗങ്ങളില്‍ ആനന്ദലഹരിയിലായ അനുവാചകര്‍ സ്വയം മറന്നുപോയി. വിസ്മയാവഹമായ ആ രാഗധാര മന്ത്രമധുരമായ് പെയ്തുതീര്‍ന്നപ്പോള്‍ ചുറ്റുമുള്ളവര്‍ ഒരു ധ്യാനത്തിലെന്നപോലെ മൗനികളായിരുന്നു. 
        
അവരെ നോക്കി ഒരു മൃദു ശബ്ദത്തില്‍ അദ്ദേഹം പറഞ്ഞു :
' ആയിരം വര്‍ഷം മുമ്പ് ആരോ വായിച്ചാനന്ദിച്ച  ഉപകരണം കൊണ്ടു, അത് വായിക്കാനറിയില്ലെങ്കില്‍ നമുക്ക് പ്രത്യേകിച്ച് ഉപകാരമൊന്നുമില്ല. അറിവുള്ള പൂര്‍വികരുടെ മഹത്വം പറഞ്ഞു, സ്വയമറിയാതെ ഊറ്റം കൊള്ളുന്നത് അപക്വവും മൂഢതയുമാണ് ഏത് കാലഘട്ടത്തില്‍ ആയാലും, അന്ന് വായിച്ചാനന്ദിച്ച അനുഭൂതിയും അനുഭവവും നാം സ്വയം അറിയുന്നത് വരെ നമ്മുടെ വാതിലുകള്‍ തുറക്കപ്പെടുന്നില്ല. പൊരുളറിയാന്‍ സൗഭാഗ്യം സിദ്ധിക്കാത്തവര്‍ അറിഞ്ഞവരെ കണ്ടെത്തട്ടെ.'ഇത്രയും പറഞ്ഞു ദര്‍വീശ് നടന്നകന്നു.

ഇതേ അവസ്ഥ തന്നെയാണ് ആയിരം വര്‍ഷങ്ങള്‍ക്കപ്പുറം അവതരിച്ച വിശുദ്ധ വേദ ഗ്രന്ഥങ്ങളെ, യഥാര്‍ത്ഥ്യമറിയാതെ മേനിനടിച്ചു കൊണ്ടുനടക്കുന്നവരുടെ ആന്തരികതലവും. അവര്‍ അതിന്റെ അമൂല്യതയിലും മഹത്വത്തിലും അഹങ്കരിക്കുകയും ഊറ്റം കൊള്ളുകയും ചെയ്യുമ്പോള്‍ പോലും, അതിന്റെ യാഥാര്‍ത്യത്തെയോ സാരാംശത്തെയോ അറിയാന്‍ കഴിയാതെ പോകുന്നു. 

അപ്പോഴും, മറ്റുള്ളവരോട് തര്‍ക്കിക്കാനും അവരെ  ഇകഴ്ത്തിക്കാണിക്കാനും സദാ ശ്രമിക്കുകയും ചെയ്യുന്നു. ഇവിടെയാണ് അവധൂതന്റെ ദിവ്യസ്പര്‍ശം പ്രസക്തമാകുന്നത്. ഗുരുവഴികളിലെ പ്രകാശമില്ലെങ്കില്‍, അഭൗമരാഗങ്ങള്‍ ഈണമുതിര്‍ക്കുന്ന തന്ത്രികള്‍ പോലും വെറും കമ്പികള്‍ മാത്രം. എന്നാല്‍ ഗുരുസ്പര്‍ശം ഏത് താഴ്ന്ന ലോഹത്തെയും സ്വര്‍ണ്ണമാക്കി പരിവര്‍ത്തിപ്പിക്കുന്നു . 
      
പൊരുളറിഞ്ഞ ഗുരുവില്‍ നിന്ന് വഴിയറിഞ്ഞവനു പിന്നെ സന്ദേഹങ്ങളുണ്ടാവില്ല. അവര്‍ അതിന്റെ ലഹരിയില്‍ ജീവിക്കുകയും മറ്റുളള വഴികളെ എല്ലാം സഹിഷ്ണുതയോടെയും സ്‌നേഹത്തോടെയും സമീപിക്കുകയും ചെയ്യുന്നു. 
       
അതുകൊണ്ട്, അയ്യായിരമോ രണ്ടായിരമോ  ആയിരത്തി നാനൂറോ  വര്‍ഷങ്ങള്‍ക്കു മുമ്പുള്ള മഹത്വം ഉല്‍ഘോഷിച്ചു ജീവിക്കാനല്ല ;മറിച്ചു മഹത്വമാര്‍ന്ന ജീവിതം ഇന്ന് ജീവിക്കാന്‍ കഴിയുമ്പോള്‍ മാത്രമാണ് നാം ദിവ്യസ്പര്‍ശം ആത്മാവില്‍ അനുഭവിച്ചു തുടങ്ങുന്നത്. 

മതങ്ങളുടെ അന്ത:സത്ത അറിഞ്ഞു ജീവിക്കാത്ത വിശ്വാസി വെറും അലങ്കാരം മാത്രം. 
അതേസമയം, മതം തെറ്റായി പഠിച്ചവരെ പിന്തുടരുന്നവര്‍ അപശ്രുതി നിറയ്ക്കുന്നവരുമാണ്. 

അലങ്കാരം മാത്രമായുള്ള മതം അര്‍ത്ഥശൂന്യമാണ്. 
സമൂഹത്തില്‍ അപശ്രുതി നിറയ്ക്കുന്നവര്‍ അക്രമകാരികളുമാണ്. 

അതേസമയം, മതങ്ങളുടെ   പൊരുള്‍ അറിഞ്ഞ ഗുരുക്കന്മാരില്‍  നിന്നു ശ്രുതി തെറ്റാതെ പകര്‍ന്നെടുത്തവര്‍ക്കു മാത്രമേ ഒരു സ്വരലയമായി,  ലോകത്തിനു അനുഗ്രഹമായി ജീവിക്കാനാവൂ.