ങ്കരാചാര്യസ്വാമികളും സ്വാമി വിവേകാനന്ദനും ചട്ടമ്പിസ്വാമികളും ശ്രീനാരായണഗുരുവുമൊക്കെ ശിവതത്ത്വത്തെ സ്വജീവിതത്തിലൂടെ എങ്ങനെ ഉപാസിക്കണമെന്ന് കാണിച്ചുതന്നവരാണ്. സനാതനധര്‍മത്തിന്റെ പ്രമാണഗ്രന്ഥമായ വേദങ്ങളില്‍തൊട്ട് ശിവനെക്കുറിച്ചുള്ള പരാമര്‍ശങ്ങളുണ്ട്. 'രുദ്രന്‍' എന്നാണ് വേദങ്ങളില്‍ ശിവനെ വിശേഷിപ്പിച്ചിരിക്കുന്നത്. ശിവരാത്രി ദിനത്തില്‍ ആചരിച്ചുവരുന്ന വ്രതാനുഷ്ഠാനങ്ങള്‍ക്ക് സഹസ്രാബ്ദങ്ങളുടെ പഴക്കമാണുള്ളത്. മാഘമാസത്തിലെ കൃഷ്ണചതുര്‍ദശിയാണ് ശിവരാത്രിയായി ആഘോഷിക്കപ്പെടുന്നത്. 

ഈ ആഘോഷത്തിനുപിന്നില്‍ ഒന്നിലേറെ ഐതിഹ്യങ്ങളുണ്ട്. പാലാഴിമഥനത്തിന്റെ ഭാഗമായി പുറത്തേക്കുവമിച്ച സര്‍വനാശകമായ കാകോളവിഷം ലോകസംരക്ഷണാര്‍ഥം പരമശിവന്‍ സേവിച്ചെന്നും അതിന്റെ അനുസ്മരണാര്‍ഥമാണ് 'ശിവരാത്രി'യെന്നുമുള്ള ഐതിഹ്യമാണ് ഒന്നാമത്തേത്. ഇതേദിവസം രാത്രിയിലാണ് മഹാദേവന്‍ ശിവലിംഗരൂപത്തില്‍ പ്രത്യക്ഷപ്പെട്ടതെന്നും അത് ശിവരാത്രിവ്രതമായി അനുഷ്ഠിക്കേണ്ടതാണെന്നും ഈശാനുസംഹിതയിലും കാണുന്നു.

മനുഷ്യരാശിക്കു പ്രയോജനമുള്ള കാര്യങ്ങള്‍ മാത്രമേ ആയിരക്കണക്കിനു വര്‍ഷങ്ങള്‍ അതിജീവിക്കുകയുള്ളൂ. ലോകജനതയ്ക്കുമുഴുവന്‍ പ്രയോജനപ്പെടുന്ന തത്ത്വങ്ങളെയാണ് ശിവസങ്കല്‍പ്പത്തിനുപിന്നില്‍ കാണാനാവുക. മനുഷ്യരക്ഷയ്ക്കായി ശിവന്‍ ചെയ്തുകൊണ്ടിരിക്കുന്ന പ്രവൃത്തികള്‍ക്ക് ഉത്തമോദാഹരണമാണല്ലോ പാലാഴിമഥനത്തോടു ബന്ധപ്പെട്ട വിഷപാനം. 

Shiv Lingaഅതുപോലെ കുടുംബജീവിതം നയിക്കുന്ന ഗൃഹസ്ഥാശ്രമികള്‍ക്കുള്ള ഉത്തമമാതൃകയെയും കാമനാശകനായ ശിവനില്‍ ദര്‍ശിക്കാനാവും. 'കാമകാഞ്ചനത്യാഗ'മാണല്ലോ ജീവിതലക്ഷ്യത്തിലെത്താന്‍ ആവശ്യമായ കാര്യം. കാമത്തെ ഭസ്മമാക്കിയ ആളാണദ്ദേഹം, തപസ്സുകൊണ്ട് കാമത്തെ ശുദ്ധവും സാത്വികവുമാക്കിത്തീര്‍ത്തശേഷമേ പരമേശ്വരന്‍ പാര്‍വതിയെ പത്‌നിയായി സ്വീകരിച്ചുള്ളൂ. പരസ്പരതപഃസമ്പദ്ഫലമായി പരസ്പരന്മാരായിരുന്നു ആ ജായാപതികള്‍.

വൃഷാരൂഢനാണ് ശിവന്‍, വൃഷമാണ് (കാളയാണ്) ശിവന്റെ വാഹനം. വൃഷത്തിന് ധര്‍മമെന്ന് മറ്റൊരര്‍ഥം കൂടിയുണ്ട്. ധര്‍മമാചരിച്ചാല്‍ മാത്രമേ ജീവിതത്തില്‍ മംഗളമായ നിലയും ശാന്തിയും കൈവരിക്കാനാവൂ. വൃഷത്തെ വാഹനമാക്കുന്ന ശിവന്‍ അങ്ങനെയാണ് 'മംഗളസ്വരൂപ'നാകുന്നത്. കൈലാസപര്‍വതമാണ് ശിവന്റെ ആവാസസ്ഥാനം. സത്വഗുണത്തിന്റെ പരിസ്ഫൂര്‍ത്തിയാണ് രജതാദ്രി, കൈലാസപര്‍വതം. രജസ്തമോഗുണങ്ങളെ അതിജീവിച്ചാലുണ്ടാകുന്ന സത്വഗുണപ്രാപ്തിയിലൂടെയേ ശിവനെ ദര്‍ശിക്കാനാവൂ എന്ന് ചുരുക്കം.  

ഭൗതികമായതെല്ലാം ഭസ്മമായിത്തീരുന്ന ഒരിടമാണ് ശ്മശാനം. ഭസ്മവിഭൂഷിതനായി ശ്മശാനത്തില്‍ നൃത്തം ചെയ്യുന്ന നടരാജന്‍ മനുഷ്യരെ ഓര്‍മപ്പെടുത്തുന്നത് നശ്വരമായ ലോകത്തിലെ എല്ലാത്തിനെയും ത്യജിച്ച് അനശ്വരമായ സത്യത്തില്‍ ആമഗ്‌നമാകാനാണ്.

സര്‍പ്പഭൂഷിതനായി ജടാധാരിയായി ഭിക്ഷാടനം ചെയ്യുന്ന ത്യാഗിവര്യനാണദ്ദേഹം, ഒരു ത്യാഗമൂര്‍ത്തി. അതുകൊണ്ടാണ് നിവൃത്തിമാര്‍ഗത്തിന്റെ പ്രതീകമായ ശിവനെ സന്ന്യാസിമാര്‍ അവരുടെ ആദര്‍ശമായി സ്വീകരിച്ചിരിക്കുന്നത്. മനസ്സാകുന്ന വനാന്തരത്തില്‍ കയറി കാമം, ക്രോധം, ലോഭം, മദം, മാത്സര്യം എന്നിവയാകുന്ന വന്യമൃഗങ്ങളെ വേട്ടയാടാന്‍ കിരാതമൂര്‍ത്തിയായ ശ്രീപരമേശ്വരനോടു ശങ്കരാചാര്യസ്വാമികള്‍ പ്രാര്‍ഥിക്കുന്ന ഭാഗം അതിമനോഹരമാണ്,  

'മാ ഗച്ഛ ത്വമിതസ്തതോ ഗിരിശ
ലാഭം ച സംപ്രാപ്സ്യ സി'
(ശിവാനന്ദലഹരി) 

അങ്ങയുടെ സാന്നിധ്യംകൊണ്ട് തന്റെ ഹൃദയത്തെ പരിശുദ്ധമാക്കണമെന്നും അങ്ങേയ്ക്കര്‍ച്ചിക്കാനുള്ള ഏറ്റവും നല്ല പുഷ്പം തന്റെ 'മനകമലം' തന്നെയാണെന്നും ശങ്കരാചാര്യര്‍ ഈ കൃതിയില്‍ പറഞ്ഞിരിക്കുന്നു. ശിവസന്നിധിയില്‍ നാമെന്താണ് അര്‍ഥിക്കേണ്ടതെന്നതിന്റെ ഉത്തമ നിദര്‍ശനമാണിത്. അതെ, മനസ്സിനെ ശിവസന്നിധിയില്‍ അര്‍പ്പിക്കാനും ആ സാന്നിധ്യത്തെ ഏറ്റുവാങ്ങാനുമാണ് ഈ ശിവരാത്രിയെ നാം ഉപയോഗപ്പെടുത്തേണ്ടത്.

(പ്രബുദ്ധകേരളം മാസികയുടെ പത്രാധിപരാണ് ലേഖകന്‍)

Content Highlights: Shiva the ideology for complete life , Shiva Rathri