'രു കുഞ്ഞരുവിയായി ഒഴുകിത്തുടങ്ങി, വന്‍ നദിയായി കടലിലേക്ക് പ്രവഹിച്ച്, സമുദ്രം തന്നെ ആയിത്തീരുന്ന ആ മഹാ പ്രവാഹത്തെ ശ്രദ്ധിച്ചിട്ടുണ്ടോ ?'

മൗലാ സതീര്‍ഥ്യരോട്  ചോദിച്ചു: 'ഉള്‍ക്കാടുകളും പാറക്കൂട്ടങ്ങളും മുള്‍വഴികളും മണല്‍ക്കുഴികളും മാലിന്യങ്ങളും ഉള്ള അതീവ പ്രതിസന്ധി നിറഞ്ഞ പാതകളിലൂടെ കടന്നൊഴുകി, ഓരോ വിഘ്നത്തെയും തന്റെ സ്വതസിദ്ധമായ ഒഴുക്കിലൂടെ അതിജീവിച്ച്,  പ്രവാഹവിശുദ്ധിയാല്‍ സമുദ്രത്തെ സന്ധിച്ച്, ആ മഹാസാഗരം തന്നെയായി  മാറുന്നു. '

മൗലാ തുര്‍ന്നു: 'ഈ പ്രവാഹഗതിയില്‍ രണ്ടു കാര്യങ്ങള്‍ സംഭവിക്കുന്നു. ഏത് പ്രതിസന്ധി ഘട്ടത്തെയും സംയമനത്തോടെയും സമചിത്തതയോടെയും മറികടക്കുന്ന വിസ്മയകരമായ ആ നിതാന്ത പ്രവാഹം തന്നെയാണ് ഒന്നാമത് സംഭവിക്കുന്നത്. 

ആ പ്രവാഹം എത്തിനില്‍ക്കുന്ന ഓരോ കടവിലും സംഭവിക്കുന്ന തടസ്സങ്ങളും പ്രതിസന്ധികളും, ഒഴുക്ക് മുറിക്കാന്‍ ശ്രമിക്കുന്ന സര്‍വ വിഘ്‌നങ്ങളും ചേര്‍ന്ന  നൈമിഷിക അവസ്ഥയാണ് രണ്ടാമത്തേത്. '

മൗലാ വിശദീകരിച്ചു: 'ബോധപ്രകാശത്തെ അറിഞ്ഞനുഭവിച്ചവര്‍ ആ പ്രവാഹഗതിയെ തിരിച്ചറിഞ്ഞ്, ആ പ്രവാഹത്തോടൊപ്പം അവബോധത്തിലും സ്വാസ്ഥ്യത്തിലും ജീവിക്കുന്നു. 

എന്നാല്‍ ശരിയായ ദര്‍ശനം ലഭിക്കാത്തവര്‍, വഴിമുടക്കിയിരിക്കുന്ന കടവിലെ വളരെ ക്ഷണികവും താല്‍ക്കാലികവുമായ സമകാലിക തടസ്സത്തെ (Current Issue )കുറിച്ച് ചര്‍ച്ച ചെയ്ത്, തര്‍ക്കിച്ച് അശാന്തി പടര്‍ത്തുന്നു. 

പ്രാപഞ്ചിക പ്രവാഹം തന്നെ ഇതാ നിലയ്ക്കാന്‍ പോകുന്നു എന്ന രീതിയില്‍  വിലപിക്കുന്നു.'

മൗലാ ഇങ്ങനെ അവസാനിപ്പിച്ചു: 'രാഷട്രീയവും സാമൂഹികവും സാമ്പത്തികവും മതകീയവുമായ പ്രതിസന്ധികളെല്ലാം ഈ മഹാപ്രവാഹത്തിന്റെ അനിവാര്യ ഭാവങ്ങള്‍ തന്നെയാണ്. 

കാലത്തിന്റെ ഒരു വിരേചന (Catharsis )പ്രക്രിയയാണത്.

 സംശുദ്ധീകരണത്തിന്റെ  ഈ  നിഗൂഢ  വഴികളെ ഒരു അവധൂതന്റെ നിര്‍മമതയോടെ കാണാന്‍ കഴിയുമ്പോള്‍ മാത്രമേ ആധ്യാത്മ വഴിയുടെ നിറവും സുഗന്ധവും അനുഭവിക്കാന്‍ കഴിയൂ.. '