ഈശ്വരനും പ്രകൃതിയും ഭിന്നമല്ലെന്ന ദര്‍ശനവും സന്ദേശവും നല്‍കുകയാണ് തൃപ്പൂണിത്തുറയ്ക്കടുത്ത് എരൂരിലെ പുത്തന്‍കുളങ്ങര ക്ഷേത്രം. സ്വാസ്ഥ്യത്തിന്റെ പച്ചപ്പരവതാനി വിരിച്ചാണ് ഈ ക്ഷേത്രം ഭക്തരെ സ്വാഗതം ചെയ്യുന്നത്. ഒരു ഉദ്യാനത്തിലേക്ക് ചെല്ലുന്ന പ്രതീതി. ഒരു പുത്തന്‍ ക്ഷേത്രമാതൃക.

കായല്‍പ്പരപ്പാല്‍ ചുറ്റപ്പെട്ടുകിടക്കുന്ന സ്ഥലമാണ് എരൂര്‍. ഇതിന്റെ ഏതാണ്ട് മദ്ധ്യഭാഗത്തായിട്ടാണ് മൂന്നര ഏക്കര്‍ വിസ്തൃതിയില്‍ പുരാതനമായ പുത്തന്‍കുളങ്ങര ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.  സര്‍പ്പക്കാവുകളും, കുളങ്ങളും തോടുകളും, പുല്‍മേടുകളും വയലേലകളും നിറഞ്ഞതായിരുന്നു ഈ പ്രദേശം.  അഞ്ച് ദശകങ്ങള്‍ക്കുമുമ്പുവരെ കാടുപിടിച്ച് ജീര്‍ണാവസ്ഥയില്‍ കിടന്നിരുന്ന ക്ഷേത്രം ഇന്ന് പ്രകൃതിരമണീയമായ ശാന്തിസങ്കേതമാണ്.

ക്ഷേത്രപരിസരമാകെ പച്ചപ്പുല്‍ പരവതാനിയാണ്. അതിന് നടുവിലൂടെയാണ് പ്രദക്ഷിണവഴി. ക്ഷേത്രത്തിലേക്കാവശ്യമായ തുളസി, ചെത്തി, മുല്ല, അരളി, രാജമല്ലി, പവിഴമല്ലി, ചെമ്പരത്തി എന്നീ പുഷ്പങ്ങളുടെ വിവിധതരങ്ങള്‍തന്നെ ഇവിടെ പരിപാലിക്കപ്പെടുന്നു. കൂടാതെ നന്ദ്യാര്‍വട്ടം, പരിജാതം, ചെമ്പകം, അശോകം, കൂവളം, ചെറുനാരകം, ഗണപതിനാരകം, ജാതി, തെങ്ങ്, കവുങ്ങ്, വെറ്റിലക്കൊടി, മാവ്, പ്ലാവ്, പേരാല്‍, അരയാല്‍, അത്തി, ഇത്തി, ഇലഞ്ഞി, ഏഴിലംപാല, കള്ളിപ്പാല, ദര്‍ഭ, കറുക, മുക്കൂറ്റി, വിവിധയിനം വാഴകള്‍, തേക്ക്, മഹഗണി എന്നിവയും ഈ ഉദ്യാനത്തിലെ അംഗങ്ങളാണ്.

puthankulangara-temple 2
പുത്തൻകുളങ്ങര ക്ഷേത്രത്തിലെ പ്രദക്ഷിണ വഴി. ചിത്രം: സുധീർ മോഹൻ.

ഭഗവതീക്ഷേത്രത്തിനു ചുറ്റുമായി 27 നക്ഷത്രങ്ങളുമായി ബന്ധപ്പെട്ട നക്ഷത്രവൃക്ഷങ്ങളും പരിപാലിച്ചുവരുന്നു. ക്ഷേത്രോദ്യാന പരിപാലനത്തിനുള്ള ജലസ്രോതസ്സ് വിശാലമായ ക്ഷേത്രക്കുളം തന്നെയാണ്. എല്ലാ ഭാഗത്തേയ്ക്കും വെള്ളമെത്തിക്കുവാനുള്ള ആധുനിക സംവിധാനവും ഒരുക്കിയിട്ടുണ്ട്.

ആര്‍ഭാടങ്ങള്‍ ഒഴിവാക്കിയും ആഘോഷങ്ങള്‍ മിതപ്പെടുത്തിയും സ്വരൂപിച്ചെടുക്കുന്ന സംഖ്യകൊണ്ട് ക്ഷേത്രദര്‍ശനത്തിനെത്തുന്നവരുടെ മനസ്സിനും ശരീരത്തിനും ആനന്ദവും ആരോഗ്യവും നല്‍കുവാനുതകുന്ന വിധത്തില്‍ 'ക്ഷേത്രോദ്യാന'മെന്ന പദ്ധതി ആവിഷ്‌കരിച്ച് നടപ്പിലാക്കി പരിപാലിക്കുന്നതിന്റെ പ്രധാന പങ്ക് ക്ഷേത്രോപദേശകസമിതിയംഗവും പ്രമുഖ താക്കോല്‍ദ്വാര ശസ്ത്രക്രിയാ വിദഗ്ദ്ധനുമായ ഡോ. പത്മകുമാറിന് അവകാശപ്പെട്ടതാണ്.

കേരളീയ ക്ഷേത്രചരിത്രത്തിന് മാതൃകയാവുന്ന ഈ സംരംഭം ആദ്യമായി നടപ്പില്‍ വരുത്തിയത് അദ്ദേഹത്തിന്റെ പ്രയത്‌നം കൊണ്ടാണ്. കാടുപിടിച്ചുകിടക്കുന്ന പുരയിടങ്ങള്‍ വെട്ടിവെടിപ്പാക്കി പരിപാലിക്കുന്നത്ര ക്ലേശമില്ല അവ എന്നും ഉദ്യാനമാക്കി നിര്‍ത്താന്‍ എന്ന് ഡോക്ടര്‍ പറയുന്നു.

temple 3
പുത്തൻകുളങ്ങര ക്ഷേത്രത്തിലെ ഭദ്രകാളി ക്ഷേത്രം. ചിത്രം: സുധീർ മോഹൻ.

ക്ഷേത്ര ഐതിഹ്യം; ഉപ്പ് സമര്‍പ്പണത്തിന്റെ അപൂര്‍വതയും

കത്തിയമര്‍ന്ന അരക്കില്ലത്തില്‍നിന്നു രക്ഷപ്പെട്ട കുന്തീദേവിയും പാണ്ഡവരും എത്തിച്ചേര്‍ന്നത് ഇവിടെയാണെന്നാണ് വിശ്വാസം. ദുരിതമോചനത്തിനായി ഭഗവാന്‍ ശ്രീകൃഷ്ണന്റെ നിര്‍ദേശാനുസരണം ആദിത്യഭഗവാനോട് മാര്‍ഗം ആരായുകയും ശിവപ്രതിഷ്ഠ നടത്തുകയും ചെയ്തു.

ഉമാമഹേശ്വരന്‍മാരെ സംപ്രീതരാക്കുവാന്‍ കുന്തീദേവി കഠിനതപമനുഷ്ഠിച്ചു. തപസ്സില്‍ സംപ്രീതരായ പാര്‍വതീപരമേശ്വരന്‍മാര്‍ അവിടെ പ്രത്യക്ഷപ്പെട്ടു. മറ്റൊന്നും സമര്‍പ്പിക്കുവാന്‍ ൈകയിലില്ലാതിരുന്ന കുന്തി, കായലോരത്തെ ഉപ്പുതരികള്‍ കൈക്കുടന്നയിലെടുത്ത് ഭഗവാന് സമര്‍പ്പിച്ചു. സന്തുഷ്ടരായ പാര്‍വതീപരമേശ്വരന്‍മാര്‍ കുന്തീദേവിക്കും പാണ്ഡവര്‍ക്കും സര്‍വൈശ്വര്യങ്ങളും നല്‍കി അനുഗ്രഹിച്ചു എന്നതാണ് ക്ഷേത്രവുമായി ബന്ധപ്പെട്ട ഐതിഹ്യം. ഉപ്പ് സമര്‍പ്പിക്കുന്നത് ഈ ക്ഷേത്രവുമായി ബന്ധപ്പെട്ട വഴിപാടുകളിലൊന്നാണ്.

temple 4
പുത്തൻകുളങ്ങര ക്ഷേത്രത്തിലെ വിഷ്ണു ക്ഷേത്രം. ചിത്രം: സുധീർ മോഹൻ.

ക്ഷേത്രപുനരുദ്ധാരണ ചരിത്രം

ശിവക്ഷേത്രത്തിലേയും വിഷ്ണുക്ഷേത്രത്തിലേയും ശ്രീകോവിലുകള്‍ എഡി 1492 ല്‍ പുനരുദ്ധരിച്ചതായി ശിലാലിഖിതം സാക്ഷ്യപ്പെടുത്തുന്നു. പതിനേഴാം നൂറ്റാണ്ടിന്റെ ഉത്താര്‍ദ്ധത്തില്‍ കൊടുങ്ങല്ലൂര്‍ ഭഗവതിയുടെ ഉപാസകനും ക്ഷേത്രത്തിന്റെ അന്നത്തെ ഉടമസ്ഥനുമായിരുന്ന മമ്പാട്ടു ഭട്ടതിരി ഇവിടെ ഒരു ഭദ്രകാളീ പ്രതിഷ്ഠ നടത്തി.

പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനഘട്ടത്തില്‍ വടക്കേ മലബാറിലെ ഒരു ശാസ്താക്ഷേത്രം ടിപ്പുവിന്റെ ഭടന്മാരാല്‍ ആക്രമിക്കപ്പെട്ടപ്പോള്‍ ഭാഗികമായി അംഗഭംഗം സംഭവിച്ച വിഗ്രഹവുമായി ഒരു ഭക്തന്‍ കൊച്ചിയിലേക്ക് പലായനം ചെയ്യുകയും ഇവിടെയെത്തി മമ്പാട്ടു ഭട്ടതിരിയുടെ നിര്‍ദേശാനുസരണം വിഗ്രഹം ഇവിടെ പ്രതിഷ്ഠിക്കുകയും ചെയ്തു. കൊച്ചി രാജ്യം ഭരിച്ചിരുന്ന രാമവര്‍മ ശക്തന്‍ തമ്പുരാന്റെ കാലത്ത് ഇവിടെ ശിവക്ഷേത്രത്തിന്റെയും വിഷ്ണുക്ഷേത്രത്തിന്റെയും പുനരുദ്ധാരണം നടക്കുകയുണ്ടായി. അദ്ദേഹം ക്ഷേത്രത്തില്‍ ഊട്ടുപുര നിര്‍മിക്കുകയും ചെയ്തു.

മമ്പാട്ടു ഭട്ടതിരിയുടെ പിന്‍തുടര്‍ച്ചക്കാരായ മുരിയമംഗലത്തു മനക്കാര്‍ക്കാണ് ഇപ്പോള്‍ ക്ഷേത്രത്തിന്റെ ഊരായ്മ സ്ഥാനമുള്ളത്. 1986 മുതല്‍ ക്ഷേത്രത്തിലെ ഉത്സവാദി വിശേഷങ്ങള്‍ ക്ഷേത്രക്ഷേമസമിതിയാണ് നടത്തുന്നത്. 2004ല്‍ ശിവന്‍, വിഷ്ണു, ശാസ്താവ് ക്ഷേത്രങ്ങളുടെ നവീകരണവും 2008ല്‍ ശിവക്ഷേത്രത്തില്‍ സ്ഥിര ധ്വജപ്രതിഷ്ഠയും നടന്നു. 2013ല്‍ ഭഗവതീക്ഷേത്ര നവീകരണം നടന്നു.

ക്ഷേത്രം തന്ത്രി പുലിയന്നൂര്‍ ശശി നമ്പൂതിരിപ്പാടും സ്ഥപതി കാണിപ്പയ്യൂര്‍ കൃഷ്ണന്‍ നമ്പൂതിരിപ്പാടും ആണ് ക്ഷേത്രത്തിലെ നവീകരണപ്രവര്‍ത്തനങ്ങള്‍ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിവരുന്നത്.

പക്ഷികളുടെ പാട്ടും പൂമ്പാറ്റകളുടെ നൃത്ത വും ദര്‍ശനത്തിനെത്തുന്നവര്‍ക്ക് മറ്റെവിടെയുമില്ലാത്ത ശാന്തതയാണ് നല്‍കുന്നത്. ക്ഷേത്രോദ്യാനം നിലവില്‍ വന്നതോടെ ക്ഷേത്രത്തിലെത്തുന്നവരുടെ എണ്ണം പതിന്മടങ്ങ് വര്‍ധിച്ചിട്ടുണ്ട്.