താടിസ്ഥാനത്തിലുള്ള വിഭാഗീയതകളും ജാതീയമായ ഉച്ചനീചത്വങ്ങളും 19-ാം നൂറ്റാണ്ടിന്റെ അന്ത്യംവരെ കേരളത്തെ അടക്കിഭരിച്ചിരുന്നു. ഈയൊരവസ്ഥയ്ക്ക് കേരളത്തിൽ മാറ്റംവരുത്തിയത് അധഃസ്ഥിതർക്കുവേണ്ടി ശബ്ദിച്ച ഏതാനും നവോത്ഥാനനായകരായിരുന്നു. പൊയ്കയിൽ ശ്രീകുമാരഗുരുദേവനും ശ്രീനാരായണഗുരുവും അയ്യങ്കാളിയും സഹോദരൻ അയ്യപ്പനും പണ്ഡിറ്റ് കെ.പി. കറുപ്പനും അടങ്ങുന്ന സാമൂഹിക നവോത്ഥാന നായകരുടെ ഒരുനിര ഇരുപതാംനൂറ്റാണ്ടിന്റെ ആദ്യദശകം മുതൽതന്നെ കേരളത്തിന്റെ സാമൂഹികചരിത്രത്തിൽ അടയാളപ്പെടുത്തപ്പെട്ടു.

മേൽപ്പറഞ്ഞ നവോത്ഥാനനായകരിൽ കാഴ്ചപ്പാടുകൊണ്ടും പ്രവർത്തനരീതികൊണ്ടും വ്യത്യസ്തനായിരുന്നു ശ്രീകുമാരഗുരുദേവൻ. അടിയാളരുടെ, അദ്ദേഹത്തിന്റെ ഭാഷയിൽ ആദിയർ ജനതയുടെ വിമോചനമായിരുന്നു അദ്ദേഹം മുന്നിൽക്കണ്ടത്.  അമാനുഷികസിദ്ധികൊണ്ട് അടിയാളരുടെ ദൈവമായി മാറുകയായിരുന്നു അദ്ദേഹം. 

കേരള ചരിത്രം മുഴുവൻ പരിശോധിച്ചിട്ടും തന്റെ വംശത്തെപ്പറ്റി ഒരക്ഷരംപോലും അദ്ദേഹത്തിന് കാണാൻ കഴിഞ്ഞില്ല. സവർണനിർമിതമായ ചരിത്രത്തിൽ ഭാരതത്തിലെ പൂർവവംശങ്ങൾ പുറവഴിയിലാണെന്ന് അദ്ദേഹം മനസ്സിലാക്കി. ജാതി വിവേചനത്തെത്തുടർന്ന്‌ ക്രിസ്തുമതത്തിൽനിന്ന് കലഹിച്ച് അനേകം അനുചരന്മാരുമായി ഇറങ്ങിപ്പോന്ന അദ്ദേഹം മനുഷ്യനെ മനുഷ്യനായിക്കാണുന്ന ഒരു സ്വതന്ത്രമതം സ്ഥാപിക്കുകയായിരുന്നു. അതാണ് 1910-ൽ രൂപംകൊണ്ട പ്രത്യക്ഷരക്ഷാ ദൈവസഭ(പി.ആർ.ഡി.എസ്.). ഹിന്ദുമതത്തിലും ക്രിസ്തുമതത്തിലും രക്ഷകരായി സങ്കല്പിക്കപ്പെടുന്നത് ദൈവത്തെയാണെങ്കിൽ പ്രത്യക്ഷരക്ഷാദൈവസഭ മനുഷ്യനെ രക്ഷിക്കുന്ന ദൈവം അവൻതന്നെയെന്ന്‌ പ്രഖ്യാപിക്കുന്നു.

വെളിച്ചം, വിജ്ഞാനം, വിമോചനം എന്ന മുദ്രാവാക്യവുമായി സമൂഹത്തിൽ മാറ്റിനിർത്തപ്പെട്ടവന്റെ നാവായി ഗുരുദേവൻ മാറി. വിദ്യാഭ്യാസമില്ലായ്മയാണ് തന്റെ വംശത്തിന്റെ ശാപമെന്ന്‌ മനസ്സിലാക്കി അദ്ദേഹം തിരുവിതാംകൂറിൽ പലയിടത്തും സ്കൂളുകൾ സ്ഥാപിച്ചു. കേരളത്തിൽ ബോർഡിങ്‌ സൗകര്യത്തോടെ ആദ്യമായി ഒരു ഇംഗ്ലീഷ് മീഡിയം സ്കൂൾ സ്ഥാപിച്ചത് കുമാരഗുരുദേവനാണ്. ഒരു ഉന്നതവിദ്യാഭ്യാസസ്ഥാപനം ശ്രീകുമാരഗുരുദേവന്റെ സ്വപ്നമായിരുന്നു. പി.ആർ.ഡി.എസിന്റെ ഭരണസമിതി 2016-ൽ ചങ്ങനാശ്ശേരി അമരയിൽ എയ്ഡഡ് മേഖലയിൽ പി.ആർ.ഡി.എസ്. ആർട്സ് ആൻഡ്‌ സയൻസ് കോളേജ് സ്ഥാപിച്ച് ആ സ്വപ്നം സാക്ഷാത്കരിച്ചു.  

സ്വന്തം വംശത്തിന്റെ സമുന്നതി മുന്നിൽക്കണ്ട് പി.ആർ.ഡി.എസിലൂടെ അദ്ദേഹം തന്റെ കാഴ്ചപ്പാടുകൾ മുന്നോട്ടുെവച്ചു. ജീവിച്ചിരിക്കെ അനുഭവവേദ്യമാകാത്ത സ്വർഗവും മോക്ഷവും മിഥ്യയാണെന്നും മനുഷ്യന്റെ രക്ഷ പ്രത്യക്ഷമാവണമെന്നും പറഞ്ഞുെവച്ച്  പുനർജന്മം മിഥ്യയാണെന്ന് അദ്ദേഹം വിശ്വസിക്കുകയും അനുയായികളെ പഠിപ്പിക്കുകയും ചെയ്തു. ശരീരവും മനസ്സും വസ്ത്രവും വീടും ശുചിയായി സൂക്ഷിക്കണമെന്ന് അദ്ദേഹം ഉപദേശിച്ചു. മനുഷ്യൻ മനുഷ്യനെ അടിമയാക്കിവെക്കാൻ പാടില്ലെന്നും നിഷ്കർഷിച്ചു. ശുഭ്രവസ്ത്രം ധരിക്കാൻ അർഹതയില്ലാത്ത സമൂഹം വൃത്തിയുള്ള വെള്ളവസ്ത്രം ധരിക്കണമെന്നും മേൽമുണ്ട് ഉപയോഗിക്കണമെന്നുമുള്ള ഉപദേശം ഒരു വിപ്ലവമായിരുന്നു. 1921-ലും 1931-ലും ശ്രീമൂലം പ്രജാസഭയിലേക്ക് നാമനിർദേശംചെയ്യപ്പെട്ട അദ്ദേഹം ഭൂമിയില്ലാത്തവർക്ക് ഭൂമി, കൃഷിക്കാർക്ക് സാമ്പത്തികസഹായം, അയിത്തജാതിക്കാർക്ക് വിദ്യാലയപ്രവേശനം, ഫീസിളവ്‌, സർക്കാർജോലികളിൽ നിയമനം എന്നിങ്ങനെ മനുഷ്യനെ മനുഷ്യനാക്കാനുതകുന്ന പല നിർദേശങ്ങളും സഭയിൽ അവതരിപ്പിച്ചു. 

1878 മുതൽ 1939 വരെയുള്ള 61 വർഷത്തെ ജീവിതത്തിൽ 40 വർഷത്തിലേറെ കർമനിരതനായിരുന്നു കുമാരഗുരുദേവൻ. 31-ാം വയസ്സിലാണ് പ്രത്യക്ഷരക്ഷാദൈവസഭ  അദ്ദേഹം സ്ഥാപിച്ചത്. ഒരു ആത്മീയസംഘടനയുടെ നായകത്വം ഒരു സ്ത്രീ ദീർഘകാലം വഹിച്ചു എന്ന ചരിത്രവും പ്രത്യക്ഷരക്ഷാദൈവസഭയ്ക്കുമാത്രം അവകാശപ്പെട്ടതാണ്. ഗുരുദേവന്റെ സഹധർമിണിയായിരുന്ന ജാനമ്മ എന്ന ദിവ്യമാതാവാണ് 46 വർഷം സഭയുടെ അധ്യക്ഷയായിരുന്നത്. ഗുരുദേവന്റെ സ്വപ്നങ്ങളും ആശയങ്ങളും വ്യക്തിജീവിതത്തിലും സാമൂഹികജീവിതത്തിലും ശക്തമായി പിന്തുടർന്നുകൊണ്ടാണ് പ്രത്യക്ഷരക്ഷാദൈവസഭ മുന്നോട്ടുകുതിക്കുന്നത്.  ശ്രീകുമാരഗുരുദേവന്റെ 80-ാം ദേഹവിയോഗദിനം പദയാത്രകളും പ്രാർഥനയും ഉപവാസവുമായി ആചരിക്കപ്പെടുമ്പോൾ ഗുരുദേവന്റെ ആശയങ്ങൾ കൂടുതൽ പ്രസക്തമായിക്കൊണ്ടിരിക്കുന്നു.
(പി.ആർ.ഡി.എസ്. ആർട്സ് ആൻഡ്‌ സയൻസ് കോളേജ് പ്രിൻസിപ്പലാണ് ലേഖകൻ)

Content Highlights: Poykayil sree kumara gurudevan, Poykayil Yohannan