വിഷ്ണുപാദങ്ങളെ പ്രതിനിധീകരിക്കുന്ന വെളുത്ത വരകൾ, നടുവിൽ തിലകമായി ലക്ഷ്മീദേവി. ഇത് വൈഷ്ണവവിശ്വാസികൾ നെറ്റിയിൽ അണിയുന്ന നാമം. പാളത്താറും മേൽമുണ്ടും ധരിച്ച് മെലിഞ്ഞ് കൊലുന്നനെയുള്ള ഈ മനുഷ്യന്റെ പേര്  രംഗരാജൻ. ലോകത്തിലെ ഏറ്റവും വലിയ സജീവക്ഷേത്രമായ തിരുച്ചിറപ്പള്ളി ശ്രീരംഗം കോവിലിനടുത്ത് താമസിക്കുന്നു.
 
 പൂർവാശ്രമത്തിൽ രംഗരാജൻ മറ്റൊരു മനുഷ്യനായിരുന്നു. കോട്ടും സ്യൂട്ടുമിട്ട് ഐ.ടി. കമ്പനികളുടെ ആഗോളമീറ്റിങ്ങുകളിൽ പറന്നുനടന്നവൻ. അമേരിക്കയിലും ജപ്പാനിലുമെല്ലാം വിവിധ ഐ.ടി. പ്രോജക്ടുകളിൽ തിളങ്ങിനിന്നവൻ. ഒരു നാൾ ഐ.ടി.യും ആഗോള പര്യടനങ്ങളും ഉപേക്ഷിച്ച് വേദങ്ങളിലേക്ക് മടങ്ങിവന്ന രംഗരാജന്റെ കഥ മനുഷ്യന്റെ മാനസാന്തരത്തിന്റെ ഏറ്റവും വലിയ ഉദാഹരണമാണ്.

റോഡരികിൽ അരങ്കൻ തിരുമുറ്റം എന്നെഴുതിയ ബോർഡ് കാണാം. അരങ്കൻ എന്നാൽ വിഷ്ണുതന്നെ. കുമ്മായവും ശർക്കരയും മരപ്പശയും ചേർത്ത മിശ്രിതത്തിൽ ഇഷ്ടികകൊണ്ട് പണിയുന്ന ഒരു നാലുകെട്ടാണ് ഈ തിരുമുറ്റത്ത് ഉയരുന്നത്. നടുമുറ്റത്തുനിന്ന്‌ നേരെ കയറുന്നത് ഒരു കോവിലിലേക്കാണെന്ന്‌ തോന്നിപ്പോവും. വലതുവശത്ത് പൂജാദികർമങ്ങൾക്ക് വെള്ളമെടുക്കാനൊരു കിണറും ഇടതുവശത്ത് പാചകാവശ്യത്തിന് വെള്ളമെടുക്കാനൊരു കിണറുമുണ്ട്. നിവേദ്യപ്പുരയിൽ വിറകടുപ്പ് മാത്രമേയുള്ളൂ. പാചകാവശ്യത്തിനുള്ള അടുക്കളയിൽമാത്രം ഗ്യാസടുപ്പ്. മദ്രാസ് ടെറസ് എന്ന പഴയകാല രീതിയിലാണ് മച്ചും മുകളിലത്തെ നിലയും. ഒരു പക്ഷേ, ഇക്കാലത്ത് ഇങ്ങനെയൊരു വീട് ഇതുമാത്രമേ ഉണ്ടാവൂ. വീടിനുചുറ്റുമുള്ള വയലിൽ എല്ലാ കൃഷിയുമുണ്ട്. ചോറുണ്ടാക്കാൻ നെല്ല്, പച്ചക്കറി, പാലിന് ഗോശാല അങ്ങനെയങ്ങനെ. പാരമ്പര്യത്തെയും പഴമയെയും കൂട്ടുപിടിച്ച് വീടുപണിയുന്നത് മലയാളിയായ വാസ്തുശില്പി ജയൻ ബിലാത്തികുളമാണ്. കടന്നുചെല്ലുന്നിടത്ത് വിശാലമായൊരു കിണറുകാണാം. ഇതിലെ വർത്തുളാകൃതിയിലുള്ള പടവുകൾ ഇറങ്ങി സ്നാനവും പൂജയും നിർവഹിച്ച ശേഷമാണ് രംഗരാജന്റെ ഒരു ദിവസം ആരംഭിക്കുന്നത്. ഭഗവാന് നിവേദിച്ചശേഷമേ രംഗരാജൻ ഭക്ഷണം കഴിക്കൂ. 

rangarajan


 ‘‘തമിഴ് ഇതിഹാസകാവ്യം തിരുക്കുറലിലെ ഒരു കുറൽ ഇങ്ങനെയാണ്: ‘ഉഴുതുണ്ട് വാഴ്‌വാരേ വാഴ്‌വാൻ

മറ്റെല്ലാം തൊഴുതുണ്ട് പിൻചെൽവവർ’ അധ്വാനിച്ച് കൃഷിചെയ്ത് ജീവിക്കുന്നവനാണ് ജീവിക്കുന്നത്. മറ്റെല്ലാം അവരെ തൊഴുത് പിന്നാലെ ചെന്ന് ജീവിക്കുന്നവരാണ് എന്നർഥം. ഇത് ഓരോരുത്തരും ജീവിതത്തിൽ പകർത്തേണ്ടതാണെന്ന്‌ എനിക്കുതോന്നി. അതാണ് ഇങ്ങനെയൊരു നിലവും അതിനുനടുവിൽ സ്വന്തമായൊരു ഇടവും എന്ന ആശയത്തിലേക്കെത്തിച്ചത്’’ -രംഗരാജൻ പറഞ്ഞു.
 ആമുഖമായി വീടിന്റെ ഈ പാരമ്പര്യമഹിമ വിവരിച്ചത് വെറുതെയല്ല. രംഗരാജന്റെ ജീവിതവുമായി ഇത് അഭേദ്യമായി ബന്ധപ്പെട്ടുകിടക്കുന്നു. 

അച്ഛൻ ശ്രീരംഗത്ത് ജനിച്ചുവളർന്ന വൈഷ്ണവബ്രാഹ്മണനായിരുന്നു. എൻജിനീയറായ അദ്ദേഹം ജോലിയുമായി മദ്രാസിലേക്ക് കുടിയേറിയപ്പോൾ കുടുംബവും കൂടെപ്പോയി. അതുകൊണ്ടുതന്നെ ചെറുപ്പത്തിൽ പാരമ്പര്യമായി ചെയ്യാറുള്ളപോലെ രംഗരാജൻ വേദങ്ങളൊന്നും പഠിച്ചില്ല. സാധാരണവിദ്യാഭ്യാസവുമായി ചെന്നൈയിൽ താമസിച്ചു. ഉന്നതവിദ്യാഭ്യാസംനേടി വിദേശങ്ങളിൽ ജോലിക്കുപോയി. അമേരിക്ക, ജപ്പാൻ എന്നിവിടങ്ങളിൽ വലിയ ഐ.ടി. കമ്പനികളുടെ തലപ്പത്ത് നിരവധി പ്രോജക്ടുകളുടെ തലവനായി. പിന്നീട് ഇന്ത്യയിൽ വന്നു. ടാലി സോഫ്റ്റ്‌വേർ കമ്പനിയുടെ വൈസ് പ്രസിഡന്റായി. അന്ന് വാർഷികശമ്പളം 34 ലക്ഷം.

സമ്പന്നതയുടെയും അംഗീകാരങ്ങളുടെയും നെറുകയിലെത്തിനിൽക്കെ രംഗരാജൻ ജീവിതത്തെക്കുറിച്ച് ചിന്തിക്കാൻ തുടങ്ങി. അഥവാ ജീവിതം തന്നെ എന്തുപഠിപ്പിച്ചു എന്നാലോചിക്കാൻ തുടങ്ങി. ‘‘തിരുവായ്‌മൊഴി എന്ന ഗ്രന്ഥം വായിക്കാനിടയായതാണ് എന്റെ ജീവിതത്തിലെ ഒരു വഴിത്തിരിവ്. നമ്മാഴ്‌വാരുടെ ഈ ഗ്രന്ഥത്തിൽ 1000 പാട്ടുകളാണ്. ദർശനങ്ങളും തത്ത്വചിന്തകളുംകൊണ്ട് നിറഞ്ഞ പാട്ടുകൾ. ഞാനും ആലോചിച്ചു. ഏതുകമ്പനിയിൽ ചെന്നാലും എനിക്കൊരു ബോസ് ഇല്ല. ഞാൻ പെട്ടെന്നുതന്നെ ബോസായി മാറുന്നു. എനിക്ക് കിട്ടുന്ന ആദരവും സ്നേഹവും കമ്പനി മുതലാളിമാർക്ക് കിട്ടാതാവുന്നതിന്റെ കോംപ്ലക്സുകളും പ്രശ്നങ്ങളും അഭിമുഖീകരിക്കേണ്ടിവരുന്നു. എനിക്കൊരു ബോസ് വേണ്ടേ? എന്റെ ചിന്തകൾ ആ വഴിക്കായി. നമുക്കെല്ലാം ബോസായി പെരുമാൾ എന്ന ശക്തിയുണ്ടെന്ന് തിരുവായ്‌മൊഴി എന്നെ പഠിപ്പിച്ചു. അവർക്ക് പിടിച്ചമാതിരി നടക്കണം എന്ന തോന്നൽ എന്റെയുള്ളിൽ ശക്തമായി. അങ്ങനെ ഞാൻ സ്വകാര്യ കമ്പനിയിലെ വിലപിടിച്ച ജോലി വിട്ടു. 2007-ലാണത്. സ്ഥാപനത്തെ അന്താരാഷ്ട്ര നിലവാരത്തിലെത്തിക്കുക എന്ന ടാസ്കുമായാണ് ഞാൻ അതിന്റെ വൈസ്‌പ്രസിഡന്റ്‌ പദവി ഏറ്റെടുത്തത്. പക്ഷേ, അതിന്റെ മുതലാളിയുടെ വീക്ഷണവുമായി ഒത്തുപോകാനും പ്രയാസമുണ്ടായി. ജാതകംനോക്കി ജോലിക്കാരെ നിയമിക്കുന്ന സ്ഥാപനത്തെ എങ്ങനെ അന്താരാഷ്ട്ര നിലവാരത്തിലെത്തിക്കാൻ കഴിയും? അങ്ങനെ കോട്ടും സ്യൂട്ടും അഴിച്ചുവെച്ച് മദ്രാസ് ട്രിപൽക്കേനിലെത്തി വേദം പഠിക്കാൻ തുടങ്ങി. ജീവിതം മാറിമറിയാനും തുടങ്ങി.   ജോലിവിട്ടുവന്ന ഞാൻ കുറച്ചുകാലം ഒരു സിംഗിൾമാൻ കമ്പനിയായി മാറി. കൺസൾട്ടേഷനുകളും ചെറിയ പ്രോജക്ടുകളുമൊക്കെയായി കുറച്ചുകാലം. ഒപ്പം വേദപഠനവും. പൂർണമായും ജോലിവിട്ടു’’

ജന്മനാടുകൂടിയായ, വൈഷ്ണവക്ഷേത്രങ്ങളിൽ തലപ്പൊക്കംകൊണ്ട ശ്രീരംഗംദേശത്ത് തിരിച്ചുചെല്ലാൻ തോന്നി. മകന്റെ വിദ്യാഭ്യാസം പറഞ്ഞ് ഭാര്യ തടസ്സംനിന്നപ്പോൾ കുറച്ചുകാലം  രംഗരാജൻ വന്നും പോയുമിരുന്നു. അവന് എൻജിനീയറിങ് കോളേജിൽ അഡ്മിഷൻ കിട്ടിയതോടെ ഇവർ പൂർണമായും ശ്രീരംഗത്തെത്തി. ശ്രീംരംഗത്തെ ക്ഷേത്രത്തിൽ ചില അറ്റകുറ്റപ്പണികൾ നടക്കുന്നത് അപ്പോഴാണ് രംഗരാജന്റെ ശ്രദ്ധയിൽപ്പെടുന്നത്. പഴയകാലത്തെ കൂറ്റൻ വാതിലുകൾ ഇളക്കി പുതിയത്‌ പിടിപ്പിക്കുന്നു. തൂണുകൾ മാറ്റി കോൺക്രീറ്റുകളാക്കുന്നു. രംഗരാജൻ ഇത് ചോദ്യംചെയ്തു. ആഗമശാസ്ത്രപ്രകാരമല്ല ഈ മാറ്റങ്ങളൊന്നും. അതുമാത്രമല്ല, ഇനിയും എത്രയോ കാലം കേടുകൂടാതെ നിൽക്കാവുന്ന കെട്ടിടങ്ങളും വാതിലുകളുമെല്ലാമാണ് വളരെ അനായാസം മാറ്റാൻപോവുന്നത്. നിർമാണത്തിന്റെ പേരിൽ നടക്കാൻ പോവുന്ന അഴിമതിയുടെ മണവും ക്ഷേത്രാന്തരീക്ഷത്തിൽനിന്ന് രംഗരാജന്‌ മനസ്സിലായി. പോലീസിനോടും ഭരണകൂടത്തോടും പരാതിപറഞ്ഞിട്ട് കാര്യമില്ലെന്ന്‌ മനസ്സിലായപ്പോൾ ഹൈക്കോടതിയിൽ ഒരു കേസ് ഫയൽചെയ്യാൻ തീരുമാനിച്ചു. അതിനായി ഒരു വക്കീലിനെയും കണ്ടെത്തി.

എന്നാൽ, കേസ് കോടതിയിലേക്ക് വരാൻനേരം വക്കീൽ കാലുമാറി. ശത്രുപക്ഷം അത്രയ്ക്ക് ശക്തമാണെന്ന്‌ മനസ്സിലായി. പക്ഷേ, പിൻമാറാൻ ഒരുക്കമായിരുന്നില്ല. സ്വന്തമായി കേസുവാദിച്ച് കോടതിയുടെ മുന്നിൽ കുറേ കാര്യങ്ങൾ ബോധ്യപ്പെടുത്താൻ കഴിഞ്ഞു. അനുകൂലമായ വിധിയും കിട്ടി. തകർന്നുവീഴാൻ സാധ്യതയുള്ള, അപകടസാധ്യതയുള്ള കെട്ടിടങ്ങളിൽമാത്രമേ നിർമാണപ്രവൃത്തികൾ ചെയ്യാൻ പാടുള്ളൂ എന്ന്‌ കോടതി ഉത്തരവിട്ടു. എന്നാൽ, ഈ ഉത്തരവിന്റെ മറവിൽ അപകടസാധ്യതയുണ്ടെന്ന്‌ വരുത്തി നിർമാണം മുന്നോട്ടുകൊണ്ടുപോവാനാണ്  എച്ച്.ആർ. ആൻഡ് സി.യും അതിന്റെ പിണിയാളുകളും ശ്രമിച്ചത്. യുനെസ്കോപോലുള്ള പൈതൃകസംരക്ഷണ സ്ഥാപനങ്ങൾക്കും പരാതിയും വിശദവിവരങ്ങളും അയച്ചുകൊടുത്തു. അന്വേഷണത്തിനെത്തിയ യുനെസ്കോ പ്രതിനിധികൾക്കൊപ്പം ക്ഷേത്രത്തിൽ പ്രവേശിക്കാനെത്തിയ അദ്ദേഹത്തോട്‌ ക്ഷേത്രജീവനക്കാരും ഭരണാധികാരികളും കൈക്കരുത്തുകാട്ടി.

‘‘പണ്ട് ശ്രീരംഗത്തെ ബ്രാഹ്മണർ വക്കീലായിരുന്നു. അതിൽത്തന്നെ വൈഷ്ണവബ്രാഹ്മണർ ലീഡിങ് ലോയർമാരുമായിരുന്നു. അന്ന് ക്ഷേത്രത്തിലെ ആചാരങ്ങൾ, എന്തിന് പൂജയുടെ സമയം തെറ്റിയാൽപോലും കേസ് പതിവായിരുന്നു. പിന്നീട് തന്തൈ പെരിയാറിന്റെ നേതൃത്വത്തിലുള്ള ദ്രാവിഡമുന്നേറ്റങ്ങൾക്കുശേഷമാണ് ക്ഷേത്രകാര്യങ്ങളിൽനിന്ന് ഇവരുടെ ശ്രദ്ധമാറിയത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക്‌ ഇവർ കുടിയേറുകയും പുതിയ തലമുറ വേദാഭ്യസനമടക്കം മിക്ക പാരമ്പര്യങ്ങളും മറക്കുകയുംചെയ്തു. ഞാനും അങ്ങനെത്തന്നെയായിരുന്നു.’’

ragarajan
ഫോട്ടോ: എൻ.എം. പ്രദീപ്

പാരമ്പര്യക്ഷേത്രങ്ങളെ നശിപ്പിക്കുന്നതിനെതിരേയുള്ള രംഗരാജന്റെ പോരാട്ടം ശരിക്കും അവിടെ തുടങ്ങുകയായിരുന്നു.  ‘‘മധുരമീനാക്ഷി ക്ഷേത്രത്തിൽ പൊൽതാമരക്കുളത്തിൽ 74 തൂണുകൾ ഉടച്ചു. കോടതിവിധി നിലവിലിരിക്കെയാണിത് എന്നോർക്കണം. കോർട്ടലക്ഷ്യം. എന്നിട്ടും ആരും ചോദിക്കാനും പറയാനുമില്ലാത്ത അവസ്ഥ. തിരുനെൽവേലി നെല്ലയപ്പൻ കോവിലിലും ഇതുപോലെ ചില നിർമാണപ്രവൃത്തികൾ നടന്നു. അതുപോലെത്തന്നെ പല പുരാവസ്തുക്കളും കാണാതെപോവുന്നു. കൃത്യമായ കമ്മിറ്റികൾക്ക്‌ രൂപംകൊടുക്കാതെ തന്നിഷ്ടപ്രകാരമാണ് പല ജോലികളും നടക്കുന്നത്. സ്പോൺസർമാർ നൽകുന്ന പണം ഉപയോഗിച്ച് അവരുടെ പരസ്യം പതിച്ചാണ് പല ജോലികളും ചെയ്യുന്നത്. ആഗമശാസ്ത്രവും ശില്പശാസ്ത്രവും എല്ലാം ഇതിനുവേണ്ടി ഞാൻ പഠിച്ചു. കേസുകൾക്കുപിറകേ കേസുകൾ.’’ തമിഴ്‌നാട്ടിൽ എവിടെ ക്ഷേത്രപൈതൃകങ്ങൾ നശിപ്പിക്കുന്നുവോ അവിടെ രംഗരാജനെത്തും എന്നതാണ് ഇപ്പോഴത്തെ സ്ഥിതി. എച്ച്.ആർ. ആൻഡ് സി.ക്ക്, കരുണാകരന് നവാബ് രാജേന്ദ്രൻപോലെയാണ് ഇപ്പോൾ രംഗരാജൻ. 

rangarajan

ഈ കൂട്ടത്തിൽപ്പെട്ട പതിനേഴാമത്തെ കേസിലേക്കാണ് അടുത്തയാത്ര. കുംഭകോണത്തിനടുത്ത് നൂറ്റാണ്ടുകൾ പഴക്കമുള്ള ഒരു കോവിൽ. ബുൾഡോസർവെച്ച് ഇടിച്ചുനിരപ്പാക്കിയിട്ടിരിക്കയാണ്. കേസുമായി ചെന്നപ്പോൾ അവിടത്തെ വിഗ്രഹങ്ങൾ ഒരു ഷെഡ്ഡുകെട്ടി അതിൽ സൂക്ഷിച്ചിട്ടുണ്ട്. ബി.ജെ.പി. നേതാവ് രാജ ക്ഷേത്രം സന്ദർശിക്കാൻ വരുന്നു. രംഗരാജനെയും അവിടേക്ക് ക്ഷണിച്ചിട്ടുണ്ട്. ഞങ്ങളും കൂടെക്കൂടി. കുംഭകോണത്തിനടുത്ത് മാനമ്പാടിയിലാണ് ആ കോവിൽ. തഞ്ചാവൂർ ബൃഹദീശ്വരൻ കോവിലിലും കയറിയാണ് അങ്ങോട്ടുപോയത്. വഴിക്ക് ഞങ്ങൾക്ക്‌ ഭക്ഷണംകഴിക്കാൻവേണ്ടി നിർത്തിയെങ്കിലും രംഗരാജൻ കൂടെയിരുന്നതല്ലാതെ ഒന്നും കഴിച്ചില്ല. പുറത്തുനിന്ന് ആഹാരമൊന്നും കഴിക്കാറില്ല. നീണ്ട യാത്രയാണെങ്കിൽ പഴംമാത്രം കഴിക്കും. അതും ഒരു പാരമ്പര്യവഴി. 
 മാനമ്പാടിയിലെത്തി കാറിൽ നിന്നിറങ്ങുമ്പോൾ ആളുകൂടാൻ തുടങ്ങി. രഹസ്യപ്പോലീസുകാരനെപ്പോലൊരാളും ചുറ്റിനടക്കുന്നുണ്ടായിരുന്നു. ശരിയാണ് അദ്ദേഹം സ്പെഷൽബ്രാഞ്ചിൽനിന്നുള്ള പോലീസായിരുന്നു.

എന്താണ് പ്രശ്നമെന്ന്‌ അയാൾ ഞങ്ങളോടും അന്വേഷിക്കാൻ വന്നു. രംഗരാജൻ കൃത്യമായ മറുപടി നൽകി. സ്ഥലത്തെ പ്രധാനപത്രക്കാരും ചാനലുകാരും എത്തി. കാര്യങ്ങളുടെ നിജസ്ഥിതി ആധികാരികമായി പറയാൻ രംഗരാജനേ ഉണ്ടായിരുന്നുള്ളൂ. കാരണം, അയാൾ കാര്യങ്ങൾ പഠിച്ചിട്ടുണ്ട്. ചാനൽമൈക്കുകളും പത്രക്കാരുടെ പേനയും അയാൾക്കുചുറ്റിലേക്ക് മാറിയതും നിമിഷംകൊണ്ടായിരുന്നു. ആർജവമുള്ള വാക്കുകളിൽ രംഗരാജൻ കാര്യങ്ങൾ വിവരിക്കുമ്പോൾ ആ ഊർജം കണ്ട് അദ്‌ഭുതം തോന്നി. ഭക്ഷണം കഴിക്കാതെ, വെള്ളം കുടിക്കാതെ ഈ മനുഷ്യൻ വളരെ ആവേശത്തോടുകൂടി സംസാരിക്കുന്നു.  മരുന്നുവല്ലതും കഴിക്കാറുണ്ടോയെന്ന്‌ മടക്കയാത്രയിൽ ചോദിച്ചതും അതുകണ്ടിട്ടായിരുന്നു. ‘‘രോഗങ്ങൾ അങ്ങനെ വരാറില്ല. കുരുമുളക്, ഇഞ്ചി പോലുള്ള തനിനാടൻ മരുന്നുകൾമാത്രം’’ എന്നായിരുന്നു മറുപടി. രംഗരാജൻ തന്റെ യാത്ര തുടരുന്നു, പഴയകാലത്തിന്റെ തലയെടുപ്പുകൾ എവിടെയെങ്കിലും തകരുന്നോ എന്നന്വേഷിച്ചുകൊണ്ട്...