ജ്ഞത ഇരുട്ടാണ്. അറിവിന്റെ എല്ലാവാതായനങ്ങളും സ്വയം കൊട്ടിയടയ്ക്കുന്ന മൗഢ്യം. ആ മൂഢതയില്‍നിന്ന് രക്ഷനേടാനുള്ള ഒരേയൊരുമാര്‍ഗം അവനവനിലെ അക്ഷയമായ ശക്തിസ്രോതസ്സുകളെ തിരിച്ചറിയുക എന്നതുമാത്രമാണ്. നവരാത്രിയുടെ സഫലമായ ഒന്‍പതാംദിനം. 

സര്‍വാഭീഷ്ടകാരിയായ സിദ്ധിദാത്രിയായി ദേവീഭാവത്തെ നാം മനനംചെയ്യുന്നു. വാക്കും ചിന്തകളുമടക്കി കര്‍മവും കര്‍മഗതികളും പരമമായ ഒരു ചൈതന്യത്തിനുമുന്നില്‍ പൂജയായി സമര്‍പ്പിച്ച് മിഴിയടക്കി മൊഴിയൊതുക്കി ഇന്ദ്രിയനിഗ്രഹം ശീലിച്ച് ശമം സാധനയാക്കിയദിനങ്ങളാണ് നവരാത്രി വ്രതത്തിന്റേത്. തന്നിലെ അധമഭാവങ്ങള്‍ അകറ്റി, ചിന്തയുടെ പരിമിതികള്‍ തീര്‍ത്ത് അറിവിന്റെ വിശാലമായ ലോകത്തേക്ക് ഉപനയിക്കുന്ന സിദ്ധിദാത്രിയാണ് ദേവി. നവനവോന്മേഷശാലിനിയായ പ്രജ്ഞയുള്ളിലുണരാന്‍, അത് വാക്കായി, ചിന്തയായി, കര്‍മകുശലതയായി, സംഗീത, നൃത്ത, സാഹിത്യഭാവങ്ങളിലൂടെ ലോകത്തിന് ആസ്വാദനത്തിന്റെ ഭാവതലങ്ങള്‍ പകര്‍ന്ന് നിറഞ്ഞുപടരാന്‍ പ്രപഞ്ചശക്തിക്കുമന്നില്‍ സ്വയംസമര്‍പ്പിക്കുന്ന മഹാനവമി ദിനം. 

ക്ഷേമൈശ്വര്യങ്ങളോടെ ഒരു സമൂഹം അതിന്റെ പൂര്‍ണമഹത്ത്വത്തിലേക്കുണരാന്‍ വിഭാവനംചെയ്ത ശക്തിഭാവങ്ങളെയാണ് നാം ദുര്‍ഗ-ലക്ഷ്മി-സരസ്വതീഭാവത്തില്‍ കല്പിച്ചത്. വിദ്യയുടെ വ്യാപ്തിയും അഗാധതയും സമ്പൂര്‍ണമായും ഉള്‍ക്കൊള്ളുന്ന ഒരു കാവ്യഭാവനയും ശാസ്ത്രകല്പനയും തത്ത്വരചനാശക്തിയും സമന്വയിക്കപ്പെട്ട  ഏകീഭൂതരൂപമാണ് സരസ്വതി. 

സരിക്കുക (പ്രവഹിക്കുക) എന്ന സ്വഭാവത്തോടുകൂടിയവള്‍. പ്രവാഹസ്വഭാവത്തോടുകൂടിയതാണ് വിദ്യ. പ്രപഞ്ചത്തില്‍ ആദ്യമായി രൂപപ്പെട്ടത് ശബ്ദമാണ്. അവ്യക്താവസ്ഥയില്‍നിന്നും പ്രപഞ്ചത്തിന്റെ ഊര്‍ജാവസ്ഥയ്ക്ക് പരിണാമമുണ്ടായപ്പോള്‍ ആദ്യമായി രൂപപ്പെട്ടതാണ് ശബ്ദം. ശബ്ദമാണ് വിദ്യയുടെ മൗലിക ഏകകം. സരസ്വതീദേവി വിദ്യയുടെ ശാസ്ത്രവും ജീവിതത്തിന്റെ വ്യവസ്ഥയും പ്രപഞ്ചത്തിന്റെ ഉത്പത്തി-പരിണാമ-വികാസങ്ങളും സംവഹിക്കുന്ന ശക്തിയുടെ സ്ത്രീഭാവകല്പനയാണ്. അറിവിന്റെ ആദ്യക്ഷരം കുറിക്കുമ്പോള്‍ സരസ്വതിയെ സ്മരിക്കുന്നതും ഈ ചിന്തയോടെയാണ്.

ശക്തിയുടെ ഒന്‍പത് ഭാവങ്ങളിലുള്ള ആവിഷ്‌കാരസാധ്യതകളാണ് നവരാത്രിയിലെ ദേവീസങ്കല്പങ്ങള്‍ക്ക് പിന്നിലെ തത്ത്വം. ആചാരങ്ങള്‍ക്കും ഉപാസനകള്‍ക്കും അതീതമായി അവനവനിലെ സ്വത്വത്തെ സാക്ഷാത്കരിക്കാനും അതിന്റെ എല്ലാ ഭാവതീവ്രതയോടുംകൂടി ഉള്‍ക്കൊള്ളാനുമുള്ള തിരിച്ചറിവിന്റെ ദിനങ്ങള്‍. ശക്തിയായും ബുദ്ധിയായും അറിവായും അഭയമായും ഐശ്വര്യമായും പ്രകൃതിയായും മാതാവായും പ്രപഞ്ചത്തെ ധരിക്കുന്ന സ്ത്രീഭാവങ്ങളുടെ ശക്തമായ ആവിഷ്‌കാരം. ഈ പ്രബുദ്ധതയിലേക്കുള്ള ഉണര്‍വാകട്ടെ നമുക്ക് നവരാത്രിക്കാലം.

(ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജ് സംസ്‌കൃതവിഭാഗം അസി. പ്രൊഫസറാണ് ലേഖിക)