കല ജീവജാലങ്ങളും അമ്മയുടെ മക്കളാണ്. അമ്മയ്ക്ക് മക്കളെല്ലാം ഒരുപോലെയാണ്. ആ തമ്പുരാട്ടിയുടെ തിരുമുടി ഉയരുകയാണ് കുഞ്ഞിമംഗലം പുറത്തെരുവത്ത് മുച്ചിലോട്ട് ഭഗവതിക്ഷേത്ര തിരുമുറ്റത്ത്. ചീനിക്കുഴലിന്റെ സ്നേഹസംഗീതം കേൾക്കാൻ, ധനുമാസക്കുളിരിലെ കനലാട്ടത്തിൽ തമ്പുരാട്ടിയമ്മയെ കൺകുളിർക്കെ കാണാൻ കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കുകയാണ് പതിനായിരങ്ങൾ.

പെരിഞ്ചെല്ലൂരിൽനിന്ന് ഭൃഷ്ട് കല്പിച്ച് പുറത്താക്കപ്പെട്ട ബ്രാഹ്മണകന്യകയാണ് മുച്ചിലോട്ട് ഭഗവതിയെന്നാണ് വിശ്വാസം. വടക്കോട്ടുള്ള യാത്രയിൽ രയരമംഗലത്ത് അഗ്നികുണ്ഡം തീർത്ത് ജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ചു. അതുവഴിയെത്തിയ മുച്ചിലോട്ട് വാണിയനോട് അഗ്നിയിൽ എണ്ണയൊഴിക്കാൻ തമ്പുരാട്ടി അഭ്യർഥിച്ചു. ആളിക്കത്തിയ തീയിൽ ചാടി കന്യക ജീവിതംഅവസാനിപ്പിച്ചു. വാണിയൻ പടിഞ്ഞാറ്റയിൽ കൊണ്ടുവെച്ച തുത്തികയിൽ എണ്ണ നിറഞ്ഞുകവിഞ്ഞു. വെള്ളം കോരാൻ കിണർവക്കിലെത്തിയപ്പോൾ 'വെള്ളിയൻ' എന്ന കരിമ്പനയിൽ ദിവ്യരൂപവും കണ്ടു. ദേഹത്യാഗംചെയ്ത ദേവകന്യാവ് ഭഗവതിയായെന്ന് മനസ്സിലാക്കി പേരു ചോദിച്ചു. 'നീയൊരു മുച്ചിലോടൻ പടനായരെങ്കിൽ ഞാനൊരു മുച്ചിലോട്ട് ഭഗവതി' എന്നായിരുന്നു ദേവിയുടെ മറുപടി. അങ്ങനെ പടനായരുടെ വീട് ആദിമുച്ചിലോട്ടായി.

പുറത്തെരുവത്ത് മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിന് പിന്നിലുമുണ്ടൊരു ഐതിഹ്യം. കോക്കാട്ട് മുച്ചിലോട്ട് കാവിലെ പെരുങ്കളിയാട്ടം കാണാൻ കുഞ്ഞിമംഗലത്തുനിന്ന് ആറുവീട്ടിലെ നമ്പ്യാർ അമ്മമാർ പോയി. ഭഗവതിയെ കൺകുളിർക്കെ കണ്ട് അനുഗ്രഹം വാങ്ങി തൃപ്തിയാകാതെ സങ്കടത്തോടെയാണ് അവർ മടങ്ങിയത്. തോന്തോടിന് പടിഞ്ഞാറും അമ്മന്തോടിന് തെക്കും വള്ള്വക്കുറുപ്പിന്റെ സ്ഥലത്തെ പ്ലാവിൻ ചുവട്ടിൽ അവർ വെള്ളോലക്കുടവെച്ച് മടക്കത്തിൽ വിശ്രമിച്ചു. ചെമ്മട്ടിലാനഗരം ചാണത്തലയൻ കാരണവർ അവരെ സത്കരിച്ചു. ഇവിടെയൊരു മുച്ചിലോട്ട് കാവുണ്ടായിരുന്നെങ്കിലെന്ന വേദന പങ്കിട്ട് അമ്മമാർ യാത്ര തുടരാനൊരുങ്ങി. അപ്പോൾ കുടയിൽ ദിവ്യചൈതന്യം തെളിഞ്ഞുകണ്ടു. ഗണകരെത്തി. ആറുവീട്ടമ്മമാരുടെ വെള്ളോലക്കുടയിൽ മുച്ചിലോട്ട് ഭഗവതി കോക്കാട്ടുനിന്ന്‌ പുറത്തെരുവത്തേക്ക് വന്നതായി തെളിഞ്ഞു. അമ്മമാർ വിശ്രമിച്ച സ്ഥലം വള്ള്വക്കുറുപ്പിൽനിന്ന് ഏറ്റുവാങ്ങി. ഇന്നുകാണുന്ന മുച്ചിലോട്ട് നിർമിച്ചു.

ഒരു വ്യാഴവട്ടത്തിനുശേഷം പുറത്തെരുവത്ത് വീണ്ടും പെരുങ്കളിയാട്ടം വന്നെത്തുകയാണ്. കായക്കഞ്ഞിക്കായി പാണവയലിൽ പൊൻകതിർ വിളഞ്ഞു. വണ്ണാച്ചാലിൽ കന്നിക്കലവറയിലേക്കുള്ള നേന്ത്രക്കുലകൾ വിളഞ്ഞു. കുറിയിട്ട് പൂജിച്ച് മുറിച്ച നാൾമരം കൊണ്ട് കന്നിക്കലവറയും നാലിലപ്പന്തലും ഒരുങ്ങി. പാലയും പച്ചോലയും കൊണ്ട് കന്നിക്കലവറ തയ്യാറായി. പട്ടുവിരിച്ച പലകയിൽ ഭണ്ഡാരവും തട്ടിൽക്കുറിയും ദീപവുംവെച്ച്‌ കാരണവന്മാർ നോറ്റിരുന്നു.

ചെറുജന്മാവകാശികളായ കുറുവാട്ട് വണ്ണാന്മാരിൽനിന്ന് വരച്ചുവെക്കൽ ചടങ്ങിലൂടെ ഭഗവതിയുടെ കോലധാരിയെ തിരഞ്ഞെടുത്തു. കുച്ചിലിൽ വിളക്കും പലകയുംവെച്ച് വാൽക്കണ്ണാടിയും പൊയ്ക്കണ്ണും എതിർപ്പല്ലും വെച്ച് മുച്ചിലോട്ടമ്മയെ സങ്കല്പിച്ച് കോലക്കാരൻ സജീവ് പെരുവണ്ണാൻ വ്രതം തുടങ്ങി. അടിയന്തിരക്കാരും കഴകക്കാരും ചേർന്ന് മേലേരിക്കുവേണ്ട പ്ലാവ് കുറിയിട്ട് മുറിച്ചു. ആ മരത്തിൽ ഭഗവതിക്കുള്ള പുതിയ പീഠത്തിന്റെ പണി തുടങ്ങി. കലശം കുളിച്ച് വ്രതശുദ്ധിവരുത്തിയ വാല്യക്കാർ അടുക്കളയിൽ കനകപ്പൊടി ഏറ്റുവാങ്ങി. കുഴിയടുപ്പിൽ ദീപം തെളിഞ്ഞു.  

കളിയാട്ടം കൂടിയാൽ മൂന്നാംദിവസം കൊടീലത്തോറ്റം. കോലക്കാരന്റെ കൈയിലെ കൊടിയിലയിൽ അമ്മ കുടികൊള്ളും. കൊടീലയിൽ കത്തുന്ന തിരി കുച്ചിലിലെ കൈവിളക്കിലേക്ക് പകരും. അതിന്റെ വെളിച്ചത്തിൽ തിരുമുഖത്തൊപ്പിക്കൽ. തിരുമുറ്റത്ത് തിരശ്ശീലകൾക്കപ്പുറത്ത് ചമയിക്കൽ. പെണ്ണുങ്ങൾ കുരവയിടുന്നു. താലികെട്ടാൻ ചരടിൽ കോർത്ത പൊൻതാലിയുമായി അന്തിത്തിരിയൻ വരും. പെട്ടെന്ന് അശരീരി. അന്തിത്തിരിയന് വാലായ്മ. അതോടെ താലികെട്ട് കല്യാണം മുടങ്ങുന്നു. മംഗലക്കുഞ്ഞി നിത്യകന്യകയായി മാറുന്നു. കന്നിഭാഗത്തുള്ള കൈലാസക്കല്ലിൽ കോടിസൂര്യപ്രഭപോലെ പൊന്നുംതമ്പുരാട്ടിയുടെ തിരുമുടി നിവരുന്നു.

ക്ഷേത്രച്ചടങ്ങുകൾ ഒറ്റനോട്ടത്തിൽ

ഞായറാഴ്ച രാവിലെ ഏഴിന് ആചാര്യ സ്വീകരണത്തോടെ പെരുങ്കളിയാട്ടത്തിന്റെ ഭാഗമായുള്ള ക്ഷേത്രച്ചടങ്ങുകൾ തുടങ്ങും. എട്ടിന് കലശംകുളി. പത്തിന് ചാണത്തലയൻ തറവാട് പ്രതിനിധി പഞ്ചസാരക്കലം സമർപ്പിക്കും. ഉച്ചയ്ക്ക് 12-ന് കളിയാട്ടം തുടങ്ങൽ. രണ്ടിന് ക്ഷേത്രതിരുമുറ്റത്ത് വെള്ളോലക്കുടവെയ്പ്. ശേഷം ഭഗവതിയുടെ തോറ്റത്തിന് പീഠം ഏറ്റുവാങ്ങും. മൂന്നിന് മുച്ചിലോട്ട് ഭഗവതിയുടെ തോറ്റം. പുലിയൂർ കണ്ണൻ ദൈവത്തിന് കൊടിയില കൊടുക്കൽ. വൈകിട്ട് അഞ്ചിന് മുതുവടത്ത് കളരിയിലേക്ക് എഴുന്നള്ളിച്ച് ദീപവും തിരിയും കൊണ്ടുവരൽ. ആറരയ്ക്ക് പുലിയൂർ കണ്ണൻ ദൈവത്തിന്റെ വെള്ളാട്ടം. ഏഴുമണി മുതൽ അന്നദാനം.

തിങ്കളാഴ്ച പുലർച്ചെ മൂന്നിന് പുലിയൂർ കണ്ണൻ ദൈവത്തിന്റെ പുറപ്പാട്. ആറിന് കണ്ണങ്ങാട്ട് ഭഗവതിയുടെ പുറപ്പാട്. എട്ടിന് പുലിയൂർ കാളിയുടെ പുറപ്പാട്. 10-ന് കുണ്ടോർചാമുണ്ഡിയുടെ പുറപ്പാട്. 11 മണി മുതൽ അന്നദാനം. മൂന്നിന് മുച്ചിലോട്ട് ഭഗവതിയുടെ തോറ്റം. പുലിയൂർ കണ്ണൻ ദൈവത്തിന് കൊടിയില കൊടുക്കൽ. അഞ്ചരയ്ക്ക് പുലിയൂർ കണ്ണൻ ദൈവത്തിന്റെ വെള്ളാട്ടം. ഏഴുമുതൽ അന്നദാനം.
ചൊവ്വാഴ്ച പുലർച്ചെ മൂന്നിന് പുലിയൂർ കണ്ണൻ ദൈവത്തിന്റെ പുറപ്പാട്. രാവിലെ ആറിന് കണ്ണങ്ങാട്ട് ഭഗവതിയുടെ പുറപ്പാട്. എട്ടിന് പുലിയൂർ കാളിയുടെ പുറപ്പാട്. 10-ന് കുണ്ടോർചാമുണ്ഡിയുടെ പുറപ്പാട്. 11 മണി മുതൽ അന്നദാനം. 12-ന് അടിച്ചുതളിതോറ്റം. രണ്ടിന് കൂത്ത്, ചങ്ങനും പുങ്ങനും. മൂന്നിന് മംഗല്യക്കുഞ്ഞുങ്ങളോടുകൂടിയുള്ള മുച്ചിലോട്ട് ഭഗവതിയുടെ തോറ്റം. പുലിയൂർ കണ്ണൻ ദൈവത്തിന്റെ വെള്ളാട്ടത്തിന് കൊടിയില കൊടുക്കൽ. 5.30-ന് വെള്ളാട്ടം. രാത്രി ഏഴുമുതൽ അന്നദാനം.

ബുധനാഴ്ച പുലർച്ചെ 2.30-ന് പുലിയൂർ കണ്ണൻ ദൈവം. മൂന്നരയ്ക്ക് തലച്ചറൻ കൈക്കോളൻ

ദൈവം. നാലിന് മേലേരിക്കുള്ള വിറക് തിരുമുറ്റത്തെത്തിക്കൽ. നാലരയ്ക്ക് മുച്ചിലോട്ട് ഭഗവതിയുടെ തോറ്റം. അഞ്ചരയ്ക്ക് കുളിച്ചുതോറ്റം. മുച്ചിലോട്ട് ഭഗവതിക്ക് കൊടിയില കൊടുക്കൽ. ഏഴിന് നരമ്പിൽ ഭഗവതി. 10-ന് കുണ്ടോർ ചാമുണ്ഡി. 12-ന് മേലേരി കൈക്കൊള്ളൽ. 12.30-ന് മുച്ചിലോട്ട് ഭഗവതിയുടെ തിരുമുടി നിവരൽ. 1.30 മുതൽ അന്നദാനം. രാത്രി 12-ന് മുച്ചിലോട്ട് ഭഗവതിയുടെ തിരുമുടി എടുക്കൽ. രണ്ടിന് വെറ്റിലാചാരം.

Content Highlight: Teyyam, Muchilottu Bhagawati, Kannur