1910 ഓഗസ്റ്റ് 26: ഒരു മാലാഖയുടെ പിറന്നാളാണ്. സാമ്രാജ്യങ്ങളും കോളണികളുമായി, സുല്‍ത്താന്മാരും ചക്രവര്‍ത്തിമാരും സ്വയം അവരോധിത ഖലീഫമാരും ഭൂമിയെ പങ്കിട്ടെടുത്തിരുന്ന കാലത്തായിരുന്നു ആ വിശുദ്ധ ജനനം.
നൂറ്റാണ്ടുകളോളം ഓട്ടോമന്‍ ഖലീഫയുടെ ഭരണത്തിന്‍ കീഴിലായിരുന്ന ബഹുമത രാജ്യമായ അല്‍ബേനിയയിലെ, സ്‌കോപ്‌ജെ എന്ന ചെറുപട്ടണത്തില്‍, നിര്‍മ്മാണ പ്രവൃത്തികളുടെ കരാറുകാരന്‍ നിക്കോളാസ് ബൊജെക്‌സിയുടെയും വെനീസുകാരി ഡ്രാഫിലെ ബെര്‍ണായിയുടെയും മൂന്നാമത്തെ കുഞ്ഞായിട്ടായിരുന്നു തിരുപ്പിറവി. ആ കുഞ്ഞുമാലാഖയെ മാതാപിതാക്കള്‍ 'മേരി തെരേസ ബോജെക്‌സി' എന്നു പേര്‍ വിളിച്ചു; ലോകം പിന്നീട് മദര്‍ തെരേസ എന്നും.
സാമാന്യം ധനികരായിരുന്നു ബോജെക്‌സി കുടുംബം. ഒരു ചേട്ടനും ചേച്ചിയും തെരേസക്ക് കൂടപ്പിറപ്പുകള്‍. മക്കളുടെ വിദ്യാഭ്യാസത്തില്‍ ഏറെ ശ്രദ്ധയുള്ളവരായിരുന്നു അച്ഛനും അമ്മയും. തെരേസ ചെറുപ്പം മുതല്‍ മതവിദ്യാഭ്യാസത്തില്‍ താല്‍പര്യം കാണിച്ചപ്പോള്‍ അതു നല്‍കുന്നതില്‍ സ്‌നേഹ നിധിയായ അമ്മ പ്രത്യേകം ശ്രദ്ധിച്ചു. ഉദാരമതിയും തികഞ്ഞ മതവിശ്വാസിയും ദൈവഭക്തയും ദാനശീലയുമായ ഡ്രാഫിലെ ബെര്‍ണായി, കൊച്ചു തെരേസയ്ക്ക് ഒരു മാതൃകാമാതാവായി. തന്നെ പ്രാപ്തയായൊരു ജീവകാരുണ്യ പ്രവര്‍ത്തകയാക്കിയെടുക്കുന്നതില്‍ അമ്മയുടെ ദീന ദയാലുത്വവും ഉപദേശങ്ങളും ഏറെ സ്വാധീനിച്ചിട്ടുണ്ടെന്നവര്‍ പറയാറുണ്ടായിരുന്നു.
ഫാദര്‍ സെലസ്‌തേ വാന്‍എക്‌സം, മദര്‍ തെരേസയുടെ മത വിദ്യാഭ്യാസത്തിന്ന് മേല്‍നോട്ടം വഹിച്ച പുരോഹിതന്റെ പേരാണ്. സമാധാനത്തിന്റെയും കാരുണ്യത്തിന്റെയും വെള്ളരിപ്രാവായ കൊച്ചു തെരേസയുടെ ഏറെയൊന്നും അറിയപ്പെടാത്ത ബാല്യ-കൗമാര ജീവിതം അനാവൃതമാകുന്നത് 1979ല്‍ നോബല്‍ സമ്മാന സ്വീകാര വേദിയിലാണ്. മദര്‍ തെരേസയുടെ ജ്യേഷ്ഠ സഹോദരന്‍ ലാസര്‍ ആ പുണ്യജീവിതത്തിന്റെ ബാല്യകാല ചിത്രങ്ങള്‍ അന്നാണ് ലോകത്തിന് മുന്നില്‍ വെളിപ്പെടുത്തിയത്.
ഭക്ഷണപദാര്‍ത്ഥങ്ങളെന്നല്ല, മറ്റേത് ഉപയോഗവസ്തുക്കളും പാഴാക്കുന്നത് മദറിന് ഇഷ്ടമായിരുന്നില്ല. കുഞ്ഞുകുട്ടിയായിരിക്കുമ്പോള്‍ തന്നെ ഈ ശീലം തന്നില്‍ ഊട്ടിയത് അമ്മയാണെന്ന് അവര്‍ ഓര്‍മിക്കാറുണ്ടായിരുന്നു. അച്ഛന്‍ നിക്കോളാസ് ബോജെക്‌സി കാലത്തിനൊപ്പം യാത്രയാവുമ്പോള്‍, കൊച്ചു മേരി തെരേസയ്ക്ക് ഏഴുവയസ്സു മാത്രമേ പ്രായമായിരുന്നുള്ളൂ. അച്ഛന്റെ ബിസിനസ്സ് പങ്കാളി കള്ളക്കളികളിലൂടെ ബിസിനസ്സ് സ്വന്തമാക്കിയപ്പോള്‍, ധനികനായ അച്ഛന്റെ മക്കള്‍ ദാരിദ്ര്യത്തിന്റെ വേദനയും ഭയാനകതയുമറിഞ്ഞു. ദുര്‍വിധിയുടെ ഭീകരമുഖത്ത് പതറാതെ അമ്മ ഡ്രാഫിലെ ബെര്‍ണായി, മക്കളുടെ ഭാവി കരുപ്പിടിപ്പിക്കാനുള്ള ചുമതല സ്വയമേറ്റു. തന്റെ ജീവിത പങ്കാളിയുടെ പാതയില്‍ തന്നെ ചെറിയൊരു ബിസിനസ്സുമായി അവര്‍ അതിജീവനത്തിന് വഴി കണ്ടെത്തി. മക്കള്‍ക്ക് മുന്തിയ വിദ്യാഭ്യാസം നല്‍കി. ആശങ്കയുടെ ഈ ഘട്ടത്തിലാണ് മേരി തെരേസ ചര്‍ച്ചുമായി കൂടുതലടുക്കുന്നത്. പള്ളിയിലെ പുസ്തകശാല അവരുടെ ഏറ്റവും പ്രിയപ്പെട്ട ഇടമായി.
കൗമാരത്തിലേക്ക് ചുവടുവെയ്ക്കും മുന്നേ കന്യാസ്ത്രീയാകണമെന്ന് ബാലികാ മനസ്സില്‍ തളിരിട്ട മോഹം അമ്മയോട് പ്രകടിപ്പിച്ചെങ്കിലും കൊച്ചു കുട്ടിയുടെ വിഭ്രമങ്ങളായി മാത്രമേ അമ്മ ആ താല്‍പര്യത്തെ പരിഗണിച്ചുള്ളൂ. നിഷേധിക്കപ്പെട്ട ആഗ്രഹം പക്ഷെ, കൂടുതല്‍ കരുത്തോടെ മനസ്സില്‍ വളര്‍ന്നു. ചര്‍ച്ചുമായുള്ള ബന്ധം കൂടുതല്‍ ദൃഢമായി. സ്‌കൂള്‍ സമയം കഴിഞ്ഞുള്ള മുഴുവന്‍ നേരവും തെരേസ പള്ളിയുമായി ബന്ധപ്പെട്ടു പ്രവൃത്തിച്ചു; ഇത് അമ്മയ്ക്കും താല്‍പര്യമായിരുന്നു.
1925, തെരേസയ്ക്ക് അന്ന് 15 വയസ്സ്. ആ വര്‍ഷം ചര്‍ച്ചില്‍ പാസ്റ്ററായി വന്ന ഫാദര്‍ ജാംബ്രന്‍ കോവിക് സ്ഥാപിച്ച 'സോളിഡാരിറ്റി സൊസൈറ്റി' ശാഖയുടെ പ്രവര്‍ത്തനം തെരേസയെ ആകര്‍ഷിച്ചു. സൊസൈറ്റിയുടെ പ്രവര്‍ത്തനങ്ങളില്‍ അവരും ഭാഗവാക്കായി. തെരേസയുടെ പിന്നീടുള്ള ജീവിതവഴിയില്‍ സോളിഡാരിറ്റി നിര്‍ണായക സ്വാധീനം ചെലുത്തി. മിഷനറി പ്രവര്‍ത്തനങ്ങളെയും ത്യാഗസമ്പന്നമായ കന്യാസ്ത്രീ ജീവിതത്തെയും കുറിച്ച് ഈ സൊസൈറ്റിയിലൂടെയാണ് അവര്‍ കൂടതല്‍ അടുത്തറിയുന്നത്.
യൂഗോസ്ലാവിയന്‍ മിഷനറി സംഘത്തിനൊപ്പം 1924 ല്‍ ഇന്ത്യയിലെ ബംഗാളില്‍ പ്രവര്‍ത്തിച്ച ഫാദര്‍ ജാംബ്രന്റെ അനുഭവസാക്ഷ്യ വിവരണം തെരേസയുടെ ഉള്ളുലച്ചു. ഇല്ലായ്മയുടെ ഇരുള്‍ കയത്തില്‍ തീരമണയാതെ കേഴുന്ന പരസഹസ്രങ്ങളുടെ ജീവിതം നിലവിളിയായി തനിക്കു ചുറ്റും മുഴങ്ങുന്നതായി അവര്‍ക്കു തോന്നി. അനാഥരും അഗതികളുമായ ബംഗാളി ബാല്യങ്ങളുടെ കഥ കേട്ട് അവരുടെ നെഞ്ചില്‍ ഉറവയെടുത്ത കാരുണ്യത്തിന്റെ മഹാപ്രവാഹം കണ്ണീരായി പുറത്തേക്ക് ചാലിട്ടു. ബംഗാളില്‍ പ്രവര്‍ത്തിക്കുന്ന ഐറിഷ് മിഷനറി സംഘത്തിലെ കന്യാസ്ത്രീകള്‍ പ്രഥമവും പ്രധാനവുമായ പരിഗണന നല്‍കുന്നത് വിദ്യാഭ്യാസത്തിന്നാണെന്നു കൂടി അറിഞ്ഞതോടെ തെരേസ കൂടുതല്‍ പ്രചോദിതയായി.
1928, തെരേസയ്ക്ക് പ്രായം 18. ശബളിമയാര്‍ന്ന സ്വപ്നങ്ങള്‍ പൂക്കുന്ന തീക്ഷ്ണ കൗമാരത്തിന്റെ വസന്തകാലം. കൗമാര കുതൂഹുലങ്ങളുടെ വര്‍ണക്കാഴ്ചകള്‍ക്കും അപ്പുറത്തേക്കായിരുന്നു തെരേസയുടെ മനസ്സ് സഞ്ചരിച്ചത്. ആത്മീയതയില്‍ നിന്നുയിരുകൊണ്ട കരുണയായിരുന്നല്ലോ ആ കൗമാരക്കാരിയെ നയിച്ചതും പ്രലോഭിപ്പിച്ചതും. അന്നൊരു രാവില്‍, 'വീടുവിട്ടു പോവുക, കന്യാസ്ത്രീ ജീവിതത്തിലേക്ക്,' എന്ന അശരീരി കേട്ടതായി അവര്‍ പറയുന്നു. കാലത്തു തന്നെ ഫാദര്‍ ജംബ്രാനെ ചെന്നുകണ്ടു താന്‍ കേട്ട അശരീരിയെക്കുറിച്ചു പറഞ്ഞു. 'ഇത് ദൈവവിളിയാണ്. ദൈവം നിന്നെ കന്യാസ്ത്രീയായി തിരഞ്ഞെടുത്തിരിക്കുന്നു. അതാണിനി നിന്റെ ജീവിതം, അതില്‍ മാത്രമാണ് നിനക്ക് സമാധാനം.' പ്രതീക്ഷയും ആശ്വാസവും ഉദ്വേഗവും ആ കൗമാര മനസ്സിനെ മഥിച്ചിട്ടുണ്ടാകണം. അശരീരിയെയും ജീവിതാഭിലാഷത്തെയും കുറിച്ച് തെരേസ അമ്മയോട് പറഞ്ഞു. 'തന്റെ തുടര്‍ ജീവിതം ദൈവ വഴിയിലാവണം. എന്നെ പോകാനനുവദിക്കണം' കൗമാരക്കാരി തെരേസ അമ്മയോടഭ്യര്‍ത്ഥിച്ചു. ഏറെ ആനന്ദദായകമായിരുന്നു അമ്മയുടെ മറുപടി, 'ദൈവത്തിന്റെ കരങ്ങളില്‍ കരം കോര്‍ത്ത് നീ മുന്നോട്ടു പോവുക, ദൈവത്തോടൊപ്പം.' ലോക ചരിത്രത്തില്‍ ഒരു പുതിയ അധ്യായമാണ് തന്റെ ഈ വാക്കുകളിലൂടെ വിരചിതമാവുന്നതെന്ന് ആ അമ്മ അപ്പോള്‍ നിനച്ചിട്ടുണ്ടായിരിക്കില്ല.
അതേവര്‍ഷം, 1928 സെപ്തംബര്‍ 26 നാണ് മേരി തെരേസ ആ മഹായാത്രയുടെ ആദ്യ ചുവടു വെയ്ക്കുന്നത്. തന്റെ ജീവിതം ലോകത്തെ അശരണര്‍ക്കായി സമര്‍പ്പിക്കാന്‍ അമ്മയ്ക്കും ജ്യേഷ്ഠത്തിയ്ക്കുമൊപ്പം അവര്‍ അയര്‍ലന്റിലെ സഗ്രേബിലേക്ക് തീവണ്ടി കയറി. 'ലോറെറ്റോ അബേ' ചര്‍ച്ചിലായിരുന്നു ആദ്യഘട്ട താമസവും പഠനവും. ശിഷ്ടകാല ജീവിതം മുഴുവന്‍ തന്റെ ഭാഷയായി ഉപയോഗിച്ച ഇംഗ്ലീഷ് അവര്‍ പഠിക്കുന്നത് ഈ അവസരത്തിലാണ്. രണ്ടു മാസത്തിനു ശേഷം, നവംബര്‍ അവസാനവാരം, മുമ്പേ ആഗ്രഹിച്ചു നിശ്ചയിച്ചപോലെ തെരേസ, ഇന്ത്യയിലേക്ക് കപ്പല്‍ കയറി. കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ലോകത്തിനു മുന്നില്‍ പുതിയ വഴിയും വെളിച്ചവുമാവാന്‍.
കല്‍കട്ടയിലെ ആദ്യകാല ജീവിതാനുഭവങ്ങളെക്കുറിച്ച് അവരധികം പറഞ്ഞതായി കേട്ടിട്ടില്ല. 1929 ജനുവരി ആറാം തീയതിയാണ്, വ്യവസായവല്‍കരണത്തിന്റെ ആദ്യപടിയായി 1854 ല്‍ പ്രവര്‍ത്തനമാരംഭിച്ച ഹൗറ റെയില്‍വേസ്റ്റേഷനില്‍ തെരേസ വണ്ടിയിറങ്ങുന്നത്. ജനുവരി 16 ന്, സുഖവാസ കേന്ദ്രവും കല്‍ക്കത്തയില്‍ നിന്ന് 400 കിലോമീറ്റര്‍ അകലെയുള്ള ഹില്‍ സ്റ്റേഷനുമായ ഡാര്‍ജിലിംഗിലേക്കയച്ചു. ഒരു കന്യാസ്ത്രീയായി ചുമതലകളേല്‍ക്കുന്നതിനുള്ള ആദ്യ പരിശീലനങ്ങള്‍ അവര്‍ക്ക് ലഭിക്കുന്നത് കല്‍കത്തയ്ക്കടുത്തുള്ള മഞ്ഞുമൂടിയ ഗിരി പ്രദേശമായ കാഞ്ചന്‍ജംഗയില്‍ നിന്നാണ്. ഇന്ന് ഇന്ത്യാ നേപ്പാള്‍ അതിര്‍ത്തി പ്രദേശത്ത് സ്ഥിതി ചെയ്യുന്ന കാഞ്ചന്‍ജംഗ, ഹിമാലയ മലനിരകളുടെ ഭാഗമാണ്. ഇവിടത്തെ ജീവിതവും പരിശീലനവും ഒരുപോലെ കഠിനമായിരുന്നു. പരിശീലനത്തോടൊപ്പം പ്രാദേശിക ഭാഷകളായ ബംഗാളിയും ഹിന്ദിയും സ്വായത്തമാക്കാന്‍ അവര്‍ സമയം കണ്ടെത്തി. കാഞ്ചന്‍ജംഗ കോണ്‍വെന്റിലെ പഠനവും പരിശീലനവും ജീവിതത്തെ രൂപപ്പെടുത്തുന്നതില്‍ നിര്‍ണായകവും ഏറെ സഹായകവുമായിരുന്നുവെന്ന് പിന്നീട് പലപ്പോഴുമവര്‍ ഓര്‍ത്തെടുത്തിട്ടുണ്ട്.
പരിശീലനം പൂര്‍ത്തിയാക്കിയിറങ്ങിയ സിസ്റ്റര്‍ തെരേസ, കല്‍ക്കത്തയിലെ സെന്റ് മേരീസ് സ്‌കൂളില്‍ അധ്യാപികയായി ജീവിതത്തിന്റെ അടുത്തഘട്ടമാരംഭിച്ചു. 1931ല്‍അധ്യാപികയായി സേവനമാരംഭിച്ച സിസ്റ്റര്‍ തെരേസ 1944 ല്‍ പ്രിന്‍സിപ്പലായി ചുമതലയേറ്റു. പതിനേഴു വര്‍ഷത്തെ സ്‌കൂള്‍ സേവന കാലത്തുള്ള സിസ്റ്ററുടെ കൃത്യനിഷ്ഠയെയും കാര്യനിര്‍വ്വഹണങ്ങളിലെ സൂക്ഷ്മതയെയും കുറിച്ച് സഹപ്രവര്‍ത്തകരും വിദ്യാര്‍ത്ഥികളും പലയിടങ്ങളിലും എഴുതുകയും പറയുകയും ചെയ്തതായി കാണാം. ഒപ്പമുള്ളവരുടെ വീഴ്ചകളെയും തെറ്റുകളെയും ആത്മാര്‍ത്ഥതയും സ്‌നേഹവും നിറഞ്ഞ മൃദുവായ ശാസനകൊണ്ടു തിരുത്തി. രാവേറെ വൈകിയും കര്‍മനിരതയാവുന്ന, ഒരിക്കലും കോപിക്കാത്ത, ദൈവ പ്രീതി മാത്രം കാംക്ഷിച്ചു ത്യാഗമനസ്സോടെ, നിസ്വാര്‍ത്ഥ സേവനത്തിന്നായി സ്വയം സമര്‍പ്പിച്ച, വിനയം നിറഞ്ഞ ആ മനസ്സും ശരീരവും അവരുടെ തൂവെള്ള വസ്ത്രം പോലെ പരിശുദ്ധമായിരുന്നു. ലളിത ജീവിതവും ശുചിത്വബോധവും സത്യത്തോടുള്ള പ്രതിബദ്ധതയും അവരുടെ ജീവിതത്തെ കൂടുതല്‍ തിളക്കമാര്‍ന്നതാക്കി. തനിക്കുള്ളതെല്ലാം അതില്ലാത്തവരുടെതാണെന്ന ജീവിത ദര്‍ശനം അവരെ പാവപ്പെട്ടവരുടെയും അശരണരുടെയും ആലംബഹീനരുടെയും അമ്മയാക്കി.
തെരേസമാരുടെ ലോകത്തു തന്നെയാണ് ഹിറ്റ്‌ലര്‍മാരും ജീവിക്കുന്നത്. അധികാരത്തോടും സമ്പത്തിനോടുമുള്ള ഏതാനും മനുഷ്യരുടെ അത്യാര്‍ത്തി വലിയ വിഭാഗം മനുഷ്യരുടെ ജീവിതം നരകതുല്യമാക്കുന്നു. ദുരമൂത്ത മനുഷ്യന്‍ പെയ്യിക്കുന്ന ദുരിതങ്ങളുടെ പെരുമഴയത്ത് കാരുണ്യത്തിന്റെ കുടവിരിച്ചു മാലാഖമാര്‍ ചിലപ്പോള്‍ പറന്നിറങ്ങാറുണ്ട്. കെടുതിയുടെ നിലയില്ലാകയങ്ങളില്‍ സ്‌നേഹത്തിന്റെ ഒരു കൈസഹായവുമായി അവരെത്തും. രണ്ടാം ലോക മഹായുദ്ധത്തിന്റെ ഭയാനകതയില്‍ ലോകം വിറങ്ങലിച്ചു നില്‍ക്കുമ്പോഴാണ് സിസ്റ്റര്‍ തെരേസ തന്റെ യഥാര്‍ത്ഥ ജീവിതദൗത്യം തിരിച്ചറിയുന്നത്. ലോക മഹായുദ്ധത്തിന്റെ കെടുതികള്‍ക്കൊപ്പം ബംഗാള്‍ ക്ഷാമവും അശനിപാതമായി ബംഗാള്‍ ജനതയ്ക്കു മേല്‍ പതിച്ചത് 1943ലായിരുന്നു. രോഗവും പട്ടിണിയും കാരണം ജനങ്ങള്‍ ഈയാംപാറ്റകളെപ്പോലെ ചത്തൊടുങ്ങിയ ഭീകര ദിനങ്ങള്‍. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരവും ബംഗാള്‍ വിഭജനവും ഈ ദുരിതപ്പെയ്തിന് ആക്കം കൂട്ടി. ഇന്ത്യ - പാക്കിസ്ഥാന്‍ വിഭജനത്തെ തുടര്‍ന്നുണ്ടായ,മാനവ കുലചരിത്രത്തിലെ ഏറ്റവും വലിയ പലായനമെന്ന് ചരിത്രം വിശേഷിപ്പിച്ച ഇരട്ടപ്പലായനം എരിതീയിലെ എണ്ണയായി.
ലോകയുദ്ധത്തെ തുടര്‍ന്ന് താല്‍ക്കാലിക ആശുപത്രിയായി മാറ്റിയിരുന്ന തന്റെ പ്രവര്‍ത്തനയിടമായ ലൊ റെറ്റോ കോംപ്ലക്‌സിലെ അന്തേവാസികളായ അനാഥകുഞ്ഞുങ്ങള്‍ക്ക് ഭക്ഷണസാധനങ്ങള്‍ സമാഹരിക്കാനാവാതെ സിസ്റ്റര്‍ വലഞ്ഞു. കല്‍ക്കത്തയിലെ ചേരികളിലെ ദുരിതം നേരത്തെ അറിയാമായിരുന്ന സിസ്റ്റര്‍ തെരേസ, പ്രവൃത്തിക്കുന്ന കരങ്ങളിലൂടെയാണ് ചുണ്ടുകളുടെ പ്രാര്‍ത്ഥന ഫലപ്രാപ്തി നേടുന്നതെന്ന തിരിച്ചറിവില്‍ കര്‍മ പഥത്തിലിറങ്ങി. ഒരു പ്രസ്ഥാനത്തിന്റെ സ്ഥാപനത്തിനകത്തെ കന്യാവ്രതം കൊണ്ടവര്‍ തൃപ്തയായില്ല.
1946 സെപ്തംബര്‍ 10 ന് അവര്‍ കേട്ട അശരീരി: 'ലോറെറ്റോ വിട്ട് കല്‍ക്കത്തയുടെ തെരുവിലേക്കിറങ്ങൂ. അവിടെ കഷ്ടപ്പെടുന്നവര്‍ക്കൊപ്പം ജീവിക്കൂ!' അത്‌ദൈവത്തിന്റെ ആജ്ഞയായിരുന്നു. തന്നില്‍ നിന്നും ദൈവം കൂടുതല്‍ ത്യാഗങ്ങള്‍ ആവശ്യപ്പെട്ട പോലെ. പിന്നീടൊന്നും ചിന്തിച്ചില്ല, മഠമുപേക്ഷിച്ചു ആശ്രമം സ്ഥാപിക്കാന്‍ തീരുമാനിച്ചു. തന്റെ ജീവിതം ഒരു കന്യാസ്ത്രീമഠത്തിന്റെ നാലതിരുകളില്‍ തളച്ചിടേണ്ട ഒന്നല്ല, അത് അശരണര്‍ക്കും നിലാരംബര്‍ക്കും പാവങ്ങളായ ജനങ്ങള്‍ക്കും വേണ്ടിയുള്ളതാണ്. ലോറെറ്റോ വിട്ട് സ്വന്തം ആശ്രമം സ്ഥാപിച്ചതിന്റെ പശ്ചാതലത്തെക്കുറിച്ച് അവര്‍ പിന്നീട് പറഞ്ഞതാണീ വാക്കുകള്‍.
മദറിന്റെ ദത്തുനഗരമാണ് കല്‍ക്കത്ത. ഒരു മകളെ അമ്മയെന്ന പോലെ, കല്‍ക്കത്തയെയും ആ മഹാ നഗരത്തിന്റെ തെരുവുകളേയും തെരുവുജീവിതങ്ങളെയും അവരറിഞ്ഞു, സ്‌നേഹിച്ചു. നവീന്‍ ചൗള, മദര്‍ തെരേസയുടെ ജീവ ചരിത്രമെഴുതിയ ഗ്രന്ഥകാരന്‍, ഒരിക്കല്‍ മദറിനോട് ചോദിച്ചു: 'ആറുപതിറ്റാണ്ടു
കളായി ജീവകാരുണ്യ പ്രവര്‍ത്തനവുമായി മദര്‍ ഈ മഹാനഗരിയില്‍ ജീവിക്കുന്നു; ഇത്രയുംനീണ്ട കാലയളവിനുള്ളില്‍ എന്തൊക്കെ മാറ്റങ്ങളാണ് ഈ നാട്ടുകാരില്‍ കാണാന്‍ കഴിഞ്ഞത്?' 'ഒരുപാടൊരുപാടുണ്ടത്, ഇന്നാട്ടുകാരിപ്പോള്‍ സ്‌നേഹിക്കാന്‍ പഠിച്ചിരിക്കുന്നു. തെരുവില്‍ കിടന്നാരുമിപ്പോള്‍ മരിക്കുന്നില്ല. അവശരായി തെരുവോരത്തു കാണുന്നവരെ ഗൗനിക്കാതെ, ശുശ്രൂഷിക്കാതെ കല്‍ക്കത്തക്കാരിപ്പോള്‍ കടന്നുപോവാറില്ല. അശരണര്‍ക്ക് സ്‌നേഹവും കാരുണ്യവും പകര്‍ന്നു നല്‍കേണ്ടത് തങ്ങളുടെ ഉത്തരവാദിത്വമാണെന്ന് ഇന്ന് കല്‍ക്കത്തയിലെ ജനങ്ങള്‍ വിശ്വസിക്കുന്നു. ഈ കാരണ്യ ബോധം അവരിലുണര്‍ത്തുക മാത്രമായിരുന്നു എന്റെ ദൗത്യം. അതില്‍ ഞാന്‍ വിജയിച്ചു. അതുകൊണ്ടുതന്നെ സംതൃപ്തയാണ് ഞാന്‍.'
തെരുവോരങ്ങളില്‍ യാതനാ ജീവിതം നയിക്കുന്നവരെ സഹായിക്കാന്‍ അശരീരിയായി വന്ന ദൈവകല്‍പന കേട്ട് രണ്ടുവര്‍ഷം കഴിഞ്ഞ്, 1948ലാണ് മഠം വിട്ടു തെരുവില്‍ പ്രവര്‍ത്തിക്കാന്‍ സഭ അനുവാദം നല്‍കിയത്. അങ്ങനെ, 'മിഷനറീസ് ഓഫ് ചാരിറ്റി' എന്ന സേവന സന്യാസസഭയ്ക്ക് മദര്‍ തെരേസ രൂപം നല്‍കി. ഇന്ന് മിഷനറീസ് ഓഫ് ചാരിറ്റിയുടെ കാരുണ്യ പ്രവര്‍ത്തനം, ചൈനയൊഴികെ, ലോകം മുഴുക്കെ പടര്‍ന്നു കിടക്കുന്നു. അനാഥരും രോഗികളും പട്ടിണിക്കാരും അന്തിച്ചേകയില്ലാത്തവരും തെരുവിലേക്ക് വലിച്ചെറിയപ്പെടുന്ന കുഞ്ഞുങ്ങളും വൃദ്ധരുമടങ്ങുന്ന പരസഹസ്രം മനുഷ്യ ജന്മങ്ങള്‍ ആ കരുണയുടെ തണലില്‍ അല്ലലില്ലാത്ത ജീവിതം നയിക്കുന്നു.
1997, സെപ്റ്റംബര്‍ 6 ന്, കല്‍ക്കത്തയുടെ തെരുവുകളേയും ലക്ഷോപലക്ഷം മനുഷ്യ സ്‌നേഹികളെയും കണ്ണീരിലാഴ്ത്തി ആ മഹത്ജീവിത്തിന് കാലം തിരശ്ശീലയിട്ടു.
ഭൂമിയിലെ മാലാഖയുടെ പിന്‍മുറക്കാര്‍, അവര്‍ കൊളുത്തിയ കാരുണ്യത്തിന്റെ ദീപം കെടാതെസൂക്ഷിക്കുന്നു. ആശ്രമത്തിലെ അന്തേവാസികളുടെ എണ്ണംപലമടങ്ങുകളായി വര്‍ദ്ധിച്ചുവെങ്കിലും, അമ്മയുടെ അസാന്നിധ്യമറിയിക്കാതെ മിഷനറീസ് ഓഫ് ചാരിറ്റിയുടെ സഹോദരിമാര്‍ എല്ലാവരെയും ഊട്ടിയും ഉറക്കിയും പരിചരിച്ചും പാര്‍ശ്വവല്‍കൃത ജീവിതങ്ങള്‍ക്ക് അനാഥത്വത്തിന്റെ ഇരുട്ടകറ്റി വെളിച്ചം പകരുന്ന കാഴ്ചക്ക് ഈ കുറിപ്പുകാരന്‍ നേര്‍സാക്ഷിയാണ്.
എണ്‍പത്തി ഏഴാം വയസ്സില്‍, കാലത്തിന്റെ കടത്തുകാരന്‍ വന്നു വിളിക്കും വരെ കര്‍മ്മനിരതയായിരുന്ന അമ്മ ഇന്നും ജനകോടികളുടെ മനസ്സില്‍ സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും അമൃത ദീപമായി വെളിച്ചം പകര്‍ന്നു കൊണ്ടിരിക്കുന്നു.
Content Highlights: Mother Teresa; The robe of mercy