കേരളത്തിനും ലോകത്തിനുംവേണ്ടി, നിറഞ്ഞ പ്രാര്‍ഥനയോടെ ചില ചിന്തകള്‍ പങ്കുവെക്കട്ടെ. മഹാപ്രളയം ഏല്‍പ്പിച്ച ആഘാതം ഓര്‍മയിലും അന്തരീക്ഷത്തിലും തളംകെട്ടിനില്‍ക്കുന്നു. കഷ്ടിച്ചാണ് കേരളം രക്ഷപ്പെട്ടത്. 'തൊണ്ണൂറ്റിയൊന്‍പതിലെ വെള്ളപ്പൊക്കം' എന്നു കേട്ടിട്ടേയുള്ളൂ. അതിന്റെ പ്രചണ്ഡഭാവം നമുക്കിപ്പോള്‍ ഊഹിക്കാം. കലിതുള്ളിയ പ്രകൃതി കേരളത്തെ 'വിഴുങ്ങി, വിഴുങ്ങിയില്ല' എന്നൊരവസ്ഥയ്ക്കു നമ്മള്‍ സാക്ഷികളായി. 
പതിനഞ്ചുവര്‍ഷംമുന്‍പ്, 2002 ജൂലായ് മാസത്തില്‍ നടന്ന ഒരു സംഭവം അനുസ്മരിക്കുകയാണ്. 

അമ്മ അമേരിക്കന്‍ പര്യടനത്തിലായിരുന്നു. റോഡ് ഐലന്‍ഡ് സംസ്ഥാനത്തിലെ ബ്രയന്റ് കോളേജില്‍ ആദ്യദിവസത്തെ പ്രഭാതദര്‍ശനം നടക്കുകയാണ്. പെട്ടെന്ന്, പ്രത്യേകിച്ചു കാരണമൊന്നുമില്ലാതെ, അമ്മ എന്നോടു പറഞ്ഞു, ''ഒരുകാര്യം എല്ലാവരെയും അറിയിക്കണം'' 
 ''എന്താണ് പറയേണ്ടത്?'' ഞാന്‍ ചോദിച്ചു. 
 ''മനുഷ്യമനസ്സും പ്രകൃതിയും വല്ലാതെ പ്രക്ഷുബ്ധമായിരിക്കുന്നു. എല്ലായിടത്തും ഇരുള്‍ ബാധിച്ചതുപോലെ. മനഃശാന്തിക്കും ലോകസമാധത്തിനും വേണ്ടി എല്ലാവരും പ്രാര്‍ഥിക്കണം. മനുഷ്യപ്രയത്‌നംമാത്രം പോര. ഈശ്വരകൃപകൂടി വേണം. എങ്കിലേ അല്‍പ്പമെങ്കിലും മാറ്റം വരൂ. അതുകൊണ്ട്, ഇന്നുമുതല്‍ ദിവസവും 'ലോകാഃ സമസ്താഃ സുഖിനോ ഭവന്തു' (ലോകത്തിലുള്ള സകല ജീവജാലങ്ങള്‍ക്കും സുഖം ഭവിക്കട്ടെ) എന്ന ശാന്തിമന്ത്രം എല്ലാവരും ജപിക്കണം.'' 

അമ്മയുടെ നിര്‍ദേശം കുറിച്ചെടുത്തു. ഉച്ചഭാഷിണിയിലൂടെ അത് എല്ലാവരെയും അറിയിച്ചു. ലോകമെമ്പാടുമുള്ള ഭക്തര്‍ക്ക് ആ സന്ദേശം അയച്ചുകൊടുക്കുകയും ചെയ്തു. അന്നുമുതല്‍ ആ മന്ത്രോച്ചാരണകര്‍മം അമ്മയുടെ മക്കള്‍ക്കൊരു യജ്ഞമായി. ഇന്ന് ഏകദേശം 191 രാജ്യങ്ങളില്‍, കോടിക്കണക്കിനാളുകള്‍ ആ മന്ത്രം പ്രതിദിനം അസംഖ്യം തവണ ഉരുവിടുന്നു. 

2004-നുശേഷം സുനാമി ഉള്‍പ്പെടെ നിരവധി പ്രകൃതിക്ഷോഭങ്ങള്‍ ലോകത്തിന്റെ പല ഭാഗങ്ങളിലായുണ്ടായി. വന്‍ നാശനഷ്ടങ്ങളുണ്ടായി. എണ്ണമറ്റ ജനങ്ങളുടെ ജീവനും ജീവിതവും അത് അപഹരിച്ചു. മനുഷ്യഹൃദയംപോലെ, പ്രപഞ്ചത്തിനുമുണ്ടൊരു ഹൃദയം. അതാണ് എല്ലാ അറിവിന്റെയും പ്രഭവകേന്ദ്രം. അവിടെനിന്ന് അനേകം കൈവഴികളായി ഒഴുകുന്ന ജ്ഞാനത്തിന്റെ രണ്ടു പ്രധാന ശാഖകളാണ് സയന്‍സും ആധ്യാത്മികതയും. യുക്തിയുടെയും ധ്യാനത്തിന്റെയും മാര്‍ഗങ്ങള്‍, ബാഹ്യപ്രപഞ്ചത്തെ വിശകലനം ചെയ്യുന്ന സയന്‍സും അജ്ഞേയമായ ആന്തരിക പ്രപഞ്ചത്തെ പഠനമണ്ഡലമാക്കുന്ന ആധ്യാത്മികതയും. ഒരേ ലക്ഷ്യത്തിലെത്താന്‍ രണ്ടു വഴികളിലൂടെയുള്ള സഞ്ചാരം. 

അമ്മ പറയാറുണ്ട്, ''സയന്‍സിനെയും ആധ്യാത്മികതയെയും വേര്‍പിരിച്ചതാണ് മനുഷ്യന്‍ ചെയ്ത ഏറ്റവും വലിയ അബദ്ധങ്ങളിലൊന്ന്. സയന്‍സിനു പിടികിട്ടാത്ത സ്‌നിഗ്ധ വിഷയങ്ങളുണ്ട്. അതിനുള്ള ഉത്തരങ്ങള്‍ ആധ്യാത്മികശാസ്ത്രത്തിലും ആത്മീയതയ്ക്കു പരിഹരിക്കാനാവാത്ത പ്രശ്‌നങ്ങള്‍ക്കുള്ള സമാധാനം സയന്‍സിലും അന്വേഷിക്കാനുള്ള ആര്‍ജവം നമ്മള്‍ വളര്‍ത്തണമായിരുന്നു. അങ്ങനെ ഒരു പരസ്പരാശ്രയം നാം കെട്ടിപ്പടുക്കേണ്ടിയിരുന്നു.''

ജ്ഞാനത്തിന് പരിണാമം സിദ്ധിച്ച്, വിജ്ഞാനമാകാന്‍ വിവരശേഖരണവും സഹജാവബോധവും (information and intuition) കെകോര്‍ത്തു പോകണം. വിഖ്യാതരായ പല ശാസ്ത്രജ്ഞന്മാരുടെയും ഗവേഷണങ്ങളിലും അതിന്റെ പരിണതഫലത്തിലും 'ഇന്‍ഫര്‍മേഷനും ഇന്റ്യൂഷനും' സുപ്രധാന പങ്കുവഹിച്ചിട്ടുള്ളതായി കാണാം. ശാസ്ത്രം, കല, സാഹിത്യം തുടങ്ങിയ രംഗങ്ങളില്‍ അവിശ്വസനീയമായ വൈഭവം സിദ്ധിച്ചവരുണ്ട്. അവരുടെ സര്‍ഗപ്രതിഭ കണ്ടറിയുമ്പോള്‍ അവരേതോ പരമോച്ചാവസ്ഥയെ സ്പര്‍ശിക്കുന്നതുപോലെ തോന്നും. പക്ഷേ, വ്യക്തിജീവിതത്തില്‍ ആ വൈശിഷ്ട്യങ്ങളൊന്നും അവരില്‍ ദര്‍ശിക്കാന്‍ കഴിഞ്ഞെന്നുവരില്ല. ഉള്ളുണര്‍വിന്റെ ഗിരിശൃംഗത്തിലൊന്നു തൊട്ട് നിലംപതിക്കുന്ന ഒരവസ്ഥ മാത്രമാണത്. മറിച്ച്, തപോനിഷ്ഠയിലൂടെ, മനോനിഗ്രഹം കൈവന്ന ഋഷിയുടെ, സദ്ഗുരുവിന്റെ മനോനില അതല്ല. അവര്‍ ബോധതലത്തിന്റെ പരമപദത്തില്‍ സ്ഥായിത്വം കൈവന്നവരാണ്. 

പ്രവര്‍ത്തനമണ്ഡലം ഏതായാലും ബുദ്ധിയും യുക്തിയുമാണ് ശക്തി എന്നു വിശ്വസിക്കുന്നത് അബദ്ധമാണ്, അഹങ്കാരമാണ്. ചരവും അചരവുമായ സകലതും പാരസ്പര്യത്തിന്റെയും യജ്ഞഭാവത്തിന്റെയും തത്ത്വത്തില്‍ നിലകൊള്ളുമ്പോള്‍, മനുഷ്യന്‍മാത്രം അതിനു കടകവിരുദ്ധമായി പ്രവര്‍ത്തിച്ചാല്‍, പരാജയം സുനിശ്ചിതമാണ്. ഗീതയിലെ ഈ കൃഷ്ണവചനം ഒന്നു ശ്രദ്ധിക്കൂ:  ''അന്നത്തില്‍നിന്നും ഭൂതജാലങ്ങള്‍ ജനിക്കുന്നു. അന്നമാകട്ടെ മഴയില്‍നിന്നുമുണ്ടാകുന്നു. മഴ യജ്ഞത്തില്‍നിന്നും യജ്ഞം കര്‍മത്തില്‍നിന്നും ഉദ്ഭവിക്കുന്നു'' (3: 14).

ഭയാനകമായ പ്രളയജലത്തില്‍ കൊച്ചുകേരളം മുങ്ങിപ്പോകുമോ എന്ന് ആശങ്കപ്പെട്ടപ്പോള്‍, എന്താണ് നമുക്കു രക്ഷയായത്? യജ്ഞഭാവം. പരസ്പരസഹവര്‍ത്തിത്വം. മനസ്സുതുറന്നുള്ള സഹകരണം. ഒരാള്‍ക്കൊരാള്‍ തുണയായി. 'അപരത്വബോധം' അദൃശ്യമായി. എല്ലാവര്‍ക്കും എല്ലാവരുടെയും ദുഃഖം കാണുമാറായി, വേദന തൊട്ടറിയാനായി, കരച്ചില്‍ കേള്‍ക്കുമാറായി. ആര്‍ക്കുനേരേയും സഹായഹസ്തങ്ങള്‍ നീട്ടാനായി. അതാണ്, യജ്ഞം. ആ മനോഭാവമാണ് ഒരു വന്‍വിപത്തില്‍നിന്ന് പരശുരാമക്ഷേത്രത്തെ രക്ഷിച്ചത്. 

സ്വജീവിതം മഹായജ്ഞമാക്കി മാറ്റിയ അമൃതപുരിയിലെ അമ്മ. പ്രാരബ്ധകര്‍മങ്ങളുടെ എരിപൊരികൊള്ളിക്കുന്ന വെയിലില്‍ നടന്നു തളരുമ്പോള്‍, ജീവനു താങ്ങായി, ജീവിക്കാന്‍ പ്രേരണയായി, പ്രപഞ്ചസ്‌നേഹത്തിന്റെ തോരാത്ത മഴയായി പെയ്തിറങ്ങുകയാണമ്മ. ഉള്ളിലുറഞ്ഞ സങ്കടത്തിരകള്‍ കണ്ണീരായി ഒഴുകിയൊലിക്കുമ്പോള്‍, ഒന്നു തലചായ്ചു കരയാന്‍, സ്വന്തം തോളുകളൊരുക്കി, അമ്മ എപ്പോഴും കാത്തിരിക്കുന്നു. 

ആപത്ഘട്ടങ്ങളിലോ ഒരു പ്രത്യേക സാഹചര്യത്തിലോ മാത്രമല്ല, അമ്മ സദാ ഈ യജ്ഞഭാവത്തിലാണ് വര്‍ത്തിക്കുന്നത്. അതുകൊണ്ടായിരിക്കാം എ.പി.ജെ. അബ്ദുള്‍ കലാം ഇങ്ങനെ പറഞ്ഞത്, ''എന്താണ് ഞാന്‍ അമ്മയില്‍നിന്ന് പഠിച്ചത്? കൊടുക്കുക. കൊടുത്തുകൊണ്ടേയിരിക്കുക. അറിവും സ്‌നേഹവും കാരുണ്യവും സമ്പത്തും എന്തും പങ്കുവെക്കാം. അതിലാണ് സന്തോഷം. അതിലാണ് ശാന്തി. അതിലാണ് പരമാനന്ദം. ഇതാണ് ഞാന്‍ അമ്മയില്‍നിന്ന് പഠിച്ചത്.''