Schoolവിദ്യാഭ്യാസം കേവലം ബാഹ്യമായ ഒരു കാര്യം മാത്രമല്ല. അതിൽ ആന്തരികമായ വെളിച്ചങ്ങൾ ഏറെയുണ്ട്. അവ അണയുമ്പോൾ അല്ലെങ്കിൽ അണച്ചുകളയുമ്പോൾ വിദ്യ വികൃതമാവുന്നു. കുട്ടികളിലെ സഹജമായ വാസനകളെ വാടാൻ അനുവദിക്കാതിരിക്കണം വിദ്യാഭ്യാസം...

ദസ്തയേവ്‌സ്കിയുടെ നോവലിലെ ഒരു രംഗം: ഒരു കൊട്ടാരത്തിലെ സദ്യയെപ്പറ്റിയറിഞ്ഞ തെരുവുതെണ്ടികളായ കുട്ടികൾ ഏതാനും പേർ അവിടേക്കോടിച്ചെന്നു. അവരെ കൊട്ടാരത്തിന്റെ പ്രധാന ഗേറ്റിനു മുന്നിൽ വെച്ചുതന്നെ കാവൽക്കാർ നിഷ്‌കരുണം അടിച്ചോടിച്ചു. വന്നതുപോലെത്തന്നെ തിരിച്ചോടുമ്പോൾ അവർക്ക് വിശപ്പിനൊപ്പം അടിയേറ്റതിന്റെ വേദനയും ഉണ്ടായിരുന്നു. അപമാനിതരായ ആ കുട്ടികൾ ആകാശത്തേക്കു െെകയുയർത്തി കരഞ്ഞു എന്നാണ് ദസ്തയേവ്‌സ്കി എഴുതുന്നത്. കരളലിയിക്കുന്ന ഒരു കാഴ്ചയാണിത്. കൊട്ടാരത്തിനുപകരം സ്കൂളുകളെയും വിശന്നോടുന്ന കുട്ടികൾക്കു പകരം പിന്നാക്ക സാഹചര്യങ്ങളിൽ നിന്നുള്ള വിദ്യാർഥികളെയും പകരംവെച്ചു വായിക്കാൻ തുടങ്ങുമ്പോൾ നമ്മുടെ വിദ്യാഭ്യാസവ്യവസ്ഥ ബഹുഭൂരിപക്ഷം വരുന്ന വിദ്യാർഥികൾക്കുനേരേ എന്തു ചെയ്യുന്നുവെന്ന് ബോധ്യമാവും.

വിശപ്പ് മാറാതെ അടിയേറ്റ് അപമാനിതരായി തിരിച്ചോടുന്ന ഈ പരാജിതരെ സാന്ത്വനിപ്പിക്കാൻ, അവരെയറിയാൻ ഇന്നാരും ശ്രമിക്കുന്നില്ല. അച്ഛനമ്മമാർക്ക്, ടീച്ചർമാർക്ക്, ജനങ്ങൾക്ക്, ആർക്കെങ്കിലും ഇവരെ അറിയാനാവുന്നുണ്ടോ? ‘‘കുഞ്ഞേ നീയെന്തുകൊണ്ടു തോറ്റു?’’ ആരെങ്കിലും ഇവരോട് ചോദിക്കുന്നുണ്ടോ?

‘‘ഇന്ത്യൻ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വെച്ചുവിളമ്പുന്ന നിങ്ങളുടെ വിദ്യാഭ്യാസം ഞങ്ങൾക്കൊന്നും തരുന്നില്ല. ഞങ്ങളുടെ ഒരു വിശപ്പും മാറുന്നില്ല’’ എന്ന് പറയാതെ പറയുന്ന, തോറ്റ വിദ്യാർഥികളുടെ ജീവിതം, അതിന്റെ ആഴം ഹൃദയം കൊണ്ടറിയാൻ നമുക്കാവുന്നുണ്ടോ?

ഇതേ വിഷയം മറ്റൊരു എഴുത്തുകാരൻ, വിക്ടർ ഹ്യൂഗോ ‘പാവങ്ങൾ’ എന്ന നോവലിൽ ഒരിടത്ത് ഉന്നയിക്കുന്നുണ്ട്. അദ്ദേഹം എഴുതി: ‘എന്നെ ഏറെ വേദനിപ്പിക്കുന്ന ഒരു കാഴ്ചയുണ്ട്, വിശന്നു മരിച്ച ഒരു കുഞ്ഞിന്റെ മുഖം...’ തുടർന്ന് ഹ്യൂഗോ പറയുന്നു: ‘‘ഇതിലും വേദനിപ്പിക്കുന്ന ഒന്നുമില്ലേ എന്നു ചോദിച്ചാൽ ഞാൻ പറയും ഉവ്വ്, അറിവ് കിട്ടാതെ മരിച്ചുപോകുന്ന ഒരു കുട്ടിയുടെ നിസ്സഹായമായ മുഖം!.’’ഏറ്റവും കുറഞ്ഞ മാർക്കുകളോടെ തോറ്റ് ഒന്നുമറിയാതെ മരിച്ചുകൊണ്ടിരിക്കുന്ന കോടിക്കണക്കിനുള്ള നമ്മുടെ കുട്ടികളുടെ മുഖത്തെ ശൂന്യത കാണാതെ പോകുന്ന ഒരു വിദ്യാഭ്യാസ നവീകരണശ്രമവും ഒരു മാറ്റവും ഉണ്ടാക്കില്ല.

ക്ലാസും അധ്യാപകരുമൊക്കെ സ്കൂൾ എന്ന സംവിധാനത്തിന്റെ ഘടകങ്ങളാണ്. ‘‘അധ്യാപകൻ ഒരു ഷോപ് അസിസ്റ്റന്റ്. വിദ്യയാണ് വിൽപ്പനച്ചരക്ക്. വിദ്യയെ കൊത്തിനുറുക്കി യൂണിറ്റുകളാക്കി തരം തിരിച്ചിരിക്കുന്നു. ആകർഷകമായ പാക്കറ്റുകളിൽ ഉപഭോക്താക്കളുടെ പ്രായഭേദമനുസരിച്ച് അവ അധ്യാപകൻ വിതരണം ചെയ്യുന്നു.’’ -ഇവാൻ ഇല്ലിച്ചിന്റെ നിരീക്ഷണം. സാമർഥ്യങ്ങളെ കൂട്ടുകയും (+) സദ്ഗുണങ്ങൾ കിഴിക്കുകയും (-) ചെയ്യുന്ന വിദ്യാഭ്യാസമാണ് കുട്ടികളെ മൂല്യമറ്റവരാക്കുന്നത്. ഇത്തരമൊരു വിദ്യാഭ്യാസത്തിന്റെ സംസ്കാരം വിദ്യാർഥികളിൽ മതിഭ്രമം സൃഷ്ടിക്കുന്നു.

അനുജത്തിയെപ്പോലെ തോന്നേണ്ട ഒരു വിദ്യാർഥിനിക്ക്‌ നേരേ ഹീനമായി പെരുമാറുന്നത്, ‘റാഗിങ്’ നടത്തുന്നത് നല്ലതായിക്കരുതുന്ന ആതുരമായ വിദ്യാഭ്യാസ ദർശനത്തിന്റെ അടിവേര് തൊട്ട് ഒരു ചികിത്സ ആവശ്യപ്പെടുന്നില്ലേ?

ശരിയായ ഒരു വിദ്യാഭ്യാസക്രമത്തിന്റെ ഭാഗമായുള്ള വ്യക്തിത്വത്തിന്റെ പൂർണവികാസത്തിന് രണ്ടുതരം പ്രവർത്തനങ്ങൾ വ്യക്തിയിൽ നടത്തപ്പെടണം. ഒന്ന്: ബാഹ്യം. രണ്ട്: ആന്തരികം. ബാഹ്യപ്രവർത്തനമെന്നത് നിഷ്കാമമായ കർമം. ആന്തരികം എന്നത് മനസ്സിന്റെ അഗാധതലങ്ങളെ സ്വസ്ഥവും ശാന്തവുമാക്കുന്ന ധ്യാനംപോലുള്ള രീതികൾ, ഈ രണ്ടുതരം പ്രവർത്തനങ്ങളിലും ഒരാൾ സ്വാഭാവികമായി തത്പരനാകുമ്പോൾ അയാളിൽ വിദ്യയുടെ ശ്രുതിയെത്തിയെന്നു കരുതാം. ഇതിലേക്ക് വിദ്യാർഥികളെ എത്തിക്കാൻ സഹായിക്കുന്ന ഒരു നവ വിദ്യാഭ്യാസക്രമം വഴി മൂല്യബോധമുയരുമ്പോൾ മാത്രമേ വിദ്യാഭ്യാസം ഒരു ജനതയെ വിവേകമുള്ളവരും ഗുണങ്ങളുള്ളവരുമാക്കൂ. അങ്ങനെയല്ലാത്ത വിദ്യാഭ്യാസം സ്വഭാവനന്മയ്ക്കല്ല സാമർഥ്യത്തിനാണ്, കൗശലത്തിനാണ്, മത്സരത്തിനാണ് അധികം പ്രാധാന്യം നൽകുന്നത്.

അമ്മയുടെ ഗർഭപാത്രത്തിലിരിക്കേ ഒരു ശിശുവിന് അവന്റേതായ വ്യക്തിത്വമില്ല. ഗർഭപാത്രത്തിൽനിന്നു പുറത്തുവരുന്നതോടെ അവന് പുതിയൊരു വ്യക്തിത്വം ഉണ്ടാവുകയാണ്. പക്ഷേ, അവൻ സമൂഹം നിർമിച്ചൊരുക്കിയ മറ്റൊരു ഗർഭപാത്രത്തിലേക്ക് ജനിച്ചുവീഴുകയാണ്. ഓരോ ശിശുവും ജനനം തൊട്ട് മരണം വരെ സമൂഹത്താൽ നിർമിക്കപ്പെട്ട, വ്യവസ്ഥ ചെയ്യപ്പെട്ട ഒരു സാഹചര്യത്തിലേക്ക് പിറവിയെടുക്കുകയാണ്. അത്തരത്തിൽ നോക്കുമ്പോൾ ഭൂമിയിൽ പിറവിയെടുക്കുന്ന ഓരോ ശിശുവും അവൻ പെറ്റുവീണ സമൂഹത്തിന്റെ തടവുകാരനാണ്.

സമൂഹം നിർമിച്ചൊരുക്കുന്ന ഗർഭപാത്രത്തിൽനിന്ന് പുറത്തു കടക്കാനാവുമ്പോഴത്രെ വ്യക്തി വെളിച്ചത്തിലേക്ക്, വെളിവിലേക്ക് വരുന്നത്. അതിന് സഹായിക്കുന്ന അധ്യാപകർക്കായി, പുസ്തകങ്ങൾക്കായി സ്കൂളുകളിൽ തിരയുന്നത് വെറുതെ. ലോകമാകുന്ന സർവകലാശാലയിൽ ബോധോദയം നേടിയ എണ്ണമറ്റ മഹാസ്നേഹികൾ... അവരിൽനിന്ന് കേൾക്കാൻ പഠിക്കുമ്പോൾ മാത്രമേ വിദ്യയുടെ ശ്രുതി, വിദ്യയുടെ ശ്രീ ഒരാളുടെ ഉള്ളിന്റെയുള്ളിലെത്തൂ.

അത്തരമൊരു വിദ്യാഭ്യാസത്തിന്റെ അഭാവത്തിൽ കുട്ടികളെ മൃഗീയതയ്ക്കും മാനവീയതയ്ക്കും ഇടയ്ക്കുള്ള ഒരന്തരാളാവസ്ഥയിൽ ഒതുക്കിവയ്ക്കാനാണ് വിദ്യാഭ്യാസം ശ്രമിക്കുന്നത്. മനുഷ്യനെ മൃഗീയതയിൽനിന്ന് മാനവീയതയിലേക്കും മാനവീയതയിൽനിന്ന് അതിമാനവീയതയിലേക്കും ഉയർത്തുന്നതാവണം വിദ്യാഭ്യാസം. കുഞ്ഞുമേരി അമ്മയോടൊപ്പം കടപ്പുറത്തെത്തി: ‘‘മമ്മീ, ഞാനീ പൂഴിയിൽ കളിക്കട്ടെ?’’

‘‘വേണ്ട പൊന്നേ നിന്റെ ഉടുപ്പുകളൊക്കെ പൊടി പുരളും’’
‘‘ഞാൻ വെള്ളത്തിൽ പോയി കളിക്കട്ടെ?’’
‘‘അയ്യോ നീ നനയും നിനക്ക് പനി വരും’’
‘‘ഞാനാ കുട്ടികളുടെ ഒപ്പം കളിക്കട്ടെ?’’
‘‘അരുത്. നിന്നെ ആൾക്കൂട്ടത്തിൽ കാണാതാവും!’’
‘മമ്മീ, എനിക്ക് ഒരു ഐസ്‌ക്രീം വാങ്ങിത്തര്വോ?’’
‘‘വേണ്ട  വേണ്ട, അതു നിനക്ക് തൊണ്ടവേദനയുണ്ടാക്കും.’’
കുഞ്ഞുമേരി കരയാൻ തുടങ്ങി.

അമ്മ തന്റെയരികെയുള്ള ഒരു ടീച്ചറുടെ നേരേ തിരിഞ്ഞു. മൊഴിഞ്ഞു: ‘‘ലോകത്തെവിടെയെങ്കിലും ഇതുപോലൊരു പ്രാന്തിപ്പെണ്ണിനെ നിങ്ങൾ കണ്ടിട്ടുണ്ടോ?’’

ടീച്ചർ പറഞ്ഞു: ‘‘ശരിയാണ് ചേച്ചീ. ഈ കുട്ടികൾക്കൊക്കെ തനി ഭ്രാന്താണ്. ഇവരെയൊക്കെ അനുസരണയുള്ളവരാക്കാൻ ഈശ്വരൻ തന്നെയിറങ്ങി വന്നാലും കഴിയില്ല!’’ഈശ്വരൻ ഇതു കേട്ടിരുന്നെങ്കിൽ ഇങ്ങനെ പറഞ്ഞേക്കാം.

‘‘ഹൃദയമില്ലാത്ത, സ്നേഹമില്ലാത്ത ഈ അമ്മമാരും ടീച്ചർമാരും  ചേർന്ന് ഭൂമിയിലെ മുഴുവൻ കുട്ടികളെയും ഭ്രാന്തന്മാരാക്കിയിരിക്കുന്നു...’’ഈ ഭ്രാന്തിൽ നിന്ന് കുട്ടികളെ മോചിപ്പിക്കുന്ന ഒരു വിദ്യാഭ്യാസത്തിലേക്ക് പോവാൻ നമുക്കെത്ര ദൂരം സഞ്ചരിക്കാനുണ്ട്?