ഉടുക്കുന്ന തുകിലിനും കുടിക്കുന്ന കഞ്ഞിക്കും ഊനംകൂടാതീട്ട് തക്കവണ്ണം കാത്തുപോന്നിട്ടുണ്ടല്ലോ ഈശ്വരൻ...’ തെയ്യങ്ങൾ അനുഗ്രഹിക്കുകയാണ്. വസന്തത്തിൽ വിരുന്നെത്തുന്ന പൂമ്പാറ്റകളെപ്പോലെയാണ് ഉത്തരമലബാറിലെ തെയ്യങ്ങൾ. വസന്തകാലത്തിനുശേഷം അവയെപ്പറ്റി ആരും ചിന്തിക്കാറില്ല; അടുത്ത വസന്തത്തിൽ ആദ്യത്തെ പൂമ്പാറ്റ മുന്നിലെത്തുംവരെ. ദൈവങ്ങൾ നാടിറങ്ങിയ വീരകഥകളാണ് ഓരോ തെയ്യത്തിനുപിന്നിലുമുള്ളത്. തോറ്റംപാട്ടായി അത് ചങ്കുപൊട്ടിപ്പാടി കാവുണർത്തിയാണ് അരങ്ങേറ്റം. ആട്ടത്തിനിടയിൽ ഇടറിവീണ തെയ്യക്കാരിൽ പലർക്കും പിന്നിടൊരിക്കലും കളിയാട്ടവേദിയിൽ പഴയതാളത്തിൽ നൃത്തം ചവിട്ടാനാകാറില്ലെന്നതാണ് സത്യം. 

തെയ്യക്കാവുകളിൽ ചിറകറ്റുവീണ വീരരായ തെയ്യക്കാർ നമുക്കിടയിൽ ഇന്നും ജീവിക്കുന്നുണ്ട്. കാവുകളിൽ ചെണ്ടയുണരുമ്പോൾ വേദനമറന്ന് പഴയ ഓർമകളിൽ മനസ്സുകൊണ്ട് നൃത്തംചവിട്ടുന്നവർ. തോറ്റംപാട്ടുകളിൽ ഇടംപിടിക്കാത്ത ഈ വീരന്മാർക്ക് ജീവിതം കണ്ണീരുപ്പുവീണ കിണ്ണത്തിലെ കഞ്ഞിമാത്രമാണിന്ന്. കതിവനൂർ വീരനായി കാവുകളിൽ ജീവിക്കുന്നതിനിടയിൽ ഇടറിവീണ് ഒരുകാലുമായി കഴിയുന്ന കുണിയനിലെ കുണ്ടോര കുഞ്ഞാര പെരുവണ്ണാനും ഘണ്ടാകർണനായി ആടുന്നതിനിടയിൽ തീച്ചുഴിയിൽപ്പെട്ട രാജീവൻ പാതിരിയാടും അത്തരക്കാരുടെ പ്രതിനിധികൾ മാത്രമാണ്. അനുഗ്രഹംതേടി കൈകൂപ്പി ഇവർക്കുമുന്നിൽ ഇപ്പോൾ ആരുമെത്താറില്ല. വേദനകൾമാത്രമാണ് ഇപ്പോൾ ഇവരുടെ വിരുന്നുകാർ.

Peruvannan
കുണ്ടോര കുഞ്ഞാര പെരുവണ്ണാന്‍

ഒറ്റക്കാൽ പോരാട്ടം

ഭക്തരെ സങ്കടക്കടലിൽനിന്ന് കൈപിടിച്ച് ജീവിതത്തിലേക്ക് കയറ്റുന്ന കതിവനൂർ വീരൻ ദൈവമായിരുന്നു ഒരു കാലത്ത് കരിവെള്ളൂർ കുണിയനിലെ കുണ്ടോര കുഞ്ഞാര പെരുവണ്ണാൻ. പുറപ്പാടുകൊണ്ടും പൂർണതകൊണ്ടും അത് അങ്ങനെയായിത്തീരുകയായിരുന്നു. ഇന്ന് തലപ്പാളിയും ഉടയാടയും ഊരിവെച്ച് വിധി തീർത്ത വെല്ലുവിളികളോട് ഒരു കാലിൽ പൊരുതുകയാണ് ഈ എഴുപത്തിരണ്ടുകാരൻ. 

പതിനഞ്ചാം വയസ്സിലാണ് കുഞ്ഞാരൻ ആദ്യമായി കതിവനൂർവീരനായത്. പിന്നീടങ്ങോട്ട് തിരക്കിന്റെ ദിവസങ്ങളായിരുന്നു. കുണിയനിൽനിന്ന് പെരുവണ്ണാന്റെ പെരുമ നാടും കാവും കടന്ന് വടക്ക് നീലേശ്വരത്തുമെത്തി. അങ്ങനെ നീലേശ്വരത്തെ ഒരു കാവിൽ ഒറ്റക്കോലം കെട്ടണമെന്ന നാട്ടുകാരുടെ വിളിയെത്തി. അന്നാട്ടിലെ അവകാശിയുടെ സമ്മതമില്ലാതെ തെയ്യം ഏൽക്കില്ലെന്ന് അദ്ദേഹം അറിയിച്ചു. അവകാശി നേരിട്ടെത്തി സമ്മതമറിയിച്ചു. ആകാശംമുട്ടെ കനലാഴിയുയർന്നു. 

അഗ്നിസ്നാനത്തിനിടയിലെപ്പോഴോ കുഞ്ഞാരന്റെ ഇടതുകാലിന്റെ തള്ളവിരലിനിടയിൽ കനൽക്കട്ട കുടുങ്ങി. ദൈവമായിത്തീർന്ന ആ സമയങ്ങളിലൊന്നും കാൽവിരലുകൾക്കിടയിലൂടെ കത്തിക്കയറുന്ന ആ വേദന അദ്ദേഹം അറിഞ്ഞില്ല. കൈകൂപ്പി മുന്നിലെത്തുന്ന ഭക്തരുടെ മനസ്സിലെ എരിയുന്ന കനലുകൾ അരുളപ്പാടുകളുടെയും അനുഗ്രഹങ്ങളുടെയും തണുത്ത വെള്ളംകൊണ്ട് അപ്പോഴും കുഞ്ഞാരൻ കെടുത്തിക്കൊണ്ടിരുന്നു.  

വേഷം അഴിക്കുമ്പോഴേക്കും കുഞ്ഞാരന്റെ കാൽവിരലുകൾക്കിടയിലെ കനൽക്കട്ട രക്തം വീണ് കരിക്കട്ടയായി മാറിയിരുന്നു. വേദന സഹിക്കാതായപ്പോൾ മംഗളൂരുവിൽ ചികിത്സതേടി. വീണ്ടും കാവുകളിൽ കുഞ്ഞാരനും അദ്ദേഹത്തിന്റെ തെയ്യങ്ങളും കത്തുന്ന വിളക്കുപോലെ നിറഞ്ഞു. അതിനിടയിൽ പലപ്പോഴും കാലിലെ പൊള്ളൽ പഴുത്തും കരിഞ്ഞും കൊണ്ടിരുന്നു. ഒരുനാൾ ഇടതുകാലിലെ രണ്ട് വിരലുകളിലേക്ക് ആ കൊല്ലുന്ന വേദന പടർന്നുകയറിയത് കുഞ്ഞാരൻ അറിഞ്ഞു. ചികിത്സിക്കാൻ കൈയിൽ പണമില്ല. മറ്റൊന്നും ആലോചിച്ചില്ല. തിരിയോല ചീന്തി മൂർച്ചകൂടിയ പിശാക്കത്തിയുമായി സന്ധ്യാനേരത്ത് ആളൊഴിഞ്ഞ  കിഴക്കേ പറമ്പിലേക്ക് അദ്ദേഹം പോയി.  വേദന അരിച്ചുകയറിയ വിരലുകൾ സ്വയം അറുത്തെറിഞ്ഞ് മരുന്നുവെച്ച് കെട്ടി. ആ സ്വയംചികിത്സയ്ക്ക് അപ്പോൾ ഫലമുണ്ടായി. മുറിവുണങ്ങി. രണ്ടുവിരലില്ലെങ്കിലും തെയ്യം കെട്ടാമല്ലോ എന്ന ചിന്തമാത്രമായിരുന്നു അപ്പോൾ മനസ്സിലുണ്ടായിരുന്നതെന്ന് കുഞ്ഞാര പെരുവണ്ണാൻ.

പുറമേ ഉണങ്ങിയെങ്കിലും കാലിനുള്ളിലെ അസ്ഥികൾക്കിടയിൽ വിധി നെരിപ്പുകൂട്ടിയത് പിന്നീടാണ് പെരുവണ്ണാൻ അറിഞ്ഞത്. 2008-ൽ മകൻ നന്ദൻ മണക്കാടനെ സഹായിക്കാൻ തെയ്യപ്പറമ്പിൽ കൂടെപ്പോയതായിരുന്നു അദ്ദേഹം. കാലിനടിയിൽനിന്ന് കനലെരിയുന്ന വേദന വീണ്ടും അരിച്ചുയർന്നു. കരിവെള്ളൂരിലെ ഡോക്ടറെ കണ്ടപ്പോൾ പഴുപ്പുണ്ടെന്നും മംഗളൂരുവിലേക്ക് പോകണമെന്നും നിർദേശിച്ചു. മംഗളൂരുവിലെ ഡോക്ടർമാർ പാദത്തിന്റെ പകുതി മുറിക്കേണ്ടി വരുമെന്ന് പറഞ്ഞു. അതിന് ശസ്ത്രക്രിയാമുറിയിലേക്ക് മാറ്റുമ്പോൾ രക്തസമ്മർദം കുറഞ്ഞു. മൂന്നുദിവസം അത് ശരിയാകാൻ കാത്തു. ശസ്ത്രക്രിയാമുറിയിലേക്ക് മാറ്റുമ്പോൾ ഹൃദയാഘാതത്തിന്റെ രൂപത്തിൽ അടുത്ത വെല്ലുവിളി. 12 ദിവസം തീവ്രപരിചരണമുറിയിൽ. അപ്പോഴെല്ലാം പഴുപ്പ് ഇടതുകാൽ കാർന്നുതിന്നുകൊണ്ടിരിക്കയായിരുന്നു. ഒടുവിൽ 2008 മാർച്ച് പത്തിന് അത് സംഭവിച്ചു. ജീവൻ നിലനിർത്താൻ പെരുവണ്ണാന്റെ ഇടതുകാൽ ഡോക്ടർമാർ പൂർണമായും നീക്കി. കതിവനൂർ വീരനായും ഒറ്റക്കോലമായും മുത്തപ്പനായും ചുവടുവെച്ചാടിയ കുഞ്ഞാര പെരുവണ്ണാന്റെ ദൈവജീവിതം അവിടെ അസ്തമിച്ചു.

ഒറ്റക്കാലിൽ ജീവിക്കുന്ന പെരുവണ്ണാന് ഇന്നുള്ളത് അവശകലാകാരന്മാർക്കുള്ള 1500 രൂപ പെൻഷൻമാത്രമാണ്. ഭാര്യ ലക്ഷ്മി ഹൃദ്രോഗിയാണ്. ആർക്കുമുന്നിലും കൈനീട്ടാൻ പെരുവണ്ണാനില്ല. ഇന്നും തെയ്യക്കാവുകളിൽ ഒറ്റക്കാലിൽ അദ്ദേഹമെത്തും. കതിവനൂർ വീരന്റേതുൾപ്പെടെ പല തെയ്യങ്ങളുടെയും തോറ്റം മണിക്കൂറുകളോളം ഒറ്റക്കാലിൽ നിവർന്നുനിന്ന് പാടും. കസേരയിലിരുന്ന് ചെണ്ടകൊട്ടും. തെയ്യക്കാർക്ക് ഇന്നത്തെപ്പോലെ കോളും കൈനീട്ടവും ഇല്ലാതിരുന്ന കാലത്താണ് പെരുവണ്ണാൻ ദൈവമായി പകർന്നാടിയിരുന്നത്. തെയ്യം ഇല്ലാത്തപ്പോൾ ബീഡി തെറുത്താണ്‌ പട്ടിണി മാറ്റിയത്. ഇന്ന് കാലംമാറി. കാവുകളിലും തെയ്യങ്ങളിലും ആ മാറ്റം തെളിഞ്ഞുകാണുന്നുണ്ടെന്ന് പെരുവണ്ണാൻ പറയുന്നു. ഏതോ സ്വകാര്യ ഏജൻസിയുടെ പെൻഷൻ പദ്ധതിയിലേക്ക് തിരഞ്ഞെടുത്തതായി അടുത്തിടെ പെരുവണ്ണാന് വിവരം ലഭിച്ചിരുന്നു. എന്നാൽ, മാസങ്ങൾ പിന്നിട്ടിട്ടും അവർ പറഞ്ഞ തുക തനിക്ക് കിട്ടിയില്ലെന്ന് അദ്ദേഹം പറയുന്നു. 

രാജീവൻ പാതിരിയാട്

തീച്ചുഴിയിൽ ദൈവം

ഭൂമിയിലെ മഹാവ്യാധികൾ ഒഴിപ്പിക്കാൻ ശിവൻ കല്പിച്ചുവിട്ടതാണ് ഘണ്ടാകർണനെയെന്നാണ് വിശ്വാസം. ഉഗ്രരൂപിയും മന്ത്രമൂർത്തിയുമായ ഘണ്ടാകർണൻ അടിമുടി തീപ്പന്തവും കൊളുത്തി ഉറഞ്ഞാടുന്നത് വീർപ്പടക്കിമാത്രമേ കണ്ടുനിൽക്കാനാവുകയുള്ളൂ. തീയിൽ ആറാടുന്നതിനാൽ അഗ്നികണ്ഠൻ എന്നും അറിയപ്പെടാറുണ്ട് ഘണ്ടാകർണൻ.

21 ദിവസം കഠിനവ്രതമെടുത്താണ് അന്ന് ഘണ്ടാകർണൻ തെയ്യം കെട്ടാൻ രാജീവൻ പാതിരിയാട് പോയത്. ശരീരത്തിനുചുറ്റും 16 തീപ്പന്തവുമായി ഘണ്ടാകർണൻ കെട്ടിയാടാൻ തുടങ്ങിയതിന്റെ പന്ത്രണ്ടാംവർഷമായിരുന്നു അത്. 2012 ജനുവരി എട്ടിന് പുലർച്ചെ നാലുമണിക്ക് തെയ്യം ഉറഞ്ഞാടുന്നതിനിടയിൽ ഓലയുടെ അരയോടിക്ക് തീപടർന്നു. ആൾക്കൂട്ടത്തിനിടയിൽ ആളിക്കത്തുന്ന തീക്കുള്ളിൽ ദൈവം! പന്തത്തിലൊഴിച്ച എണ്ണയിൽനിന്ന്  തീയാളുകയായിരുന്നുവെന്ന് രാജീവൻ ഓർക്കുന്നു. ആളിക്കത്തിയ പന്തം രണ്ടുഭാഗത്തേതും ഒരേപോലെ കൊത്തിയിളക്കണമായിരുന്നു. അപ്പോഴത്തെ വേവലാതിക്കിടയിൽ അതും നടക്കാതെയായി. ഞൊടിയിടയിൽ വൈദ്യുതിമോട്ടോർ പ്രവർത്തിപ്പിച്ച് വെള്ളം ചീറ്റാനായതുകൊണ്ടുമാത്രമാണ് ജീവൻ ബാക്കിയായത്.

തലശ്ശേരിയിലെ ആസ്പത്രിയിൽ ഒരാഴ്ചയ്ക്കുശേഷമാണ് രാജീവന് ബോധം തിരിച്ചുകിട്ടിയത്. സ്വർണചന്ദ്രക്കല തീയിൽ ചൂടായി നെറ്റിയിൽ ഒട്ടിയതിന്റെയും വെള്ളിയുടെ കണ്ണ് പോളകൾക്കിടയിൽ വെന്തിറങ്ങിപ്പോയതിന്റെയും കല ഇപ്പോഴും രാജീവന്റെ മുഖത്ത് തെളിഞ്ഞുകാണാം. പൊള്ളി തൊലിയടർന്നുപോയ കൈവിരലുകൾ മരുന്നുവെച്ച് ഒന്നിച്ച് കെട്ടിവെക്കുകയായിരുന്നു. കെട്ടഴിച്ചപ്പോഴേക്കും മാംസം വളർന്ന് വിരലുകൾ പലതും ഒട്ടിപ്പോയി. പ്ളാസ്റ്റിക് സർജറിയിലൂടെയാണ് മുഖവും കൈകളും ഇന്നത്തെ സ്ഥിതിയിലാക്കിയത്. 

അന്ന് ആസ്പത്രിയിൽ ഒരു മാസം കിടന്നു. ചികിത്സയ്ക്കുമാത്രമായി മൂന്നരലക്ഷത്തിലേറെ രൂപ ചെലവായി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്ന് പതിനായിരം രൂപ ലഭിച്ചു. നാടൻകലാ അക്കാദമി കാൽലക്ഷം രൂപയും സഹായിച്ചു. ഉത്തരകേരള മലയസമുദായോദ്ധാരണ സംഘവും കാൽ ലക്ഷം രൂപ സമാഹരിച്ച് നൽകി. തെയ്യം കെട്ടിയാടിയ 35 കാവുകൾ അവരാൽ കഴിയുന്ന തുക ചികിത്സയ്ക്കായി എത്തിച്ചു. 

ചോരപൊടിയുമ്പോഴും  ദൈവം

പൊള്ളലേറ്റ് കൃത്യം ഒരു വർഷം കഴിഞ്ഞപ്പോൾ രാജീവൻ വീണ്ടും അതേ ക്ഷേത്രത്തിൽ ഘണ്ടാകർണൻ തെയ്യം കെട്ടിയാടി. പലരുടെയും തെറ്റായ വാക്കുകൾക്ക് മറുപടി നൽകാനാണ് ചോരയുണങ്ങാത്ത ശരീരവുമായി താനത് ചെയ്തതെന്ന് രാജീവൻ പറയുന്നു. തെയ്യം കെട്ടിയാടൻ ഇന്നും മനസ്സിന് ഊർജമുണ്ട്. എങ്കിലും ശരീരത്തിന് ബുദ്ധിമുട്ടുണ്ട്. എന്നാലും പ്രശ്നവിധിയിൽ താൻതന്നെ തെയ്യംകെട്ടണമെന്ന് തെളിയുന്നിടങ്ങളിൽനിന്നുള്ളവരുടെ വിളിയെത്തിയാൽ പോകാറുണ്ടെന്ന് രാജീവൻ പറയുന്നു. 

പന്ത്രണ്ടാംവയസ്സിൽ കീഴത്തൂർ പാറോളി ക്ഷേത്രത്തില ശാസ്തപ്പൻ കെട്ടിയാണ് രാജീവൻ അരങ്ങേറിയത്. പരസഹായമില്ലാതെ ജീവിക്കാൻ ബുദ്ധിമുട്ടുന്ന 46-കാരനായ തനിക്ക് ഇന്ന് സർക്കാറിൽനിന്ന് ലഭിക്കുന്ന ഏകസഹായം 1500 രൂപ വികലാംഗപെൻഷൻ മാത്രമാണെന്ന് രാജീവൻ പറയുന്നു. പാതിരിയാട് ചാലിൽ പറമ്പത്തെ വീടിന്റെ ആധാരം ചികിത്സയ്ക്ക് പണം കണ്ടെത്തുന്നതിനായി പണയം വെച്ചിരിക്കയാണ്... ദൈവങ്ങളുടെ ജീവിതം ഇങ്ങനെയൊക്കെ തുടരുന്നു.