രു പെരുമ്പാമ്പിനെ വളരെ അരുമയായി താലോലിച്ചു വളര്‍ത്തിയിരുന്ന ഒരു സ്ത്രീയുണ്ടായിരുന്നു. അവര്‍ക്കു ആ പാമ്പിനെ വിട്ട് ജീവിക്കാന്‍ വളരെ പ്രയാസമായിരുന്നു. അത്രമേല്‍ പ്രിയങ്കരമായിരുന്നു  അതിനോടൊത്തുള്ള അവരുടെ ജീവിതം.
    
പാമ്പിന്റെ  ആവശ്യങ്ങളെല്ലാം തിരിച്ചറിഞ്ഞു  നിര്‍വഹിക്കുകയും, അതിന് വേണ്ട ഭക്ഷണവും  സൗകര്യവും  നല്‍കുകയും, അതിനോടൊപ്പം കളിക്കുകയും  ചെയ്യുന്നതായിരുന്നു ആ സ്ത്രീയുടെ ഏറ്റവും വലിയ ആനന്ദം.

പാമ്പിനോടൊത്തുള്ള ജീവിതത്തില്‍ അവര്‍  മറ്റെല്ലാ ബന്ധങ്ങളും  ഉപേക്ഷിച്ചു. അവരുടെ ജീവിതം തന്നെ പാമ്പിന് വേണ്ടിയുള്ളതായി മാറി. അങ്ങിനെയിരിക്കെ, ഒരു ദിനം പാമ്പ്  ഭക്ഷണം  കഴിക്കാതായി.

എന്ത് കൊണ്ടാണ് അത് ഭക്ഷണം കഴിക്കാത്തത് എന്നോര്‍ത്ത്  അവര്‍  വല്ലാതെ സങ്കടപ്പെട്ടു. രണ്ടു നാള്‍ കഴിഞ്ഞപ്പോഴും ഇതേ അവസ്ഥ തന്നെ. ഒടുവില്‍ അവര്‍  പാമ്പിനെ  ഒരു ഡോക്ടറുടെ അടുത്തുകൊണ്ടുപോയി.

വളരെ സങ്കടത്തോടെ പാമ്പിന്റെ അവസ്ഥ വിവരിച്ചു. പാമ്പിന്റെ വിവരങ്ങളെല്ലാം ചോദിച്ച ഡോക്ടര്‍, വിശദമായി തന്നെ അതിനെ  പരിശോധിച്ചു, പാമ്പ് എവിടെയാണ് കിടക്കുന്നതെന്ന് ഡോക്ടര്‍ ചോദിച്ചു. ഒരേ മുറിയില്‍ തന്നെ ആണെന്ന് അവര്‍ മറുപടിയും പറഞ്ഞു.
 
ഡോക്ടര്‍ക്കു കാര്യം പിടികിട്ടി. പാമ്പിനെ അവിടെ കിടത്തി, ആ സ്ത്രീയെ അടുത്ത റൂമിലേയ്ക്ക് വിളിച്ചു  ഡോക്ടര്‍ പറഞ്ഞു:' ഇനി നിങ്ങള്‍ വളരെ സൂക്ഷിക്കണം. പാമ്പ് നിങ്ങളെ വിഴുങ്ങാന്‍ തയ്യാറെടുത്തുകൊണ്ടിരിക്കുകയാണ്, നിങ്ങളെ വിഴുങ്ങുവാന്‍ വേണ്ടിയാണ് അത്  ആഹാരം  കഴിക്കാതെ വിശന്നിരിക്കുന്നത്.'

ഇതുകേട്ട സ്ത്രീ ആകെ ഞെട്ടിത്തരിച്ചുപോയി. ഇത്രമാത്രം  സ്‌നേഹിച്ചു  വളര്‍ത്തിയ  തന്നെ വിഴുങ്ങാന്‍ തയ്യാറെടുക്കുകയോ? അവര്‍ സങ്കടം സഹിക്കാനാവാതെ പൊട്ടിക്കരഞ്ഞു. ഒടുവില്‍, അവര്‍ ആ  പാമ്പിനെ ഉപേക്ഷിച്ചു തിരിച്ചു പോയി.

ഭൗതികമായ വസ്തുക്കള്‍, സമ്പത്ത്, സന്തതികള്‍ എന്നിവയോടെല്ലാമുള്ള അതിരു കടന്ന  സര്‍വ സ്‌നേഹവും  ബന്ധവും (attachment)ഒടുവില്‍ വലിയ അപകടത്തിലേക്ക് നമ്മെ കൊണ്ടെത്തിക്കുന്നു.

നമ്മുടെ പുതിയ   വിദ്യാഭ്യാസ സമ്പ്രദായം പോലും  വസ്തുക്കളെ സ്‌നേഹിക്കാനും വ്യക്തികളെ ചൂഷണം ചെയ്യാനും ആണ് പഠിപ്പിച്ചു കൊണ്ടിരിക്കുന്നത്.

പലപ്പോഴും, ജീവിതം മുഴുവന്‍ പകരം നല്‍കി നേടിയ സമ്പത്ത് തന്നെ സ്വന്തം നാശത്തിനു കാരണമാകുന്നു. അതുപോലെ, എല്ലാം നല്‍കി വളര്‍ത്തിയ സന്തതികള്‍ക്കു ഒരു ഘട്ടം കഴിഞ്ഞാല്‍ പിന്നെ,   സ്വത്തുക്കള്‍ മാത്രമാണ് ആവശ്യം  എന്ന അവസ്ഥ വരുന്നു. പിന്നീട് അവരും,  അവരുടെ സ്വാര്‍ത്ഥ താല്പര്യങ്ങള്‍ക്ക് വേണ്ടി മാതാപിതാക്കളെ വിഴുങ്ങിക്കൊണ്ടേയിരിക്കുന്നു.

ഇതാണ് ഇവിടെ കാണുന്ന വൃദ്ധസാദനങ്ങള്‍ നമ്മെ പഠിപ്പിക്കുന്നത്. മനുഷ്യന്റെ താല്പര്യം കേവലം വസ്തുക്കളിലും സുഖങ്ങളിലും മാത്രമായി പോവുകയും,  യഥാര്‍ത്ഥ  സ്‌നേഹത്തില്‍ നിന്നും ദൈവത്തില്‍ നിന്നും ആത്മീയതയില്‍ നിന്നും  അകന്നു പോവുകയും ചെയ്തതാണിതിന് കാരണം.        

ഈ ഘട്ടത്തില്‍ മനുഷ്യന് അത്യാവശ്യമായിരിക്കേണ്ട മൂല്യബോധവും സ്‌നേഹവും നന്മയും ആത്മീയതയും പകര്‍ന്നുകൊടുക്കാന്‍ ആരുമില്ലാതായിപ്പോകുന്നു. അവന്‍  ഭൗതികതയാകുന്ന പാമ്പിനെ സ്‌നേഹിച്ചു  മറ്റുള്ളതെല്ലാം ഉപേക്ഷിക്കുന്നു.  ബന്ധങ്ങളെയും  സ്‌നേഹത്തെയും അനുഗ്രഹങ്ങളെയും ദൈവികമായ സര്‍വ്വതിനേയും കൈയൊഴിഞ്ഞു  അവന്‍ വസ്തുക്കള്‍ക്ക് പിന്നാലെ ഓടിക്കൊണ്ടിരിക്കുകയാണ്.

ഇങ്ങനെ തന്നെത്തന്നെ വിഴുങ്ങുന്ന  ഭൗതികതയുടെ പെരുമ്പാമ്പിനെ വളര്‍ത്തിക്കൊണ്ടിരിക്കയാണ് ഓരോ മനുഷ്യനും. അവന്റെ കിടപ്പറയില്‍, സ്വന്തം വിരിപ്പില്‍ തന്റെ  പെരുമ്പാമ്പിനെ  താലോലിച്ചു വളര്‍ത്തിക്കൊണ്ടിരിക്കയാണവന്‍. ഇതേ പാമ്പ് തന്നെ  തിരിച്ചു വിഴുങ്ങുന്ന ഒരു ദിനം വന്നുചേരുമെന്നു  അവന്‍ തിരിച്ചറിയാതെ പോകുന്നു.

അതുകൊണ്ടു ആ പാമ്പിനെ വളര്‍ത്തുന്നതിന് പകരം സ്‌നേഹത്തിന്റെ, കരുണയുടെ, അനുതാപത്തിന്റെ, സഹതാപത്തിന്റെ, യഥാര്‍ത്ഥ നന്മയുള്ള മനുഷ്യര്‍ക്കൊപ്പം ജീവിക്കാന്‍ ശ്രമിക്കണം. വസ്തുക്കളില്‍ നിന്നു മനുഷ്യരിലേക്കും,   ഭൗതികതയില്‍ നിന്ന് ദൈവീകതയിലേക്കും ഗമിക്കുക. എന്നാല്‍  മാത്രമേ, നമ്മെ ഭൗതികമായും ആത്മീയമായും സുരക്ഷിതമാക്കുന്ന, നിറവിന്റെയും തൃപ്തിയുടെയും ആനന്ദത്തിന്റെയും വഴിയെ ജീവിക്കാന്‍ നമുക്ക്  കഴിയുകയുള്ളൂ.